വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും പരിമളം പരത്തിയ വി. ജോൺ ഹെന്റി ന്യൂമാൻ

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

2019 ഒക്ടോബർ പതിമൂന്നാം തീയതി ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ വച്ചുനടന്ന പരിശുദ്ധബലിമധ്യേ, ക്രൈസ്തവ വിശ്വാസം ധീരോജിതമായി ജീവിച്ച അഞ്ചു പുണ്യാത്മാക്കളെ വിശുദ്ധപദവിയിലേക്ക്  ഉയർത്തുകയുണ്ടായി. നമ്മുടെ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള വി. മദർ മറിയം ത്രേസ്യയും അതിലൊരാളായിരുന്നുവെന്നത് നമുക്ക് അഭിമാനത്തിനു വകനൽകുന്നു. ഹെൻറി എട്ടാമൻ (1491–1547) രാജാവിന്റെ കാലത്താണ് ഇംഗ്ലണ്ടിൽ സഭയിൽ വിഭജനമുണ്ടാകുന്നതും 1534 -ൽ ആംഗ്ലിക്കൻ സഭ രൂപംകൊള്ളുന്നതും. ഒരു ആംഗ്ലിക്കൻ വൈദികനായി ജീവിതമാരംഭിച്ച കര്‍ദിനാള്‍ ന്യൂമാൻ, പഠനത്തിന്റെയും പ്രാർഥനയുടെയും ഫലമായി കത്തോലിക്കാ സഭയിൽ എത്തിച്ചേർന്ന ആളാണ്. വ്യക്തിപരമായ ഒരുപാട് നഷ്ടങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടിവന്ന ഒരു തീരുമാനമായിരുന്നു അത്. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും ചുരുക്കി വിവരിക്കുകയാണ് ഈ ലേഖനത്തിലെ ലക്ഷ്യം.

ജോൺ ഹെൻറി ന്യൂമാൻ 1801 ഫെബ്രുവരി 21 -ന് ബാങ്ക് ഉദ്യോഗസ്ഥനായ ജോൺ ന്യൂമാന്റെയും ജെമീമ ഫോർദ്രിനിയറിന്റെയും മകനായി ലണ്ടനിൽ ജനിച്ചു. മാതാപിതാക്കൾ ആംഗ്ലിക്കൻ സഭയിലെ അംഗങ്ങളും വിശ്വാസം നന്നായി ജീവിച്ചിരുന്നവരുമായിരുന്നു. ന്യൂമാനെ കൂടാതെ മറ്റു അഞ്ച് മക്കൾകൂടി അവർക്കുണ്ടായിരുന്നു. ചെറുപ്പംമുതൽ തന്നെ ന്യൂമാനിലുള്ള പഠനസാമർഥ്യം ശ്രദ്ധേയമായിരുന്നു. പതിനഞ്ചാം വയസ്സിൽ 1816 -ൽ പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയിലേക്ക് ഉപരിപഠനാർഥം അദ്ദേഹത്തിന്റെ മാതാപിതാക്കൾ ന്യൂമാനെ അയച്ചു. 1818 -ൽ അദ്ദേഹം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ട്രിനിറ്റി കോളേജിൽനിന്നും ഒൻപതുവർഷത്തേക്ക് പ്രതിവർഷം അറുപതു പൗണ്ട് ലഭിക്കുന്ന ഒരു സ്കോളർഷിപ്പിന് യോഗ്യതനേടി. ന്യൂമാൻ ഒരു വിദ്യാർഥിയെന്ന നിലയിൽ, കോളേജിൽ പതിവായിരുന്ന നിശാപാർട്ടികൾ ഒഴിവാക്കുകയും ഒപ്പം ഒഴിവുസമയങ്ങളിൽ നടക്കുന്നതിനും വയലിൻ വായിക്കുന്നതിനും സമയംകണ്ടെത്തുകയും ചെയ്തു. പിന്നീട് അവിടുത്തെ ഓറിയൽ കോളേജിൽ ഫെലോയും അധ്യാപകനുമായി അദ്ദേഹം നിയമിതനായി. 1825 -ൽ തന്റെ ഇരുപത്തിനാലാം വയസ്സിൽ ആംഗ്ലിക്കൻ സഭയിലെ വൈദികനായി അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടു.

