വി. ചാവറ കുര്യാക്കോസ് ഏലിയാസ് – ജീവചരിത്രം

1986 ജനുവരി 8 -ന് കോട്ടയത്തുവച്ച്, അൽഫോൻസമ്മയോടൊപ്പം ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ, വി. ജോൺ പോൾ രണ്ടാമൻ പാപ്പ പറഞ്ഞു: “സഭയുടെ ഐക്യവും ഒത്തൊരുമയും എന്നതിനപ്പുറം ഒരു അപ്പസ്തോലികവിഷയവും ഈ വിശ്വാസത്തിന്റെ മനുഷ്യന് അത്രയും പ്രിയപ്പെട്ടതായിരുന്നിട്ടില്ല. അനൈക്യത്തിന്റെ ഭീഷണികളെ ചെറുക്കാനും പത്രോസിന്റെ സിംഹാസനത്തോടും ആഗോളസഭയോടും ഐക്യത്തിലായിരിക്കാനും വൈദികരെയും വിശ്വാസികളെയും ആഹ്വാനംചെയ്ത അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളെയും ഇന്ന് സ്നേഹത്തോടെയും നന്ദിയോടെയും സഭ സാഘോഷമായി ഓർക്കുന്നു. മറ്റനേകം സംരംഭങ്ങളിലെന്നപോലെ ഇതിലെല്ലാമുള്ള അദ്ദേഹത്തിന്റെ വിജയത്തിനു നാന്ദിയായത് അദ്ദേഹത്തിന്റെ ഉത്ക്കടമായ ഉപവിയും അനുദിനജീവിതത്തെ സവിശേഷമാക്കിയ പ്രാർഥനയും ഈശോയോടുള്ള അഗാധമായ ഒന്നിപ്പും അവന്റെ ഭൂമിയിലെ കാണപ്പെട്ട ശരീരമായ സഭയോടുള്ള സ്നേഹവുമാണ് എന്ന് നിസ്സംശയം പറയാൻസാധിക്കും.”

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ സന്യാസ സഭയായ CMI (Carmelites of Mary Immaculate) സഭ സ്ഥാപിച്ചത് മൂന്ന് വൈദികർ ചേർന്നായിരുന്നു. മല്പാന്മാരായ ഫാ. തോമസ് പാലയ്ക്കലും, ഫാ. തോമസ് പോരൂക്കരയും (സെമിനാരി പ്രൊഫസറും മോൺ. സ്തബിലീനിയുടെ സെക്രട്ടറിയും), പിന്നെ കഷ്ടി 26 വയസ്സ് പ്രായമുള്ള, 1829 -ൽ പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികൻ – ചാവറ കുര്യാക്കോസ് ഏലിയാസ് എന്ന നമ്മുടെ ചാവറയച്ചൻ.

വൈദികർക്കുപോലും അക്കാലത്ത് സന്യാസഭവനങ്ങൾ ഇല്ലായിരുന്നു. മാന്നാനത്ത് ആശ്രമം സ്ഥാപിക്കാൻ 1829 -ൽ മോൺസിഞ്ഞോർ സ്ഥബിലീനിയിൽനിന്ന് അനുവാദം ലഭിക്കുന്നു. 1830 -ൽ ചാവറയച്ചൻ ആ ആത്മീയഭവനത്തിന്റെ പണിക്കായി മാന്നാനത്തേക്കു പോയി. കണിയാന്തറ യാക്കോബ് സഹോദരന്റെ സഹായവും വൈദികർക്കുണ്ടായിരുന്നു. 1831 മെയ്‌ 11 -നായിരുന്നു ശിലാസ്ഥാപനകർമ്മം. പാലയ്ക്കലച്ചൻ 1841 -ലും പോരൂക്കരയച്ചൻ 1846 -ലും മരിച്ചതോടെ ചാവറയച്ചന്റെ ചുമലിലായി സഭയുടെ പ്രാരംഭദശ. 1855 ഡിസംബർ 8 -ന് മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചതിന്റെ ആദ്യവാർഷികത്തിൽ സഭാപരമായ അംഗീകാരം ലഭിച്ചു. അന്നത്തെ പേര് അമലോത്ഭവ കന്യകാമറിയത്തിന്റെ ദാസന്മാർ എന്നായിരുന്നു. CMI സഭ അങ്ങനെ ജന്മമെടുത്തു. 1856 -ൽ ആദ്യത്തെ പ്രിയോർ ജനറൽ ആയി സ്ഥാനമേറ്റ ചാവറയച്ചൻ 1871 -ൽ മരിക്കുന്നതുവരെ അത് തുടർന്നു. പൗരോഹിത്യ അഭിഷേകസമയത്ത് സ്വീകരിച്ച പേര് ‘തിരുക്കുടുംബത്തിന്റെ കുര്യാക്കോസ് ഏലിയാസ്’ എന്നായിരുന്നു.

അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഏഴ് ഭവനങ്ങൾകൂടി സ്ഥാപിക്കപ്പെട്ടു. വൈദികരുടെ വിദ്യാഭ്യാസത്തിനും രൂപീകരണത്തിനുമായി സെമിനാരികൾ പ്രവർത്തനമാരംഭിച്ചു, ദൈവവചനം പ്രസംഗത്തിലൂടെയും പ്രസ്സിലൂടെയും പ്രഘോഷിക്കപ്പെട്ടു, പ്രോട്ടസ്റ്റന്റ് വിശ്വാസികളിൽനിന്ന് അനേകം ലഘുരേഖകൾ കത്തോലിക്കർക്കെതിരെ പ്രചരിച്ചിരുന്ന സമയത്ത് കേരളസുറിയാനി സഭയ്ക്ക് ഒരു പ്രസ്സ് ഉണ്ടാവണമെന്ന് ചാവറയച്ചൻ ആഗ്രഹിച്ചിരുന്നു. സത്യദൈവവിശ്വാസം, ഭക്തി, സഭാസ്നേഹം എന്നിവ ജനങ്ങളിൽ വളർത്തുകയായിരുന്നു ലക്ഷ്യം. വി. യൗസേപ്പിതാവിന്റെ തിരുനാൾദിവസം അഗതികൾക്ക് ഊട്ടുനേർച്ച നൽകുന്ന പതിവ് ആരംഭിച്ചു. തിരുകുടുംബഭക്തി പ്രചരിപ്പിച്ചു. പള്ളികളോടു ചേർന്ന് പള്ളിക്കൂടങ്ങൾ ഉണ്ടാകണമെന്ന ചിന്ത നടപ്പിലാക്കിയത് സമൂഹത്തിന് എത്ര വലിയ നന്മയാണ് ചെയ്തത്. ആ കുഞ്ഞുങ്ങൾ വിശപ്പടക്കേണ്ടതിന് ഉച്ചക്കഞ്ഞി നൽകുന്ന പതിവും ആരംഭിച്ചു. അങ്ങനെ ആത്മീയ-ഭൗതികമണ്ഡലങ്ങളിൽ അനേകം പുതിയ സംരഭങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്. ആത്മീയ ഉണർവ് നൽകാനായി നാല്പതുമണി ആരാധന, ഇടവകജനങ്ങൾക്കായി ധ്യാനം നടത്തുന്ന ശൈലി, ഞായറാഴ്ച പള്ളികളിൽ പ്രസംഗിക്കുന്ന ശീലം, ഇവയൊക്കെ ആരംഭിച്ചത് ചാവറയച്ചനാണ്. എല്ലാറ്റിന്റെയും പിന്നിൽ ദൈവം മഹത്വപ്പെടണം, ദൈവഹിതം നടക്കണം എന്ന ചിന്ത.

