

ആമുഖം
വി. ഫ്രാൻസിസ് അസ്സീസി സ്ഥാപിച്ച ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ ഏഴാമത്തെ മിനിസ്റ്റർ ജനറലായിരുന്ന വി. ബൊനവെഞ്ചർ ‘ദൈവദൂത വേദപാരംഗതൻ’ (Seraphic Doctor) എന്ന വിശേഷണത്താൽ വിളിക്കപ്പെടുന്ന സഭയിലെ വിശുദ്ധനാണ്. മധ്യകാലയുഗത്തിൽ പരിവ്രാജക (mendicant) സമൂഹങ്ങൾക്കെതിരെ ഉയർന്നുവന്ന വിമർശനങ്ങളെ തന്റെ സ്നേഹിതനും സതീര്‍ഥ്യനുമായിരുന്ന വി. തോമസ് അക്വീനാസിനോടൊപ്പം വിജയകരമായി പ്രതിരോധിക്കുകയും സഭയുടെ തത്വശാസ്ത്ര-ദൈവശാസ്ത്ര വിചിന്തനങ്ങളിൽ അമൂല്യസംഭാവനകൾ നൽകുകയും ചെയ്ത പണ്ഡിതശ്രേഷ്ഠനുമാണ് ഇദ്ദേഹം. ആശയപരമായ ആന്തരികസംഘര്‍ഷങ്ങളാൽ കലുഷിതമായിരുന്ന ഫ്രാൻസിസ്കൻ സന്യാസ സമൂഹ ജീവിതത്തെ തന്റെ വിപ്ലവകരമായ നവീകരണങ്ങൾകൊണ്ട് പുതുജീവൻ നൽകി ചൈതന്യവത്താക്കിയതിനാലാണ് ഈ സമൂഹത്തിന്റെ രണ്ടാം സ്ഥാപകൻ എന്ന് ചരിത്രം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
വിജ്ഞാനത്തിലൂടെയും നിരീക്ഷണത്തിലൂടെയും താൻ ഗ്രഹിച്ച സത്യങ്ങളെല്ലാം ഒരു പ്രാർഥനയും സ്തുതിയുമായി ദൈവത്തിനു സമർപ്പിച്ചുകൊണ്ട് വി. ഫ്രാൻസിസിന്റെ സന്യാസവരങ്ങളെ കാലാനുസൃതമായി വ്യാഖ്യാനിച്ച് തന്റെ സമൂഹത്തെ ദൈവീകമാർഗത്തിലൂടെ അദ്ദേഹം മുന്നോട്ടുനയിച്ചു. പ്രാപഞ്ചികലോകത്തെ മാനുഷികവിജ്ഞാനത്തിലൂടെ അടുത്തറിയാനും അത് ദൈവാഭിമുഖ്യത്തിനായി ഉപയോഗിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ക്രിസ്തുകേന്ദ്രീകൃത ജീവിതത്തിന് വലിയ പ്രാധാന്യം നൽകിയ ബൊനവെഞ്ചർ, അവിടുന്ന് മാത്രമാണ് തന്റെ ഒരേയൊരു നേതാവെന്ന് പ്രഘോഷിച്ചുകൊണ്ട് ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ജീവിക്കുന്ന പ്രതീകമായി തന്റെ ജീവിതത്തെ പരിവർത്തനപ്പെടുത്തി. ബൊനവെഞ്ചറിന്റെ ചിന്തയിൽ മനുഷ്യന്റെ ആത്യന്തികലക്ഷ്യം ദൈവത്തെ കണ്ടുമുട്ടുകയും അവിടുത്തെ സ്നേഹത്തിൽ അലിയുകയും ഈ ബന്ധം ആനന്ദത്തിനുള്ള മാർഗമായി സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. ഈ വേദപാരംഗതന്റെ ജീവിതവിശുദ്ധിയും വിജ്ഞാന വഴികളും അടുത്തറിയുന്നതും അനുധാവനം ചെയ്യുന്നതും നമ്മെയും ദൈവസ്നേഹത്തിൽ ആഴപ്പെടുത്തും.
ജനനം, ബാല്യം
ജൊവാന്നി ദെ ഫിഡാൻസ എന്നായിരുന്നു വി. ബൊനവെഞ്ചറിന്റെ ആദ്യകാല നാമം. ഇറ്റലിയിലെ വിത്തെർബോയ്ക്കടുത്തുള്ള ചിവിത്ത ദി ബാഞ്ഞൊറേജ്യോയിൽ 1217 ൽ ജൊവാന്നി ദെ ഫിഡാൻസ-മരിയ ദി റിത്തെല്ല ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. (ബൊനവെഞ്ചർ 1221 ൽ ജനിച്ചു എന്നാണ് മിക്ക ചരിത്രകാരന്മാരും പറയുന്നത്. ഇദ്ദേഹത്തെക്കുറിച്ച് വളരെയധികം പഠിച്ചിട്ടുള്ള ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 1217 ജന്മവർഷമായി ഉപയോഗിച്ചിരിക്കുന്നു). ബൊനവെഞ്ചറിന്റെ പിതാവ് ഒരു മെഡിക്കൽ ഡോക്ടറും വിശ്വാസകാര്യങ്ങളിൽ തീക്ഷ്ണമതിയും ആയിരുന്നു. ഫ്രാൻസിസ്കൻ ആശ്രമത്തിൽ ചേർന്നപ്പോൾ ബൊനവഞ്ചർ എന്ന പുതിയ നാമം അദ്ദേഹം സ്വീകരിച്ചുവെന്നും, അതല്ല വി. ഫ്രാൻസിസ് തന്നെ ഒരുപക്ഷേ ഈ നാമം നൽകിയതാകാം എന്നും പറയപ്പെടുന്നു.
‘ബൊനവന്തൂരാ’ എന്ന ഇറ്റാലിയൻ വാക്കിന്റെ അർഥം ‘സൗഭാഗ്യം’ (good fortune) എന്നാണ്. ബൊനവെഞ്ചറിന്റെ ശൈശവ പ്രായത്തിൽ ഗൗരവതരമായ രോഗം ബാധിച്ചപ്പോൾ ഒരു ഡോക്ടറായിരുന്ന പിതാവിന് ഈ രോഗം മാരകമാണെന്നു മനസ്സിലായി. അദ്ദേഹം കുട്ടിയെ വി. ഫ്രാൻസിസ് അസ്സീസിയുടെ അടുത്തു കൊണ്ടുപോയി പ്രാർഥിക്കുകയും തത്ഫലമായി അദ്ദേഹം സൗഖ്യം പ്രാപിക്കുകയും ചെയ്തു. വി. ഫ്രാൻസിസ് അസ്സീസിയുടെ ജീവചരിത്രം തനിക്കു ലഭിച്ച രോഗസഖ്യത്തിനുള്ള പ്രതിനന്ദി രേഖപ്പെടുത്താൻ കൂടി ബൊനവെഞ്ചർ എഴുതിയതാണ്. എങ്ങനെയാണ് താൻ വിശുദ്ധന്റെ ജീവിതത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് ‘ഫ്രാൻസിസ് അസ്സീസിയുടെ ജീവിതം’ എന്ന ഗ്രന്ഥത്തിൽ ബൊനവെഞ്ചർ പറയുന്നു: “നമ്മുടെ പുണ്യപിതാവിന്റെ പ്രാർഥനയാലും അനുഗ്രഹത്താലും ഒരു കൊച്ചുകുട്ടി ആയിരിക്കുമ്പോൾ എന്നെ മരണവക്രത്തിൽ നിന്നും രക്ഷിച്ചത് അദ്ദേഹത്തോടുള്ള ഭക്തി എന്നിൽ രൂഢമൂലമാകുന്നതിന് ഇടയാക്കി.”