യൂണിവേഴ്സിറ്റിയിൽ തന്നെയുള്ള സെന്റ് മേരീസ് പള്ളിയുടെ വികാരിയായി 1828 -ൽ അദ്ദേഹം നിയമിതനായി. ഈ കാലയളവിൽ അദ്ദേഹം സഭയെക്കുറിച്ച് കൂടുതലാഴത്തിൽ പഠിക്കുകയും അങ്ങനെ മറ്റു ചില സഹപ്രവർത്തകരോടു ചേർന്ന് ആംഗ്ലിക്കൻ സഭയെ നവീകരിക്കാനും ചൈതന്യമുള്ളതാക്കിത്തീർക്കാനും ഇറങ്ങിപ്പുറപ്പെട്ടു. ആദ്യകാല സഭാപിതാക്കന്മാരായ ഒരിജിൻ, തെർത്തുല്യൻ, അത്തനാസിയോസ്, ക്രിസോസ്റ്റം, അഗസ്റ്റിൻ, ജറോം എന്നിവരുടെ രചനകളെക്കുറിച്ച് അവർ ആഴത്തിൽ പഠിച്ചു. ആംഗ്ലിക്കൻ സഭയുടെ അപ്പസ്തോലികതയും ആധികാരികതയും സ്ഥാപിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

ആംഗ്ലിക്കൻ സഭയെ അതിന്റെ ഉറവിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായിരുന്നു അവർ പരിശ്രമിച്ചത്. പിന്നീട് ഈ കൂട്ടായ്മ ‘ഓക്സ്ഫോർഡ് പ്രസ്ഥാനം’ (Oxford Movement) എന്ന് അറിയപ്പെടാൻ തുടങ്ങി. ന്യൂമാന്റെ നേതൃത്വത്തിൽ 1833 മുതൽ 1841 വരെ ‘കാലാനുസൃത ലഘുലേഖകൾ’ (Tracts for the Times) എന്നപേരിൽ 90 ദൈവശാസ്ത്ര ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ഈ പരമ്പരയ്ക്കുശേഷമാണ് പ്രസ്ഥാനത്തിന്റെ തത്വചിന്ത ‘ട്രാക്റ്റേറിയനിസം’ എന്ന് അറിയപ്പെടുന്നത്. ഓരോ പ്രസിദ്ധീകരണങ്ങളും അവർ ഉദ്ദേശിച്ച പ്രേക്ഷകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്: പുരോഹിതർക്ക് (Ad Clerum), ജനങ്ങൾക്ക് (Ad Populum), പണ്ഡിതന്മാർക്ക് (Ad Scholas). ഇതുകൂടാതെ പന്ത്രണ്ടുപേരുടെ ഈ സംഘം സഭാപിതാക്കന്മാരുടെ രചനകൾ വിവർത്തനംചെയ്ത് പ്രസിദ്ധീകരിക്കാനും ആരംഭിച്ചു. അതിനെ അവർ ‘പിതാക്കന്മാരുടെ ലൈബ്രറി’ എന്നുവിളിച്ചു. ബൃഹത്തായ ഈ ശേഖരം 48 വാല്യങ്ങൾ ഉൾക്കൊള്ളുന്നതാണ്.

