സമൂഹമാധ്യമങ്ങളിൽ മാന്യതയോടെ പെരുമാറാൻ വി. കൊച്ചുത്രേസ്യയിൽനിന്നും സ്വീകരിക്കേണ്ട ആറു പാഠങ്ങൾ

ലിസ്യൂവിലെ വി. കൊച്ചുത്രേസ്യയും സമൂഹമാധ്യമങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു കേൾക്കുമ്പോൾ വിചിത്രമായി തോന്നാം. കാരണം, 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വിശുദ്ധ, 21-ാം നൂറ്റാണ്ടിൽ ഉദയംചെയ്ത സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നത് എങ്ങനെയെന്നല്ലേ? വിശ്വാസവും എളിമയും ജീവിതത്തിലെ ഏറ്റവും ചെറിയ കാര്യങ്ങൾക്കുള്ള നന്ദിയും നിറഞ്ഞ ജീവിതമാണ് വി. കൊച്ചുത്രേസ്യ നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഡിജിറ്റൽ ഇടങ്ങളിൽ എളിമയും ആധികാരികതയും പരിശീലിക്കുന്നതിനുള്ള പ്രചോദനത്തിന്റെ ഉറവിടമാണ് ഈ കർമ്മലീത്ത സന്യാസിനി. ഈ വിശുദ്ധയുടെ മാതൃക, കാലഘട്ടത്തെ അതിജീവിക്കുന്നതാണ്. അതിനാൽ വി. കൊച്ചുത്രേസ്യ, അവരുടെ ജീവിതകാലത്തു നൽകിയ മാതൃക നമ്മൾ പാലിച്ചാൽ, ഇന്നത്തെ കാലത്ത്  സമൂഹമാധ്യമങ്ങളിൽ കൃപയോടെയും മാന്യതയോടെയും പെരുമാറാൻ നമുക്കു സാധിക്കും. പ്രധാനമായും വി. കൊച്ചുത്രേസ്യയിൽനിന്നും നമ്മൾ സ്വീകരിക്കേണ്ടത് ആറു കാര്യങ്ങളാണ്. അവ ഏവയെന്നു നമുക്കു കാണാം.

1. അപൂർണ്ണതകളെക്കുറിച്ചു സത്യസന്ധത പുലർത്തുക

പരിപൂർണ്ണയായി പ്രത്യക്ഷപ്പെടാൻ ഈ കൊച്ചുവിശുദ്ധയ്ക്ക് താല്പര്യമില്ലായിരുന്നു. വാസ്തവത്തിൽ, അവൾ തന്റെ അപൂർണ്ണതകളെ വളർച്ചയ്ക്കും കൃപയ്ക്കുമുള്ള അവസരങ്ങളായി സ്വീകരിച്ചു. പലപ്പോഴും പൂർണ്ണതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നുന്ന ഒരു സോഷ്യൽ മീഡിയ ലാൻഡ്‌സ്‌കേപ്പിൽ, നിങ്ങളുടെ അപൂർണ്ണതകളെക്കുറിച്ച് സത്യസന്ധത പുലർത്തുന്നതിലൂടെ നിങ്ങൾക്ക് വിനയം പരിശീലിക്കാം.

2. സമൂഹമാധ്യമ പോസ്റ്റുകൾ എന്തിനു വേണ്ടിയെന്നു മനസ്സിലാക്കുക

സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും ഷെയർ ചെയ്യുന്നതിനുമുമ്പ്, നിങ്ങൾ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് മനസ്സിലാക്കുക. നിങ്ങൾ മറ്റുള്ളവരിൽനിന്ന് സാധൂകരണം തേടുകയാണോ അതോ അർഥവത്തായ എന്തെങ്കിലും ആത്മാർഥമായി പ്രകടിപ്പിക്കുകയാണോ?

ശ്രദ്ധിക്കപ്പെടാത്ത ചെറിയ പ്രവൃത്തികൾക്കും വിലയുണ്ടെന്ന് വി. കൊച്ചുത്രേസ്യ നമ്മെ ഓർമ്മിപ്പിക്കുന്നു. ലൈക്കിനും ഫോളോവെഴ്സിനും വേണ്ടിയല്ല നിങ്ങൾ ഇതൊക്കെയും ചെയ്യേണ്ടത്. നിങ്ങളുടെ വ്യക്തിത്വത്തെയും മൂല്യങ്ങളെയുമാണ് നിങ്ങൾ ഇതിലൂടെയൊക്കെ പ്രതിഫലിപ്പിക്കുന്നത് എന്ന ബോധ്യം ഉണ്ടാകുക.

3. അനാവശ്യ താരതമ്യപ്പെടുത്തലുകൾ ഒഴിവാക്കാം

വി. കൊച്ചുത്രേസ്യ മറ്റുള്ളവരുടെ വിജയത്തിലും സന്തോഷത്തിലും സന്തോഷം കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ മറ്റുള്ളവരുടെ ജീവിതത്തോട് അസൂയ തോന്നുന്ന, താരതമ്യത്തിന്റെ കെണിയിൽ വീഴുന്ന മനോഭാവത്തിലേക്കു പോകുക എളുപ്പമാണ്. വിനയം പരിശീലിക്കുക എന്നതിനർഥം, മറ്റുള്ളവരുടെ നേട്ടങ്ങളിൽ കുറവുണ്ടാകാതെ അവരെ ആഘോഷിക്കുക എന്നതാണ്. അടുത്ത തവണ നിങ്ങൾ സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യുമ്പോൾ, മറ്റുള്ളവരുടെ വിജയങ്ങളിൽ സന്തോഷിക്കുമ്പോൾത്തന്നെ നിങ്ങളുടെ സ്വന്തം ജീവിതത്തിലെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാൻ ശ്രമിക്കുക. ഇത് താരതമ്യപ്പെടുത്തലുകളിൽനിന്നും ഒരുമയിലേക്കും സാമൂഹികമനോഭാവത്തിലേക്കും നയിക്കുന്നു.

