പുരോഹിതശാസ്ത്രജ്ഞർ 1: സിൽവസ്റ്റർ രണ്ടാമൻ മാർപാപ്പ (946-1003)

‘ഇരുണ്ട യുഗ’ത്തിൽ ശാസ്ത്രീയ അറിവിന്റെ വെളിച്ചം പ്രസരിപ്പിച്ച മാർപാപ്പയാണ് സിൽവസ്റ്റർ രണ്ടാമൻ. ‘ശാസ്ത്രജ്ഞനായ മാർപാപ്പ’ എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ നിരവധിയാണ്. ഇന്നത്തെ കാൽക്കുലേറ്ററിന്റെ മുൻഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന ചരിത്രത്തിലെ ആദ്യത്തെ ഗണനയന്ത്രം (abacus) കണ്ടുപിടിച്ചതും, പ്രാചീന ചൈനക്കാരും ഇന്ത്യക്കാരും പിന്നീട് അറബികളും ഉപയോഗിച്ചിരുന്ന ആർമിലറി ഗോളം (ഗോളയന്ത്രം) യൂറോപ്പിൽ പ്രചരിപ്പിച്ചതും സിൽവസ്റ്റർ രണ്ടാമനാണ്. ആശ്രമത്തിലെ പ്രാർത്ഥനക്ക് എല്ലാവരെയും കൃത്യസമയത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം രൂപകൽപന ചെയ്ത ആദ്യത്തെ യന്ത്രഘടികാരം (mechanical clock) പിന്നീടുള്ള തലമുറക്ക് വലിയ പ്രയോജനം ചെയ്തു.

എ.ഡി. 946 -ൽ ഫ്രാൻസിലെ ബെല്ലിയാക്ക് പട്ടണത്തിലാണ് സിൽവസ്റ്റർ രണ്ടാമന്റെ ജനനം. ജേർബെർട്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മാമ്മോദീസാപ്പേര്. പതിനേഴാമത്തെ വയസിൽ അവ്റിലാക്കിലെ വി. ജെറാൾഡിന്റെ നാമത്തിലുള്ള ബെനഡിക്ടീൻ ആശ്രമത്തിൽ ചേർന്നു. ഇക്കാലത്ത് ഈ ആശ്രമം സന്ദർശിച്ച ബാഴ്സിലോണയിലെ ബോറൽ രണ്ടാമൻ പ്രഭു ജേർബെർട്ടിനെ ആശ്രമാധിപന്റെ അഭ്യർത്ഥനപ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി സ്പെയിനിലേക്ക് കൂട്ടിക്കൊണ്ടു പോയി.

സ്പെയിനിനെ കീഴടക്കി അവിടെ ഭരണം നടത്തിയിരുന്ന മുസ്ലിങ്ങളുടെ അറബിഭാഷ ജേർബെർട്ട് വളരെ വേഗം പഠിച്ചെടുത്തു. ഇവിടെ ആയിരിക്കുമ്പോൾ ഗണിതശാസ്ത്രം, ജ്യോതിശാസ്‌ത്രം എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തുകയും ചെയ്തു. സ്പെയിനിലെ ആന്തലൂസിയ പ്രദേശത്തുള്ള സർവ്വകലാശാലയിലെ അനേകായിരം അമൂല്യഗ്രന്ഥങ്ങളുടെ ശേഖരം തന്റെ ഗവേഷണത്തിനായി ജേർബെർട്ട് ഉപയോഗിച്ചു. ഇക്കാലയളവിൽ ഇന്ത്യൻ-അറബിക്ക് അക്കങ്ങളെക്കുറിച്ചു പഠിക്കുകയും മറ്റുള്ളവരെ അമ്പരപ്പിക്കുന്ന വേഗത്തിൽ കണക്കുകൾ കൂട്ടി പറയാനുള്ള അത്ഭുതകരമായ കഴിവ് നേടുകയും ചെയ്തു. ഇവിടെ നിന്ന് നേടിയെടുത്ത ജ്ഞാനം പിന്നീട് മാർപാപ്പ ആയതിനു ശേഷം റോമൻ അക്കങ്ങൾക്കു (I,II,III) പകരം ഇന്ത്യൻ-അറബിക്ക് അക്കങ്ങൾ (1,2,3) യൂറോപ്പിൽ അദ്ദേഹം പ്രചരിപ്പിക്കുന്നതിന് പ്രേരകമായി.

ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ജേർബെർട്ട്, മാർപാപ്പാസ്ഥാനത്ത് എത്തിയത് അദ്ദേഹത്തിന്റെ അറിവിന്റെയും കഴിവിന്റെയും വെളിച്ചത്തിലായിരുന്നു. ലത്തീൻ പഠനത്തിനായി ആശ്രമത്തിൽ ചേർന്ന അദ്ദേഹം സിസറോ, വെർജിൽ തുടങ്ങിയ എഴുത്തുകാരുടെ രചനകളെ വളരെ വേഗം ഹൃദിസ്ഥമാക്കി. ക്രിസ്തുവർഷം 999 ഏപ്രിൽ രണ്ടു മുതൽ 1003 മെയ് 12 വരെയുള്ള കാലയളവിൽ മാർപാപ്പ ആയപ്പോൾ ചരിത്രത്തിലെ ആദ്യ ഫ്രഞ്ചുകാരനായ മാർപാപ്പയായി. റൈമ്സിലെയും റെവെന്നായിലെയും ആർച്ചുബിഷപ്പ് ആയതിനു ശേഷമാണ് അദ്ദേഹം മാർപാപ്പ സ്ഥാനത്തേക്കു വരുന്നത്. ഗണിതശാസ്ത്രം, സാഹിത്യം, സംഗീതം, തത്വശാസ്ത്രം, തർക്കശാസ്ത്രം എന്നിവയിലെല്ലാം അഗാധമായ പാണ്ഡിത്യം അദ്ദേഹം നേടിയിരുന്നു. മാർപാപ്പ ആയതിനു ശേഷവും അതിനു മുൻപും അദ്ദേഹം എഴുതിയ പല പുസ്തകങ്ങളും ഇന്നും ലഭ്യമാണ്. അനേകം ശാസ്ത്രീയ അറിവുകൾ ജേർബെർട്ട് സ്വായത്തമാക്കിയത് ഉൾക്കൊള്ളാൻ സാധിക്കാത്തവർ അദ്ദേഹം ഒരു ജാലവിദ്യക്കാരനായിരുന്നു എന്ന് കള്ളക്കഥ പ്രചരിപ്പിച്ചു.

ഓട്ടോ ചക്രവർത്തിയുമായി നല്ല ബന്ധം സ്ഥാപിക്കുകയും പോളണ്ടിലെയും ഹംഗറിയിലെയും സഭയെ ശക്തിപ്പെടുത്തുന്നതിന് മാർപാപ്പ ശ്രമിക്കുകയും ചെയ്തു. അതിനുള്ള പ്രതിനന്ദിയായി അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ആയിരം വർഷങ്ങൾക്കു ശേഷം 1938 -ൽ ഹംഗറിയും 1964 -ൽ ഫ്രാൻസും അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പുകൾ ഇറക്കി.

എ.ഡി. 1003 മെയ് 12 -ന് കാലം ചെയ്ത സിൽവസ്റ്റർ രണ്ടാമൻ മാർപാപ്പയെ ലാറ്ററൻ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്. സിൽവസ്റ്റർ രണ്ടാമൻ, മാർപാപ്പ ആയതിന്റെ സഹസ്രാബ്ദ ആഘോഷവേളയിൽ, വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പറഞ്ഞു: “തന്റെ ആത്മാവിന്റെ തുറവിയാലും വിശാലമനസ്കതയാലും ജേർബെർട്ട് തന്റെ വിജ്ഞാനവും ധാർമ്മികതയും ആത്മീയസുകൃതങ്ങളും മനുഷ്യകുലത്തിനും സഭക്കുമായി പകർന്നുനൽകി. മാനുഷികബുദ്ധി സൃഷ്ടാവിന്റെ വലിയ ദാനമാണെന്ന് നമ്മെ അനുസ്മരിപ്പിക്കുന്നതോടൊപ്പം അത് ഉത്തരവാദിത്വത്തോടെ ഓരോ ദിനവും മറ്റുള്ളവരെ സേവിക്കുന്നതിനായി ഉപയോഗിച്ചുകൊണ്ട് നമ്മുടെ ശരിയായ ദൈവവിളി കണ്ടെത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.” വിശ്വാസവും ശാസ്ത്രവും പരസ്പരപൂരകങ്ങളും ദൈവത്തെ മഹത്വപ്പെടുത്താനും മനുഷ്യനന്മക്കുമുള്ള മാർഗ്ഗവുമാണെന്ന് സിൽവസ്റ്റർ രണ്ടാമൻ മാർപാപ്പ കാണിച്ചുതന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.