തോക്കുധാരികളുടെ നടുവിലെ ഭീകരരാത്രിയുടെ ഓർമ്മകളുമായി ഒരു മലയാളി സന്യാസിനി 

സി. സൗമ്യ DSHJ

തലയ്ക്കു പിന്നിൽ ചൂണ്ടിപ്പിടിച്ച തോക്കുകൾ. അവയ്ക്കു പിന്നിൽ ഒറോമിയോ ലിബറേഷൻ ഫ്രണ്ടിലെ ആറു ഭീകരന്മാർ. മരണം മുന്പിലെത്തിയ നിമിഷങ്ങൾ. “അവർ എന്റെ  കൈകൾ ബന്ധിക്കുകയോ, കണ്ണ് കെട്ടുകയോ ചെയ്തിരുന്നില്ല.” എത്യോപ്യയിൽ അക്രമികളാൽ തട്ടിക്കൊണ്ടുപോകപ്പെടുകയും പിന്നീട് മോചിതയാകുകയും ചെയ്ത മലയാളി മിഷനറി സി. സുരഭില എസ്.ഐ.സിയുടെ അനുഭവങ്ങൾ.

“തോക്കുധാരികളായ ആ മനുഷ്യർക്കൊപ്പം പോകുമ്പോൾ മരണം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. വേറൊന്നും ചിന്തിക്കാനാകുമായിരുന്നില്ല. അപകടകരമായ ആ മണിക്കൂറുകളിൽ ദൈവമാണ് എന്നെ സംരക്ഷിച്ചത്. അല്ലെങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.” എത്യോപ്യയിൽ അക്രമികളാൽ തട്ടിക്കൊണ്ടുപോകപ്പെടുകയും പിന്നീട് മോചിതയാകുകയും ചെയ്ത മലയാളി മിഷനറി സി. സുരഭില എസ്.ഐ.സിയുടെ വാക്കുകളാണിത്. കഴിഞ്ഞ 19 വർഷങ്ങളായി സിസ്റ്റർ എത്യോപ്യയിൽ സേവനം ചെയ്തുവരുന്നു. ബഥനി സന്യാസിനീസമൂഹാംഗമായ സിസ്റ്റർ, മരണം മുന്നിൽകണ്ടപ്പോഴും ഒരു മിഷനറി ആയതിൽ അഭിമാനിക്കുകയായിരുന്നു. എത്യോപ്യയിലെ മിഷൻപ്രവർത്തനത്തിനിടയിൽ നേരിടേണ്ടിവന്ന അനുഭവങ്ങളും മരണത്തെ മുന്നിൽകണ്ട നിമിഷങ്ങളും ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ് സി. സുരഭില എസ്.ഐ.സി.

മോചനദ്രവ്യം നൽകിയില്ലെങ്കിൽ മരണം ഉറപ്പ്

എത്യോപ്യയിൽ ബഥനി സന്യാസിനീസമൂഹത്തിൽ നിന്നും മൂന്ന് സമൂഹങ്ങളിലായി ഒമ്പത് സിസ്റ്റേഴ്സ് സേവനം ചെയ്യുന്നു. സി. ടെസ്സ, സി. ജോവാൻ, സി. വന്ദന, സി. സിൽവി, സി. പ്രശാന്താ, സി. ജോബിൻ. സി. ജോസ്മി. സി. ഉത്ഥിത എന്നിവരാണവർ.

എംടിഡിദിർ രൂപതയിലെ സീസൻചോ ഗ്രാമത്തിലാണ് സി. സുരഭില തന്റെ ശുശ്രൂഷകൾ ആരംഭിക്കുന്നത്. ഇവിടെ ആദ്യം ഒരു കിന്റർഗാർഡനും പിന്നീട് ഒരു ക്ലിനിക്കും പ്രവർത്തിച്ചുവന്നിരുന്നു. ഈ സന്യാസിനിമാരുടെ പ്രവർത്തനഫലമായി കിന്റർഗാർഡൻ എട്ടാം ക്ലാസ്സ് വരെയുള്ള ഒരു സ്കൂളായും ക്ലിനിക്ക്, ഹെൽത്ത് സെന്ററായും വളർന്നു. അവിടെനിന്നുതന്നെയുള്ള കുട്ടികൾ പഠിച്ചുവളർന്ന് ഈ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സാഹചര്യം ഉണ്ടാകാൻതുടങ്ങി. വൈകാതെ, ആറു കിലോമീറ്റർ അകലെയായി മറ്റൊരു പുതിയ സ്കൂളും ഇവർ ആരംഭിച്ചു.

