
“ജൂബിലിയുടെ കേന്ദ്ര സന്ദേശമായ പ്രതീക്ഷ, ഈസ്റ്റർ വിജയത്തിലേക്കുള്ള നമ്മുടെ നോമ്പുകാല യാത്രയുടെ ശ്രദ്ധാകേന്ദ്രമായിരിക്കട്ടെ”- ഫെബ്രുവരി 25 ന് പുറത്തിറക്കിയ 2025 ലെ നോമ്പുകാല സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കുള്ള ചികിത്സയ്ക്കായി ഫ്രാൻസിസ് പാപ്പ ജെമെല്ലി ഹോസ്പിറ്റലിൽ ആണെങ്കിലും, ഫെബ്രുവരി ആറിന് തന്നെ നോമ്പുകാല സന്ദേശം തയ്യാറാക്കിയിരുന്നു.
മാർച്ച് അഞ്ചിന് വിഭൂതി ബുധൻ മുതൽ നോമ്പുകാലം ആരംഭിക്കും. ഫ്രാൻസിസ് പാപ്പ ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ സെക്രട്ടറിമാരുടെ സഹായത്തോടെ ചില ജോലികൾ നിർവഹിക്കുന്നത് തുടരുന്നതായി വത്തിക്കാൻ പറഞ്ഞു. മറ്റുള്ളവരെ പരിഗണിക്കാനുള്ള അവസരമാണ് ഈ നോമ്പുകാലം എന്ന് പാപ്പ തന്റെ സന്ദേശത്തിൽ എഴുതി. ഒരാൾക്ക് മാനസാന്തരം ആവശ്യമായി വരുന്ന മൂന്ന് മേഖലകൾ ഇവയൊക്കെയാണ്, മറ്റുള്ളവരോടൊപ്പം യാത്ര ചെയ്യുക, സിനഡൽ ആയിരിക്കുക, പ്രത്യാശ പുലർത്തുക.
“പരിവർത്തനത്തിലേക്കുള്ള ആദ്യപടി നമ്മളെല്ലാവരും ഈ ലോകജീവിതത്തിൽ തീർഥാടകരാണെന്ന തിരിച്ചറിവിൽ നിന്നാണ്. നമ്മുടെ ജീവിതം ഈ വസ്തുതയെ എങ്ങനെ പ്രതിഫലിപ്പിക്കുന്നുവെന്ന് സ്വയം ചോദിക്കാൻ നിങ്ങളെ ഓരോരുത്തരെയും ഞാൻ ക്ഷണിക്കുന്നു. ഞാൻ ശരിക്കും ഒരു യാത്രയിലാണോ, അതോ ഞാൻ നിശ്ചലമായി നിൽക്കുകയാണോ? ഭയവും നിരാശയും മൂലം ചലനം നഷ്ടപ്പെട്ടവരെ പോലെയാണോ? അല്ലെങ്കിൽ കംഫർട്ട് സോണിൽ നിന്ന് മാറാൻ വിമുഖത കാണിക്കുന്നുണ്ടോ? പാപത്തിന്റെ അവസരങ്ങളും മനുഷ്യ അന്തസ്സിനെ താഴ്ത്തുന്ന സാഹചര്യങ്ങളും ഉപേക്ഷിക്കാനുള്ള വഴികൾ ഞാൻ അന്വേഷിക്കുന്നുണ്ടോ?
പ്രത്യാശയുടെ ഗുണത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി. പ്രത്യാശയെ “ആത്മാവിന്റെ ഉറപ്പും ദൃഢവുമായ നങ്കൂരം” എന്ന് മതബോധനഗ്രന്ഥത്തിൽ വിശേഷിപ്പിക്കുന്നു. ‘എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്.’ (1 തിമോ 2:4) പറയുന്നു.