ആംഗ്ലിക്കൻ സഭയുടെ ഉറവിടംതേടിയുള്ള അന്വേഷണം കത്തോലിക്കാ സഭയിലാണ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. 1845 ഒക്ടോബർ 9 -ന് തന്റെ ന്യൂമാൻ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും 1847 മെയ് 30 -ന് സഭയിൽ ഒരു പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്തു. കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള ന്യൂമാന്റെ പരിവർത്തനം പത്തൊമ്പതാം നൂറ്റാണ്ടിൽ എത്രമാത്രം ബുദ്ധിമുട്ടുനിറഞ്ഞതായിരുന്നുവെന്ന് ഇന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. കത്തോലിക്കനാകുക എന്നത് ആത്മഹത്യാപരമായ ഒരു തീരുമാനമാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അദ്ദേഹത്തെ ഉപദേശിച്ചു. ഇംഗ്ലണ്ടിലെ അന്നത്തെ സാംസ്‌കാരിക-രാഷ്ട്രീയ ചുറ്റുപാടിൽ കത്തോലിക്കരെ പല ജോലികളിൽനിന്നും ഒഴിവാക്കുകയും ഒരു പരിധിവരെ സമൂഹത്തിലെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുകയും ചെയ്തിരുന്നു.

ന്യൂമാൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതോടുകൂടി കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തെ ഉപേക്ഷിച്ചു. അതിൽ ഏറ്റവും സങ്കടകരമായത് അദ്ദേഹത്തിന്റെ സഹോദരി ഹാരിയറ്റ് മോസ്ലി ജീവിതകാലം മുഴുവൻ ന്യൂമാനുമായുള്ള സംസർഗ്ഗം ഉപേക്ഷിച്ചു എന്നതാണ്. എന്നാൽ ഇംഗ്ലണ്ടിലെ ന്യൂനപക്ഷമായ കത്തോലിക്കർ, ന്യൂമാൻ തങ്ങൾക്ക് ദൈവം നൽകിയ ഒരു വലിയ വരദാനമായിട്ടാണ് കരുതിയത്. ന്യൂമാന്റെ കത്തോലിക്കാ സഭാപ്രവേശനഫലമായി സഭയിലേക്ക് ആംഗ്ലിക്കൻ സമൂഹത്തിൽനിന്നും ധാരാളം പേർ ചേരുകയുണ്ടായി. എന്നാൽ ചില കത്തോലിക്കാ നേതാക്കന്മാർ അദ്ദേഹം ആംഗ്ലിക്കൻ വിശ്വാസികളെ കത്തോലിക്കാ സഭയിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ സജീവമായി ഇടപെടുന്നില്ലെന്ന് വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള വളർച്ച തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു പടിയായി അദ്ദേഹം കണ്ടിരുന്നു. 1833 -ൽ സിസിലിയിലേക്കുള്ള ഒരു യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ദൈവം ഇടപെടുന്നതായി അദ്ദേഹത്തിനു തോന്നി. യാത്രയിൽ ന്യൂമോണിയ ബാധിച്ച് അദ്ദേഹം ഗുരുതരാവസ്ഥയിലായി. മരണത്തെ മുഖാമുഖം ദർശിച്ചത് ജീവിതത്തിന്റെ അർഥവും ആഴവും മനസ്സിലാക്കുന്നതിന് അദ്ദേഹത്തെ കൂടുതൽ സഹായിച്ചു. “ഞാൻ മരിച്ചില്ല; ദൈവത്തിന് എനിക്കായി ഒരു ദൗത്യമുണ്ട്” – ന്യൂമാൻ പിന്നീട് എഴുതി. അതുവഴിയായി പുതിയൊരു ആത്മസമർപ്പണത്തിന് ദൈവം അദ്ദേഹത്തിന് വഴിതുറന്നുകൊടുത്തു. ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രയിൽ കപ്പലിൽ അദ്ദേഹം പിന്നീട്‌ വളരെ പ്രസിദ്ധമായ “കൂരിരുളിൽ എൻ ദിവ്യദീപമേ, വഴിനടത്തെന്നെ” (Lead, Kindly Light) എന്ന കവിത രചിച്ചു.

