എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ എട്ട് ഉദ്ധരണികൾ

എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ, മാർപാപ്പ സ്ഥാനത്ത് കുറഞ്ഞ കാലയളവ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കത്തോലിക്കാ സഭയിൽ അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ അഗാധമായ വാക്കുകൾ തത്വചിന്തയെയും ദൈവശാസ്ത്രത്തെയും സഭയുടെയും ലോകത്തിന്റെയും ജീവിതത്തെ തന്നെയും രൂപപ്പെടുത്തുന്നു. എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദർശനം നിർണ്ണായകമായ വെല്ലുവിളികളെ അതിജീവിക്കാൻ സഭയെ സഹായിക്കും. അദ്ദേഹത്തിന്റെ പങ്കുവച്ച പ്രധാനപ്പെട്ട ചില ഉൾക്കാഴ്ചകൾ ഇതാ…

1. ആളുകൾക്ക് ശരിക്കും എന്താണ് വേണ്ടതെന്ന് മനസിലാക്കുക

“ക്രിസ്തുവിന്റെ കണ്ണുകളാൽ കാണുമ്പോൾ, മറ്റുള്ളവർക്ക് അവരുടെ ബാഹ്യമായ ആവശ്യങ്ങളേക്കാൾ കൂടുതൽ നൽകാൻ കഴിയും; അവർ ആഗ്രഹിക്കുന്ന സ്നേഹത്തിന്റെ ഭാവം അവർക്ക് നൽകാൻ കഴിയും.”

2. ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പ്രതീക്ഷയോടെ ജീവിക്കുക

“നിങ്ങൾ ദൈവഹിതം പിന്തുടരുകയാണെങ്കിൽ, നിങ്ങൾക്ക് സംഭവിക്കുന്ന എല്ലാ ഭയാനകമായ കാര്യങ്ങളിലും നിങ്ങൾക്ക് ഒരിക്കലും അന്തിമ അഭയം നഷ്ടപ്പെടില്ലെന്ന് നിങ്ങൾക്കറിയാം. ലോകത്തിന്റെ അടിസ്ഥാനം സ്നേഹമാണെന്ന് നിങ്ങൾക്കറിയാം. അതിനാൽ ഒരു മനുഷ്യനും നിങ്ങളെ സഹായിക്കുകയോ, സഹായം ചെയ്യാതിരിക്കുകയോ ചെയ്താലും നിങ്ങളെ സ്നേഹിക്കുന്നവനിൽ ആശ്രയിച്ചുകൊണ്ട് നിങ്ങൾക്ക് മുന്നോട്ട് പോകാം.”

3. ക്രൈസ്തവ വിശ്വാസത്തിൽ സ്ത്രീകളുടെ പങ്ക്

“ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രസ്ഥാനത്തു തന്നെ മറിയം എന്ന സ്ത്രീയുടെ ഭാഗധേയത്വം ഉണ്ട്. അത് ദൈവശാസ്ത്രപരമായും നരവംശ ശാസ്ത്രപരമായും പ്രധാനപ്പെട്ട ഒന്നാണ്. മറിയത്തിലൂടെയും മറ്റ് വിശുദ്ധ സ്ത്രീകളിലൂടെയും സ്ത്രീകളുടെ പ്രാതിനിധ്യം ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയത്തിൽ തന്നെ നിലകൊള്ളുന്നു.

4. തിന്മയോട് പ്രത്യാശയോടും വിശ്വാസത്തോടും കൂടി പ്രതികരിക്കുക

“ക്രിസ്തീയപ്രത്യാശ ഉണ്ടായിരിക്കുക എന്നതിനർത്ഥം, തിന്മയെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആത്മവിശ്വാസത്തോടെ ഭാവിയെ അഭിമുഖീകരിക്കുക എന്നതാണ്. വിശ്വാസത്തിന്റെ കാതൽ അധിഷ്ഠിതമായിരിക്കുന്നത് ദൈവത്താൽ സ്നേഹിക്കപ്പെടുന്നതിനെ അംഗീകരിക്കുന്നതിലാണ്. അതിനാൽ വിശ്വസിക്കുക എന്നത് ദൈവത്തോടു മാത്രമല്ല, അവിടുത്തെ സൃഷ്ടികളോടും മനുഷ്യവംശം മുഴുവനോടും ഉണ്ടായിരിക്കണം. ഓരോ വ്യക്തിയിലും ദൈവത്തിന്റെ പ്രതിച്ഛായ കാണാൻ ശ്രമിക്കുക.”

