സുമേല മൊണാസ്ട്രി: തുർക്കിയുടെ ക്രൈസ്തവപാരമ്പര്യത്തിന്റെ സ്മാരകം

    സുമേല മൊണാസ്ട്രി തുർക്കിയിലെ ക്രിസ്തുമതത്തി​ന്റെ ചരിത്രത്തി​ന്റെയും പൈതൃകത്തി​ന്റെയും സ്മാരകമായി കരുതപ്പെടുന്ന ആശ്രമമാണ് ഇത്. പോൺടിക് മലനിരകളുടെ കിഴുക്കാംതൂക്കായ ചെരുവിൽ തൂങ്ങിക്കിടക്കുന്നതുപോലെ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് സുമേല മൊണാസ്ട്രി. കരിങ്കടലി​ന്റെ തീരത്തായാണ് ഈ മൊണാസ്ട്രി സ്ഥിതിചെയ്യുന്നത്.

    സുമേല മൊണാസ്ട്രിയുടെ ആരംഭത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ക്രൈസ്തവ വിശ്വാസത്തിന്റെ തുടക്കത്തിൽ നാലാം നൂറ്റാണ്ടിൽ തന്നെ ഇത് സ്ഥാപിക്കപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. പാരമ്പര്യമനുസരിച്ച് ഒന്നാം തിയോഡോഷ്യസ് ചക്രവർത്തിയുടെ കാലത്ത് ക്രിസ്തുവർഷം 386-ൽ ഏഥെൻസിൽ നിന്നുള്ള താപസൻമാരായ ബർണബാസ്, സൊഫ്രോണിയോസ് എന്നിവർ ചേർന്നു നിർമ്മിച്ചതാണ് ഈ മൊണാസ്ട്രി എന്ന് വിശ്വസിക്കപ്പെടുന്നു.

    പനാജിയ ജോർജിയോപികൂസ്- വേ​ഗത്തിൽ ശ്രവിക്കുന്നവൾ- എന്ന പേരിൽ അറിയപ്പെടുന്ന, ദൈവമാതാവി​ന്റെ, ഒരു ഐക്കൺ മൂലമാണ് ഈ മൊണാസ്ട്രി പ്രസിദ്ധമായിരിക്കുന്നത്. സുവിശേഷകനായ ലൂക്കാ വരച്ചതാണ് ആ ഐക്കൺ എന്നും ഐതീഹ്യമുണ്ട്.

    സുമേലയുടെ ക്ലിഫ് സൈഡ് ക്രമീകരണം അതി​ന്റെ തനതായ ഒരു വാസ്തുവിദ്യാ ശൈലി പ്രതിഫലിപ്പിക്കുന്നു. തൂക്കായ ഭൂപ്രദേശങ്ങളുമായി ജൈവികമായി പൊരുത്തപ്പെടുന്ന കെട്ടിടങ്ങളും ചാപ്പലുകളും കിടപ്പറകളും നിരവധി നൂറ്റാണ്ടുകളിലായി ഇവയോട് ചേർന്ന് നിർമ്മിക്കപ്പെട്ടു. ആശ്രമത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ ആകർഷണീയമായ മുൻഭാഗമാണ്. പാറക്കെട്ടിന്റെ മുഖത്തോട് ചേർന്നുനിൽക്കുന്ന ഒരു ബഹുനില ഘടനയാണ് അതിനുള്ളത്. അകത്തളത്തെ ഭിത്തികൾ ബൈബിൾ വിവരണങ്ങളെയും വിശുദ്ധരെയും ചിത്രീകരിക്കുന്ന ചുമർചിത്രങ്ങളാൽ (fresco) നിറഞ്ഞിരിക്കുന്നു. വിധ്വംസക പ്രവർത്തനങ്ങൾ കാരണം ആശ്രമത്തിന്റെ ചുമർചിത്രങ്ങൾക്ക് ഗുരുതരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും ഈ അവശേഷിപ്പുകൾ തീർഥാടകർക്ക് അഗാധമായ ദൃശ്യാനുഭവം നൽകുന്നു.

    ​അനേക നൂറ്റാണ്ടുകളായി ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ പഠനത്തി​ന്റെയും പ്രാർഥനയുടെയും ചിത്രകലാ പ്രവർത്തനങ്ങളുടെയും ഒരു കേന്ദ്രമായി സുമേല മൊണാസ്ട്രി നിലകൊണ്ടിരുന്നു. തുർക്കിയും ​ഗ്രീസും തമ്മിൽ 20-ാം നൂറ്റാണ്ടിൽ നടന്ന ജനസംഖ്യാ ​കൈമാറ്റത്തെതുടർന്ന് കുറച്ചുകാലം ആളൊഴിഞ്ഞ ഇടമായി ഈ ആശ്രമം തുടർന്നു. എന്നിരുന്നാലും 2015 സെപ്റ്റംബർ 22-ാം തീയതി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി മൊണാസ്ട്രി താത്കാലികമായി അടച്ചു. 2019 മെയ് 25-ാം തീയതി സുമേല മൊണാസ്ട്രി സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുത്തു.

    സുമേല മൊണാസ്ട്രി വിശ്വാസത്തിന്റെ ശാശ്വത ശക്തിയുടെയും അത് പ്രചോദിപ്പിക്കുന്ന കലാപരമായ ആവിഷ്കാരങ്ങളുടെയും തെളിവായി നിലകൊള്ളുന്നു. ഒരു തീർഥാടന കേന്ദ്രം, പഠന കേന്ദ്രം, ബൈസൻ്റൈൻ വാസ്തുവിദ്യയുടെ ആകർഷകമായ ഉദാഹരണം എന്നീ നിലകളിൽ അതിന്റെ ചരിത്രപരമായ പ്രാധാന്യം ഈ പ്രദേശത്തിന്റെ സമ്പന്നമായ ക്രിസ്ത്യൻ പൈതൃകത്തിലേക്കുള്ള ഒരു ജാലകം തന്നെയാണ്.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.