എ ഡി 1243 ലാണ് ബൊനവെഞ്ചർ ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിൽ പ്രവേശിച്ചത്. വി. ബൊനവെഞ്ചറിന്റെ ജീവചരിത്രം അദ്ദേഹത്തിന്റെ സമകാലീനർ ആരും തന്നെ എഴുതിയിട്ടില്ലാത്തതിനാൽ പല ചരിത്രസത്യങ്ങളും പിൽക്കാല തലമുറയ്ക്കു ലഭ്യമായിട്ടില്ല (അദ്ദേഹത്തെ അറിഞ്ഞിരുന്ന ജോൺ ജൈൽസ് സമോറ എന്ന ഫ്രാൻസിസ്കൻ ബ്രദർ എഴുതിയതായി പറയപ്പെടുന്ന ജീവചരിത്രം ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല). താൻ ഫ്രാൻസിസ്കൻ സന്യാസം തിരഞ്ഞെടുത്തതിന്റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ബൊനവെഞ്ചർ ഇപ്രകാരം എഴുതിയിരിക്കുന്നു: “എന്തുകൊണ്ടാണ് വാഴ്ത്തപ്പെട്ട ഫ്രാൻസിസിന്റെ ജീവിതവഴി സ്നേഹിച്ചതെന്ന് ദൈവതിരുമുമ്പാകെ ഞാൻ ഏറ്റു പറയുന്നു. ഫ്രാൻസിസ്കൻ സന്യാസിമാരുടെ ജീവിതം ആദിമക്രൈസ്തവരുടേതിനു സമാനമാണ്. എളിയ മുക്കുവരിൽ കൂടെ ക്രിസ്തു ആരംഭിച്ച സഭ പിന്നീട് വിജ്ഞാനികളായ പ്രബോധകരാൽ സമ്പന്നമായി. വാഴ്ത്തപ്പെട്ട ഫ്രാൻസിസിന്റെ സമൂഹം മനുഷ്യരുടെ വിവേകത്താൽ ഉരുവായതല്ല, പിന്നെയോ ക്രിസ്തുവിനാൽ സ്ഥാപിതമായതാണ്.”
പാരീസ് സർവകലാശാലയിലെ പഠനം
ബൊനവെഞ്ചറിന്റെ ബൗദ്ധികജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ചത് യൂറോപ്പിലെ അക്കാലത്തെ പ്രശസ്ത ഉന്നത വിദ്യാഭ്യാസകേന്ദ്രമായിരുന്ന പാരീസ് സർവകലാശാലയിലെ പഠനമായിരുന്നു. സ്‌കൊളാസ്റ്റിക് തത്വശാസ്ത്രശാഖയിലെ പേരുകേട്ട അധ്യാപകനായിരുന്ന ഹെയിൽസിലെ അലക്‌സാണ്ടറിന്റെ ശിക്ഷണത്തിലാണ് അദ്ദേഹം പഠനം ആരംഭിച്ചത്. പാശ്ചാത്യസഭയിലെ എക്കാലത്തെയും വലിയ പണ്ഡിതരിലൊരാളായ വി. തോമസ് അക്വീനാസ് പാരീസ് സർവകലാശാലയിൽ വി. ബൊനവെഞ്ചറിന്റെ സഹപാഠിയായിരുന്നു. 1255 ലാണ് ബൊനവെഞ്ചറിന് ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം ലഭിക്കുന്നത്.
ബൊനവെഞ്ചർ പാരീസിലായിരിക്കുന്ന സമയത്താണ് അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ഫ്രാൻസിസ്കൻ, ഡൊമിനിക്കൻ സന്യാസിമാർക്കെതിരെ സെക്കുലർ അധ്യാപകർ ആക്ഷേപങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്. സുവിശേഷപ്രസംഗകരായി ലളിതജീവിതം നയിക്കേണ്ടുന്ന സന്യാസികൾ ഇവിടുത്തെ സർവകലാശാലകളിൽ പഠിപ്പിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടു. ഇതിനെ പ്രതിരോധിക്കുന്നതിനായി പരിവ്രാജക സമൂഹങ്ങളെ പിന്തുണച്ചുകൊണ്ട് ‘സുവിശേഷാത്മക പരിപൂര്‍ണ്ണത’ എന്ന പേരിൽ ബൊനവെഞ്ചർ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഇതിൽ സന്യാസികൾ എപ്രകാരമാണ് ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ പാലിച്ചുകൊണ്ട് സുവിശേഷാനുസൃത ജീവിതം നയിക്കുന്നതെന്നു പറയുന്നു. കൂടാതെ, സഭ പ്രശോഭിതവും മനോഹരവുമാവുന്നത് സഭാസന്താനങ്ങൾ തങ്ങളുടെ വിളിയോട് വിശ്വസ്തരായിരിക്കുമ്പോഴാണെന്നും അദ്ദേഹം എഴുതി. സന്യാസികൾ ദൈവത്തിന്റെ കൃപ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ എളിയതും വിധേയത്വത്തോടെയുമുള്ള ജീവിതം വഴി സുവിശേഷത്തിനു സാക്ഷികളായി ആനന്ദവും പൂർണ്ണതയും അനുഭവിക്കുന്നു (സർവകലാശാലയിൽ നിലനിന്നിരുന്ന സെക്കുലർ പണ്ഡിതരും (secular scholars) പരിവ്രാജക സമൂഹങ്ങളും (mendicant orders) തമ്മിലുള്ള തർക്കത്തിന്റെ പേരിൽ ഇദ്ദേഹത്തിനു ഡോക്ടർ ബിരുദം ലഭിച്ചത് രണ്ടുവർഷത്തോളം താമസിച്ചാണ്).
പാരീസ് സർവകലാശാലയിൽ നിന്നും നേടിയ ബിരുദം കൊണ്ട് യൂറോപ്പിൽ എവിടെയും പഠിപ്പിക്കുന്നതിന് അക്കാലത്ത് സാധിക്കുമായിരുന്നു. ഗ്രിഗറി ഒൻപതാമൻ മാർപാപ്പ ഇറക്കിയ പേപ്പൽ ബുൾ ‘പാരൻസ് സൈന്തിയാരും’ (1231) ഈ സ്ഥാപനത്തെ പ്രശസ്തമാക്കി. സാധാരണയായി ഇക്കാലത്ത് ഒരു സർവകലാശാലയിൽ നിന്നും ബിരുദം നേടുന്നതിന് ആറുവർഷത്തിലധികം പഠിക്കണമായിരുന്നു. ഇങ്ങനെയുള്ള വിദ്യാഭ്യാസം നേടിയതിനുശേഷം മാത്രമേ പാരീസ് സർവകലാശാല പോലുള്ള ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ തത്വശാസ്ത്ര-ദൈവശാസ്ത്ര വിഷയങ്ങളിൽ ഉപരിപഠനം സാധ്യമായിരുന്നുള്ളൂ. ഒരു ദൈവശാസ്ത്ര പ്രൊഫസ്സർ അറിയപ്പെട്ടിരുന്നത് ‘വിശുദ്ധ ഗ്രന്ഥങ്ങളിൽ മഹോപാധ്യായന്‍’ (Magister in sacra pagina) എന്നായിരുന്നു.
പാരീസിലെ പഠനം വിശുദ്ധ ഗ്രന്ഥത്തിൽ ആഴമായ അറിവ് സമ്പാദിക്കുന്നതിന് ബൊനവെഞ്ചറിനെ സഹായിച്ചു. ഇക്കാലയളവിൽ പീറ്റർ ലൊംബാർഡ് അടക്കമുള്ള ദൈവശാസ്ത്രജ്ഞരുടെ കൃതികൾ വായിക്കുകയും അതിന് ഭാഷ്യങ്ങൾ തയ്യാറാക്കുകയും ചെയ്തു. കൂടാതെ യൂറോപ്പിലെ പല പ്രമുഖരായ ചിന്തകരെയും അടുത്തു പരിചയപ്പെടുന്നതിനും പാരീസിലെ വാസം അദ്ദേഹത്തെ സഹായിച്ചു. 1253 ൽ പാരീസ് സർവകലാശാലയുടെ ഫ്രാൻസിസ്കൻ പീഠത്തിന്റെ (Franciscan Chair) അധ്യക്ഷനായി ബൊനവഞ്ചർ ചുമതലയേറ്റു.