വൈദികർക്ക് യാമപ്രാർഥനയ്ക്കായി കയ്യിലൊതുങ്ങുന്ന പുസ്തകങ്ങളും പരിശുദ്ധ കുർബാന യോഗ്യമായി അർപ്പിക്കാനായി കൈപ്പുസ്തകങ്ങളും അച്ചടിപ്പിച്ചു. ഇന്ന് CMI സഭയിൽ 2000 -ലധികം അംഗങ്ങളും 15 പ്രൊവിൻസുകളും അനേകം ഭവനങ്ങളുമുണ്ട്‌. 1866 -ൽ ചാവറയച്ചൻ സ്ത്രീകൾക്കായി Congregation of the Mother of Carmel (CMC ) സഭ സ്ഥാപിച്ചു. ആദ്യത്തെ കോൺവെന്റ് കൂനമ്മാവിൽ ആയിരുന്നു. ഇപ്പോൾ 7000 -ലധികം അംഗങ്ങളുണ്ട്. ക്രൈസ്തവവിദ്യാഭ്യാസവും സംസ്കാരവും തലമുറകളിലേക്കു പകരുന്ന ഈ കോൺവെന്റുകൾ പ്രാർഥനയിലും ത്യാഗത്തിലും സേവനത്തിലും സമർപ്പിതജീവിതത്തിന് ആഗ്രഹിക്കുന്ന ആയിരക്കണക്കിന് കന്യസ്ത്രീകൾക്ക് അഭയമാണ്.

കൈനകരിയിൽ, 1805 ഫെബ്രുവരി പത്തിനാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ ജനിക്കുന്നത്. എട്ടാം ദിവസം മാമ്മോദീസ നൽകി കുര്യാക്കോസ് എന്ന അദ്ദേഹത്തിന്റെ അപ്പന്റെ പേര് വിളിച്ചു. അമ്മയുടെ പേര് മറിയം തോപ്പിൽ. ലളിതജീവിതമാണ് അവർ നയിച്ചിരുന്നതെങ്കിലും ക്രിസ്തീയജീവിതങ്ങൾക്ക് ആ കുടുംബം മാതൃകയായിരുന്നു. കുടുംബത്തിലെ ഇളയതായിരുന്ന ചാവറയച്ചന് ഒരു സഹോദരനും നാല് സഹോദരിമാരുമുണ്ടായിരുന്നു. 1806 സെപ്റ്റംബർ എട്ടിന് പരിശുദ്ധ അമ്മയുടെ ജനനതിരുനാളിന്റെ അന്ന്, കുഞ്ഞായ ചാവറയച്ചനെ വെച്ചൂർ പള്ളിയിൽ മാതാവിന്റെ സ്നേഹസംരക്ഷണത്തിനായി അടിമവച്ചു. ഇന്ന് കാണുന്ന വെച്ചൂർ ദൈവാലയത്തിന് പിന്നീട് 1864 -ൽ ശീലസ്ഥാപനം നിർവഹിച്ചത് ചാവറയച്ചൻ തന്നെയായിരുന്നു.

ക്രിസ്തീയജീവിതത്തിന്റെയും ഭക്തിയുടെയും ആദ്യപാഠങ്ങൾ തന്റെ അമ്മയിൽനിന്നാണ് ചാവറ പിതാവ് പഠിച്ചത്. സായാഹ്നത്തിലെ ആദ്യമണിക്കൂറുകളിൽ തന്റെ അമ്മയുടെ അപ്പുറത്ത് മുട്ടുകുത്തി, അമ്മ ചൊല്ലിത്തരുന്ന പ്രാർഥനകൾ ഏറ്റുചൊല്ലിയാണ്‌ അനേകം പ്രാർഥനകൾ പഠിച്ചതെന്ന് പിൽക്കാലത്ത് അദ്ദേഹം പറഞ്ഞിട്ടുണ്ട്. രാത്രികളിലെല്ലാം കൊന്തചൊല്ലാനായി തന്റെ അമ്മ എണീറ്റിരുന്നത് അദ്ദേഹം മറന്നില്ല. ഈശോ-മറിയം-യൗസേപ്പ് എന്ന നാമങ്ങൾ കുഞ്ഞിന്റെ ഹൃദയത്തിലും ചുണ്ടിലും അമ്മ ചേർത്തുവച്ചു. തിരുക്കുടുംബത്തിനോട് ആജീവനാന്തമുള്ള ഭക്തി അങ്ങനെയാണ് പിതാവിൽ അങ്കുരിച്ചത്. “ദൈവം നല്കിയ മക്കളെ വിശുദ്ധരായി ദൈവത്തിനേല്പിക്കാത്ത മാതാപിതാക്കന്മാർക്ക് വിധിദിവസം ഭയാനകമായിരിക്കും” എന്ന ചാവരുൾ ഇത്തരുണത്തിൽ നമുക്ക് ഓർമ്മിക്കാം.