2019 -ലാണ് സി. സുരഭില നെകെംതെ രൂപതയിൽ എത്തിച്ചേർന്നത്. നേഴ്സായിരുന്ന സിസ്റ്റർ അവിടെ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത് ഈ  ക്ലിനിക്കിൽ ശുശ്രൂഷ ചെയ്തുകൊണ്ടായിരുന്നു. ഒരു ദിവസം തന്നെ 60 മുതൽ 70 വരെ രോഗികൾ ഇവിടെ വരുമായിരുന്നു. അതോടൊപ്പം ഒരുപാട് രാഷ്ട്രീയപ്രശ്നങ്ങൾ ഉണ്ടായിരുന്ന സ്ഥലവുംകൂടിയായിരുന്നു അത്.

ഒറോമിയ റീജൺ ഒ.എൽ.എഫ് (ഒറോമിയോ ലിബറേഷൻ ഫ്രണ്ട്) എന്നൊരു പാർട്ടി, സിസ്റ്റർ സേവനം ചെയ്യുന്ന മേഖലയിൽ പ്രവർത്തിച്ചിരുന്നു. ഗവൺമെന്റിന് എതിരായി പ്രവർത്തിച്ച് ഭരണം കയ്യേറാൻ ശ്രമിക്കുന്നവരായിരുന്നു ഇക്കൂട്ടർ. ഇവർ മിക്കവാറും കാട്ടിലാണുള്ളതെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ സൈനികരെയും പൊലീസിനെയും സാധാരണ ജനങ്ങളെയും ആക്രമിക്കും. സൈനിക യൂണിഫോം കൈക്കലാക്കി നാട്ടിലിറങ്ങി ആളുകളെ തെറ്റിധരിപ്പിച്ച്  ഉപദ്രവിക്കുന്നതും ഇവരുടെ പതിവാണ്. അങ്ങനെ മറ്റുള്ളവരെ കൊള്ളയടിച്ചുജീവിക്കുന്ന ഒരു സംഘം. ഓരോ പ്രദേശത്തെ ആക്രമിച്ചു കീഴ്‌പ്പെടുത്തുകയും അഞ്ചാറു വീടുകൾ വീതം ആക്രമിച്ച് കവർച്ച ചെയ്യുന്നതും ഇവരുടെ രീതിയാണ്. ആക്രമണങ്ങൾ നടത്തി ഓരോ വീട്ടിലെയും കുടുംബനാഥന്മാരെ പിടിച്ചുകൊണ്ടുപോകും. അവരെ തട്ടിക്കൊണ്ടുപോയശേഷം മോചിപ്പിക്കാനായി വീട്ടുകാരുമായി വിലപേശും. അക്രമികൾ ആവശ്യപ്പെടുന്ന പണം കൊടുത്താൽമാത്രമേ അവരെ വിട്ടയക്കുകയുള്ളൂ. പൊതുവെ വളരെ ദരിദ്രരായ കുടുംബങ്ങളോട് ഇവർ ആവശ്യപ്പെടുന്നത് ലക്ഷങ്ങളാണ്. അത് നൽകിയില്ലെങ്കിൽ അവരെ കൊലപ്പെടുത്തും. ഇതായിരുന്നു ഈ തീവ്രവിഭാഗത്തിന്റെ രീതി.

2023 ജനുവരി 21 ശനിയാഴ്ചയിലെ ആ രാത്രി!

ഒ.എൽ.എഫ് സംഘം ഈ സിസ്റ്റേഴ്സിനെ തേടിവന്ന ദിവസമായിരുന്നു 2023 ജനുവരി 21, ശനിയാഴ്ച. രാത്രി ഒരുമണി! എല്ലാവരും കിടന്നുറങ്ങുന്ന സമയം. അപ്പോഴാണ് കതകിൽ ഒരു തട്ടുകേട്ടത്; ഒപ്പം വീടിന്റെ കതകിനിട്ട് ഒരു ചവിട്ടും. സി. സുരഭിലയും മറ്റൊരു സിസ്റ്ററും മാത്രമേ അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. അസമയത്തുള്ള ആ ശബ്ദം അവരിൽ ഭയം നിറച്ചു.

“ആ ശബ്ദം കേട്ട് ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റ് ഉടൻ ഗാർഡിനെ വിളിച്ചു. അപ്പോൾ അദ്ദേഹം ഇത്രമാത്രം പറഞ്ഞു: ‘അവർ വന്നു.’ ഉടനെ കതക് തുറക്കണമെന്നും ഗാർഡ് കൂട്ടിച്ചേർത്തു. കതക് തുറന്നില്ലെങ്കിൽ അവർ വെടിവയ്ക്കുമെന്ന് ഉറപ്പാണ്. അതിനാൽ പെട്ടെന്ന് കതക് തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. കാരണം, അവർ പുറത്തുനിന്നും ചവിട്ടിയതിനാൽ കതക് തുറക്കാൻ സാധിക്കാതെ ബ്ലോക്ക് ആയിപ്പോയിരുന്നു. എതിർസൈഡിൽ വേറെയൊരു കതക് ഉണ്ടായിരുന്നു. വേഗം അതുപോയി തുറന്നു.