ഫ്രാൻസിസ്കൻ മിനിസ്റ്റർ ജനറൽ
ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ ആറാം മിനിസ്റ്റർ ജനറൽ ആയിരുന്ന പാർമയിലെ വാഴ്ത്തപ്പെട്ട ജോൺ (1209-1289) തന്റെ സ്ഥാനം രാജിവച്ച് റിയേത്തി നഗരത്തിനടുത്തുള്ള ഗ്രേച്ചോയിലെ ഗുഹയിൽ ഏകാന്തജീവിതത്തിനായി പോയി (ഇവിടെയാണ് വി. ഫ്രാൻസിസ് അസ്സീസി തന്റെ വിശുദ്ധനാട് സന്ദർശനത്തിനുശേഷം 1223 ക്രിസ്തുമസ് കാലയളവിൽ ആദ്യമായി പുൽക്കൂട് നിർമ്മിച്ചത്). രാജി തീരുമാനത്തിൽ നിന്നും ജോണിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ സന്യാസ സമൂഹത്തെ നയിക്കാൻ യോഗ്യനായ ഒരാളുടെ പേര് നിർദേശിക്കാൻ അദ്ദേഹത്തോട് മറ്റു സന്യാസികൾ ആവശ്യപ്പെട്ടു. ഫ്രാൻസിസ്കൻ സമൂഹത്തെ ഈ പ്രതിസന്ധിയിൽനിന്നും കരകയറ്റാൻ ബൊനവെഞ്ചറിനെക്കാൾ മികച്ച ഒരാളില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബൊനവെഞ്ചർ ഈ സമയത്ത് ചെറുപ്പക്കാരായ ഫ്രാൻസിസ്കൻ സന്യാസിമാരുടെ പരിശീലകനായി പാരീസിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ മുപ്പത്തിനായിരത്തിലധികം വരുന്ന ഒരു സന്യാസ സമൂഹത്തിന്റെ അധ്യക്ഷനായി ബൊനവെഞ്ചറിനെ തിരഞ്ഞെടുത്തു. ഈ വാർത്ത അദ്ദേഹത്തിന്റെ അരികിലെത്തുന്നതിനു തന്നെ ഒരുമാസത്തെ സമയമെടുത്തു എന്നു പറയപ്പെടുന്നു.
1257 ഫെബ്രുവരി രണ്ടിനാണ് ഫ്രാൻസിസ്കൻ സമൂഹത്തിന്റെ മിനിസ്റ്റർ ജനറലായി ബൊനവെഞ്ചർ തിരഞ്ഞെടുക്കപ്പെട്ടത്. ഒരു അധ്യാപകന്റെയും ചിന്തകന്റെയും സന്തോഷജീവിതം നയിച്ചുവന്ന സാധാരണ സന്യാസിക്ക് ബൃഹത്തായ ഒരു സമൂഹത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കേണ്ടിവന്നത് വലിയ വെല്ലുവിളി ആയിരുന്നു. എന്നാൽ പിന്നീടുള്ള ഫ്രാൻസിസ്കൻ സന്യാസചരിത്രം പറയുന്നത്, ചെറുപ്പക്കാരനായ ബൊനവെഞ്ചറിന്റെ നേതൃഗുണത്തിന്റെ അംഗീകാരമായി മരിക്കുന്നതുവരെ 17 വർഷത്തോളം അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നുവെന്നതാണ്.
വലിയ സമർപ്പണത്തോടെയും വിശ്വസ്തതയോടെയുമാണ് ബൊനവെഞ്ചർ തന്റെ ദൗത്യം നിർവഹിച്ചത്. അദ്ദേഹം ആശ്രമങ്ങൾ സ്ഥിരമായി സന്ദർശിക്കുകയും തന്റെ സഹോദരങ്ങളെ സുവിശേഷചൈതന്യത്തിൽ ബലപ്പെടുത്തുകയും ചെയ്തു. സമൂഹത്തെ അഭിസംബോധനചെയ്തുകൊണ്ട് നിരവധി ലേഖനങ്ങൾ എഴുതിയും തെറ്റുകാരെ തിരുത്തിയും സമൂഹത്തിൽ അച്ചടക്കവും പരിശുദ്ധിയും നിലനിർത്താൻ അദ്ദേഹം പരിശ്രമിച്ചു. ഇക്കാലയളവിൽ ഫ്രാൻസിസ്കൻ സമൂഹത്തിന് യൂറോപ്പിലും വടക്കൻ ആഫ്രിക്കയിലും പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും ചൈനയിൽ വരെയും ആശ്രമങ്ങൾ ഉണ്ടായിരുന്നു.
വെല്ലുവിളികൾ, അവസരങ്ങൾ
വി. ഫ്രാൻസിസ് തന്റെ സമൂഹത്തിനുവേണ്ടി എഴുതിയ നിയമങ്ങൾ അതിന്റെ പൂർണ്ണതയിൽ പാലിക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്ന അഭിപ്രായം ഫ്രാൻസിസ്കൻ സമൂഹത്തിൽ വി. ഫ്രാൻസിസ് അസ്സീസിയുടെ കാലത്തുതന്നെ ഉണ്ടായിരുന്നു. അതിൽ മാറ്റങ്ങൾ വരുത്തണമെന്നും അതല്ല, അതിന്റെ പൂർണ്ണതയിലെല്ലാം പരിപാലിക്കപ്പെടണമെന്നും വാദിക്കുന്ന രണ്ടുകൂട്ടർ സമൂഹത്തിന്റെ ആരംഭകാലം മുതൽ ഉണ്ടായിരുന്നു.
കാലാന്തരത്തിൽ ഫ്രാൻസിസ് അസ്സീസിയുടെ കാരിസം പല രീതിയിൽ വ്യാഖ്യാനിക്കുന്ന വിഭാഗങ്ങൾ സമൂഹത്തിൽ ഉടലെടുത്തു. സന്യാസ സമൂഹം വളരെ വേഗം വളർന്നതോടുകൂടി ആശയപരമായ ആന്തരിക സംഘർഷങ്ങൾ ഉണ്ടായി. ഈ പ്രശ്നങ്ങൾക്കു പരിഹാരമായി എ ഡി 1260 ൽ ഫ്രാൻസിലെ നർബോണെ എന്ന സ്ഥലത്തു കൂടിയ ഫ്രാൻസിക്കൻ ജനറൽ ചാപ്റ്റർ ബൊനവെഞ്ചർ സമർപ്പിച്ച സമൂഹത്തിന്റെ അനുദിന ജീവിതം സംബന്ധിച്ച മാറ്റങ്ങൾ അംഗീകരിച്ചു. വിവേകപൂർവം തയ്യാറാക്കിയ പുതിയ നിയമങ്ങൾ ഹൃദയ ഐക്യം കൊണ്ടുവരണമെന്ന് ബൊനവെഞ്ചർ ആശിച്ചു. എന്നാൽ ഫ്രാൻസിസ് കൊണ്ടുവന്ന തനതായ കാരിസത്തിൽ ഒരു മാറ്റവും വരുത്തുന്നതിന് അദ്ദേഹം ശ്രമിച്ചതുമില്ല. ഫ്രാൻസിസിനെ സമൂഹം കൂടുതൽ അടുത്തറിയുന്നതിനായിട്ടാണ് വി. ബൊനവെഞ്ചർ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതാൻ തീരുമാനിച്ചത്. 1263 ൽ പീസായിൽ കൂടിയ സമൂഹത്തിന്റെ ജനറൽ ചാപ്റ്റർ ഈ ജീവചരിത്രം തങ്ങളുടെ സമൂഹസ്ഥാപകന്റെ ഏറ്റം ആധികാരിക വിവരണമായി അംഗീകരിക്കുകയും അങ്ങനെ ഇത് വി. ഫ്രാൻസിസിന്റെ ഔദ്യോഗിക ജീവചരിത്രമായി മാറുകയും ചെയ്തു.
ബൊനവെഞ്ചറിനെ സംബന്ധിച്ച് ഫ്രാൻസിസിന്റെ കാലത്തിൽ നിന്നും പിൽക്കാല തലമുറയിലുണ്ടായ മാറ്റം ദൈവീകനടത്തിപ്പിന്റെ ഭാഗമാണ്. തന്റെ അനുയായികൾ ശാരീരികമായി കഠിനാധ്വാനം ചെയ്തു ജീവിക്കണമെന്ന് ഫ്രാൻസിസ് നിയമത്തിൽ എഴുതിയിരുന്നു. എന്നാൽ എപ്പോഴും സുവിശേഷപ്രസംഗത്തിൽ ഏർപ്പെട്ടിരുന്ന സന്യാസികൾക്ക് പഠനത്തിനായി ധാരാളം സമയം ആവശ്യമായിരുന്നതിനാൽ ശാരീരിക അധ്വാനമുള്ള വലിയ ജോലികൾ സാധ്യമായിരുന്നില്ല. അതിനാൽ തന്നെ ജീവിക്കുന്നതിനായി മറ്റുള്ളവരിൽ നിന്ന് എപ്പോഴും സഹായം സ്വീകരിക്കേണ്ടതായും വന്നു. ഫ്രാൻസിസിന്റെ മറ്റൊരു നിയമം തന്റെ അനുയായികൾ പണം സ്വീകരിക്കരുതെന്നായിരുന്നു. ബൊനവെഞ്ചർ അതിനുകണ്ട പരിഹാരം ഉത്തമനായ ഒരു വിശ്വാസിയെ കണ്ടെത്തി പണസംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിയമിക്കുക എന്നതായിരുന്നു. ഇത്തരത്തിലുള്ള അനേകം പുതിയ ആശയങ്ങൾ സമൂഹ നന്മയ്ക്കായും നിലനിൽപിനായും അദ്ദേഹം നടപ്പിൽവരുത്തി.