4. നിങ്ങളുടെ ഓൺലൈൻ സമയം പരിമിതപ്പെടുത്തുക

ലിസ്യൂവിലെ കൊച്ചുവിശുദ്ധ ആഴത്തിൽ ആത്മപരിശോധന നടത്തികൊണ്ട്, തന്റെ സമയത്തിന്റെ ഭൂരിഭാഗവും പ്രാർഥനയ്ക്കും ധ്യാനത്തിനും ചെറിയ സേവനപ്രവർത്തനങ്ങൾക്കുമായി നീക്കിവച്ചു. സന്യാസത്തിന്റെ നിശ്ശബ്ദതയുടെ സൗന്ദര്യം നിങ്ങൾക്ക് ഇല്ലായിരിക്കാം; എന്നാൽ ഓൺലൈൻ സമയം പരിമിതപ്പെടുത്താൻ നിങ്ങൾക്ക് ക്രമീകരണങ്ങൾ സ്വീകരിക്കാം.

ഓരോ ദിവസവും ഓൺലൈനിൽ നിങ്ങളുടെ സമയം പരിമിതപ്പെടുത്തുകയോ, ഇടയ്ക്കിടെ ഇടവേളകൾ എടുക്കുകയോ പോലുള്ള നിയന്ത്രണങ്ങൾ സജ്ജീകരിക്കുന്നത് യഥാർഥ ലോകത്ത് നിലകൊള്ളാൻ നിങ്ങളെ സഹായിക്കും. നിങ്ങളെ ദൈവത്തോടും മറ്റുള്ളവരോടും അടുപ്പിക്കുന്ന ശാന്തമായ പ്രാർഥനയിലോ, അർഥവത്തായ പ്രവർത്തനങ്ങളിലോ ഏർപ്പെടാൻ സമയം ഉപയോഗിക്കുക.

5. നിങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ മറ്റുള്ളവരെ സേവിക്കുക

വിശുദ്ധയുടെ ജീവിതം ചെറുതും മറഞ്ഞിരിക്കുന്നതുമായ സ്നേഹപ്രവൃത്തികളാൽ സവിശേഷമായിരുന്നു. സോഷ്യൽ മീഡിയ ചിലപ്പോൾ സ്വയം പ്രമോഷന്റെ ഇടമായി തോന്നുമെങ്കിലും, അത് സേവനത്തിനുള്ള ഒരു ഉപകരണമായും ഉപയോഗിക്കാവുന്നതാണ്.

മറ്റുള്ളവരെ ഉയർത്തുകയോ, പ്രോത്സാഹിപ്പിക്കുകയോ, സഹായിക്കുകയോ ചെയ്യുന്ന ഉള്ളടക്കം നിങ്ങൾക്ക് പങ്കിടാം. അത് ഒരു ദയയുള്ള വാക്ക് വാഗ്‌ദാനം ചെയ്യുകയോ, ഒരു പ്രാർഥന പങ്കുവയ്ക്കുകയോ അല്ലെങ്കിൽ ഒരു ലക്ഷ്യത്തെ പിന്തുണയ്‌ക്കുകയോ ആകട്ടെ, സ്‌നേഹത്തിന്റെ ചെറിയ പ്രവൃത്തികൾക്കുപോലും ശക്തമായ പ്രതിഫലനങ്ങൾ ഉണ്ടാകും. സ്വയം പ്രകടമാകുന്നതിനുപകരം മറ്റുള്ളവരെ വളർത്തുന്ന ഇടമായി നിങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുക.

6. മറഞ്ഞിരിക്കുക

അവസാനമായി, വി. കൊച്ചുത്രേസ്യയുടെ ഏറ്റവും അഗാധമായ പാഠങ്ങളിലൊന്ന് മറഞ്ഞിരിക്കുന്നതിന്റെ മൂല്യമാണ്. അംഗീകാരം ആവശ്യമില്ലാതെ നല്ലത് ചെയ്യുക. ഓരോ നിമിഷവും മറ്റുള്ളവർക്കുമുൻപിൽ തുറന്നുവയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ലോകത്ത്, നന്മയുടെ ശാന്തമായ ശക്തി സ്വീകരിച്ചുകൊണ്ട് നമുക്ക് വിശുദ്ധയുടെ മാതൃക പിന്തുടരാനാകും.

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന കാര്യങ്ങൾക്ക് ഒരു പരിധി നിശ്ചയിക്കുക. ജീവിതത്തിലെ എല്ലാം പങ്കുവയ്ക്കണമെന്നില്ല. മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾ മറ്റുള്ളവരുടെ മുൻപിൽ തുറന്നുവയ്ക്കാതിരിക്കുക. അത് ദയയുടെ പ്രവൃത്തിയായാലും ആവശ്യമുള്ള ഒരാൾക്കുവേണ്ടിയുള്ള പ്രാർഥനയായാലും അല്ലെങ്കിൽ സ്നേഹത്തിന്റെ ഒരു ചെറിയ പ്രവർത്തിയായാലും ഈ മറഞ്ഞിരിക്കുന്ന നിമിഷങ്ങൾ ആത്മാവിനെ പോഷിപ്പിക്കുകയും വിനയം വളർത്തുകയും ചെയ്യുന്നു.

സുനീഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.