അഞ്ചുമുതൽ 11 വയസ്സുവരെ പിതാവ് ഗ്രാമത്തിലെ വിദ്യാലയത്തിൽചേർന്ന് ആശാന്റെ കീഴിൽ വായിക്കാനും എഴുതാനും പഠിച്ചു. മലയാളവും തമിഴും സംസ്കൃതവും പഠിച്ചു. പിന്നീട് സുറിയാനി, ലാറ്റിൻ, പോർച്ചുഗീസ്, ഇറ്റാലിയൻ ഭാഷകളൊക്കെ സ്വായത്തമാക്കിയ ഒരു ഭാഷാപണ്ഡിതന്റെ ലളിതമായ തുടക്കം. അമ്മയുടെ ജീവിതമാതൃകയും പ്രാർഥനയും ദൈവസേവനത്തിനായി ജീവിതംമുഴുവൻ സമർപ്പിക്കാൻ ചാവറ പിതാവിനെ പ്രേരിപ്പിച്ചു. അൾത്താരയിലേക്ക് ചെറുപ്പംമുതലേ അദ്ദേഹം ആകർഷിക്കപെട്ടിരുന്നു. പരിശുദ്ധ കുർബാനയിലെ പ്രാർഥനകൾ മനസ്സിലാക്കി ചൊല്ലാനായി സുറിയാനിഭാഷ പഠിക്കാൻ വലിയ ഉത്സാഹമായിരുന്നു. കുർബാന തക്സ (കുർബാന പുസ്തകം) അൾത്താരയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് കൊണ്ടുപോകാൻ കഴിയാത്തത്ര ചെറുതായിരിക്കുമ്പോഴും അൾത്താരബാലനായിരിക്കാൻ ആവേശമായിരുന്നു പിതാവിന്.

പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം സ്വാഭാവികമായും പൗരോഹിത്യസ്വീകരണമായിരുന്നു ലക്ഷ്യം. പള്ളിപ്പുറം സെമിനാരി റെക്ടറായിരുന്ന ഫാ. തോമസ് പാലയ്ക്കൽ അവന്റെ ഗുണങ്ങളിൽ സന്തോഷവാനാകുകയും കാര്യങ്ങൾ പരിചയിക്കാനായി ഇടവക വികാരിയുടെ കൂടെ താമസിപ്പിക്കാൻ അയയ്ക്കാൻ അവന്റെ മാതാപിതാക്കളോട് പറയുകയുംചെയ്തു.

1818 -ൽ, 13 വയസ്സുള്ളപ്പോൾ സെമിനാരിയിൽ ചേർന്നു. താമസിയാതെ മാതാപിതാക്കളും സഹോദരനും പകർച്ചവ്യാധിയാൽ മരിച്ചപ്പോൾ സെമിനാരിപഠനം ഉപേക്ഷിക്കാൻ ബന്ധുക്കൾ സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം ഉറച്ചുനിന്നു. സ്വത്തെല്ലാം സഹോദരന്റെ പുത്രിക്ക് എഴുതിക്കൊടുത്തിട്ട് അദ്ദേഹം തിരിച്ചുപോയി. ദൈവം മാത്രമാണ് തന്റെ ഓഹരി എന്ന് ജീവിതംകൊണ്ട് അദ്ദേഹം സാക്ഷ്യപ്പെടുത്തുകയായിരുന്നു.

