സൊമാലിയയിൽ രൂക്ഷമായ പട്ടിണിക്ക് സാധ്യതയെന്ന് റിപ്പോർട്ട്

എൽ നിനോ പ്രതിഭാസത്തെ തുടർന്നുണ്ടായേക്കാവുന്ന കനത്ത വെള്ളപ്പൊക്കവും ദുരിതാശ്വാസ നിധിയുടെ കുറവും കാരണം സൊമാലിയയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് അഭയാർഥികൾ ഈ വർഷം അവസാനത്തോടെ ഗുരുതരമായ പട്ടിണിയിലേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് ആഗോള ഭക്ഷ്യസുരക്ഷാ നിരീക്ഷണ സംഘടന മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയുടെ ഏജൻസികളും വിവിധ സംഘടനകളും ചേർന്ന് രൂപീകരിച്ച ഐപിസി (IPC – Integrated Food Security Phase Classification) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ആശങ്ക പങ്കുവച്ചിരിക്കുന്നത്.

സംഘർഷങ്ങളും പട്ടിണിയും മൂലം ലക്ഷക്കണക്കിന് ആളുകൾ അഭയം പ്രാപിച്ചിരിക്കുന്ന സൊമാലിയയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ബൈഡോവ (Baidoa). ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ബൈഡോവയിലെ നാടുകടത്തപ്പെട്ടതോ, അഭയം തേടിയതോ ആയ ജനങ്ങളിൽ അഞ്ച് ശതമാനത്തോളം പേർ ഗുരുതരമായ പട്ടിണിയും ഉപജീവന മാർഗങ്ങളുടെ തകർച്ചയും നേരിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതായത് ഏകദേശം 26,000 ആളുകൾ പട്ടിണിയിലാകും.

ആവർത്തിച്ചുള്ള വരൾച്ചയും സംഘർഷങ്ങളും മൂലം ഇതിനകം തന്നെ സൊമാലിയയിലെ അഞ്ച് ദലക്ഷത്തിലധികം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണ്. ഈ വർഷം അവസാനത്തോടെ ഇത് 5.4 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അടുത്ത വർഷം ജൂണോടെ ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള ഏകദേശം 19.2 ലക്ഷം കുട്ടികൾക്ക് കടുത്ത പോഷകാഹാരക്കുറവിന് ചികിത്സ ആവശ്യമായി വരും; ഇതിൽ 4.33 ലക്ഷം കേസുകൾ അതീവ ഗുരുതരമായിരിക്കും.

2011 ൽ സൊമാലിയയിൽ ഉണ്ടായ കടുത്ത പട്ടിണിയിൽ ഏകദേശം രണ്ടര ലക്ഷത്തോളം ആളുകൾ ജീവൻ വെടിഞ്ഞിരുന്നു. തുടർന്ന് 2017 ലും 2022 ലും രാജ്യം സമാനമായ പട്ടിണിയുടെ വക്കിലെത്തിയിരുന്നു. അന്താരാഷ്ട്രതലത്തിൽ നിന്ന് അടിയന്തര സഹായങ്ങൾ എത്തിയില്ലെങ്കിൽ രാജ്യം വലിയൊരു മാനുഷിക ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.