ഫ്രാൻസിസ്കൻ സമൂഹത്തെ ശക്തിപ്പെടുത്താനുതകുന്ന പുതിയ നിയമങ്ങൾ നിർമ്മിക്കുന്നതിന് ബൊനവെഞ്ചർ പരിശ്രമിച്ചു. ബൊനവെഞ്ചറിന്റെ അഭിപ്രായത്തിൽ വി. ഫ്രാൻസിസിനു മൂന്ന് പ്രത്യേക ഗുണങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, പുണ്യങ്ങളിൽ സമ്പൂര്‍ണ്ണമായും ക്രിസ്തുവിനെ അനുകരിക്കുക. രണ്ടാമതായി, പ്രാർഥനയും ധ്യാനവും വഴിയായി ദൈവത്തോടു പൂർണ്ണമായും ചേർന്നുനിൽക്കുക. മൂന്നാമതായി, ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവർത്തിക്കുക. ഈ മൂന്നു കാര്യങ്ങളിലും സൂക്ഷ്‌മത കാണിക്കുന്ന സന്യാസിക്ക് സമൂഹത്തിൽ സന്തോഷമായി ജീവിക്കുന്നതിനു സാധിക്കുമെന്ന് അദ്ദേഹം ഉപദേശിച്ചിരുന്നു.
ഫ്രാൻസിസ്കൻ സമൂഹത്തിനായി തയ്യാറാക്കിയ തന്റെ ആദ്യത്തെ ഔദ്യോഗിക എഴുത്തിൽ ബൊനവെഞ്ചർ എഴുതുന്നു: “കച്ചവടമനോഭാവമുള്ള എല്ലാവരെയും നമ്മുടെ സ്വർഗീയപിതാവിന്റെ ഭവനത്തിൽ നിന്നും പുറത്താക്കുക. നമ്മുടെ സന്യാസ സഹോദരങ്ങളിലെല്ലാം ഭക്തിമയമായ പ്രാർഥനയ്ക്കുള്ള അഭിവാഞ്ച അലയടിക്കട്ടെ. സന്യാസ്യാർഥികളുടെ എണ്ണത്തിൽ എന്നതിനെക്കാൾ തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിശുദ്ധജീവിതത്തിനു പ്രാധാന്യം നൽകുക. കഠിനമാണെങ്കിലും തിന്മ വേരോടെ പിഴുതെറിയുക. നമ്മുടെ സന്യാസവിളിയുടെ ഔന്നത്യം ഇതാണ് ആവശ്യപ്പെടുന്നത്. വി. ഫ്രാൻസിസും ക്രിസ്തുവിന്റെ തിരുരക്തവും ദൈവം തന്നെയും ഇതാണ് നമ്മോട് ആവശ്യപ്പെടുന്നത്.”
ഫ്രാൻസിസ്കൻ ചൈതന്യം
വി. ഫ്രാൻസിസ് അസ്സീസ്സി എ ഡി 1209 ൽ തന്റെ സമൂഹത്തിന് സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയെ സമീപിച്ചു. ഇക്കാലയളവിൽ ഫ്രാൻസിസ്കൻ സമൂഹം ദാരിദ്ര്യവ്രതം അനുഷ്ടിച്ച് ക്രിസ്തുവിനെ പൂർണ്ണമായി അനുകരിക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ ചെറിയൊരു സംഘം മാത്രമായിരുന്നു (‘എളിയ സഹോദരങ്ങളുടെ സമൂഹം’ – Ordo Fratrum Minorum – എന്നതായിരുന്നു ഫ്രാൻസിസ് തന്റെ സമൂഹത്തിനു നൽകിയ നാമം. അതുപോലെ തന്നെ ഫ്രാൻസിസിന്റെ സന്യാസ നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന വിവിധ ഫ്രാൻസിസ്കൻ വിഭാഗങ്ങളുണ്ട്).
തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും ഇവർ ഉപേക്ഷിക്കുകയും ജീവിക്കാൻ അത്യാവശ്യമായ കാര്യങ്ങൾ മറ്റുള്ളവരിൽ നിന്നും ധർമ്മമായി സ്വീകരിക്കുകയും കൈയിലുള്ളതൊക്കെ പാവങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട്, എല്ലാത്തരത്തിലും ക്രിസ്തുവിനെ ഇവർ അനുധാവനം ചെയ്തു. അവരുടെ ദൗത്യം സാക്ഷ്യത്തിലൂടെയും അനുതാപ പൂരിത ജീവിതത്തിലൂടെയും ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കുക എന്നതു മാത്രമായിരുന്നു. ആദ്യകാലങ്ങളിൽ ഫ്രാൻസിസ്കൻ സന്യാസികളിൽ അധികവും വൈദികപട്ടം സ്വീകരിച്ചിരുന്നില്ല. എന്നാൽ, അജപാലന ശുശ്രൂഷയ്ക്കായി സഭയിൽ വൈദികരുടെ ആവശ്യം ഏറിവന്നപ്പോൾ ബ്രദേഴ്സിനെക്കാൾ വൈദികർ സമൂഹത്തിൽ കൂടുതലുണ്ടായി. അതുപോലെതന്നെ അവരുടെ പരിശീലനരീതി വി. ഫ്രാൻസിസ് അസ്സീസി വിഭാവന ചെയ്തതിൽ നിന്നും പരിഷ്ക്കരിക്കേണ്ടതായും വന്നു.
ആദ്യകാല രീതികൾ തുടരുക എന്ന ആശയങ്ങൾ പുലർത്തിയിരുന്നവർക്ക് ഈ മാറ്റങ്ങൾ ഉൾക്കൊള്ളുക പ്രയാസമായി വന്നു. സമൂഹസ്ഥാപകനായ വി. ഫ്രാൻസിസ് ഇത്തരത്തിലൊരു മാറ്റത്തിന് അനുകൂലമായിരിക്കില്ല എന്നും അവർ വാദിച്ചു. കൂടാതെ, സെക്കുലർ വൈദികരും ഡൊമിനിക്കൻ സന്യാസവൈദികരെപ്പോലെയുള്ളവരും ഫ്രാൻസിസ്കൻസ് കൂടുതലായി വൈദികപട്ടം സ്വീകരിക്കുന്നത് തങ്ങളുടെ മേഖലയിലേക്കു കടന്നുകയറാനുള്ള ഉപായമാണെന്നും വ്യാഖ്യാനിച്ചു. എന്നാൽ ബൊനവെഞ്ചറിന്റെ പാരീസ് ജീവിതകാലത്തു തന്നെ ഈ പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ പരിചിന്തനത്തിൽ ഉണ്ടായിരുന്നുവെന്നും അതിനുള്ള പരിഹാരമാർഗങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചിരുന്നുവെന്നും അക്കാലത്തെ രചനകൾ സാക്ഷിക്കുന്നു.
ബൊനവെഞ്ചർ പാരീസ് സർവകലാശാലയിൽ ആയിരിക്കുന്ന സമയത്ത് ഈ സമൂഹത്തിൽ ചേരാൻ ആഗ്രഹിച്ചുകൊണ്ട് ഒരാൾ അദ്ദേഹത്തിനു കത്തെഴുതി. അദ്ദേഹത്തിന്റെ പ്രധാന സംശയങ്ങളിലൊന്ന് ഈ സമൂഹത്തിന്റ ആരംഭകാലത്തുണ്ടായിരുന്ന സന്യാസിമാരുടെ ജീവിതവും ഇന്നത്തെ ജീവിതവും തമ്മിലുള്ള വൈരുധ്യമായിരുന്നു. ഈ ചോദ്യകർത്താവിന്റെ സംശയം ദൂരീകരിക്കുന്നതിനായി ബൊനവെഞ്ചർ മനോഹരമായ ഒരു മറുപടി എഴുതി: “സമൂഹത്തിന്റ ആരംഭത്തിൽ ഞങ്ങളുടെ സഹോദരന്മാർ അജ്ഞരും എളിയവരുമായിരുന്നു എന്നത് താങ്കളെ അസ്വസ്ഥമാക്കേണ്ടതില്ല. ഇത് ഈ സമൂഹത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടതാണ്. ക്രിസ്തീയസഭയുടെ ആരംഭത്തിൽ ഉണ്ടായിരുന്നതുപോലെയാണ് ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിലും. എളിയവരായ മുക്കുവരാൽ നയിക്കപ്പെട്ട ഈ ക്രിസ്തീയസഭയിലാണ് വലിയ പണ്ഡിതരും ഉദയം ചെയ്തത്. ഈ സമൂഹം മനുഷ്യന്റെ കണ്ടുപിടുത്തമല്ല ക്രിസ്തുവിനാൽ നയിക്കപ്പെടുന്നതാണ്.”
