പുരോഹിതനില്ലാതെ 62 വർഷമായി വിശ്വാസം കാത്തുസൂക്ഷിച്ച് ഒരു സൈബീരിയൻ നഗരം

കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ ഒരു പുരോഹിതനില്ലാതെ ആറ് പതിറ്റാണ്ടുകൾ ചെലവഴിച്ചിട്ടും വിശ്വാസം നിലനിർത്തി സൈബീരിയയിലെ വെർഷിന എന്ന ചെറുനഗരം. പോളിഷ് കുടിയേറ്റക്കാരുടെ പിൻഗാമികൾ തിങ്ങിപ്പാർക്കുന്ന നഗരമാണ് വെർഷിന. മലകളാൽ ചുറ്റപ്പെട്ട ഒരു ചെറിയ താഴ്‌വരയിലാണ് ഫലഭൂയിഷ്ഠമായ മണ്ണുള്ള വെർഷിന നഗരം സ്ഥിതിചെയ്യുന്നത്. അവിടേക്ക് എത്തിച്ചേരാൻ കുണ്ടുംകുഴിയും നിറഞ്ഞ ഒരു റോഡ് മാത്രമേയുള്ളൂ. ശീതകാലം വളരെ തണുപ്പാണ്. -48 ° F വരെ താപനില താഴുന്നു. മുഴുവൻ ഗ്രാമത്തിലും മൊബൈൽ കവറേജുള്ള ഒരു സ്ഥലമേ ഉള്ളൂ, അത് സെമിത്തേരിയാണ്. ഇൻ്റർനെറ്റ് ഇല്ല. സാഹചര്യങ്ങൾ വളരെ കഠിനമാണെങ്കിലും പതിയെ പതിയെ അവ ജീവിതത്തിലേക്ക് ഇഴകിച്ചേരുന്ന അവസ്ഥ.

ചരിത്രം

ഇർകുട്‌സ്കിൽ നിന്ന് 87 മൈൽ അകലെയുള്ള ഈ ചെറുനഗരം, 1910-ൽ അവിടെ കുടിയേറിയ പോളിഷ് കുടിയേറ്റക്കാരാണ് സ്ഥാപിച്ചത്. വെർഷിനയിൽ ഒരു പോളിഷ് ഇടവകയും ഉണ്ട്. 1915-ൽ പോളിഷ് കുടിയേറ്റക്കാർ പണികഴിപ്പിച്ചതാണ് സെൻ്റ് സ്റ്റാനിസ്ലാസ് പള്ളി. 1928-ലോ 1929-ലോ കമ്മ്യൂണിസ്റ്റ് അധികാരികൾ ഇത് പൊളിക്കാൻ തീരുമാനിക്കുന്നത് വരെ ഇത് പ്രവർത്തിച്ചിരുന്നു. എന്നാൽ, നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഈ ഉദ്ദേശം ഉപേക്ഷിച്ചെങ്കിലും ഒടുവിൽ ബോൾഷെവിക്കുകൾ പള്ളി അടച്ചുപൂട്ടുകയും അതിൻ്റെ ഉൾവശം നശിപ്പിക്കുകയും ചെയ്തു.

എന്നിരുന്നാലും, വെർഷിന നിവാസികൾക്കിടയിൽ വിശ്വാസം അതിജീവിച്ചു. കുടുംബങ്ങൾക്കുള്ളിൽ രഹസ്യമായി നിലനിർത്തിയ വിശ്വാസവും പ്രാർത്ഥനയും അവരെ വിശ്വാസത്തിൽ വളർത്തി. 62 വർഷമായി അവിടെ വിശുദ്ധ കുർബാന നടത്തിയിരുന്നില്ല. അക്കാലത്ത്, അവിടെയുള്ള താമസക്കാരിൽ ഒരാളായ മഗ്ദലീന മൈക്ക എന്നയാൾ നഗരത്തിലെ കുട്ടികളെ സ്നാനപ്പെടുത്തി. പ്രാർത്ഥനയും വിശ്വാസപ്രഘോഷണവും എല്ലാം തന്നെ അവരവരുടെ ഭവനങ്ങളിൽ നടത്തി. അങ്ങനെ അവരുടെ പൂർവ്വികരുടെ പോളിഷ് ഭാഷയും പ്രാദേശിക ഭക്തിയും സംരക്ഷിക്കപ്പെട്ടു.

