
മാൾട്ടയുടെ താഴ്‌വരയിൽ, പ്രകൃതിഭംഗിയാൽ ചുറ്റപ്പെട്ട ഒരു സ്ഥലം; അതാണ് ഫവ്വാറ. ഈ പ്രദേശത്ത് ഒരു അദ്ഭുത ഉറവയ്ക്ക് മുകളിലായി നിർമ്മിക്കപ്പെട്ട ഒരു ചാപ്പൽ ഉണ്ട്. കർഷകരെ സഹായിച്ച ഒരു അദ്ഭുതത്തിനും നൂറ്റാണ്ടുകളുടെ വീരചരിത്രത്തിനും സാക്ഷിയായി നിലകൊള്ളുന്ന ആ ചാപ്പൽ ആണ് ‘ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ’ ചാപ്പൽ. അറിയാം ചരിത്രവും അദ്ഭുതവും ഒരുപോലെ കുടികൊള്ളുന്ന ഈ ചാപ്പലിന്റെ വിശേഷങ്ങൾ.
അദ്ഭുത ഉറവയും നേർച്ചയും
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ പ്രദേശത്ത് കടുത്ത വരൾച്ച അനുഭവപ്പെട്ടുതുടങ്ങി. പ്രദേശവാസികളായ കർഷകരുടെ പ്രധാന ജലസ്രോതസ്സായ ഫവ്വാറ ഉറവ പൂർണ്ണമായി വറ്റിവരണ്ടു. പ്രതിസന്ധികളുടെ നടുവിൽ ഇവിടത്തെ കർഷകർ നട്ടം തിരിയുന്നത് കണ്ടപ്പോൾ പ്രഭുകുടുംബാംഗമായ ഗ്ലോർമ ചിയാന്റർ പരിശുദ്ധ കന്യാമറിയത്തോട് ആത്മാർഥമായി പ്രാർഥിക്കുകയും നേർച്ച നേരുകയും ചെയ്തു. വരണ്ട ഉറവയിൽ വീണ്ടും വെള്ളം ഒഴുകിയെത്തുകയാണെങ്കിൽ തന്റെ സ്ഥലത്ത് മാതാവിന്റെ നാമത്തിൽ ഒരു ചാപ്പൽ പണിയുമെന്നായിരുന്നു അവരുടെ നേർച്ച.
പ്രാർഥനയുടെ ഫലമായി, തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വറ്റിവരണ്ട ഉറവയിൽ നിന്ന് മുൻപത്തേക്കാൾ ശക്തമായി വെള്ളം ഉയർന്നുവന്നു. കർഷകർ സന്തോഷത്താൽ തുള്ളിച്ചാടി. ഈ അദ്ഭുതത്തെ തുടർന്ന് തന്റെ നേർച്ച പാലിച്ചുകൊണ്ട് 1616 മാർച്ച് അഞ്ചിനാണ് ഗ്ലോർമ ചിയാന്റർ ഈ ചെറിയ ചാപ്പലിന് തറക്കല്ലിട്ടതും നിർമ്മാണം പൂർത്തിയാക്കിയതും.
നിലവിൽ 1669 ൽ പുനർനിർമ്മിക്കപ്പെട്ട ഈ ചാപ്പൽ 1756 ൽ വീണ്ടും പുനരുദ്ധാരണ പ്രവർത്തകൾക്കു വിധേയമായി. അന്ന് മാറ്റം വരുത്തിയ രൂപത്തിലാണ് ഈ ചാപ്പൽ സ്ഥിതി ചെയ്യുന്നത്. കല്ലിൽ കൊത്തിയെടുത്ത ഒറ്റ പീഠവും, ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന മരത്തിൽ തീർത്ത മാതാവിന്റെ രൂപവും, പതിനേഴാം നൂറ്റാണ്ടിലെ അപൂർവ ചിത്രങ്ങളും ചാപ്പലിനുള്ളിലുണ്ട്.
ഫവ്വാറയിലെ പതിമൂന്നാം നൂറ്റാണ്ടിലെ ഏഴ് യുവ രക്തസാക്ഷികൾ
വെള്ളത്തിന് പുറമേ, ചരിത്രവും പാരമ്പര്യങ്ങളും പരസ്പരം കോർത്തിണങ്ങിയ അതിപുരാതനമായ ചരിത്രങ്ങളുടെ ഒരു ഉറവ കൂടിയാണ് ഫവ്വാറ സമ്മാനിക്കുന്നത്. അത്തരമൊരു ചരിത്രം ഏഴ് നൂറ്റാണ്ടുകൾക്ക് മുൻപുള്ളതാണ്.
എംഡിന (Mdina) മെട്രോപൊളിറ്റൻ കത്തീഡ്രലിലെ പുരാതന രേഖകളിൽ, 1864-ൽ അന്തരിച്ച ഫാദർ ഫ്രാൻജിസ്ക് സിലിയയുടെ കുറിപ്പുകൾ അടങ്ങിയ രണ്ട് താളുകൾ കണ്ടെത്തുകയുണ്ടായി. മാൾട്ടയിൽ നോർമൻമാർ എത്തിയതിന് ശേഷം അവിടെ ശേഷിച്ച അവസാന അറബ് ഭരണാധികാരികളിൽ ഒരാളായ, ക്രൂരനും ദയയില്ലാത്തവനുമായ അലി സിദിന്റെ ഉത്തരവിനാൽ 1200-കളുടെ അവസാനത്തിൽ ഈ പ്രദേശത്തെ ഏതാനും പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ജെനേഷ്യ, ചെറൂബിന, ഔറേലിയ, വെർഡിന, തിയോഡോറ, അനസ്താസിയ, ഡൊമിറ്റില്ല എന്നീ പെൺകുട്ടികൾ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് വളരെ ക്രൂരമായി ആണ് കൊല്ലപ്പെട്ടത്. 12 വയസ്സിനും 25വയസ്സിനും ഇടയിൽ പ്രായമുള്ള ഈ പെൺകുട്ടികളെ പട്ടിണിക്കിട്ടും ക്രൂരമായ മർദനങ്ങൾക്കിരയാക്കിയും തലവെട്ടിയും ആണ് കൊലപ്പെടുത്തിയത്. ഇവരെ എല്ലാവരെയും ഫവ്വാറ അതിർത്തിക്കുള്ളിലെ വയലുകളിലാണ് അടക്കം ചെയ്തത്. അലി സിദിന്റെ ക്രൂരമായ ഭരണത്തിൻ കീഴിൽ ആയിരത്തിലധികം മാൾട്ടീസ് പുരുഷന്മാരും സ്ത്രീകളും രക്തസാക്ഷികളായി മരിച്ചതായും ഫാദർ സിലിയ ഓർമ്മിക്കുന്നു.
വിശ്വാസത്തിനുവേണ്ടി ഇവിടെ ജീവൻ വെടിഞ്ഞ യുവ രക്തസാക്ഷികൾ, ഒരു നാടിനെ മുഴുവൻ പ്രയാസത്തിലാക്കിയ കടുത്ത വരൾച്ച, അദ്ഭുതത്താൽ ഉത്തരം ലഭിച്ച ഗ്ലോർമ ചിയാന്ററുടെ നേർച്ച – ഇവയെല്ലാം വിരൽചൂണ്ടുന്നത് ഒരേയൊരു സത്യത്തിലേക്കാണ്. മനുഷ്യർ തങ്ങളുടെ ആവശ്യങ്ങളിൽ ദൈവത്തെ കണ്ടുമുട്ടുകയും, അവിടുന്ന് എന്നും വിശ്വസ്തനാണെന്ന് അനുഭവിച്ചറിയുകയും ചെയ്ത മണ്ണാണിത്.
പ്രതിസന്ധികളുടെ കാലത്ത് അവിടുത്തെ കരുണ തേടുന്നവർക്കായി മൗണ്ട് കാർമൽ മാതാവ് തന്റെ ദിവ്യകുമാരനോട് ഇന്നും മാധ്യസ്ഥ്യം വഹിക്കുന്നുവെന്നതിനും, ഈ ദൈവാലയത്തിന് താഴെയായി ഇന്നും വറ്റാതെ ഒഴുകുന്ന ജീവനീരുറവ ദൈവകൃപയുടെ നിലയ്ക്കാത്ത അടയാളമാണെന്നതിനും സാക്ഷിയായി ഈ ചാപ്പൽ നിലകൊള്ളുന്നു.