കത്തോലിക്കാ സഭയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം നീണ്ടകാലത്തെ പഠനത്തിന്റെ അനന്തരഫലമായി ഉണ്ടായതാണെന്ന് വാദിക്കുന്നവരുണ്ട്. അദ്ദേഹം സഭാപിതാക്കന്മാരെക്കുറിച്ചും സഭാചരിത്രവും ധാരാളം വായിച്ചിട്ടുണ്ട്. എന്നാൽ തന്റെ ഈ തീരുമാനം എടുക്കുന്നതിന് പഠനത്തേക്കാൾ കൂടുതലായി അദ്ദേഹം ആശ്രയിച്ചിരുന്നത് പ്രാർഥനയിലാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. കാര്യങ്ങൾ വ്യക്തമായി കാണാനും ഉറച്ച തീരുമാനം സ്വീകരിക്കാനും അദ്ദേഹത്തിന് ആവശ്യമായ വെളിച്ചംനൽകിയത് ദൈവകൃപയാണ്. എല്ലാത്തിനുമുപരി, അദ്ദേഹം ആംഗ്ലിക്കൻ സഭയിലെ അന്നത്തെ വലിയൊരു പ്രസ്ഥാനത്തിന്റെ നേതാവും ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന വ്യക്തിയുമായിരുന്നു. ഒരു ധ്യാനപുസ്തകത്തിൽ അദ്ദേഹം ഇപ്രകാരം കുറിച്ചിരിക്കുന്നു: “എന്റെ ദൈവമേ, ഈ സത്യം ഞാൻ ഒരിക്കലും മറക്കരുത് – നീ എന്റെ ജീവൻ മാത്രമല്ല, നീയാണെൻ ഏകജീവിതവും! നീ വഴിയും സത്യവും ജീവനും ആകുന്നു. നീ എന്റെ ജീവിതവും ജീവിക്കുന്ന എല്ലാവരുടെയും ചൈതന്യവും ആകുന്നു. എല്ലാ മനുഷ്യരും എനിക്കറിയാവുന്നതെല്ലാം, ഞാൻ കണ്ടുമുട്ടുന്നതെല്ലാം, ഞാൻ കാണുന്നതും കേൾക്കുന്നതുമെല്ലാം നിന്നിലൂടെ മാത്രമാണ് ജീവിക്കുന്നത്. നിന്നിൽ വസിക്കാത്തവരാരും യഥാർത്ഥത്തിൽ ശരിയായി ജീവിക്കുന്നില്ല.”

1850 -ൽ പീയൂസ് ഒൻപതാമൻ മാർപാപ്പ ഇംഗ്ലണ്ടിലെ കത്തോലിക്കാ ഹയരാർക്കി പുനസ്ഥാപിച്ചു. 1534 -ലെ സഭാവിഭജനത്തിനുശേഷം ഇതുവരെയും ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭ പ്രൊപ്പഗാന്താ കോൺഗ്രിഗേഷന്റെ നിയന്ത്രണത്തിലുള്ള ഒരു മിഷനറി സഭയായിരുന്നു. ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി ഹയരാർക്കി ഇല്ലാതെയാണ് തങ്ങളുടെ വിശ്വാസം ജീവിക്കേണ്ടിവന്നത്. ഇംഗ്ലണ്ടിൽ ഹയരാർക്കി പുനസ്ഥാപനത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നു. ഇംഗ്ലീഷ് പ്രോട്ടസ്റ്റന്റുകാരുടെ കത്തോലിക്കാ വിരുദ്ധതയ്‌ക്കെതിരെ കത്തോലിക്കാ സഭയെ ന്യായീകരിച്ച് ബർമിംഗ്ഹാമിൽ ന്യൂമാൻ നിരവധി പ്രഭാഷണങ്ങൾ നടത്തി. ഈ പ്രസംഗങ്ങളാണ് പിന്നീട് പ്രസിദ്ധമായ ‘ഇംഗ്ലണ്ടിലെ കത്തോലിക്കരുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ’ (Lectures on the Present Position of Catholics in England).