സെമിനാരിയിൽ ദൈവസ്നേഹത്തിനും സൗമ്യതയ്ക്കും എളിമയ്ക്കും അനുസരണത്തിനും മാതൃകയായിരുന്നു ചാവറയച്ചൻ. എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. തങ്ങളുടെ ബാച്ചിലെ ഏറ്റവും പ്രായംകുറഞ്ഞ ആളായിരുന്നെങ്കിലും പ്രാർഥനയിലും പഠിത്തത്തിലും മുൻപന്തിയിൽ ചാവറ പിതാവായിരുന്നെന്ന് അവരെല്ലാം പിന്നീട് സാക്ഷ്യപ്പെടുത്തി. 11 കൊല്ലത്തെ പരിശീലനത്തിനുശേഷം 1829 നവംബർ 25 -ന് ചാവറ പിതാവ് പുരോഹിതനായി അഭിഷിക്തനായി. ചേന്ദംകരിയിലെ തന്റെ ഇടവക ദൈവാലയത്തിൽ അടുത്ത ദിവസം കുർബാനയർപ്പിച്ചു. ചേന്ദംകരി ഇടവകയിൽനിന്ന് കൈനകരി ഇടവക തിരിയുന്ന സമയമായതുകൊണ്ട് ചാവറയച്ചന് സ്വീകരണച്ചടങ്ങ് ഒന്നുംതന്നെ ഉണ്ടായില്ല. ‘ഞാൻ മാത്രമാണ് നിന്റെ ഓഹരി’ എന്ന് നമ്മുടെ കർത്താവ് അദ്ദേഹത്തോട് പറയാതെപറഞ്ഞതായിരിക്കണം. കുറച്ചുകാലം അവിടെ തുടർന്നശേഷം പള്ളിപ്പുറത്തെ സെമിനാരിയിലേക്ക് ഫാ. തോമസ് പാലയ്ക്കലിനെ സഹായിക്കാനായി പോയി.

അന്നൊക്കെ ഞായറാഴ്ചപ്രസംഗങ്ങൾ പള്ളികളിൽ അപൂർവമായിരുന്നു. സെമിനാരിയിലെ പഠിപ്പിക്കൽ കഴിഞ്ഞാൽ ചാവറ പിതാവ് പള്ളികളിൽനിന്ന് പള്ളികളിലേക്ക് സുവിശേഷപ്രസംഗങ്ങളുമായി പോയി. സഭയിലെ മറ്റ് അംഗങ്ങൾ വർഷങ്ങളോളം അതെല്ലാം മനസ്സിൽ സ്നേഹത്തോടെ സൂക്ഷിച്ചു. രണ്ടുകൊല്ലത്തോളം ഇടവക വികാരിയുടെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചു. 1833 മുതൽ സെമിനാരിയിൽ ക്ലാസ്സെടുടുക്കുന്നത് ഉപേക്ഷിക്കാതെതന്നെ മാന്നാനത്തെ CMI ആശ്രമത്തിന്റെ പണികളിൽ മുഴുവനായും ശ്രദ്ധിച്ചു. 1841 -ൽ പാലയ്ക്കലച്ചൻ മരിച്ചപ്പോൾ ചാവറ പിതാവിന് ‘മല്പാൻ’ സ്ഥാനം (Professor and doctor in ecclesiastical sciences) സമ്മാനിക്കപ്പെട്ടു.

എപ്പോഴും ഉത്തരവാദിത്വങ്ങളുമായി ഓടിനടക്കുമ്പോഴും തീക്ഷ്‌ണമായ പ്രാർഥന പിതാവിന് കൂട്ടിനുണ്ടായിരുന്നു. ദിവ്യകാരുണ്യത്തിന്റെ മുൻപിൽ മണിക്കൂറുകൾ ചിലവഴിച്ചിരുന്ന പിതാവിന് പരിശുദ്ധ അമ്മയോടും വലിയ ഭക്തിയായിരുന്നു. പകരുന്ന രോഗങ്ങളുണ്ടായിരുന്നവരെപ്പോലും സന്ദർശിക്കാൻ ഒട്ടും മടികാണിച്ചില്ല. തന്നോട് ദേഷ്യംകാണിച്ചവരോട്, സഹകരിക്കാതിരുന്നവരോടുപോലും പ്രത്യേകമാംവിധം സ്നേവും കരുണയും കാണിച്ചു.