കതകുതുറന്നപ്പോൾ മുൻപിൽ സൈനികവേഷം ധരിച്ചിരിക്കുന്ന ആറേഴുപേർ. അതിൽ ആറുപേരുടെ കൈയിലും തോക്കുണ്ട്. ഒരാൾ നോർമൽ ഡ്രസിൽ തോക്കില്ലാതെയുമാണ് വന്നിരിക്കുന്നത്. അവരിൽ നാലുപേർ മുറിയിലേക്ക് കയറിവന്നു. മൂന്നുപേർ വീടിന്റെ പുറത്തുനിന്നു. ഞങ്ങളെ തട്ടിക്കൊണ്ടുപോകാനാണ് ഇവർ ശ്രമിക്കുന്നതെന്നു മനസ്സിലാക്കി ഞങ്ങൾ രണ്ടുപേരും അവരോട് അപേക്ഷിച്ചു, ‘ഞങ്ങളെ ഇവിടെനിന്നും കൊണ്ടുപോകരുത്. നിങ്ങൾ പറയുന്ന പണം ഞങ്ങൾ തരാം.’ ”

“ആ സിസ്റ്ററിനെ കൊണ്ടുപോകരുത്; പകരം ഞാൻ വരാം”

പണം മാത്രമല്ലായിരുന്നു അവരുടെ ലക്ഷ്യം എന്ന് പെട്ടന്നുതന്നെ മനസിലായി. ഒപ്പമുണ്ടായിരുന്ന സി. ടെസ്സിയെ കൊണ്ടുപോകാനാണ് അക്രമികൾ ആദ്യം തുനിഞ്ഞത്. ആ സിസ്റ്റർ അവിടെ എത്തിയിട്ട് അധികനാളായിട്ടില്ലായിരുന്നു. അപ്പോൾ സിസ്റ്റർ സുരഭില അക്രമികളോടു പറഞ്ഞു: “ഈ സിസ്റ്റർ പുതിയതാണ്. സിസ്റ്ററിന് ഭാഷ അറിയില്ല. സിസ്റ്ററിനെ കൊണ്ടുപോകണ്ട; പകരം ഞാൻ വരാം.” അവിടെയുണ്ടായിരുന്ന പണവും സി. സുരഭിലയുടെ മുറിയിൽ നിന്നും ഉപയോഗയോഗ്യമായ സർവതും അവർ കൈവശപ്പെടുത്തി.

സിസ്റ്റർമാർ രണ്ടുപേരെയുംകൊണ്ട് ഈ അക്രമികൾ വീടിനു പുറത്തെത്തി. എന്തും സംഭവിക്കാൻ സാധ്യതയുള്ള നിമിഷങ്ങൾ. ചൂണ്ടിപ്പിടിച്ച തോക്കുകളുടെയും എന്തുക്രൂരതയും ചെയ്യാൻ സാധ്യതയുള്ള ആറേഴുപേരുടെയും നടുവിൽ ഈ രണ്ടു സന്യാസിനിമാർ. ആരും സഹായത്തിനില്ല; ഒരു ഗാർഡ് മാത്രം നിസ്സഹായനായി അവിടെ നിൽപ്പുണ്ട്. പുറത്തെത്തിയപ്പോൾ ഗാർഡ് ചോദിച്ചു:

“നിങ്ങൾ ഇവർ രണ്ടുപേരെയും കൊണ്ടുപോയിക്കഴിഞ്ഞാൽ ആരാണ് നിങ്ങൾക്ക് പണം കൊണ്ടുവന്നുതരിക?”

ആ ചോദ്യത്തിൽ ന്യായമുണ്ടെന്നു മനസ്സിലാക്കി അവർ അത് അംഗീകരിച്ചു. അതിനാൽ അവരിലൊരാളെ അവിടെത്തന്നെ നിർത്താൻ തീരുമാനിച്ചു. അവിടുത്തെ ലോക്കൽഭാഷ സി. സുരഭിലയ്ക്ക് വശമില്ല. സിസ്റ്ററിന് അറിയാവുന്നത് വേറെയൊരു നാട്ടു ഭാഷയാണ്. ഗാർഡിനോട് അവരുടെ ഭാഷയിൽ ‘സിസ്റ്ററിനെ ഇവിടെ നിറുത്തുക; എന്നെ കൊണ്ടുപൊയ്ക്കോളൂ’ എന്ന് സി. സുരഭില പറയിപ്പിച്ചു. അങ്ങനെ കൂടെയുള്ള സിസ്റ്ററിനുപകരം സി. സുരഭിലയെ അക്രമികൾ കൊണ്ടുപോയി.

തോക്കുധാരികളായ ആറു മനുഷ്യർക്കൊപ്പം കൂരിരുട്ടിൽ കാട്ടിലൂടെ

ആ അക്രമിസംഘത്തിന് വാഹനമൊന്നും ഉണ്ടായിരുന്നില്ല. കാട്ടിൽകൂടി കുറ്റാകൂരിരുട്ടിലൂടെ നടന്നായിരുന്നു യാത്ര. ആദ്യം കുറച്ച് കൃഷിയിടങ്ങളിലൂടെ, പിന്നെ തോടും കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചു. കുറ്റിക്കാടുകൾ നിറഞ്ഞ ചുറ്റുപാടുകൾ ആ സ്ഥലത്തെ കൂടുതൽ ഇരുട്ടിലാക്കി.

