
പരിമിതികളോട് പൊരുതി ജീവിതത്തിൽ വിജയം കൈവരിച്ച ഉത്തർപ്രദേശുകാരി യശോദാ ലോധിയുടെ ജീവിതം ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ഇന്ന് ആത്മവിശ്വാസം പകരുന്നത്. സാമ്പത്തിക പ്രയാസങ്ങളും ഉയർന്ന വിദ്യാഭ്യാസത്തിന്റെ അഭാവവും കാരണം കടുത്ത പ്രതിസന്ധികൾ നേരിട്ടായിരുന്നു അവരുടെ തുടക്കം.
അതിനിടയിൽ ഉണ്ടായ ഒരു വാഹനാപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും യശോദയുടെ തോളിലായി. എന്നാൽ തളരാൻ അവർ തയ്യാറായിരുന്നില്ല. മക്കളുടെ നല്ല ഭാവിക്കായി ഇംഗ്ലീഷ് ഭാഷ പഠിച്ചെടുക്കാൻ തീരുമാനിച്ച അവർക്ക് മുന്നിൽ വഴികാട്ടിയായത് സ്വന്തം കയ്യിലുണ്ടായിരുന്ന ഒരു സ്മാർട്ട്‌ഫോൺ ആയിരുന്നു.
പരിശീലനകേന്ദ്രങ്ങളുടെയോ വലിയ ഡിഗ്രികളുടെയോ സഹായമില്ലാതെ, തെറ്റുകളിൽ നിന്ന് പഠിച്ച് അവർ സ്വയം ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലിച്ചു. തന്റെ ഈ പഠനയാത്രയും ഇംഗ്ലീഷ് പഠിക്കാനുള്ള ലളിതമായ വഴികളും പങ്കുവയ്ക്കാൻ അവർ ആരംഭിച്ച യൂട്യൂബ് ചാനൽ പെട്ടെന്നുതന്നെ ജനശ്രദ്ധ നേടി. ‘ദേഹാതി മാഡം’ (Dehati Madam) എന്ന പേരിൽ അറിയപ്പെട്ട അവർ, ലളിതമായ ശൈലി കൊണ്ടും ആത്മാർഥത കൊണ്ടും സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറി. നാട്ടിൻപുറത്തുകാരി എന്നാണ് ദേഹാതിയുടെ അർഥം
ഇന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് അവരുടെ യൂട്യൂബ് ചാനൽ പിന്തുടരുന്നത്. വലിയ പശ്ചാത്തലമോ വിദ്യാഭ്യാസ യോഗ്യതയോ അല്ല, മറിച്ച് ലക്ഷ്യബോധവും കഠിനാധ്വാനവുമാണ് വിജയത്തിന് ആവശ്യമെന്ന് തെളിയിച്ച യശോദാ ലോധി, ഭാഷ പഠിക്കാൻ മടിക്കുന്ന ഏവർക്കും ഒരു വലിയ മാതൃകയാണ്.