ചാവറയച്ചന്റെ വിശ്വാസതീക്ഷ്‌ണത റോക്കോസ് ശീശ്മയോട് അദ്ദേഹം ഇടപെട്ട രീതിയിൽനിന്നുതന്നെ വ്യക്തമാണ്. ക്രിസ്ത്യൻയുഗത്തിന്റെ ആദ്യനൂറ്റാണ്ടുകളിൽതന്നെ കേരള ക്രൈസ്തവർ സീറോമലബാർക്രമം പിന്തുടർന്നിരുന്നു. സിറിയയിലെ അന്ത്യോക്യയിൽ നിന്നായിരുന്നല്ലോ സഭയിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. സുറിയാനി ഭാഷയിൽ അർപ്പിച്ചിരുന്ന കുർബാനകളിൽ പുരോഹിതവസ്ത്രങ്ങളും ആരാധനക്രമ കലണ്ടറും ആഘോഷങ്ങളും കൂദാശാപരികർമ്മങ്ങളുംപോലുളള അനേകം കാര്യങ്ങൾ ലാറ്റിൻ ആരാധനാക്രമത്തിൽനിന്ന് വ്യത്യസ്തമായിരുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പോർച്ചുഗീസുകാരുടെ വരവോടെ സിറിയൻ കത്തോലിക്കർ ലത്തീൻ ബിഷപ്പുമാരുടെ അധികാരപരിധിക്കുള്ളിലായി. വരാപ്പുഴ മെത്രാനായിരുന്ന ലാറ്റിൻ ബിഷപ്പ് മോറിലിയോ സ്തബിലീനി ആയിരുന്നു ചാവറയച്ചനെ 1829 -ൽ പുരോഹിതനായി അഭിഷേകംചെയ്തത്. 1861 -ൽ ബിഷപ്പ് തോമസ് റോക്കോസ് കേരളത്തിലെത്തി. സിറിയൻ കത്തോലിക്കരുടെ അവസ്ഥ അറിയാനായി കൽദായ പാത്രിയർക്കീസ് ജോസഫ് ഓഡോ അയച്ചതായിരുന്നു ബിഷപ്പിനെ. ബിഷപ്പ് റോക്കോസ് പക്ഷേ, സിറിയൻ കത്തോലിക്കരുടേ മേൽനോട്ടത്തിനായി തന്നെ നിയമിക്കാൻ കൽദായ പാത്രിയർക്കീസിനോട് സഭാനേതൃത്വം കല്പിച്ചിട്ടുണ്ടെന്ന് വ്യാജമായി പറഞ്ഞു. തങ്ങളുടെതന്നെ മെത്രാനെ ഏറെ ആഗ്രഹിച്ചിരുന്ന അനേകം സിറിയൻ കത്തോലിക്കർ തങ്ങളുടെ ഇടയനായി ബിഷപ്പ് റോക്കോസിനെ സ്വീകരിച്ചു. 154 സീറോമലബാർ ഇടവകകൾ ഉണ്ടായിരുന്നതിൽ 86 ഇടവകകൾ പൂർണ്ണമായും, 30 എണ്ണം ഭാഗികമായും ബിഷപ്പിന്റെ കൂടെനിന്നു. 38 ഇടവകകൾ വരാപ്പുഴ ആർച്ചുബിഷപ്പായിരുന്ന ബെർണ്ണദീൻ ബച്ചിനേല്ലി പിതാവിനോട് വിശ്വസ്തരായിനിന്നു.