മാർപാപ്പ തിരഞ്ഞെടുപ്പിലെ സഹായം
കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റം ദൈർഘ്യമേറിയ മാർപാപ്പ തിരഞ്ഞെടുപ്പായിരുന്നു എ ഡി 1268 മുതൽ 1271 വരെ നടന്നത്. ഇക്കാലയളവത്രയും മാർപാപ്പ പദവി ശൂന്യമായി (sede vacante) കിടക്കുന്ന അവസ്ഥ ആയിരുന്നു. ഇറ്റലിയിലെ വിത്തെർബോ നഗരത്തിൽ സമ്മേളിച്ച കർദിനാളന്മാർക്ക് രണ്ടുവർഷം കഴിഞ്ഞിട്ടും മാർപാപ്പയെ തിരഞ്ഞെടുക്കാൻ സാധിച്ചില്ല എന്നത് മധ്യകാലയുഗത്തിൽ യൂറോപ്പിലെ സഭയിൽ നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പ്രതിഫലനം കൂടിയായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വി. ബൊനവെഞ്ചർ നിർണ്ണായകമായ ഇടപെടലുകൾ നടത്തി.
പുതിയ മാർപാപ്പയെ കാത്തിരുന്നു മടുത്തപ്പോൾ വിത്തെർബോയിലെ സിവിൽ അധികാരികൾ ജനങ്ങളുടെ സഹകരണത്തോടെ കർദിനാളന്മാരെ സമ്മേളനഹാളിൽ പൂട്ടിയിട്ടു. വി. ബൊനവെഞ്ചറിന്റെ നിർദേശപ്രകാരം കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചു അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കുന്നവരെ ഇവർക്ക് ഭക്ഷണപാനീയങ്ങൾ നൽകുന്നതല്ലായെന്നു അറിയിച്ചു. അങ്ങനെയാണ് സെക്കുലർ ഫ്രാൻസിസ്കൻ സമൂഹത്തിലെ അംഗമായിരുന്ന തെയോബാൾഡോ വിസ്കോന്തി ഗ്രിഗറി പത്താമൻ എന്നപേരിൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ആർച്ചുഡീക്കൻ തെയോബാൾഡോ ഇംഗ്ലണ്ടിലെ എഡ്‌വേർഡ് ഒന്നാമൻ രാജാവിന്റെ കൂടെ വിശുദ്ധ നാട് വീണ്ടെടുക്കാനുള്ള യാത്രയിലായിരുന്നു. യാത്ര ഉപേക്ഷിച്ചു ഇറ്റലിയിലെത്തിയ തെയോബാൾഡോ പുരോഹിത, മെത്രാൻപട്ടങ്ങൾ സ്വീകരിച്ചതിനുശേഷം എ ഡി 1272 മാർച്ച് 27 ന് വി. പത്രോസിന്റെ ബസിലിക്കയിൽ വച്ച് മാർപാപ്പാസ്ഥാനം ഏറ്റെടുത്തു. പിന്നീട് ഗ്രിഗറി പത്താമൻ മാർപാപ്പയാണ് ഇന്നത്തെ രീതിയിലുള്ള മാർപാപ്പ തിരഞ്ഞെടുപ്പിന്റെ ആദ്യകാല നിയമങ്ങൾക്കു രൂപം നൽകിയത്.
കർദിനാൾ സ്ഥാനവും ലയോൺസ് കൗൺസിലും
എ ഡി 1265 ൽ ക്ലമന്റ് നാലാമൻ മാർപാപ്പ ബൊനവെഞ്ചറിനെ ഇംഗ്ലണ്ടിലെ യോർക്കിലെ ആർച്ചുബിഷപ്പായി നിയമിക്കാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചുകൊണ്ട് അദ്ദേഹത്തിന് കത്തെഴുതി. എന്നാൽ ഈ സ്ഥാനം അദ്ദേഹം സ്നേഹപൂർവം നിരസിക്കുകയാണുണ്ടായത്. ഇതേ തുടർന്ന് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗ്രിഗറി പത്താമൻ മാർപാപ്പ 1273 ൽ അദ്ദേഹത്തെ അൽബാനോയിലെ കർദിനാൾ ബിഷപ്പായി നിയമിച്ചു. (ഇതുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥ നിലവിലുണ്ട്. ഫ്ലോറൻസിനടുത്തുള്ള ഒരു ഫ്രാൻസിസ്കൻ ആശ്രമത്തിൽ ബൊനവെഞ്ചർ താമസിക്കുമ്പോൾ മാർപാപ്പയുടെ പ്രതിനിധികൾ കർദിനാളിന്റെ തൊപ്പി ഔദ്യോഗികമായി സമ്മാനിക്കാനെത്തി. ഈ സമയത്ത് അദ്ദേഹം ആശ്രമത്തിലെ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന തിരക്കിലായിരുന്നു. തന്റെ ജോലി പൂർത്തിയാകുന്നതുവരെ ആ തൊപ്പി അടുത്തുള്ള മരത്തിൽ തൂക്കിയിടാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നും പിന്നീട് അത് ധരിച്ചുകൊണ്ട് ഇപ്പോൾ താൻ ചെയ്ത ജോലിയെക്കാൾ ക്ലേശകരവും അപകടകരമായ ജോലിയാണ് ഈ ചുവന്ന തൊപ്പി സമ്മാനിക്കുന്നതെന്നും പറഞ്ഞുകൊണ്ട് അത് സ്വീകരിച്ചുവെന്നും പറയപ്പെടുന്നു).
1274 ൽ ഫ്രാൻസിലെ ലയോൺസിൽ വച്ച് നടന്ന പതിനാലാം എക്കുമെനിക്കൽ കൗൺസിലിൽ മാർപാപ്പയുടെ പ്രതിനിധിയായി ബൊനവെഞ്ചറിനെ നിയമിച്ചു. മാർപാപ്പ അധ്യക്ഷ്യം വഹിച്ച കൗൺസിലിൽ റോമൻ-ഗ്രീക്ക് സഭകൾ തമ്മിൽ യോജിപ്പിലെത്തുക എന്നതായിരുന്നു പ്രധാന കാര്യപരിപാടി. സഭകൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കുന്നതിന് നിർണ്ണായകപങ്കു വഹിക്കാൻ പണ്ഡിതനായ ബൊനവെഞ്ചറിനു സാധിക്കും എന്ന ചിന്തയിൽ നിന്നുമാണ് 1274 ൽ ഫ്രാൻസിലെ ലിയോൺസിൽവച്ചു നടന്ന എക്കുമെനിക്കൽ കൗൺസിലിലേക്ക് മാർപാപ്പ അദ്ദേഹത്തെ ക്ഷണിക്കുന്നത്.
മരണം, അംഗീകാരം
ലയോൺ കൗൺസിൽ നടക്കുന്ന സമയത്താണ് ഈ കൗൺസിലിലെ പ്രധാന ദൈവശാസ്ത്രജ്ഞരിലൊരാളായി സേവനം ചെയ്തുകൊണ്ടിരുന്ന വി. ബൊനവെഞ്ചർ 1274 ജൂലൈ 15 ന് അന്തരിച്ചത്. കൗൺസിലിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം യത്നിച്ച അദ്ദേഹത്തിന്റെ ആകസ്മികമരണം കൗൺസിലിൽ സംബന്ധിച്ച എല്ലാവർക്കും വലിയ ദുഃഖം സമ്മാനിച്ചു (മാർപാപ്പയുടെ ക്ഷണം സ്വീകരിച്ചു ഈ കൗൺസിലിൽ സംബന്ധിക്കാനുള്ള യാത്രയിൽ 1274 മാർച്ച് ഏഴിന് വി. തോമസ് അക്വീനാസ് മരിച്ചപ്പോൾ സഭയുടെ നിർണ്ണായകഘട്ടത്തിൽ എക്കാലത്തെയും മികച്ച രണ്ടു ദൈവശാസ്ത്രജ്ഞരെ ഒരേസമയം നഷ്ടപ്പെട്ടു).
