
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെന്നു അവരുടെ കണ്ണീരൊപ്പിയ അനേകം വിശുദ്ധരെ നമുക്കറിയാം. അത്തരത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ, സമൂഹം ഏറ്റവും വെറുപ്പോടെയും മാറ്റിനിർത്തലോടെയും നോക്കിക്കണ്ട ലൈംഗികത്തൊഴിലാളികളെ, പ്രത്യേകിച്ച് രോഗബാധിതരായ സ്ത്രീകളെ, ചേർത്തുപിടിച്ച ഒരു വിശുദ്ധ ഉണ്ട്. വി. മരിയ മിഖായേല! സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ചു വളരുകയും പിന്നീട് പാവങ്ങൾക്കായി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും ചെയ്ത ഈ വിശുദ്ധയുടെ ജീവിതം അറിയാം.
കൊട്ടാരസുഖങ്ങളിൽ നിന്ന് തെരുവിലേക്ക്
1809-ൽ സ്‌പെയിനിലെ മാഡ്രിഡിൽ ഒരു പ്രഭു കുടുംബത്തിലായിരുന്നു മരിയ മിഖായേലയുടെ ജനനം. സർവ ഐശ്വര്യങ്ങളും സൗകര്യങ്ങളും നിറഞ്ഞ കൊട്ടാരതുല്യമായ സാഹചര്യങ്ങളിൽ വളർന്ന വ്യക്തിയായിരുന്നു മരിയ. എന്നാൽ അപ്രതീക്ഷിതമായി സംഭവിച്ച അച്ഛന്റെയും സഹോദരന്റെയും മരണവും സഹോദരിയുടെ അസുഖവും ജീവിതത്തെ കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കുവാൻ ആ പെൺകുട്ടിയെ പ്രേരിപ്പിച്ചു. പിന്നീട് ജീവിതത്തിൽ താങ്ങും തണലുമായി അമ്മ കൂടെ നിന്നു. മക്കളുടെ വിദ്യാഭ്യാസത്തിനൊപ്പം അവരെ ആത്മീയ കാര്യങ്ങളിൽ ശക്തിപ്പെടുത്തുന്നതിനും ആ അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യവ്വനത്തിലേയ്ക്ക് കടന്നപ്പോൾ അമ്മ മകൾക്കായി ഒരു വരനെ കണ്ടെത്തുകയും ചെയ്‌തു.
മൂന്ന് വർഷത്തോളം ഇരുവരുടെയും വിവാഹനിശ്ചയം നീണ്ടുനിൽക്കുകയും, അവർ തമ്മിൽ വളരെ ആഴത്തിലുള്ള സ്നേഹബന്ധം ഉടലെടുക്കുകയും ചെയ്തു. എന്നാൽ, നിശ്ചയിക്കപ്പെട്ട യുവാവിന്റെ കുടുംബത്തിലുണ്ടായ സാമ്പത്തിക തകർച്ചയെ തുടർന്ന് അവർ ഈ വിവാഹബന്ധത്തിൽ നിന്ന് പിന്മാറി. വൈകാതെ തന്നെ അമ്മയും സഹോദരിയും മരണപ്പെടുകയും ചെയ്തതോടെ മരിയ മിഖായേലയുടെ ജീവിതം സങ്കടകരമായ സാഹചര്യത്തിലൂടെ കടന്നു പോയി.