ശീശ്മ പ്രചരിപ്പിക്കാനുള്ള ബിഷപ്പ് റോക്കോസിന്റെ ശ്രമത്തെ ചാവറയച്ചനും കൂടെയുള്ളവരും ശക്തമായി എതിർത്തു. പ്രശ്നപരിഹാരങ്ങൾക്കായി ചാവറ പിതാവിനെ അസാധാരണ അധികാരങ്ങൾ നൽകിക്കൊണ്ട് സിറിയൻ (സുറിയാനി) കത്തോലിക്കരുടെ വികാരി ജനറൽ ആയി ആർച്ചുബിഷപ്പ് ബച്ചിനേല്ലി നിയമിച്ചു. ജനത്തിന്റെ വിശ്വാസം വർധിപ്പിക്കാനായി ചാവറ പിതാവ് ഇടയലേഖനങ്ങൾ അയച്ചു. പരിശുദ്ധ പിതാവിനും നിർദേശങ്ങൾ ആരാഞ്ഞുകൊണ്ട് കത്തയച്ചു. 1861 സെപ്റ്റംബർ 5 -നു വന്ന പ്രതികരണത്തിൽ വ്യക്തമായി, അപ്പസ്തോലികനേതൃത്വം വിലക്കിയിട്ടും ബിഷപ്പ് റോക്കോസ് കേരളത്തിലേക്ക് വന്നതാണെന്ന്. കുറച്ചുദിവസങ്ങൾക്കുശേഷം കൽദായ പാത്രിയർക്കീസ്പോലും റോമിൽനിന്ന് കത്തെഴുതി ബിഷപ്പ് റോക്കോസിനോട് തിരിച്ചുചെല്ലാൻ പറഞ്ഞുകൊണ്ട്. ചാവറ പിതാവ് ശീശ്മയുടെ വ്യാപനം പരിശോധിക്കാനായി ഗവൺമെന്റിന്റെ സഹായവും ആവശ്യപ്പെട്ടിരുന്നു.

ബിഷപ്പ് റോക്കോസിന് എല്ലാ പിന്തുണയും നഷ്ടപ്പെട്ട്, തെറ്റായ കാര്യങ്ങളിൽനിന്ന് പിൻവലിഞ്ഞപ്പോൾ ചാവറ പിതാവ് അദ്ദേഹത്തോട് ഇന്ത്യ വിട്ടുപോകാനുള്ള ചർച്ചകൾ നടത്തുകയും യാത്രയ്ക്ക് ആവശ്യമായ പൈസ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയുംചെയ്തു. അപ്പസ്തോലിക വികാരിയോടും സഭാനേതൃത്വത്തോടും ബിഷപ്പ് റോക്കോസിനെ അനുരഞ്ജിപ്പിക്കാൻ തന്നെക്കൊണ്ടാവുന്നതെല്ലാം പിതാവ് ചെയ്തു. ഒരു വർഷത്തിനുള്ളിൽ, വിട്ടുപോയ ഇടവകകളെല്ലാം ശരിയായ ബിഷപ്പിനോടു ചേർന്നു. ഒൻപതാം പീയൂസ് പാപ്പ, ശീശ്മ അവസാനിപ്പിക്കാനായുള്ള ചാവറയച്ചന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് റോമിൽനിന്ന് കത്തയച്ചു. അദ്ദേഹത്തിന്റെ മനസ്സലിവിനെ വെളിവാക്കുന്ന ഒരു സംഭവമുണ്ട് . മാന്നാനം ആശ്രമപരിസരത്തെ വസ്തു അന്യായമായി കൈവശപ്പെടുത്തുകയും ചാവറയച്ചനെതിരെ ആലപ്പുഴ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തയാളെ ആശ്രമത്തിൽ വിളിച്ച് രമ്യതപ്പെടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും നടന്നില്ല. തന്റെ അന്ത്യാഭിലാഷങ്ങൾ രേഖപ്പെടുത്തിയതിൽ അദ്ദേഹം എഴുതി, “(പേര് ) ഉടെ ഭവനത്തെ പ്രത്യേകം ഓർമ്മിച്ചു പ്രാർഥക്കുകയും അവർക്ക് എന്തെങ്കിലും ആവശ്യംവന്നാൽ സഹായിക്കുകയും വേണം.”

