ദിവ്യകാരുണ്യശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര 

കത്തോലിക്കാ സഭ ആഗസ്റ്റ് മാസം പതിനൊന്നാം തീയതി അസ്സീസിയിലെ വി. ക്ലാരയുടെ തിരുനാൾ ആഘോഷിക്കുന്നു. അസ്സീസിയിലെ ഒരു കുലീനകുടുംബത്തിൽ 1193-ൽ വി. ക്ലാര ജനിച്ചു. അവൾ ജനിക്കുന്നതിനു മുമ്പേ, അവൾ ലോകത്തിൽ ദൈവത്തിന്റെ പ്രകാശമായിത്തീരും എന്ന ഒരു അടയാളം ക്ലാരയുടെ അമ്മയ്ക്കു ലഭിച്ചിരുന്നു. ചെറുപ്രായത്തിൽ തന്നെ ദൈവിക കാര്യങ്ങളോടുള്ള ഭക്തി, തീക്ഷ്ണമായ പ്രാർഥന, ദിവ്യകാരുണ്യഭക്തി, പാവങ്ങളോടുള്ള അനുകമ്പ ഇവയിൽ ക്ലാര മുൻപന്തിയിലായിരുന്നു.

ക്ലാരയ്ക്ക് പന്ത്രണ്ടുവയസ്സായിരിക്കെ ഒരു നോമ്പുകാലത്ത് വി. ഫ്രാൻസീസ് വഴിക്കവലയിൽ നിന്ന് പ്രസംഗിക്കുന്നത് അവൾ കേട്ടു. ദൈവത്തിനായി സമർപ്പിക്കാൻ അന്നവൾ സ്വയം തീരുമാനിച്ചു. പിറ്റേദിവസം രാത്രി വി. ഫ്രാൻസിസിനെയും അവന്റെ സഹോദരന്മാരെയും കാണാൻ അവർ താമസിച്ചിരുന്ന പള്ളിയിൽ ക്ലാര പോവുകയും ഫ്രാൻസിസിനെപ്പോലെ ക്രിസ്തുവിനെ അനുകരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഫ്രാൻസിസ് അവളെ സ്വീകരിക്കുകയും സഭാവസ്ത്രം നൽകുകയും ഒരു ബനഡിക്ടൻ മഠത്തിലേക്ക്  പറഞ്ഞുവിടുകയും ചെയ്തു. അധികം വൈകാതെ അവളുടെ ഇളയ സഹോദരി  ആഗ്നസും ക്ലാരയുടെ വഴി പിന്തുടർന്നു. വീട്ടുകാരിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായെങ്കിലും ഫ്രാൻസിസ്കൻ വഴിയിൽ നിന്ന് ആർക്കും അവളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ഇരുപത്തിരണ്ടാം വയസ്സിൽ ഫ്രാൻസിസ്, ക്ലാരയെ ആശ്രമത്തിന്റെ സുപ്പീരിയറാക്കി. മരണം വരെ 42 വർഷം അവൾ ആശ്രമശ്രേഷ്ഠയായിരുന്നു.

അക്കാലത്ത് വിപ്ലവകരമായ ജീവിതമാണ് ക്ലാരയും സഹോദരിമാരും നയിച്ചിരുന്നത്. പാദരക്ഷകളണിയാതെ, ഭിക്ഷ യാചിച്ച്, ചാക്കുവസ്ത്രം ധരിച്ച്, യാതൊന്നും സ്വന്തമക്കാതെ, ദൈവത്തിൽ മാത്രം ആശ്രയംവച്ചുള്ള ജീവിതം. ധാരാളം യുവതികൾ സർവതും ഉപേക്ഷിച്ച് ക്ലാരയുടെ ദരിദ്രകുപ്പായം അണിയാൻ സന്നദ്ധരായി. പാവപ്പെട്ട ക്ലാരമാർ എന്നറിയപ്പെട്ടിരുന്ന ക്ലാരസമൂഹം ഇറ്റലിയിൽ മുഴുവനും പിന്നീട് ലോകം മുഴുവനും വളർന്നു.

ക്ലാരയുടെ വിശുദ്ധിയും മാതൃകാജീവിതവും മാർപാപ്പയുടെ കാതുകളിലുമെത്തി. അതിനാലാണ് 1253-ൽ, അവളുടെ മരണക്കിടയിൽ നാലാം അലക്സാണ്ടർ പാപ്പാ നേരിട്ടുവരികയും അവൾക്ക് പാപമോചനം നൽകുകയും ചെയ്തത്. മരണദിവസം തന്നെ ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ തയാറായതാണ് മാർപാപ്പ. എന്നാല്‍, കർദിനാളുമാരുടെ ഉപദേശം മൂലം അത് രണ്ടുവർഷം താമസിച്ചു.