ന്യൂമാന്റെ ജീവിതത്തിലെ ഏറ്റം വലിയ നേട്ടങ്ങളിലൊന്നാണ് അയർലണ്ടിലെ കത്തോലിക്കാ സർവകലാശാലയുടെ സ്ഥാപനം. ഐറിഷ് മെത്രാന്മാരുടെ പദ്ധതിയുമായിചേർന്ന് വിദ്യാഭ്യാസത്തെക്കുറിച്ച് ഡബ്ലിനിൽ നിരവധി പ്രഭാഷണങ്ങൾ നടത്താൻ 1852 ഏപ്രിൽ 15 -ന് അർമാഗിലെ ആർച്ചുബിഷപ്പ് പോൾ കലൻ (Paul Cullen) ന്യൂമാനോട് ആവശ്യപ്പെട്ടു. അദ്ദേഹം പ്രഭാഷണങ്ങൾ നടത്തുക മാത്രമല്ല, അതിന്റെ ആദ്യ റെക്ടർ ആയും ചുമതലയേറ്റു. ഈ പുതിയ സർവകലാശാലയുടെ ഉദ്ദേശം കത്തോലിക്കാ വിശ്വാസികൾക്ക് ഉന്നതവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു. പലവിധ കാരണങ്ങൾ ഇതിന്റെ പ്രവർത്തനങ്ങൾ ഇടക്കാലത്ത് നിന്നുപോയെങ്കിലും ഇന്ന് രൂപംമാറി (University College Dublin) 15,00 അക്കാദമിക് ഉദ്യോഗസ്ഥരും 32,000 വിദ്യാർഥികളുമുള്ള അയർലണ്ടിലെ ഏറ്റം വലിയ സർവകലാശാലയാണ്.

അയർലണ്ടിൽ സർവകലാശാല സ്ഥാപനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസത്തെക്കുറിച്ച് ന്യൂമാൻ നടത്തിയ പ്രഭാഷണങ്ങളാണ്.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ പുസ്തകങ്ങളിലൊന്നായ ‘ഒരു സർവകലാശാലയെന്ന ആശയം’ (The Idea of a University). ഈ കൃതിയിൽ, വിദ്യാഭ്യാസം കത്തോലിക്കാ വീക്ഷണത്തിൽ എങ്ങിനെ ആയിരിക്കണമെന്ന് അദ്ദേഹം വിശകലനം ചെയ്യുന്നു. ഇന്നും ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന ഒരു ഉത്‌കൃഷ്‌ട കൃതിയാണിത്. ശരിയായ വിദ്യാഭ്യാസത്തിന് വിദ്യാർഥികളിൽ വ്യക്തിപരമായ സ്വാധീനംചെലുത്താൻ കഴിയുന്ന അധ്യാപകർ ആവശ്യമാണെന്ന് അദ്ദേഹം എഴുതി. ഒരു സെക്കുലർ സർവകലാശാലയുടെ പ്രാഥമികലക്ഷ്യം ധാർമ്മികമോ, മതപരമോ അല്ല പിന്നെയോ ബൗദ്ധികവും അധ്യാപനപരവുമാണ് എന്നും അദ്ദേഹം വാദിച്ചു.

1867 -ൽ ഒന്നാം വത്തിക്കാൻ കൗൺസിൽ വിളിക്കാൻ പോകുന്നു എന്ന് പീയൂസ് ഒമ്പതാമൻ മാർപാപ്പ പ്രഖ്യാപിച്ചു. കൗൺസിലിൽ സഭയുടെ ഔദ്യോഗിക ദൈവശാസ്ത്രജ്ഞനായി സംബന്ധിക്കണമെന്ന് മാർപാപ്പ വ്യക്തിപരമായി ന്യൂമാനോട് ആവശ്യപ്പെട്ടു. എന്നാൽ അനാരോഗ്യം കാരണം അദ്ദേഹത്തിന് ഇതിൽ സംബന്ധിക്കാൻ സാധിച്ചില്ല. ജീവിതത്തിന്റെ അവസാനകാലങ്ങളിൽ അദ്ദേഹം ആംഗ്ലിക്കൻ സഭാംഗം ആയിരുന്നപ്പോൾ രചിച്ച കൃതികൾ കത്തോലിക്കാ വിശ്വാസത്തിന്റെ വെളിച്ചത്തിൽ പുനരാഖ്യാനം ചെയ്യുന്നതിനായി ചിലവഴിച്ചു.