“ഞാനൊരു റബർ ചെരിപ്പാണ് ഇട്ടിരുന്നത്. എനിക്ക് ആ ചെരിപ്പും ധരിച്ച് അങ്ങനെ കൂടുതൽ ദൂരം നടക്കാൻ  സാധിക്കുകയില്ലായിരുന്നു. വലിയ മുള്ളുകൾ പലപ്രാവശ്യം കാലിൽ കൊണ്ടുകയറി ഞാൻ നിലത്തുവീണു.

ഞാൻ അവരോടു പറഞ്ഞു: ‘നിങ്ങൾ വെളിച്ചം കാണിക്ക്.’ അപ്പോൾ അവർ പറഞ്ഞു. ‘വെളിച്ചം കാണിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല.’ കാരണം, വെളിച്ചം പുറത്തുകണ്ടാൽ മറ്റുള്ളവർ അറിയാനിടവരും.

അക്രമികൾ മൂന്നുപേർ എന്റെ മുൻപിലും മൂന്നുപേർ പുറകിലും. അവരുടെ നടുക്കായിട്ടാണ് ഞാൻ നടന്നിരുന്നത്. അവർ എന്റെ  കൈകൾ ബന്ധിക്കുകയോ, കണ്ണ് കെട്ടുകയോ ചെയ്തിരുന്നില്ല. തുടക്കത്തിൽ എനിക്ക് പേടിയൊന്നും തോന്നിയില്ല. കാരണം അവർക്ക് പണമാണല്ലോ വേണ്ടത്. സി. സുരഭില ആ നിമിഷങ്ങളെപ്പറ്റി പറയുന്നു.

രാത്രി ഒരുമണി മുതൽ തുടങ്ങിയതാണ് നടപ്പ്. കയറാൻ സാധിക്കാത്തത്രയും മലയാണ്. അതൊക്കെ എങ്ങനെയാണ് കയറിയതെന്ന് സി. സുരഭിലക്ക് ഇന്നുമറിയില്ല. പോകുന്നവഴിക്ക് സിസ്റ്ററിന്റെ മനസ്സിൽ ഉയർന്നുവന്ന ഒരു പാട്ട് ഇതായിരുന്നു. ‘ജീവിതസായാഹ്‌ന തീരത്തിരുന്നു ഞാൻ…’ ഈ വഴികളിൽ നീ എന്റെ തോളിലാണെന്നൊരു സന്ദേശം ഈശോ ആ സമയത്ത് ആ പാട്ടിലൂടെ സിസ്റ്ററിനു നൽകി. ഈ സമയം സിസ്റ്റർ ഓർത്തു, ഈശോ ആണ് എന്നെ വഹിച്ചിരിക്കുന്നത്; മാതാവ് എന്റെ കൂടെയുണ്ട്. ആ വിചാരം സിസ്റ്ററിനെ കൂടുതൽ ബലപ്പെടുത്തുകയും ധൈര്യപ്പെടുത്തുകയും ചെയ്തു.”എനിക്കറിയാം എന്റെ കൂടെയുള്ള സിസ്റ്റർ ഇപ്പോൾ എല്ലാവരെയും വിവരം അറിയിച്ചിട്ടുണ്ട്. അവരെല്ലാം എനിക്കുവേണ്ടി പ്രാർഥിക്കുന്നുണ്ട്” – സിസ്റ്റർ സ്വയം ആശ്വസിച്ചു. അപ്പോൾ സമയം വെളുപ്പിനെ അഞ്ചുമണി ആയിരുന്നു.

“എന്റെ മാതാവേ, ഈ ആളുടെ കൈയിൽനിന്നും എന്നെ ഒന്ന് രക്ഷിക്ക്”

അപ്പോഴേക്കും കൂടെനടന്നിരുന്ന അഞ്ചുപേർ പുറകോട്ടുപോയി. ഒരാൾമാത്രം എന്റെ കൂടെ നടക്കാൻ തുടങ്ങി. അയാൾ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. മറ്റുള്ളവരൊക്കെ എവിടെയെന്ന് ഞാൻ ചോദിച്ചു. അവർ വരുമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ സിസ്റ്റർ പറഞ്ഞു: “എങ്കിൽ ഇവിടെ നിൽക്കാം; അവർ വന്നിട്ടുപോകാം.”

