ക്രിസ്തുമസ് ട്രീയിലെ എട്ടുകാലി വല – മനോഹരമായ ക്രിസ്തുമസ് പാരമ്പര്യം

ക്രിസ്തുമസുമായി ബന്ധപ്പെട്ട് പല പാരമ്പര്യങ്ങളും ലോകത്തിന്റെ പലഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. അവയ്‌ക്കൊക്കെ പിന്നിൽ ഓരോ കഥയുമുണ്ട്. ഇത്തരത്തിൽ ക്രിസ്തുമസ് ട്രീയിൽ എട്ടുകാലിവല കണ്ടാൽ സന്തോഷിക്കുന്ന, എട്ടുകാലിവല കൊണ്ട് ട്രീ അലങ്കരിക്കുന്ന ഒരു രാജ്യത്തെക്കുറിച്ചാണ് ഈ എപ്പിസോഡ്.

ഉക്രൈയിനിലാണ് എട്ടുകാലിവല കൊണ്ട് ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്ന പതിവ് നിലനിൽക്കുന്നത്. അതിനു കാരണമായി നിൽക്കുന്നതോ ഒരു പാവപ്പെട്ട അമ്മയുടെ കഥയും.

അമ്മയും മക്കളുമടങ്ങിയ ഒരു കുടുംബം. തീർത്തും ദാരിദ്രാവസ്ഥയിൽ കഴിഞ്ഞിരുന്ന അവർക്ക് ക്രിസ്തുമസ് ട്രീ അലങ്കരിക്കാനുള്ള സാധനങ്ങൾ വാങ്ങിക്കാൻ കഴിയുമായിരുന്നില്ല. ആ അമ്മയുടെയും മക്കളുടെയും സങ്കടം കണ്ട, ചിലന്തികൾ രാത്രിയിൽ അവർക്കായി ക്രിസ്തുമസ് ട്രീ അലങ്കരിക്കാൻ തുടങ്ങി. രാവിലെ എഴുന്നേറ്റ അമ്മയും മക്കളും കാണുന്നത്, ചിലന്തിവലകൾ കൊണ്ട് അതിമനോഹരമായി അലങ്കരിച്ച ട്രീ ആണ്. അതിൽ സൂര്യകിരണങ്ങൾ പതിച്ചപ്പോൾ സ്വർണം, വെള്ളി നിറങ്ങളിൽ അവ തിളങ്ങുകയും കൂടുതൽ മനോഹരമാവുകയും ചെയ്തു. ഈ സംഭവത്തെ ദൈവത്തിന്റെ അനുഗ്രഹമായി ആ സ്ത്രീ കരുതി. അതോടെ അവളുടെ ജീവിതത്തിലെ ദുരിതങ്ങളും അകന്നുപോയി.

ഈ കഥയിൽ നിന്നും പ്രചോദനം സ്വീകരിച്ചുകൊണ്ടാണ് ഉക്രേനിയൻ ജനത, ക്രിസ്തുമസ് ട്രീ ചിലന്തിവലകളാൽ അലങ്കരിക്കാൻ തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.