1877 -ൽ അദ്ദേഹം പഠിച്ച ഓക്സ്ഫോർഡിലെ ട്രിനിറ്റി കോളേജിലെ പ്രസിഡന്റ് കോളേജിന്റെ ആദ്യത്തെ ഓണററി ഫെലോ ആയി ന്യൂമാനെ തിരഞ്ഞെടുത്ത വിവരം അറിയിക്കുന്നു. ഓക്സ്ഫോർഡിൽനിന്ന് ഒരു വ്യാഴവട്ടക്കാലത്തെ പ്രവാസജീവിതത്തിനുശേഷം, ന്യൂമാൻ സന്തോഷത്തോടെ തിരികെവരികയും സർവകലാശാല ആവേശത്തോടെ അദ്ദേഹത്തെ സ്വീകരിക്കുകയുംചെയ്തു. ന്യൂമാന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു 1879 മെയ് 12 -ന് ലിയോ പതിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ സഭയുടെ കർദിനാൾ ആക്കിയത്. സഭയ്ക്കു പുറത്തുള്ളവർ അദ്ദേഹത്തെ പരസ്യമായി എതിർത്തിരുന്നപ്പോൾ സഭയ്ക്കുള്ളിലുണ്ടായിരുന്ന കുറെപ്പേർ അദ്ദേഹത്തെ രഹസ്യമായും എതിർത്തിരുന്നു. എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ടായിരുന്നു മാർപാപ്പ ഇത്തരത്തിലുള്ള ഒരു ധീരമായ തീരുമാനം എടുത്തത്. അതുപോലെ തന്നെ കർദിനാൾ ന്യൂമാന്റെ രണ്ട് ഉപാധികളും മാർപാപ്പ അംഗീകരിക്കുകയും ചെയ്തു. ഒന്നാമത്തേത്, ഒരു വൈദികനായിത്തന്നെ തുടരാനുള്ള അനുവാദമായിരുന്നു. രണ്ടാമത്തേത്, ബിഷപ്പുമാരല്ലാത്ത കർദിനാളന്മാർ റോമിൽ താമസിക്കണമെന്നുള്ള വ്യവസ്ഥയിലുള്ള ഇളവായിരുന്നു. ന്യൂമാനെ ബെർമിംഗ്ഹാമിലുള്ള അദ്ദേഹത്തിന്റെ ഓറട്ടറിയിൽ തന്നെ താമസിക്കാൻ മാർപാപ്പ അനുവദിച്ചു.

കർദിനാൾ ന്യൂമാൻ ജീവിതാവസാനം വരെയും കർമ്മനിരതനായിരുന്നു. ബർമിംഗ്ഹാം ഓറട്ടറിയിൽ 1889 ആഗസ്റ്റ് 11 -ന് ന്യൂമാൻ ഒരു കത്തോലിക്കനെന്ന നിലയിൽ സമാധാനത്തോടെ മരിച്ചു. നിരവധി ഈടുറ്റ ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയിൽനിന്നും പിറന്നിട്ടുള്ളത്. ഇന്ന് ന്യൂമാന്റെ ജീവിതവും എഴുതിയ പുസ്തകങ്ങളെയും ആധാരമാക്കി നിരവധി ഗ്രന്ഥങ്ങളാണ് രചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ, അദ്ദേഹത്തിന്റെ ആശയങ്ങൾ അടിസ്ഥാനമാക്കി നിരവധി പ്രസ്ഥാനങ്ങൾ ലോകമാസകലം രൂപംകൊണ്ടിട്ടുണ്ട്.

