ഇവനാണ് ഞങ്ങളുടെ സന്തോഷം: വൈകല്യങ്ങളോടെ ദൈവം നൽകിയ സമ്മാനത്തെ ചേർത്തുപിടിച്ച മാതാപിതാക്കൾ

സി. നിമിഷ റോസ് CSN

“ദൈവമേ, എന്റെ മോനെ ഞാൻ നോക്കിക്കൊള്ളാം. എത്ര കഷ്ടപ്പെടാനും ഞങ്ങൾ തയ്യാറാണ് എന്നുംപറഞ്ഞ് എത്ര തവണയാണെന്നോ ദൈവത്തിന്റെ കൈകളിൽ നിന്നും ഞങ്ങൾ അവനെ ബലമായി ചോദിച്ചുമേടിച്ചിട്ടുള്ളത്!” വൈകല്യങ്ങളോടെ ദൈവം ദാനമായി നൽകിയ കുഞ്ഞിനെ അവന്റെ സ്വപ്നങ്ങളോടും ആഗ്രഹങ്ങളോടുംകൂടെ ചേർത്തുപിടിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ അനുഭവം ലൈഫ്‌ഡേയോട് പങ്കുവയ്ക്കുന്നു.

വണ്ടിയോടിച്ച് ഉപജീവനം നടത്തിയിരുന്ന അപ്പൻ ഒരുദിവസം ജോലിക്കിറങ്ങാൻനേരം നിതിൻ പറഞ്ഞു: “അപ്പ – മോന് – കച്ചോടം.” മൂന്നുവാക്കുകളിൽ അവൻ പറഞ്ഞുതീർത്ത കാര്യം മനസ്സിലാക്കിയ അപ്പൻ ചോദിച്ചു: “മോൻ എങ്ങനെ കച്ചോടം ചെയ്യാനാ?” അതിനും ആ 19 -കാരന് മറുപടിയുണ്ടായിരുന്നു – “അപ്പ – ബക്കറ്റ് – കപ്പ്” എന്നിട്ട് ചലിപ്പിക്കാവുന്ന വലതുകൈ ഉപയോഗിച്ച് മുറ്റത്തോടുചേർന്നുള്ള പീടികമുറി ചൂണ്ടിക്കാണിച്ചു.

നിതിൻ കൗമാരം പിന്നിടുന്ന പ്രായത്തിലാണെങ്കിലും സ്വന്തമായി എണീറ്റിരിക്കാനോ, നടക്കാനോ, വ്യക്തമായി സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. പക്ഷേ, നിതിന്റെ ഭാഷ അവന്റെ മാതാപിതാക്കൾക്കും കൂടപ്പിറപ്പിനും വ്യക്തമായിരുന്നു. വൈകല്യങ്ങളോടെ ദൈവം ദാനമായി നൽകിയ കുഞ്ഞിനെ അവന്റെ സ്വപ്നങ്ങളോടും ആഗ്രഹങ്ങളോടുംകൂടെ മാനിച്ചിരുന്ന ഷാജനും ലിസിയും കച്ചവടം നടത്താനുള്ള നിതിന്റെ സ്വപ്നങ്ങൾക്ക് ഒരു വഴി കണ്ടെത്തി. പ്ലാസ്റ്റിക് ബക്കറ്റുകളും പാത്രങ്ങളും കപ്പുകളും വാങ്ങി വീട്ടിൽത്തന്നെ നിതിന്റെ ആഗ്രഹപ്രകാരം കച്ചവടം ആരംഭിച്ചു. തന്റെ കച്ചവടത്തെക്കുറിച്ച് എല്ലാവരെയും അറിയിക്കാനുള്ള ചുമതല നിതിൻ അമ്മയെ ഏല്പിച്ചു. അയൽപക്കത്തും ചുറ്റുപാടുമുള്ള വീടുകളിൽനിന്നും നിതിന്റെ പാത്രങ്ങൾ വാങ്ങാൻ എല്ലാവരും എത്തുമായിരുന്നു; അമ്മയായിരുന്നു അവന്റ സഹായി. മൂന്നുവർഷത്തോളം തുടർന്ന നിതിന്റെ കച്ചവടം കൊറോണ കാലത്താണ് അവസാനിച്ചത്.