ഇക്കാലയളവിൽ ഈസ്റ്റർ ഒഴികെയുള്ള എല്ലാ കത്തോലിക്കാ അവധി ദിനങ്ങൾ നിലനിർത്താനും അവർ ശ്രമിച്ചിരുന്നു. പോളണ്ടുമായി യാതൊരു ബന്ധവുമില്ലാതിരുന്നതിനാൽ അവർക്ക് കലണ്ടറുകൾ ഇല്ലായിരുന്നു. പുനരുത്ഥാന ഞായറാഴ്ച എപ്പോഴാണെന്ന് അറിയാത്തതുകൊണ്ടാണ് ഈസ്റ്റർ അവധി ഒഴിവാക്കാൻ കാരണം.

ആരാധനാക്രമത്തിൻ്റെ പുനരുജ്ജീവനം

റഷ്യയിലെ കമ്മ്യൂണിസത്തിൻ്റെ പതനത്തിനുശേഷമാണ് വെർഷിനയിൽ ഇടവക ജീവിതം തിരികെവന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ഈ ഗ്രാമം വീണ്ടും സന്ദർശിച്ച ആദ്യത്തെ വൈദികൻ സോവിയറ്റ് യൂണിയനിലെ പോൾസിലെ അന്നത്തെ വൈദികനും പിന്നീട് ബിഷപ്പുമായ ഫാ. ഫാദേയൂസ് പിക്കസ് ആയിരുന്നു. 1990-ൽ അദ്ദേഹം വെർഷിൻ സ്കൂൾ കെട്ടിടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഗ്രാമത്തിലെ പഴയ പള്ളി കെട്ടിടത്തിൽ പോളിഷ്-ബുറിയാത്ത് മ്യൂസിയം നിർമ്മിക്കാനുള്ള സർക്കാർ പദ്ധതിക്ക് പകരം കെട്ടിടം വിശ്വാസികൾക്ക് തിരികെ നൽകാനും അതിൻ്റെ വിശുദ്ധ സ്വഭാവം നിലനിർത്താനും അദ്ദേഹം പ്രാദേശിക അധികാരികളുമായി ചർച്ച നടത്തുകയും ചെയ്തു.

അന്നവിടെ നടന്ന വിശുദ്ധ കുർബാനയിൽ ധാരാളം ആളുകൾ പങ്കെടുത്തു. മുതിർന്നവരായ പലരും അന്നാദ്യമായായിരുന്നു ഒരു വൈദികനെ നേരിൽ കാണുന്നത്. ഗ്രാമത്തിലെ പള്ളി പൂട്ടിയ ശേഷം ജനിച്ചവർ എല്ലാവർക്കും 60 വയസ്സ് കഴിഞ്ഞിരുന്നു. അന്ന് അവരുടെ ജീവിതത്തിൽ ആദ്യമായായിരുന്നു അവർ ഒരു വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും. രണ്ടു വർഷത്തിനു ശേഷം, 1992 ഡിസംബർ 19-ന്, ദേവാലയം പുനഃസ്ഥാപിക്കുകയും ആദ്യത്തെ കുർബാന നടത്തുകയും ചെയ്തു.

പോളണ്ടിൻ്റെ 32 മടങ്ങ് വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ രൂപതയിലാണ് വെർഷിന സ്ഥിതി ചെയ്യുന്നത്. ഇത് ഉൾപ്പെടുന്ന ഇർകുട്‌സ്കിൽ രൂപതയിലെ മറ്റ് ഇടവകകൾ 1,200 മൈൽ അകലെയാണ്.

നിലവിൽ അഞ്ഞൂറിലധികം പേർ വെർഷിനയിൽ താമസിക്കുന്നുണ്ട്. അവരിൽ ഏറ്റവും ഇളയവർ പോളിഷ് കുടിയേറ്റക്കാരുടെ പിൻഗാമികളുടെ ആറാം തലമുറയാണ്. വെർഷിന നിവാസികളിൽ ദൈവഭക്തി ഉണ്ടെങ്കിലും ദേവാലയത്തിൽ പോകുന്നത് അവരുടെ ശീലങ്ങളിൽ ഇല്ല. അതിനാൽ തന്നെ വിശുദ്ധ കുർബാനയിലെ പങ്കാളിത്തവും കുറവാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.