5. ഒന്നും പിടിച്ചുവയ്ക്കാതെ നമ്മുടെ ജീവിതം ദൈവത്തിനു സമർപ്പിക്കുക

“നമ്മുടെ ജീവിതത്തിലേക്ക് ക്രിസ്തുവിനെ പൂർണ്ണമായി പ്രവേശിക്കാൻ നാം അനുവദിച്ചാൽ, നാം അവനോട് പൂർണ്ണമായി തുറന്നാൽ, അവൻ നമ്മിൽ നിന്ന് എന്തെങ്കിലും എടുത്തുകളയുമെന്ന് നാം ഭയപ്പെടുന്നില്ലേ? ജീവിതത്തെ മനോഹരമാക്കുന്ന കാര്യമായ, അതുല്യമായ എന്തെങ്കിലും ഉപേക്ഷിക്കാൻ നാം ഭയപ്പെടുന്നില്ലേ? ഇല്ല! നാം ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ ഇടപെടാൻ അനുവദിച്ചാൽ, നമുക്ക് ഒന്നും നഷ്ടപ്പെടുന്നില്ല. ക്രിസ്തുവുമായുള്ള ഈ സൗഹൃദത്തിൽ മാത്രമാണ് ജീവിതത്തിന്റെ വാതിലുകൾ വിശാലമായി തുറക്കപ്പെടുന്നത്. ഈ സൗഹൃദത്തിൽ മാത്രമാണ് മനുഷ്യന്റെ അസ്തിത്വത്തിന്റെ മഹത്തായ സാധ്യതകൾ യഥാർത്ഥത്തിൽ വെളിപ്പെടുന്നത്. ഈ സൗഹൃദത്തിൽ മാത്രമേ സൗന്ദര്യവും മോചനവും നാം അനുഭവിക്കുന്നുള്ളൂ. പ്രിയ യുവജനങ്ങളെ, ഞാൻ നിങ്ങളോട് പറയുന്നു: ക്രിസ്തുവിനെ ഭയപ്പെടരുത്! അവൻ ഒന്നും എടുക്കുന്നില്ല, അവൻ നിങ്ങൾക്ക് എല്ലാം നൽകുന്നു. നാം അവനു നമ്മെത്തന്നെ സമർപ്പിക്കുമ്പോൾ, നമുക്ക് നൂറിരട്ടി പ്രതിഫലം ലഭിക്കും.”

6. യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശം

“എല്ലാ ക്രൈസ്തവ വിദ്യാഭ്യാസത്തിന്റെയും ലക്ഷ്യം, വിശ്വാസിയെ പക്വമായ വിശ്വാസത്തിൽ പരിശീലിപ്പിക്കുക എന്നതാണ്. അത് അവനെ പ്രചോദിപ്പിക്കുന്ന ക്രിസ്തീയ പ്രത്യാശക്ക് ചുറ്റുപാടുകളിൽ സാക്ഷ്യം വഹിക്കാൻ കഴിവുള്ള ഒരു ‘പുതിയ സൃഷ്ടി’ ആക്കാൻ കഴിയും.”

7. ഉദാരമായും സന്തോഷത്തോടെയും പൂർണ്ണമായും സ്നേഹിക്കാനുള്ള ദൈവത്തിന്റെ ആഹ്വാനം

“എന്റെ പ്രിയ യുവസുഹൃത്തുക്കളേ, ‘സ്നേഹിക്കാൻ ധൈര്യം കാണിക്കാൻ’ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ശക്തവും മനോഹരവും നിങ്ങളുടെ അസ്തിത്വത്തെ മുഴുവൻ സന്തോഷകരമാക്കുന്ന ഒരു ദാനധർമ്മമാക്കാൻ കഴിവുള്ളതുമായ ഒരു സ്നേഹത്തിൽ കുറഞ്ഞതൊന്നും നിങ്ങളുടെ ജീവിതത്തിനായി ആഗ്രഹിക്കരുത്. വിദ്വേഷത്തെയും മരണത്തെയും സ്നേഹത്തിലൂടെ എന്നെന്നേക്കുമായി ഇല്ലാതാക്കിയവനെ അനുകരിച്ചുകൊണ്ട്, ദൈവത്തിനും നിങ്ങളുടെ സഹോദരങ്ങൾക്കുമുള്ള ഒരു ദാനമായി നിങ്ങളെത്തന്നെ നൽകുവിൻ.”

8. നമ്മുടെ ജീവിതത്തിലും വീടുകളിലും പള്ളികളിലും ആരാധനാക്രമത്തിലും ഉണ്ടാകേണ്ട സൗന്ദര്യത്തിന്റെ ആവശ്യകത 

“സൗന്ദര്യം കേവലം അലങ്കാരമല്ല, മറിച്ച് ആരാധനാക്രമത്തിന്റെ അനിവാര്യഘടകമാണ്. കാരണം അത് ദൈവത്തിന്റെയും അവന്റെ വെളിപാടിന്റെയും ഒരു ഗുണമാണ്. ആരാധനാക്രമം അതിന്റെ സഹജമായ മഹത്വത്തെ പ്രതിഫലിപ്പിക്കണമെങ്കിൽ അതിനാവശ്യമായ പരിചരണം നമ്മെ ബോധ്യപ്പെടുത്തണം.”

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.