അതുകേട്ടപ്പോൾ പെട്ടെന്ന് അയാളുടെ ഭാവം മാറി. അയാൾ എന്നെ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. ഈ സമയം ധൈര്യം കൈവിടാതെ സി. സുരഭില പറഞ്ഞു. “നിങ്ങൾക്കെന്നെ കൊല്ലാം. പക്ഷേ, എന്നെ തൊടാൻപാടില്ല. ഞാൻ നിങ്ങൾ ചിന്തിക്കുന്നതുപോലെയുള്ള ഒരു സ്ത്രീ അല്ല. ഞാൻ ദൈവത്തിന്റെ ആളാണ്. ഞാൻ ദൈവത്തിനുവേണ്ടി ജീവിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ എന്നെ തൊടാൻ പാടില്ല. നിങ്ങൾക്ക് ദൈവത്തിന്റെ ശിക്ഷ കിട്ടും.”

പക്ഷേ, അയാൾ അതൊന്നും ചെവിക്കൊണ്ടില്ല. വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചു. ആ സമയം ഞാൻ മരിക്കാനൊരുങ്ങുകയായിരുന്നു. ‘എന്റെ ഈശോയേ, എന്റെ ആത്മാവിന് കൂട്ടായിരിക്കണമേ’ എന്ന് പ്രാർഥിച്ചുകൊണ്ടിരുന്നു; ഒപ്പം “എന്റെ മാതാവേ, ഈ ആളുടെ കൈയിൽ നിന്നും എന്നെ ഒന്ന് രക്ഷിക്ക്’ എന്ന് വലിയ ശബ്ദത്തിൽ മാതാവിനോട് ഉറക്കെ അലറിവിളിച്ചുകൊണ്ടിരുന്നു. ആ നിമിഷം എന്റെയും ആ മനുഷ്യന്റെയും ഇടയിൽ മാതാവിന്റെ രൂപം ഞാൻ കണ്ടു. പിന്നെ എന്താണ് സംഭവിച്ചതെന്നറിയില്ല. അയാളെ എന്റെ അടുത്തുനിന്നും മാതാവ് മാറ്റി. പെട്ടെന്ന് അയാൾ പറഞ്ഞു: “ഞാൻ ഒന്നും ചെയ്യില്ല.”

ഞാൻ ഞെട്ടി. കാരണം അപ്പോൾ അയാൾ പറഞ്ഞത് ഞാൻ പറഞ്ഞതിന്റെ മറുപടി അല്ലായിരുന്നു. മൂന്നാമതൊരാളോടുള്ള മറുപടി പോലെയായിരുന്നു അത്. ആ മൂന്നാമത്തെ ആൾ മാതാവല്ലാതെ മറ്റാരുമല്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കാരണം, ഞാൻ നിന്നെ ഉപദ്രവിക്കുകയില്ല എന്നല്ല, ഞാൻ അവളെ ഉപദ്രവിക്കുകയില്ല എന്നാണ് അയാൾ പറഞ്ഞത്. ആ സമയം ബാക്കി അഞ്ചുപേരും അവിടെയെത്തി. അപ്പോൾ സി. സുരഭില അവരോടു ചോദിച്ചു: “നിങ്ങൾക്ക് കാശല്ലേ വേണ്ടത്? പിന്നെ എന്തിനാണ് എന്നെ ഉപദ്രവിക്കാൻ വരുന്നത്.”

പണത്തിനുവേണ്ടി കൊല്ലാനും മടിക്കാത്തവർ

വീണ്ടും യാത്ര തുടർന്നു. പിന്നീട് കുഴപ്പമൊന്നും ഉണ്ടായില്ല. എങ്കിലും സി. സുരഭില ആകെ ഭയപ്പെട്ടുപോയിരുന്നു. നടക്കുന്ന വഴികളിൽ സിസ്റ്റർ കരഞ്ഞുകൊണ്ടിരുന്നു. കരയേണ്ടെന്നു വിചാരിച്ചിട്ടും കണ്ണീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു.

നേരം വെളുത്തപ്പോൾ അവർ എനിക്ക് ഫോൺ തന്നിട്ടുപറഞ്ഞു: “നിന്റെ ആൾക്കാരെ വിളിച്ചിട്ട് അവരോട് പണം ആവശ്യപ്പെടണം.”

കിട്ടിയ അവസരം നഷ്ടപ്പെടുത്താതെ സിസ്റ്റർ പെട്ടെന്നുതന്നെ ബിഷപ്പിനെ ഫോണിൽ വിളിച്ചു. “എന്നെ ഇവർ ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ട്; ഞാൻ മരിക്കുകയാണെങ്കിൽ അവരുടെ ആക്രമണത്തെ ചെറുക്കുന്നതുകൊണ്ടായിരിക്കും. പിതാവ് എനിക്കുവേണ്ടി പ്രാർഥിക്കണം.” പിന്നീട് കൂടെയുണ്ടായിരുന്ന സിസ്റ്ററിനെയും ഫോണിൽ ബന്ധപ്പെട്ടു. പണം കിട്ടാത്തതിന്റെ പേരിൽ ഞാൻ മരിക്കുകയില്ല. അവർ എന്നെ ഉപദ്രവിച്ചതിനുശേഷം പിന്നെ ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമില്ല. കാരണം, അവർ എന്നെ ഉപ്രദ്രവിക്കാൻശ്രമിച്ചാൽ ഞാനതിനെ പ്രതിരോധിക്കും.” അപ്പോൾ അവർ എന്നെ വെടിവയ്ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനുശേഷം ഞാൻ സമാധാനത്തോടെ എന്റെ നടപ്പ് തുടർന്നു.