ജോൺ ഹെൻ‌റി ന്യൂമാൻ പത്തൊൻപതാം നൂറ്റാണ്ടിലെ ശ്രേഷ്ഠനും അനിഷേധ്യനുമായ പ്രതിഭകളിലൊരാളായി നിലനിൽക്കുന്നു. വർഷങ്ങൾ കഴിയുന്തോറും അദ്ദേഹത്തിന്റെ പ്രശസ്തിയും പ്രസക്തിയും കൂടിവരികയാണ് ചെയ്യുന്നത്. ഇംഗ്ലീഷ് സാഹിത്യചരിത്രത്തിലും ആശയങ്ങളുടെ ചരിത്രത്തിലും മതസംവാദങ്ങളിലും അദ്ദേഹത്തിന്റെ സ്ഥാനം കൂടുതൽ വ്യക്തവും നിർവചിക്കപ്പെടുന്നതുമായി മാറിയിരിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിനുശേഷം കത്തോലിക്കാ സഭ ഇംഗ്ലണ്ടിൽനിന്ന് വിശുദ്ധനായി പ്രഖ്യാപിക്കുന്ന ആദ്യത്തെ വ്യക്തിയാണ് കർദിനാൾ ന്യൂമാൻ. 1991 -ൽ ന്യൂമാനെ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള കോൺഗ്രിഗേഷൻ ന്യൂമാനെ ‘ധന്യൻ’ ആയും, 2010 സെപ്റ്റംബർ 19 -ന് ബർമിംഗ്ഹാമിൽ വച്ച് തന്റെ ഇഗ്ലണ്ടിലേക്കുള്ള അപ്പസ്തോലിക സന്ദർശനവേളയിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു. 2019 ഒക്ടോബർ 13 -ന് വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന നാമകരണ ശുശ്രുഷയിൽ ഇംഗ്ലണ്ടിലെ സഭയെയും രാജ്യത്തെയും പ്രതിനിധീകരിച്ച് കിരീടാവകാശിയായ ചാൾസ് രാജകുമാരൻ സംബന്ധിക്കുകയും വത്തിക്കാന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ലൊസർവറ്റോരെ റൊമാനോയിൽ കർദിനാൾ ന്യൂമാനെക്കുറിച്ച്‌ മനോഹരമായ ഒരു ലേഖനം എഴുതുകയും ചെയ്തു. താൻ ഇറങ്ങിപ്പുറപ്പെട്ടുപോന്ന സഭയെ തന്നെ സത്യം ബോധ്യപ്പെടുത്തുന്നതിനും അദ്ദേഹത്തിന് ആശയങ്ങളെ പുല്‍കുന്നതിനും ന്യൂമാൻ വിജയിച്ചു എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പാ അന്നത്തെ തന്റെ പ്രസംഗത്തിൽ പലപ്രാവശ്യം ന്യൂമാന്റെ രചനകളിൽ നിന്ന് വാചകങ്ങൾ എടുത്തുപയോഗിച്ചു. ‘കൂരിരുളിൽ മൂടുന്ന ഈ ലോകത്തിൽ ദൈവത്തിൽ ദിവ്യദീപമായി നമ്മെ മാറ്റാൻ പ്രാർഥിക്കാം’ എന്ന ന്യൂമാന്റെ കവിത ഉദ്ധരിച്ചുകൊണ്ടാണ് നാമകരണ നടപടിദിവസത്തെ കുർബാനപ്രസംഗം അവസാനിപ്പിച്ചതും.

കത്തോലിക്കാ സഭാചരിത്രത്തിലെ വലിയ പ്രസ്ഥാനങ്ങൾക്കു തുടക്കംകുറിച്ച വിശുദ്ധനും മനസാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കാൻ മടിയില്ലാത്തവനും പ്രതിബന്ധങ്ങളെ ഭയക്കാത്തവനുമെന്ന നിലയിൽ അസാധാരണമായ ധീരതയുടെ പ്രതീകമായിരുന്നു വി. ജോൺ ന്യൂമാൻ. തന്റെ സമൂഹത്തിന്റെ ആത്മീയനവീകരണത്തോടൊപ്പം തന്നെ അറിവിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം കൊടുത്ത വിശുദ്ധൻ. അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്ന് വിശുദ്ധിയിലും വിജ്ഞാനത്തിലും വളർന്ന് സഭൈക്യത്തിനുംവേണ്ടി നമുക്കും പ്രാർഥിക്കാം.

ഫാ. മാത്യു ചാർത്താകുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.