ലയോണിലെ ഫ്രാൻസിസ്കൻ ആശ്രമത്തിൽ നടന്ന ശവസംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയതും പ്രസംഗിച്ചതും റോമിലെ ഓസ്തിയ രൂപതയുടെ ബിഷപ്പായിരുന്ന കർദിനാൾ പിയറി ദെ തരെൻതൈസ് ആയിരുന്നു (ഇദ്ദേഹം പിന്നീട് ഗ്രിഗറി പത്താമൻ മാർപാപ്പ കാലം ചെയ്തപ്പോൾ മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്നസെന്റ് അഞ്ചാമൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു). ഗ്രിഗറി മാർപാപ്പയുടെ അനുശോചന സന്ദേശത്തിൽ അദ്ദേഹം ബൊനവെഞ്ചറിനെക്കുറിച്ചു ഇപ്രകാരം പറഞ്ഞു: “ഒരു ഉത്തമനായ, കുലീനതയുള്ള, ഭക്തനും കരുണാർദ്രനുമായ മനുഷ്യൻ, പുണ്യങ്ങളാൽ അലംകൃതൻ, ദൈവത്തിനും മനുഷ്യർക്കും പ്രിയപ്പെട്ടവൻ. ദൈവം അദ്ദേഹത്തിൽ അനേകം കൃപകൾ ചൊരിഞ്ഞതിനാൽ അദ്ദേഹത്തെ ദർശിച്ചവരെല്ലാം അവരുടെ ഹൃദയങ്ങൾക്ക് മറച്ചുവയ്ക്കാൻ സാധിക്കാത്ത വിധത്തിൽ സ്നേഹത്താൽ നിറഞ്ഞിരുന്നു.”
എ ഡി 1434 ൽ വി. ബൊനവഞ്ചറിന്റെ മരണത്തിന്റെ 160 വർഷങ്ങൾക്കുശേഷം ഭൗതികശരീരം ലയോൺസിലെ ആശ്രമത്തിൽ നിന്നും കുറച്ചുകൂടി ആദരവ് ലഭിക്കത്തക്ക സ്ഥലത്തേക്കു മാറ്റാൻ വേണ്ട ക്രമീകരണങ്ങൾ നടത്തി. തദവസരത്തിൽ അദ്ദേഹത്തിന്റെ ശിരസ്സ് മരണസമയത്തെപ്പോലെ ജീവസുറ്റതായി കാണപ്പെട്ടു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഫ്രാൻസിലെ ലയോൺ നഗരത്തിലെ ജനങ്ങളെ ഇത് വളരെയധികം സ്വാധീനിക്കുകയും തങ്ങളുടെ നഗരത്തിന്റെ മധ്യസ്ഥനായി അദ്ദേഹത്തെ പ്രഖ്യാപിക്കുകയും ചെയ്തു. സിക്റ്റസ് നാലാമൻ മാർപാപ്പ 1482 ഏപ്രിൽ 14 ന് റോമിൽവച്ച് ബൊനവെഞ്ചറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. അദ്ധേഹത്തിന്റെ മരണദിവസമായ ജൂലൈ 15 ന് സഭ വി. ബൊനവഞ്ചറിന്റെ തിരുനാൾ കൊണ്ടാടുന്നു. 1587 മാർച്ച് 14 ന് സിക്സ്റ്റസ് അഞ്ചാമൻ മാർപാപ്പ വി. ബൊനവെഞ്ചറിനെ ആഗോള കത്തോലിക്കാ സഭയിലെ വേദപാരംഗതനായി പ്രഖ്യാപിച്ചു.
എ ഡി 1562 ൽ ഫ്രാൻസിലെ പ്രൊട്ടസ്റ്റന്റ് വിഭാഗമായ ഹ്യൂഗനോട്ടുകൾ ഈ പ്രദേശം കീഴടക്കുകയും പൊതുസ്ഥലത്തു വച്ച് ബൊനവെഞ്ചറിന്റെ ഭൗതീകശരീരം അഗ്നിക്കിരയാക്കുകയും ചെയ്തു. അതുപോലെ പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രഞ്ച് വിപ്ലവത്തിന്റെ അനന്തരഫലമായി ‘ഫ്രാൻസിനെ ക്രിസ്തീയവിമുക്തമാക്കിയപ്പോൾ’ അദ്ദേഹത്തിന്റെ അവശേഷിച്ച തിരുശേഷിപ്പുകൾ കത്തോലിക്കാ വിശ്വാസികൾ രഹസ്യസങ്കേതത്തിലേക്കു മാറ്റി. നിർഭാഗ്യവശാൽ ഈ തിരുശേഷിപ്പുകൾ ഇതുവരെയും കണ്ടെത്തുന്നതിനു സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വലതുകരം ജന്മസ്ഥലമായ ബാഞ്ഞോറെജിയോയിലെ വി. നിക്കോളാസിന്റെ ദൈവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് ചില ജീവചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നു.
എ ഡി 1517 ൽ ലിയോ പത്താമൻ മാർപാപ്പ എഴുതിയ ‘ഇത്തെ എത്ത് വോസ്’ എന്ന പേപ്പൽ ബൂളയിൽ ബൊനവഞ്ചറിനെ പ്രകീർത്തിച്ചുകൊണ്ട് ഇപ്രകാരം എഴുതിയിരിക്കുന്നു: “വി. ബൊനവെഞ്ചറിന്റെ നേതൃത്വത്തിൽ, ദൈവത്തെ ഭയക്കുന്ന മനുഷ്യർ മൂന്നാം മണിക്കൂറിൽ, പരിശുദ്ധ ത്രിത്വത്തിന്റെ സഹായത്താൽ നിലംപതിച്ചുകൊണ്ടിരുന്ന കർത്താവിന്റെ മുന്തിരിത്തോട്ടത്തിന്റെ മതിലുകളെ പുനർനിർമ്മിച്ചു.”
ക്രിസ്തീയ ദൈവശാസ്ത്ര-സാഹിത്യ സംഭാവനകൾ
സ്‌കോളാസ്റ്റിക്ക് പണ്ഡിതർ അക്കാലത്ത് കൈകാര്യം ചെയ്തിരുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും ബൊനവെഞ്ചർ എഴുതിയിട്ടുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസം, ദൈവം, ദൈവശാസ്ത്രം തുടങ്ങിയവ അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. ഇറ്റലിയിലെ ഫ്ലോറൻസിനടുത്തുള്ള കോളേജിയോ സാൻ ബൊനവന്തൂര എന്ന ഫ്രാൻസിസ്കൻ പുസ്തക പ്രസിദ്ധീകരണശാല വി. ബൊനവെഞ്ചറിന്റെ കൃതികൾ മിക്കവയും പരിഷ്‌കരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. പീറ്റർ ലൊംബാർഡിന്റെ കൃതികളുടെ നാല് വാല്യങ്ങളിലുള്ള ബൊനവഞ്ചർ ഭാഷ്യം, ‘ലൂക്കായുടെ സുവിശേഷത്തിന്റെ ഭാഷ്യം’, ‘മനസ്സിന്റെ ദൈവത്തിലേക്കുള്ള യാത്ര’ (Itinerarium mentis in Deum), ‘ദൈവശാസ്ത്ര രൂപരേഖ’ (Breviloquium), ‘കല ദൈവശാസ്ത്രത്തിലേക്ക്’ (De reductione artium ad theologiam), ‘നാല് ആത്മീയ അഭ്യാസങ്ങളുടെ ആത്മഭാഷണം’ (Soliloquium de quatuor mentalibus exercitiis), ‘ജീവന്റെ വൃക്ഷം’ (Lignum vitae), ‘മൂന്ന് മാർഗങ്ങൾ’ (De Triplici via) എന്നിവയാണ് ബൊനവെഞ്ചറിന്റെ ചില പ്രധാന കൃതികൾ.
മധ്യകാലയുഗത്തിലെ ഏറ്റം വലിയ ദൈവശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന വി. ബൊനവെഞ്ചറിന്റെ ക്രിസ്തീയവിശ്വാസ സംഭാവനകളിൽ ഏറ്റം മികച്ചതായി കരുതപ്പെടുന്നത് വി. ഫ്രാൻസിസിന്റെ ജീവിതത്തെയും നിയമങ്ങളെയും കാലാനുസൃതമായി വ്യാഖ്യാനിക്കാനും നവീകരിക്കാനും സാധിച്ചു എന്നതാണ്. മുൻപ് വിവരിച്ച ഫ്രാൻസിസ്കൻ സഭയിലെ ആശയപരമായ ഭിന്നതകളോട് ചേർത്തുവായിക്കേണ്ട ഒരു പ്രശ്നമാണ് ‘ആത്മീയർ’ (Spiritual) എന്ന ഒരു വിഭാഗം ഇവരുടെ ഇടയിൽ രൂപംകൊണ്ടത്. ഇറ്റലിയിലെ കൊറാസ്സോ ആശ്രമത്തിലെ ആബട്ടായിരുന്ന ഫിയോറിലെ യൊവാക്കീമിന്റെ (1135-1202) രചനകളുടെ സ്വാധീനത്തിലാണ് ഈ ആശയം രൂപപ്പെട്ടത്. വി. യോഹന്നാൻ ശ്ലീഹാ എഴുതിയ വെളിപാടു പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ഒരു പുതുയുഗത്തിന്റെ പിറവിയെക്കുറിച്ച് അദ്ദേഹം തന്റേതായ ഒരു വ്യാഖ്യാനം എഴുതി.