രൂപതാ സെക്രട്ടറി ഫാ. എസ്. കിന്ററിനെ വിളിച്ച് അവരുടെ ആവശ്യം അറിയിച്ചു. അക്രമികളുടെ കൈയിൽ ഫോൺ കൊടുത്തു. അവർ മോചനത്തിനായി ആവശ്യപ്പെട്ടത് ഒരു മില്യൺ ബിർ ആണ്. അത് വളരെ വലിയ ഒരു തുകയായിരുന്നു. സിസ്റ്റർമാർ ഉണ്ടായിരുന്ന വില്ലേജിൽ നിന്നും ഒരുലക്ഷം രൂപ സംഘടിപ്പിച്ചു.

പണത്തിനുവേണ്ടി ഫോൺ ചെയ്യാൻ അനുവാദംനൽകും. ഒരു പ്രാവശ്യം ഫോൺ ചെയ്തതിനുശേഷം വേറെ സ്ഥലത്തേക്ക് കൊണ്ടുപോകും. അങ്ങനെ പലയിടങ്ങളിലായി മാറിമാറി കൊണ്ടുപോയി. നാലുപേർ സിസ്റ്ററിന്റെ ഒപ്പം നടന്നിരുന്നു. ബാക്കി രണ്ടുപേർ പൊലീസ് വരുന്നുണ്ടോ എന്ന് ചുറ്റുപാടും നിരീക്ഷിക്കുന്നുണ്ടായിരുന്നു. പണം എത്തിക്കുന്നതിനായി ഫോൺചെയ്യുന്നതും അവർ തന്നെയായിരുന്നു.

ഒരു മില്യൺ എന്നത് പറഞ്ഞുപറഞ്ഞ് ഏഴുലക്ഷം രൂപയാക്കി. പിന്നീടത് അഞ്ചുലക്ഷമാക്കി കുറച്ചു. പണം അന്നുതന്നെ കിട്ടിയില്ലെങ്കിൽ അവരുടെ താവളത്തിലേക്ക് കൊണ്ടുപോകുമെന്ന് അവർ സിസ്റ്ററിനോട് പറഞ്ഞിരുന്നു. ആ താവളത്തിലെത്തിയാൽ പിന്നെ കാര്യങ്ങൾ കൂടുതൽ അപകടമാകും. അതിനാൽ അവർ ആദ്യഘട്ടം തന്നെ പരമാവധി പണം എത്തിച്ചു.

പണം കൊണ്ടുവന്ന ശേഷം അവർ സിസ്റ്ററിനോട് പൊയ്‌ക്കോളാൻ പറഞ്ഞു. സിസ്റ്റർ അവരോട് ചോദിച്ചു: “ഞാൻ എങ്ങോട്ടാണ് പോകേണ്ടത്. എനിക്ക് വഴിയറിയില്ല.”

അതിനാൽ അവർ തന്നെ സിസ്റ്ററിനെ പണം എത്തിച്ചയാളിന്റെ അടുത്തെത്തിച്ചു. ബാക്കി നാലുലക്ഷം രൂപ കൂടി വേണമായിരുന്നു. അത് കൊണ്ടുവരുന്നതുവരെ നാലുലക്ഷം രൂപയ്ക്ക് ഒരാൾ ജാമ്യത്തിന്, പകരക്കാരനായി നിൽക്കുകയും ചെയ്തു. പണം കൊടുത്തില്ലെങ്കിൽ അയാളെ വെടിവച്ചു കൊലപ്പെടുത്തും. അതാണ് അവർ പറഞ്ഞിരിക്കുന്ന നിബന്ധന.

തിരിച്ച് മഠത്തിലെത്തിയപ്പോൾ ഞായറാഴ്ച വൈകുന്നേരം മൂന്നര ആയി. 50,000 രൂപയേ അവർക്ക് കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ. അത് കൊടുത്തപ്പോൾ അവർ ജ്യമ്യത്തിനു നിർത്തിയ ആളെ കൊല്ലുമെന്നു പറഞ്ഞു. ബാക്കി പണം സംഘടിപ്പിക്കാൻ സാധിക്കുകയില്ല എന്ന് അവർ തീർത്തുപറഞ്ഞു. പൊലീസ് വരുമോ എന്നുപേടിച്ച് അവർ കിട്ടിയ പണം കൊണ്ട് തിരിച്ചുപോയിൽ; ജാമ്യത്തിനു നിർത്തിയ ആളെയും അവർ മോചിപ്പിച്ചു.