സാമൂഹ്യപരിഷ്‌കർത്താവ് മാത്രമല്ല, ചാവറയച്ചൻ ഒരു മിസ്റ്റിക്ക് കൂടെയായിരുന്നു. ഈശോയോടു നേരിട്ടുസംസാരിച്ചിരുന്ന ഒട്ടേറെ സാക്ഷ്യങ്ങൾ അദ്ദേഹത്തെക്കുറിച്ചുണ്ട്. ഒരിക്കൽ ഒരു വൈദികൻ അദ്ദേഹത്തെ കാണാൻ മുറിയിൽചെന്നു. അഗാധമായ ദൈവൈക്യത്തിൽ ആയിരുന്ന അച്ചൻ, വൈദികൻ മുറിയിൽ വന്നത് അറിഞ്ഞില്ല. അച്ചൻ പുറത്തുപോയി കുറേനേരം കാത്തിരുന്നതിനുശേഷം വീണ്ടും അകത്തുവന്നു. ചാവറയച്ചന്റെ മുഖം സ്വർഗീയപ്രഭയാൽ നിറഞ്ഞിരുന്നു. ചാവറയച്ചൻ ആ വൈദികനോട് ഇത്രമാത്രം പറഞ്ഞു: “അച്ചാ, ഈശോയോട് സംസാരിക്കുന്നത് എത്ര ആനന്ദകരമാണ് അല്ലേ?” ധ്യാനവേളകളിൽ ചാവറയച്ചൻ കണ്ണീരൊഴുക്കി പ്രാർഥച്ചിരുന്നു. പരിസരം മറന്ന് ധ്യാനത്തിൽ ലയിക്കുമ്പോൾ ആരെങ്കിലും വിളിച്ചാൽ അറിഞ്ഞിരുന്നില്ല. ധ്യാനത്തിന്റെ സമാപനപ്രാർഥന ചൊല്ലാൻ മറ്റാരെങ്കിലും അദ്ദേഹത്തെ വിളിച്ചുണർത്തി ഓർമ്മിപ്പിക്കേണ്ടിയിരുന്നു.

തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടു വർഷങ്ങൾ, രോഗാവസ്ഥയിൽ, ഏകാന്തതയിൽ ഒരു മുറിയിൽ കഴിയുമ്പോൾ അദ്ദേഹം മുറിയുടെ വാതിൽക്കൽ ഇങ്ങനെ എഴുതിവച്ചു. “ഈ മുറിയിൽ കയറുന്നവർ ആത്മീയകാര്യങ്ങൾ അല്ലാതെ ഒന്നും സംസാരിക്കരുത്.”

1869 മുതൽ ചാവറയച്ചന്റെ ആരോഗ്യം ഗുരുതരമായി ക്ഷയിച്ചുതുടങ്ങി. ജീവിതത്തിലുടനീളം, പ്രത്യേകിച്ച് അവസാനവർഷങ്ങൾ ദൈവത്തോടുള്ള വർധിച്ച ശരണത്തിലായിരുന്നു നയിച്ചത്. 1871 ജനുവരി രണ്ടിന് മരണം അടുത്തെന്ന തിരിച്ചറിവിൽ പിതാവ് അന്ത്യകൂദാശ സ്വീകരിച്ചു. സഭാസമൂഹം അന്ത്യ ആശീർവാദം യാചിച്ചുകൊണ്ട് ചുറ്റിനും നിരന്നുനിന്നു. എല്ലാ വാക്കുകളും വ്യക്തമായി ചൊല്ലിക്കൊണ്ട് അദ്ദേഹം അത് നൽകി. അടുത്ത ദിവസം ജനുവരി മൂന്നിന് പ്രഭാതത്തിൽ 7.15 -ന് കൂനമ്മാവിൽവച്ച് തന്റെ ആത്മാവിനെ പിതാവ് ദൈവത്തിങ്കൽ സമർപ്പിച്ചു. ഭൗതികാവശിഷ്ടങ്ങൾ പിന്നീട് 1889 -ൽ മാന്നാനത്തേക്കുമാറ്റി. വി. ജോൺ പോൾ പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ചാവറ പിതാവിനെ വിശുദ്ധ വണക്കത്തിലേക്ക് ഉയർത്തിയത് 2014 നവംബർ 23 -ന് ഫ്രാൻസിസ് പാപ്പയായിരുന്നു.

ആത്മീയ-ഭൗതികമണ്ഡലങ്ങളിലെ സംരംഭകനും മികച്ച സാമൂഹ്യപരിഷ്കർത്താവും മിസ്റ്റിക്കും തികഞ്ഞ ദൈവസ്നേഹിയും മനുഷ്യസ്നേഹിയുമായ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാൾ ആശംസകൾ!

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.