ക്ലാരയുടെ ജീവിതകാലത്തു സംഭവിച്ച പല അത്ഭുതങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ അവളുടെ ആശ്രമമായ സാൻ ഡാമിയാനോയും അസ്സീസി നഗരത്തെയും വിശുദ്ധ കുർബാനയാൽ രക്ഷിച്ച സംഭവം പ്രശസ്തമാണ്. തോമസോ ഡാ ചെലാനോ എഴുതിയ കന്യക വി. ക്ലാരയുടെ ചരിത്രം എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

രാജാവിന്റെ ഉത്തരവിനാൽ സറാസെൻ റെജിമെന്റസിലെ പടയാളികൾ സാൻ ഡാമിയാനോ (San Damiano) ആശ്രമവും അസ്സീസി നഗരവും വളഞ്ഞു. പട്ടണത്തെ പിടിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അസ്സീസി നഗരത്തിൽ നിലയുറപ്പിച്ച ശത്രുസൈന്യം നഗരകവാടം ആക്രമിക്കുകയും ക്ലാരയും സഹോദരിമാരും വസിച്ചിരുന്ന സാൻ ഡാമിയാനോ ആശ്രമത്തിലേക്ക് അതിക്രമിച്ചുകടക്കുകയും ചെയ്തു. കന്യകമാർ താമസിക്കുന്ന ആവൃതിയിലും അവർ പ്രവേശിച്ചു. ഭയചകിതരായ സഹസന്യാസിനികൾ അലറിക്കരഞ്ഞുകൊണ്ട് ആശ്രമാധിപയായ ക്ലാരയുടെ സമീപത്തെത്തി.

ധൈര്യശാലിയായ ക്ലാര ശത്രുക്കളുടെ മുമ്പിൽ അല്പംപോലും പതറാതെ വിശുദ്ധ കുർബാന അടക്കം ചെയ്തിരിക്കുന്ന പൂജ്യസക്രാരിക്കു മുമ്പിലെത്തി. വിശുദ്ധ കുർബാനയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ച അവൾ നിറകണ്ണുകളോടെ ഈശോയോട് ഇപ്രകാരം സംസാരിച്ചു: “എന്റെ നാഥാ, ഇതു കാണുക. എതിർക്കാൻ കഴിയാത്ത, ആരെയാണോ നിന്നോടുള്ള സ്നേഹത്തെപ്രതി ഞാൻ പഠിപ്പിച്ചത് ആ പാവപ്പെട്ട ഈ ദാസികളെ വിജാതിയരുടെ കൈകളിൽ ഏല്പിക്കുകയാണോ? എന്റെ നാഥാ, എനിക്കു തന്നെ രക്ഷിക്കാൻ സാധിക്കാത്ത നിന്റെ ഈ ദാസികളെ സംരക്ഷിക്കണമേ.”

പൊടുന്നനേ സക്രാരിയിൽ നിന്ന് ഒരു ശിശുവിൻ്റേതുപോലുള്ള ശബ്ദം അവളുടെ കാതുകളിൽ മന്ത്രിച്ചു. “ഞാൻ നിങ്ങളെ എപ്പോഴും സംരക്ഷിക്കും.”

“എന്റെ നാഥാ, നീ തിരുമനസ്സാകുന്നുവെങ്കിൽ നിന്റെ സ്നേഹത്താൽ നിലനിൽക്കുന്ന ഈ നഗരത്തെയും സംരക്ഷിക്കണമേ” – ക്ലാര ഈശോയോടു പറഞ്ഞു.

“നഗരം പലതരത്തിലുള്ള പ്രതിസന്ധികളിലുടെ കടന്നുപോകുന്നുവെങ്കിലും ഞാനതിനെ സംരക്ഷിക്കും” – ഈശോ മറുപടി നൽകി.

വിശുദ്ധ കുർബാനയുടെ മുമ്പിൽ നിന്നെണീറ്റ ക്ലാരയുടെ മുഖം കണ്ണീരിൽ കുതിർന്നെങ്കെലും സഹസന്യാസിനിമാരെ ആശ്വസിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു: “പ്രിയപുത്രിമാരേ, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു; നിങ്ങൾക്ക് ഒരിക്കലും തിന്മ വരുകയില്ല. യേശുവിൽ മാത്രം പ്രത്യാശയർപ്പിക്കുക.”

വിശുദ്ധ കുർബാനയുടെ മുമ്പിൽ നിന്നെണീറ്റ ക്ലാരയുടെ ധൈര്യം കണ്ട ശത്രുസൈന്യം അക്ഷരാർഥത്തിൽ വിറങ്ങലിച്ചു. ആരോടാണോ ക്ലാര പ്രാർഥിച്ചത്, ആ ജീവനുള്ള ശക്തിക്കുമുമ്പിൽ അവർ കീഴടങ്ങി.

വിശുദ്ധ കുർബാനയോടുള്ള ഭക്തി മരണംവരെ നിലനിർത്തിയ ക്ലാര മരണക്കിടയിൽ ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു: “ക്രിസ്തീയ ആത്മാവേ, ഭയം കൂടാതെ മുന്നോട്ടുപോവുക. കാരണം, നിന്റെ യാത്രയ്ക്ക് നല്ലൊരു വഴികാട്ടി നിനക്കുണ്ട്. ഭയം കൂടാതെ മുന്നോട്ടുപോവുക. നിന്നെ സൃഷ്ടിച്ചവൻ നിന്നെ വിശുദ്ധീകരിക്കുകയും എപ്പോഴും നിന്നെ സംരക്ഷിക്കുകയും അമ്മയെപ്പോലെ നിന്നെ സ്നേഹിക്കുകയും ചെയ്യുന്നു.”

വി. ക്ലാരയുടെ തിരുനാൾ ദിനത്തിൽ വിശുദ്ധ കുർബാനയുടെ ശക്തി മനസ്സിലാക്കി ജീവിതത്തിൽ ധൈര്യശാലികളാകാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.