ഇത്തരം സംഭവങ്ങളിൽ, പൊലീസിനെ അറിയിച്ചാൽ കൈവശമിരിക്കുന്ന ആളെ അവർ കൊലപ്പെടുത്തും. സിസ്റ്ററിനെ തട്ടിക്കൊണ്ടുപോയശേഷം നാട്ടുകാരാരോ ആണ് പോലീസിനെ അറിയിച്ചത്. തിങ്കളാഴ്ച പൊലീസ് എത്തുകയും വെടിവയ്പ്പ് ഒക്കെ ഉണ്ടാവുകയും ചെയ്തു.

അവർ വളരെയധികം ആളുകളുള്ള വലിയ ഒരു ഗ്രൂപ്പാണ്. പല ചെറിയ സംഘങ്ങളായി തിരിഞ്ഞ് പലയിടത്തും ആളുകളെ അവർ ഇതുപോലെ ഉപദ്രവിക്കുന്നുണ്ട്. നാട്ടുകാർക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നതുകൊണ്ട് മിഷനറിമാരുടെ അടുത്ത് അക്രമികൾ വരികയില്ലെന്ന് ഈ അക്രമികൾ തന്നെ പറഞ്ഞുവിശ്വസിപ്പിച്ചു. അത് അവസരം കിട്ടുമ്പോൾ പണം മേടിക്കാനും തട്ടിക്കൊണ്ടുപോകാനുമുള്ള അവരുടെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. ഈ അക്രമികളുടെ കയ്യിൽനിന്നും മോചിപ്പിക്കപ്പെട്ടശേഷം പിന്നീട് സിസ്റ്റർമാർ അവിടെ നിന്നില്ല.

അക്രമികൾ പിന്നീട് അവരെ അന്വേഷിച്ച് അവിടെ വന്നിരുന്നു. അവർ എന്തിനാണ് പോയത്; അവർ പണം തന്നിരുന്നല്ലോ എന്നൊക്കെ പറഞ്ഞു. ഇനിയും വരാനായിരുന്നു അവരുടെ നീക്കങ്ങൾ. അവിടെത്തന്നെ തുടർന്നിരുന്നെകിൽ അവർ തീർച്ചയായും ഈ സന്യസിനിമാരെ കൊലപ്പെടുത്തുമായിരുന്നു. കാരണം, പൊലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യവും അവർക്കുണ്ടായിരുന്നു.

മുൻപുണ്ടായിരുന്ന മിഷൻ ഉപേക്ഷിച്ചു പോരേണ്ടിവന്ന ഈ സിസ്റ്റർമാർ എത്യോപ്യയിലെ തന്നെ മറ്റൊരു വില്ലേജിലാണ് ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത്. എത്യോപ്യയിലെ മിഷനിൽ നിന്നും തിരിച്ചുപോരാൻ എല്ലാവരും സിസ്റ്ററിനോടു പറഞ്ഞു. എന്നാൽ ദൈവം ദാനമായി തന്ന ജീവിതമാണിത്. അതിനാൽ പഴയതിനേക്കാൾ തീക്ഷ്ണമായി അവിടുത്തെ പാവങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്യേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ് എന്നതാണ് ഈ ചോദ്യത്തോടുള്ള സി. സുരഭിലയുടെ പ്രതികരണം.

മോചിപ്പിക്കപ്പെട്ടശേഷവും പേടിപ്പെടുത്തുന്ന രാത്രികൾ

ആ സംഭവത്തിനുശേഷം അവിടംവിട്ടെങ്കിലും ഈ സിസ്റ്റർമാർക്ക് രണ്ടുപേർക്കും കുറേനാളത്തേക്ക്, രാത്രിയിൽ ശരിക്കും ഉറങ്ങാൻ പറ്റുമായിരുന്നില്ല. “രാത്രി ഒരുമണിയൊക്കെ കഴിയുമ്പോൾ ഞങ്ങൾ ഞെട്ടിയെഴുന്നേൽക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾ സുരക്ഷിതമായ സ്ഥലാണ്. ഒരു ഹെൽത്ത് സെന്ററിലാണ് ജോലിചെയ്യുന്നത്. രാത്രിയും പകലും അവിടെ ജോലിചെയ്യുന്നു. ഏതെങ്കിലും രോഗികൾ രാത്രിയിൽ വന്നാൽ, പെട്ടെന്ന് പേടിയാകും.”

ആ ദിവസങ്ങളിൽ നിരവധിപ്പേർ ഇവർക്കുവേണ്ടി പ്രാർഥിച്ചു. ബഥനീ സന്യാസിനീസമൂഹം രാപ്പകൽ കണ്ണീരോടെ പ്രാർഥിച്ചതിന്റെ ഫലമാണ്‌ തങ്ങൾ ഇപ്പോൾ സുരക്ഷിതരായിരിക്കാൻ കാരണമെന്ന് ഇവർക്ക് ഉത്തമവിശ്വാസമുണ്ട്. അവിടെനിന്നും മോചിക്കപ്പെട്ടതിനുശേഷവും ഒരു ആവരണംപോലെ ആ പ്രാർഥനയുടെ ശക്തി ഈ സന്യാസിനിയുടെ കൂടെയുണ്ട്.