ഒരുവന്റെ ജീവിതത്തെ ഒരു കുടിയേറ്റക്കാരനുമായോ വിദേശിയുമായോ താരതമ്യം ചെയ്യുക, “അവരുടെ അനുഭവങ്ങളിൽ സഹതപിക്കുന്നത് എങ്ങനെയെന്ന് പഠിക്കുക. അങ്ങനെ ദൈവം നമ്മോട് എന്താണ് ആവശ്യപ്പെടുന്നത് എന്ന് കണ്ടെത്തുക, അങ്ങനെ നമുക്ക് പിതാവിന്റെ ഭവനത്തിലേക്കുള്ള യാത്രയിൽ കൂടുതൽ മെച്ചമായി മുന്നേറാം,” പാപ്പ പറയുന്നു.
സ്വയം പുകഴ്ത്തലും മറ്റുള്ളവരെ അടിച്ചമർത്തലും അസൂയയും കാപട്യവും ഒഴിവാക്കിക്കൊണ്ട് മറ്റുള്ളവരുമായി യാത്ര ചെയ്തുകൊണ്ട് കൂടുതൽ സിനഡൽ ആയിരിക്കാൻ പാപ്പ കത്തോലിക്കരെ പ്രോത്സാഹിപ്പിച്ചു. “നമുക്കെല്ലാവർക്കും ഒരേ ദിശയിൽ നടക്കാം, ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങാം, സ്നേഹത്തിലും ക്ഷമയിലും പരസ്പരം വളരാം”- പാപ്പ ഉദ്ബോധിപ്പിച്ചു.
ദൈവത്തിലും നിത്യജീവിതത്തിലും പ്രത്യാശിക്കാനും ആശ്രയിക്കാനുമുള്ള ആഹ്വാനവും നോമ്പുകാല പരിവർത്തനത്തിന്റെ പ്രധാന വശമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ആത്മശോധ ചെയ്യേണ്ട ചില ചോദ്യങ്ങളും പാപ്പ നൽകുന്നുണ്ട്. “കർത്താവ് എന്റെ പാപങ്ങൾ ക്ഷമിക്കുന്നുവെന്ന് എനിക്ക് ബോധ്യമുണ്ടോ? അതോ എനിക്ക് എന്നെത്തന്നെ രക്ഷിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ? ഞാൻ രക്ഷയ്ക്കായി കാംക്ഷിക്കുകയും അത് നേടുന്നതിന് ദൈവത്തിന്റെ സഹായം തേടുകയും ചെയ്യുന്നുണ്ടോ? ചരിത്രത്തിലെ സംഭവങ്ങളെ വ്യാഖ്യാനിക്കാനും നീതിയോടും സാഹോദര്യത്തോടുമുള്ള പ്രതിബദ്ധത എന്നിൽ പ്രചോദിപ്പിക്കാനും നമ്മുടെ പൊതുഭവനത്തെ പരിപാലിക്കാനും ആരും ഒഴിവാക്കപ്പെട്ടതായി തോന്നാത്ത വിധത്തിൽ എന്നെ പ്രചോദിപ്പിക്കാനും കഴിയുന്ന പ്രത്യാശ ഞാൻ വ്യക്തമായി അനുഭവിച്ചറിയുന്നുണ്ടോ?”
“നമ്മുടെ ജീവിതത്തിൽ, നമ്മുടെ കുടുംബങ്ങളിൽ, ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, സമയം ചെലവഴിക്കുന്ന ഇടങ്ങളിൽ മറ്റുള്ളവരുമായി ഒരുമിച്ച് നടക്കാനും അവരെ ശ്രദ്ധിക്കാനും സ്വയം പങ്കുവയ്ക്കാനും സ്വന്തം ആവശ്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാനുമുള്ള പ്രലോഭനത്തെ ചെറുക്കാനും നമുക്ക് കഴിയുമോ എന്ന് പരിശോധിക്കാൻ ഈ നോമ്പുകാലം നമ്മോട് ആaവശ്യപ്പെടുന്നു” – പാപ്പ സന്ദേശത്തിൽ പറയുന്നു.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