വിളി തിരിച്ചറിയുന്നു
മാഡ്രിഡിലെ ഒരു പ്രധാന ആശുപത്രി സന്ദർശിക്കുന്നതിനിടയിലാണ് മരിയയുടെ ജീവിതം മാറിമറിയുന്നത്. അവിടെ കടുത്ത രോഗബാധയേറ്റ്, ആരുമില്ലാതെ, സമൂഹത്താൽ ഉപേക്ഷിക്കപ്പെട്ട് വേദന തിന്നുന്ന ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെ അവർ കണ്ടു. പലരും ക്രൂരമായ ചൂഷണങ്ങൾക്ക് ഇരയായി ഒടുവിൽ രോഗികളാക്കപ്പെട്ട് തെരുവിലേക്ക് തള്ളപ്പെട്ടവരായിരുന്നു. മറ്റുള്ളവർ കണ്ണടച്ചുപോയ ആ കാഴ്ച്ച മരിയയുടെ ഹൃദയത്തെ പിടിച്ചുലച്ചു. തുടർന്ന്, ഇത്തരം സ്ത്രീകളെ പുനരധിവസിപ്പിക്കാനും, അവർക്ക് വൈദ്യസഹായവും ആത്മാഭിമാനവും നൽകി പൊതുസമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുമായി അവർ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.
1856-ൽ അവർ ‘ഹാൻഡ്മെയ്ഡ്സ് ഓഫ് ദി ബ്ലെസ്സ്ഡ് സാക്രമെന്റ് ആൻഡ് ഓഫ് ചാരിറ്റി’ (Handmaids of the Blessed Sacrament and of Charity – Adoratrices) എന്ന സന്യാസിനി സമൂഹം ആരംഭിച്ചു. ലൈംഗികത്തൊഴിലിൽ നിന്നും ചൂഷണങ്ങളിൽ നിന്നും രക്ഷപെട്ടുവരുന്ന സ്ത്രീകൾക്ക് മരിയ താമസവും ഭക്ഷണവും സുരക്ഷിതത്വവും നൽകി. കേവലം കാരുണ്യം നൽകുന്നതിനപ്പുറം, ആത്മാഭിമാനത്തോടെ ജീവിക്കാൻ അവരെ തയ്യൽ, ചിത്രകല തുടങ്ങി വിവിധ തൊഴിലുകൾ പഠിപ്പിച്ചു. പകർച്ചവ്യാധികൾ ബാധിച്ച സ്ത്രീകളെ സ്വന്തം കൈകൾ കൊണ്ട് പരിചരിക്കാനും അവരുടെ മുറിവുകൾ വച്ചുകെട്ടാനും മരിയ യാതൊരു മടിയും കാണിച്ചില്ല.
മരണം വരെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പം
സ്വന്തം സുഖസൗകര്യങ്ങളും പദവികളും ഉപേക്ഷിച്ച് പാവപ്പെട്ട പെൺകുട്ടികളുടെയും രോഗികളുടെയും കണ്ണീരൊപ്പാൻ ജീവിതം മാറ്റിവെച്ച മരിയ മിഖായേലയെ തേടി ഒടുവിൽ മരണമെത്തിയത് കോളറയുടെ രൂപത്തിലായിരുന്നു. 1865-ൽ വലെൻസിയയിൽ കോളറ പടർന്നുപിടിച്ചപ്പോൾ, രോഗബാധിതരായ സ്ത്രീകളെയും മനുഷ്യരെയും പരിചരിക്കുന്നതിനിടെ മരിയയ്ക്കും കോളറ ബാധിച്ചു. ആ വർഷം ഓഗസ്റ്റ് 24-ന് അവർ ഈ ലോകത്തോട് വിടപറഞ്ഞു.
1934-ൽ പയസ് പതിനൊന്നാമൻ മാർപാപ്പ മരിയ മിഖായേലയെ വിശുദ്ധയായി പ്രഖ്യാപിച്ചു. പാവപ്പെട്ടവരുടെയും, അനാഥരുടെയും, പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെയും മധ്യസ്ഥയായി ഇന്ന് വിശുദ്ധ മരിയ മിഖായേല വണങ്ങപ്പെടുന്നു. മറ്റുള്ളവർ പാപികളെന്നും അശുദ്ധരെന്നും വിളിച്ച് അകറ്റിനിർത്തിയവരെ ദൈവത്തിന്റെ മക്കളായി കണ്ട് ചേർത്തുപിടിച്ചതാണ് വിശുദ്ധ മരിയ മിഖായേലയുടെ ജീവിതത്തെ വേറിട്ടതാക്കുന്നത്.