ചെട്ടിയാപറമ്പ് ഇടവകാംഗമായ സി. സുരഭിലയുടെ വീട്ടിൽ അമ്മച്ചിയും സഹോദരനും കുടുംബവുമാണുള്ളത്. നാലു സഹോദരിമാരും ഒരു സഹോദരനുമാണ് സിസ്റ്ററിനുള്ളത്. പിതാവ് നേരത്തെ മരിച്ചുപോയി. മൂത്തചേച്ചി സി. അമൃത, ബഥനി സന്യാസിനീസമൂഹത്തിൽ തന്നെ സിസ്റ്ററാആണ്.

ഒരു മിഷനറിയാകാൻ കൊതിച്ച സന്യസിനിയാണ് സി. സുരഭില. സീറോമലബാർ സഭയിൽപെട്ട സിസ്റ്റർ, ബത്തേരിയിൽ കേളകത്ത് മലങ്കരപ്പള്ളിയിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ കൂടാൻ പോയി. ആ ശുശ്രൂഷയിൽ പങ്കെടുത്തതിനുശേഷമാണ് മലങ്കര റീത്തിലേക്ക് ആകർഷണം തോന്നിയത്. അങ്ങനെയാണ് പിന്നീട് മലങ്കര റീത്തിൽപെട്ട ബഥനി സന്യാസിനീസമൂഹത്തിൽ ചേരുന്നത്.

സന്യാസിനിയായശേഷം ബാംഗ്ലൂരിലാണ് നേഴിസിങ് പഠനം പൂർത്തിയാക്കിയത്. അതിനുശേഷം ജർമ്മനിയിൽ ശുശ്രൂഷ ചെയ്തു. പിന്നീടാണ്‌ ‘എത്യോപ്യ മിഷനിൽ പോകാമോ’ എന്ന് മദർ ജനറൽ ചോദിച്ചത്. മിഷനറിയാകാൻ ആഗ്രഹിച്ച സിസ്റ്റർ അങ്ങനെ എത്യോപ്യയിലെത്തി. എത്യോപ്യയിലെ ഒരു കുഗ്രാമത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. വൈദ്യുതിയില്ല, ഫോണില്ല, വെള്ളമില്ല. മണ്ണെണ്ണവിളക്കിന്റെ സഹായത്തോടെയാണ് ക്ലിനിക്കിൽ ജോലിചെയ്തുകൊണ്ടിരുന്നത്.

വീട്ടിൽ തന്നെ പ്രസവമെടുക്കുന്ന ഒരു രീതിയാണ്‌ ഇവിടെ ഉണ്ടായിരുന്നത്. ചിലപ്പോൾ സംഗതി ആകെ വഷളാകും. വളരെ ഗുരുതരമായ അവസ്ഥയിലായിരിക്കും സ്ത്രീകളെ പ്രസവത്തിനായി ക്ലിനിക്കിലേക്ക് കൊണ്ടുവരുന്നത്. അനക്കമില്ലാതെ പിറക്കുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക്  ശ്വാസം ഊതിയൂതി ജീവനിലേക്ക് മടക്കിക്കൊണ്ടുവന്ന നിരവധി സംഭവങ്ങളുണ്ട് ഈ സന്യാസിനിക്ക് പറയാൻ. അപ്പോഴൊക്കെ ഈ കുഞ്ഞിനെ ജീവിപ്പിക്കണം എന്നുപറഞ്ഞ് പ്രാർഥിക്കും. ദൈവം അത്ഭുതം പ്രവർത്തിക്കും അത്രതന്നെ. സിസ്റ്റർ പറഞ്ഞുനിർത്തി

ഒത്തിരിപ്പേർ ഞങ്ങളിലൂടെ ജീവനിലേക്ക് കടന്നുവന്നിട്ടുണ്ട്. ടോർച്ചിന്റെ വെളിച്ചത്തിൽവരെ  ഞങ്ങൾ ഓപ്പറേഷൻ, മുറിവുകൾക്ക് സ്റ്റിച്ചിടൽ ഇവയൊക്കെ നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ യാതൊരുവിധ അപകടവും കൂടാതെ ദൈവം സംരക്ഷണം നൽകി. ഈ പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിലും ഒരു മിഷനറി ആയിരിക്കുന്നതിലെ ജീവിതസാഫല്യം ഇവിടെനിന്നും അനുഭവിക്കാൻ സാധിച്ചിട്ടുണ്ട് എന്ന് സിസ്റ്റർ അഭിമാനത്തോടെ പറയുന്നു. ഈ വലിയ മിഷനറിക്ക് ലൈഫ് ഡേ യുടെ പ്രാർഥനകളും ആശംസകളും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.