പഴയനിയമം പിതാവിന്റെ കാലവും, പുതിയനിയമം പുത്രന്റെ കാലവും, അതേത്തുടർന്ന് സഭയുടെ കാലവും ഉദയം ചെയ്തു. മൂന്നാമത്തെ കാലം പരിശുദ്ധാത്മാവിന്റേത് ഇനിയും വരാനിരിക്കുന്ന കാലമാണ്. പഴയനിയമം കാർക്കശ്യ ജീവിതത്തിന്റേതായിരുന്നെങ്കിൽ പുതിയനിയമം സ്വാതന്ത്ര്യത്തിന്റേതായിരുന്നു. എന്നാൽ സമ്പൂർണ്ണ സ്വാതന്ത്ര്യം നമുക്ക് അനുഭവിക്കാൻ സാധിക്കുന്നത് വരാനിരിക്കുന്ന പരിശുദ്ധാത്മാവിന്റെ കാലത്താണ്. ഈ സമയത്ത് ശാന്തിയും സമാധാനവും മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വവും രൂപപ്പെടും. ഒരു പുതിയ സന്യാസ പ്രസ്ഥാനത്തിന്റെ ആരംഭത്തോടെ ഈ പുതിയയുഗം ഉദയം ചെയ്യുമെന്നും അദ്ദേഹം എഴുതി. വി. ഫ്രാൻസിസിന്റെ വരവോടെ ഫിയോറിലെ യൊവാക്കീമിന്റെ പ്രവചനം പൂർത്തീകരിച്ചുവെന്നും വെളിപാട് പുസ്തകത്തിൽ പറയുന്ന ‘നിത്യസുവിശേഷത്തിന്റെ’ കാലം ആരംഭിച്ചിരിക്കുന്നുവെന്നും ‘ആത്മീയർ’ എന്നു വിളിക്കപ്പെടുന്ന ഫ്രാൻസിസ്കൻ സന്യാസിമാർ പഠിപ്പിക്കാൻ തുടങ്ങി. ജറാർദോ എന്ന ഫ്രാൻസിസ്കൻ സന്യാസി ‘നിത്യസുവിശേഷത്തിന് ഒരു ആമുഖം’ എന്ന ഗ്രന്ഥത്തിൽ ഫിയോറിലെ യൊവാക്കീം വിഭാവനം ചെയ്ത ‘നീതിമാന്മാരുടെ സമൂഹം’ തങ്ങളാണെന്ന് അവകാശപ്പെട്ടു. എന്നാൽ സഭ അക്കാലത്തു തന്നെ ഈ ആശയങ്ങളെ തള്ളിപ്പറയുകയും ഇവരുടെ പുസ്തകങ്ങളെ നിരോധിക്കുകയും ചെയ്തിരുന്നു.
ആശയപരമായ ഈ പ്രതിസന്ധിഘട്ടത്തിൽ ഫ്രാൻസിസ്കൻ സമൂഹത്തിനു ദിശാബോധം നൽകിയ നേതൃത്വമായിരുന്നു വി. ബൊനവെഞ്ചറിന്റേത്. വി. ഫ്രാൻസിസിന്റെ ജീവിതത്തെയും സന്ദേശത്തെയും തന്റെ സമൂഹാംഗങ്ങൾ പലരും തെറ്റായി മനസ്സിലാക്കി എന്ന് വി. ബൊനവെഞ്ചർ തിരിച്ചറിഞ്ഞു. ഫ്രാൻസിസ്കൻ സമൂഹത്തെ സ്ഥാപക പിതാവിന്റെ സുവിശേഷത്തോടുള്ള വിശ്വസ്തതയിൽ നയിക്കുന്നതിനായി ജോവാക്കീമിന്റെ കൃതികളെ അദ്ദേഹം ആഴത്തിൽ പഠിച്ചു. ഈ പഠനത്തിന്റെ അന്തരഫലമായി അദ്ദേഹം എഴുതിയ കൃതിയാണ് ‘ആറു ദിവസത്തെ (സൃഷ്ടിയെ) സംബന്ധിച്ച്’ (Collationes in Hexaemeron). ഇത് പാരീസ് ജീവിതകാലത്ത് എഴുതാനാരംഭിച്ച് ജീവിതകാലം മുഴുവൻ നീണ്ടുനിന്ന പൂർത്തീകരിക്കപെടാത്ത കൃതിയാണ്. ഈ ഗ്രന്ഥത്തിൽ ആറു (ഏഴ്) ദിവസത്തെ ദൈവസൃഷ്ടി ദൃഷ്ടാന്തരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സഭാപിതാക്കന്മാർ ഏഴുദിവസത്തെ സൃഷ്ടിയെ മനുഷ്യചരിത്രത്തെക്കുറിച്ചുള്ള ദൈവീകപ്രവചനമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വി. ബൊനവെഞ്ചർ ഈ വിവരണത്തെ വളരെ നൂതനമായ വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ദൈവസൃഷ്ടിയെ ശരിയായി മനസ്സിലാക്കുന്നതിന് അനിവാര്യമായിരുന്നു. ജോവാക്കീമിന്റെ ആശയങ്ങൾ വി. ബൈബിളിനെ അടിസ്ഥാനപ്പെടുത്തി തെറ്റാണെന്ന് തെളിയിക്കുന്നതിന് അങ്ങനെ ബൊനവെഞ്ചറിനു സാധിച്ചു. ക്രിസ്തു ബൊനവെഞ്ചറിന്റെ ചിന്തയിൽ ചരിത്രത്തിന്റെ അവസാനമല്ല, പിന്നെയോ അതിന്റെ കേന്ദ്രമാണ്. ചരിത്രം ക്രിസ്തുവിനോടുകൂടി അവസാനിക്കുന്നില്ല, പിന്നെയോ അതിന് ഒരു പുതിയ ദിശാബോധം കൈവന്നു മുന്നേറുകയാണ് ചെയ്തത്.
പാരീസിലെ ബിഷപ്പായിരുന്ന പീറ്റർ ലൊംബാർഡ് എന്ന ദൈവശാസ്ത്രജ്ഞൻ (1096-1160) എഴുതിയ ‘ആപ്‌തവചനങ്ങളെക്കുറിച്ചുള്ള നാല് ഗ്രന്ഥങ്ങൾ’ (Libri Quattuor Sententiarum) യൂറോപ്പിൽ മധ്യകാലയുഗത്തിലെ ദൈവശാസ്ത്ര പാഠപുസ്തകമായിരുന്നു. വിശുദ്ധ ഗ്രന്ഥവും സഭാപിതാക്കന്മാരുടെ ചിന്തകളെയും ആധാരമാക്കി തയ്യാറാക്കിയ ഈ ഗ്രന്ഥം കത്തോലിക്കാ ദൈവശാസ്ത്രത്തെ അതിന്റെ സമഗ്രതയിൽ അവതരിപ്പിച്ച കൃതിയാണ്. ബൊനവെഞ്ചർ, തോമസ് അക്വീനാസ്, ഓക്കമിലെ വില്യം, ഡൻസ് സ്‌കോട്ടസ് തുടങ്ങിയ സ്‌കോളാസ്റ്റിക്ക് പണ്ഡിതരെല്ലാം തന്നെ ഇതിനെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ എഴുതിയിരുന്നു. ദൈവശാസ്ത്രത്തിൽ ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാർഥിയുടെ പഠനത്തിന്റെ ഭാഗമായിരുന്നു ഈ വ്യാഖ്യാന രചന. എന്നാൽ ബൊനവെഞ്ചറിനെപ്പോലെയുള്ള പണ്ഡിതർ എഴുതിയ ഭാഷ്യങ്ങൾ മൂല്യകൃതിയെക്കാൾ പ്രാധാന്യം കൈവരിക്കുന്നതായിരുന്നു. കൂടാതെ പീറ്റർ ലൊംബാർഡ് വിട്ടുപോയ ചില ദൈവശാസ്ത്ര വിശദീകരണങ്ങൾ ഇവർ കൂട്ടിച്ചേർക്കുകയും ചെയ്തു.
