

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ അധ്യക്ഷനായിരുന്ന ആർച്ചുബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മയാചരണ ദിനമാണിന്ന്. നാലു പതിറ്റാണ്ടിലധികം നീണ്ട തന്റെ അജപാലന ശുശ്രൂഷയിലൂടെ നമ്മുടെ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച ഈ ശ്രേഷ്ഠപുരോഹിതൻ കേരളജനതയുടെ തന്നെ ആത്മീയാചാര്യനായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഒരു സന്ന്യാസിയുടെ ജീവിതനൈർമല്യവും പാവങ്ങളോടുള്ള കരുതലും ക്രിസ്തീയവിശ്വാസത്തിന്റെ തീക്ഷ്ണതയും പിതാവിന്റെ പ്രവർത്തനകളിൽ വിളങ്ങിനിന്നിരുന്നു. കേരളത്തിലെ പൊതുസമൂഹത്തിൽ നന്മയുടെ ശോഭയുള്ള മുഖവും ധാർമ്മിക ശബ്ദവുമൊക്കെയായി പിതാവ് സ്വീകരിക്കപ്പെട്ടു.
1916 ഫെബ്രുവരി ഒന്നിന് തങ്ങളത്തിൽ ഇടിക്കുളയുടെയും അന്നമ്മയുടെയും രണ്ടാമത്തെ മകനായി വർഗീസ് (കുഞ്ഞൂട്ടി) തിരുവല്ലയിലെ കല്ലൂപ്പാറയിൽ ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ചുരുങ്ങിയ കാലത്തെ ജോലി രാജിവച്ച് ഒരു സന്ന്യാസ വൈദികനാകുക എന്ന ലക്ഷ്യത്തോടെ ബഥനി മിശിഹാനുകരണ സന്ന്യാസാശ്രമത്തിൽ ചേർന്നു. തുടർന്ന്, ശ്രീലങ്കയിലെ കാന്റിയിലെ പേപ്പൽ സെമിനാരിയിൽ ചേർന്ന് വൈദികപരിശീലനം പൂർത്തിയാക്കി 1944 ആഗസ്റ്റ് 24 ന് അവിടെ വച്ചു തന്നെ വൈദികനായി അഭിഷിക്തനായി. തിരികെയെത്തി പൗരോഹിത്യ ശുശ്രൂഷ നിർവഹിച്ചു കൊണ്ടിരുന്ന അദ്ദേഹത്തെ മാർ ഇവാനിയോസ് പിതാവ് തൃശ്നാപ്പള്ളിയിലെ സെന്റ് ജോസഫ് കോളേജിൽ ഉപരിപഠനത്തിന് അയയ്ക്കുകയും അവിടെ നിന്ന് ധനതത്ത്വ ശാസ്ത്രത്തിൽ ഒന്നാം റാങ്കോടു കൂടി ബിരുദാന്തരബിരുദം സമ്പാദിക്കുകയും ചെയ്തു.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റെ പ്രഥമ പ്രിൻസിപ്പലായി അതിന്റെ വളർച്ചയ്ക്ക് തുടക്കം കുറിച്ചത് ബനഡിക്ട് അച്ചനാണ്. 1953 ജനുവരി 29 ന് മാർ ഇവാനിയോസ് പിതാവിന്റെ സഹായമെത്രാനായും തുടർന്ന് പിതാവ് കാലം ചെയ്തപ്പോൾ സഭാധ്യക്ഷനായും പിയൂസ് പതിനൊന്നാം മാർപാപ്പ പിതാവിനെ നിയമിക്കുന്നു. പഴയനിയമത്തിൽ ഏലിയാ പ്രവാചകൻ തന്റെ ശിഷ്യനായ എലീശായെ ദൗത്യം ഏൽപിച്ചതിനു സമാനം മാർ ഇവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ ശൈശവദശയിൽ നിന്നും അതിവേഗം വളർന്നുകൊണ്ടിരുന്ന ഒരു സഭയെ നയിക്കാനുള്ള നിയോഗം അതിന്റെ പൂർണ്ണതയിൽ തന്നെ പിതാവ് നിറവേറ്റി. നമ്മുടെ സഭയുടെ ഇന്നത്തെ എല്ലാ മേഖലകളിലുള്ള വളർച്ചയ്ക്കും പിതാവിനോട് വലുതായി കടപ്പെട്ടിരിക്കുന്നു. നീണ്ട 41 വർഷത്തെ അജപാലന നേതൃത്വം വിജയകരമായി പൂർത്തിയാക്കി 1994 ഒക്ടോബർ പത്തിന് തന്റെ നിത്യസമ്മാനത്തിനായി കടന്നുപോയ പിതാവിന്റെ ഭൗതീകശരീരം അടക്കം ചെയ്തിരിക്കുന്നത് തിരുവനന്തപുരം പട്ടം കത്തീഡ്രൽ ദൈവാലയത്തിലാണ്.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍




