സൈനിക പ്രതിരോധ കാമ്പെയ്ൻ: 15 വയസ്സിനു താഴെയുള്ള കുട്ടികളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി ഇറാൻ

അമേരിക്കയുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാരുടെ പ്രതിരോധ കാമ്പെയ്ൻ ശക്തമാക്കുന്നതിന്റെ ഭാഗമായി, 15 വയസ്സിന് താഴെയുള്ള കുട്ടികളെയും സൈനിക ആശയങ്ങൾ പരിചയപ്പെടുത്തുമെന്ന് ഇറാനിലെ ‘ജൻഫദ’ (Janfada) കാമ്പെയ്ൻ വക്താവ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഔദ്യോഗികമായി ആയുധ പരിശീലനം നൽകുന്നില്ലെന്ന് വക്താവ് സാസൻ സാരെ (Sasan Zare) വ്യക്തമാക്കിയെങ്കിലും രാജ്യസ്നേഹം, ആത്മത്യാഗം, പ്രഥമശുശ്രൂഷ, സുരക്ഷ തുടങ്ങിയ അടിസ്ഥാന ആശയങ്ങൾ കുട്ടികളിൽ ചെറുപ്പത്തിലേ വളർത്തിയെടുക്കാനാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന സന്നദ്ധ സംഘടനയിൽ 18 വയസ്സിന് മുകളിലുള്ളവരാണ് അംഗങ്ങളായിട്ടുള്ളത്. എങ്കിലും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഈ സംസ്കാരം പകർന്നു നൽകാനാണ് തീരുമാനം.

എന്നാൽ ഇറാനിൽ കുട്ടികളെയും കൗമാരക്കാരെയും ബസിജ് (Basij) സേനയിലും ചെക്ക്‌പോസ്റ്റുകളിലും ഉപയോഗിക്കുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ നേരത്തെ അറിയിച്ചിട്ടുണ്ട്. 12 വയസ്സ് പ്രായമുള്ള കുട്ടികൾ പോലും തോക്കുമായി ചെക്ക്‌പോസ്റ്റുകളിൽ നിൽക്കുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരിയിൽ യു.എസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചതു മുതൽ ഇറാൻ സിവിലിയന്മാരെ ഉൾപ്പെടുത്തി ഇത്തരം പ്രതിരോധ മുന്നേറ്റങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.