ഫ്രാൻസിസ്കൻ സന്യാസ സമൂഹം ഉൾപ്പെട്ടിരിക്കുന്നത് ക്രിസ്തു സ്ഥാപിച്ച കത്തോലിക്കാ സഭയിലാണ് അല്ലാതെ ഭാവനപരമായ ആത്മീയവാദത്തിൽ അല്ല (utopian spiritualism) എന്ന് ബൊനവഞ്ചർ എഴുതി. ബൊനവഞ്ചറിന്റെ സമൂഹ നവീകരണ തീരുമാനങ്ങൾ ശരിയായ പരിചിന്തനത്തിന്റെയും പ്രാർഥനയുടെയും ഫലമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ‘മനസ്സിന്റെ ദൈവത്തിലേക്കുള്ള പ്രയാണം’ എന്ന കൃതിയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. ഈ പുസ്തകം എഴുതിയത് ഫ്രാൻസിസ് അസ്സീസിക്ക് പഞ്ചക്ഷതങ്ങൾ ലഭിച്ച ല വെർണ മലയിൽ വച്ചായിരുന്നു. ആത്മീയ ഔന്നത്യം നിലനിൽക്കുന്ന പുണ്യസ്ഥലത്തുവച്ച് ഈ പുസ്തകം രൂപപ്പെടുത്താനുണ്ടായ പ്രചോദനത്തെക്കുറിച്ചു ആമുഖത്തിൽ ബൊനവെഞ്ചർ എഴുതുന്നു: “എന്റെ മനസ്സിനെ ദൈവത്തിലേക്ക് ഉയർത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചു ഞാൻ ധ്യാനിച്ചപ്പോൾ പല കാര്യങ്ങളിൽ എന്റെ മനോമുകരത്തിൽ ബീജാവാപം ചെയ്തത് വാഴ്ത്തപ്പെട്ട ഫ്രാൻസീസിന് ആ അദ്ഭുതം സംഭവിച്ച സ്ഥലം തന്നെയാണ്. പ്രധാനമായും ചിറകുള്ള സെറാഫിം കുരിശ് രൂപത്തിൽ കാണപ്പെട്ടത്. ഈ ദർശനത്തെക്കുറിച്ചു ധ്യാനിക്കുമ്പോൾ എനിക്ക് ഫാ. ഫ്രാൻസിസിന്റെ അത്യാനന്ദപൂര്‍ണ്ണമായ ധ്യാനാവസ്ഥയും അതിലേക്കു നയിച്ച വഴികളെയും കാണാൻ ഭാഗ്യം ലഭിക്കുകയും ചെയ്തു.”
വി. ഫ്രാൻസിസിനു ഉണ്ടായിരുന്നതുപോലെയുള്ള പ്രകൃതിസ്നേഹം ബൊനവെഞ്ചറിനും ഉണ്ടായിരുന്നു. തന്റെ ‘തീർഥാടനം’ എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു: “സൃഷ്‌ടവസ്തുക്കളുടെ വൈഭവത്തെക്കുറിച്ചു പ്രകാശിതമാകാത്തവൻ അന്ധനായിരിക്കും. അവയിലെ ആരവങ്ങൾ കേൾക്കാൻ കഴിയാത്തവൻ ബധിരത ബാധിച്ചവനും, ഇവയിലെല്ലാം ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയാത്തവൻ ഊമയും, ഇവയുടെയെല്ലാം പ്രഥമകാരണത്തിലേക്കു ചെന്നെത്താൻ സാധിക്കാത്തവൻ വിവേകശൂന്യനുമായിരിക്കും”. സൃഷ്ടി മുഴുവനും ഉച്ചത്തിൽ ദൈവമത്വവും മനോഹാരിതയും സ്നേഹവും പ്രഘോഷിക്കുന്നു. അതിനാൽ നമ്മുടെ ജീവിതം മുഴുവൻ ദൈവത്തിലേക്കു നീളുന്ന ഒരു മനോഹര തീർഥാടനമാണ്. ഇതിൽ ദൈവംതന്നെ നമ്മെ സഹായിച്ചു മുന്നോട്ടുനയിക്കുന്നു. ഇതിന് നമ്മെ സഹായിക്കുന്നത് നമ്മുടെ പ്രാർഥനാജീവിതമാണ്.”
ഉപസംഹാരം
ഫ്രാൻസിസ്കൻ സന്യാസിയായിരുന്ന അരേസ്സോയിലെ സിനിഗാർഡി രൂപപ്പെടുത്തിയ ‘ത്രികാലജപം’ വി. ബൊനവെഞ്ചർ 1263 മുതൽ തന്റെ ആശ്രമങ്ങളിലെല്ലാം നിർബന്ധമാക്കിയതിന്റെ ഫലമായിട്ടാണ് ഇന്ന് ലോകമാസകലം കത്തോലിക്കാ സഭയിൽ മധ്യാഹ്നത്തിൽ മണിമുഴക്കുമ്പോൾ ഈ പ്രാർഥന ചൊല്ലുന്നത്. വി. ബൊനവെഞ്ചർ തന്റെ ‘തീർഥാടനം’ എന്ന പുസ്തകം ആരംഭിക്കുന്നത് ഇപ്രകാരം പ്രാർഥിച്ചുകൊണ്ടാണ്: “നമ്മുടെ ദൈവമായ കർത്താവിനോട് നമുക്ക് ഇപ്രകാരം പറയാം: ദൈവമേ, എന്നെ അങ്ങയുടെ വഴിയിലൂടെ നയിച്ചാലും. അങ്ങയുടെ സത്യത്തിലൂടെ ഞാൻ യാത്ര ചെയ്യട്ടെ. ദൈവനാമത്തെ ഭയപ്പെടുന്നുവെന്നതിൽ എന്റെ ഹൃദയം ആനന്ദിക്കട്ടെ.”
വി. ബൊനവെഞ്ചറിനെപ്പോലെ ആഴമായ അറിവും അതുല്യമായ വിശുദ്ധിയും സമുന്വയിപ്പിച്ച വ്യക്തി ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ നേതൃനിരയിലേക്കു വന്നതുകൊണ്ടാണ് ക്രിസ്തുവിനെ തന്റെ ജീവിതത്തിൽ എല്ലാത്തരത്തിലും അനുകരിക്കാൻ ശ്രമിച്ച ഫ്രാൻസിസ് അസ്സീസി എന്ന അസാധാരണ പുണ്യവാന്റെ ഉത്കൃഷ്ഠമാതൃക ലോകത്തിൽ കൂടുതൽ പ്രശോഭിതമായത്. ഒരിക്കലും മാറ്റമില്ലാത്ത ക്രിസ്തുവിനെ മാറുന്ന കാലത്തിനനുസരിച്ചു ലോകത്തിന് പ്രദാനം ചെയ്യുന്നതിന് ബൊനവെഞ്ചറിനെപ്പോലെയുള്ള വിശുദ്ധരെ ആവശ്യമാണ്.
ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ തന്റെ ബൗദ്ധികരൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയ വേദപാരംഗതനായ വി. ബൊനവെഞ്ചറിനെക്കുറിച്ചു ഇപ്രകാരം എഴുതുന്നു: “വിശ്വാസവും സംസ്കാരവും തമ്മിലുള്ള സങ്കലനത്തിനായി അമൂല്യസംഭാവനകൾ നൽകിയിട്ടുള്ള ക്രിസ്തീയപ്രതിഭകളിൽ അഗ്രഗണ്യനാണ് വി. ബൊനവെഞ്ചർ. അദ്ദേഹം കർമ്മോത്സുഹതയുടെയും ധ്യാനത്തിന്റെയും ആഴമായ ഭക്തിയുടെയും സൂക്ഷ്‌മതയുള്ള ഭരണകര്‍ത്തൃത്വത്തിന്റെയും മാതൃകയായിരുന്നു.” ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സജീവ പ്രതിരൂപങ്ങളായി നമ്മെ പരിവർത്തനപ്പെടുത്തി നാം ജീവിക്കുന്ന സാഹചര്യങ്ങളിലും സ്ഥലങ്ങളിലും യേശുവിനെ പകർന്നുനൽകി വി. ബൊനവെഞ്ചറിനെപ്പോലെ നമ്മുടെ ജീവിതത്തിലൂടെയും അനേകരെ വിശ്വാസത്തിൽ ബലപ്പെടുത്താൻ നമുക്കും ശ്രമിക്കാം.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