മകന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല ഇത്. ഷാജന്റെയും ലിസിയുടെയും ആദ്യത്തെ കുഞ്ഞായി നിതിൻ ജനിച്ച നിമിഷംമുതൽ അവൻ അവർക്ക് മറ്റെന്തിനേക്കാളും വിലപ്പെട്ടവനായിരുന്നു. ഒരിക്കലും എണീറ്റുനടക്കുകയില്ലെന്നും വൈകല്യങ്ങളുള്ള കുഞ്ഞാണ് നിതിൻ എന്ന് അറിഞ്ഞ നിമിഷത്തിലും അവൻ അവരുടെ ഹൃദയത്തിൽ കൂടുതൽ വിലപ്പെട്ടവനായിത്തീർന്നു. അവന്റെ ആഗ്രഹങ്ങൾ അവരുടെയും ആഗ്രഹങ്ങളായിത്തീർന്നു. നിതിൻ ഇന്ന് മുപ്പതുവയസ്സ് പിന്നിടുമ്പോഴും ആ മാതാപിതാക്കൾ അവനുവേണ്ടിത്തന്നെയാണ് ജീവിക്കുന്നത്.

ദൈവകരങ്ങളിൽനിന്ന് പിടിച്ചുവാങ്ങിയ സമ്മാനം 

“ദൈവമേ, എന്റെ മോനെ ഞാൻ നോക്കിക്കൊള്ളാം. എത്ര കഷ്ടപ്പെടാനും ഞങ്ങൾ തയ്യാറാണ് എന്നുംപറഞ്ഞ് എത്ര തവണയാണെന്നോ ദൈവത്തിന്റെ കൈകളിൽനിന്നും ഞങ്ങൾ അവനെ ബലമായി ചോദിച്ചുമേടിച്ചിട്ടുള്ളത്. അവനാണ് ഞങ്ങളുടെ സന്തോഷം. അവന്റെ കളിചിരിയില്ലെങ്കിൽ ഈ വീട്ടിൽ സന്തോഷമില്ല” എന്നുപറഞ്ഞാണ് നിതിനെക്കുറിച്ച് അവന്റെ അമ്മ പറഞ്ഞുതുടങ്ങിയത്.

ജനിച്ച് രണ്ടുമാസത്തിനുശേഷം പനി പിടിപെട്ട അവസരത്തിലാണ് അവൻ വൈകല്യമുള്ള കുഞ്ഞാണെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത്. കുഞ്ഞായിരുന്ന നാൾമുതൽ നിതിന് കൂടെക്കൂടെ അസുഖങ്ങൾ വരുമായിരുന്നു. മരണത്തോളമെത്തിയ പല അവസരങ്ങളെയും നിതിൻ അതിജീവിച്ചത് ആ മാതാപിതാക്കൾ കണ്ണീരോടെ ദൈവത്തോടു നടത്തിയ വാഗ്വാദങ്ങൾക്കൊടുവിലായിരുന്നു. തുടരെത്തുടരെയുള്ള നിതിന്റെ രോഗങ്ങൾ ആ കുടുംബത്തെ സാമ്പത്തികമായി തളർത്തിയെങ്കിലും നിതിനായിരുന്നു അവരുടെ സമ്പത്ത്. പലരും പലതും മകന്റെ വൈകല്യങ്ങളെക്കുറിച്ച് അടക്കംപറഞ്ഞെങ്കിലും അവർ അതൊന്നും വകവച്ചില്ല.

കൂടപ്പിറപ്പിന് കരുതലോടെ

നിവിൻ എന്ന തന്റെ കൂടപ്പിറപ്പുമായി നിതിന് ഒന്നര വയസ്സിന്റെ വ്യത്യാസമാണുള്ളത്. ഇരട്ടക്കുട്ടികളെപ്പോലെ കഴിഞ്ഞിരുന്ന അവർതമ്മിൽ നല്ല ആത്മബന്ധം ഉണ്ടായിരുന്നു. “കൂടെ പഠിക്കുന്നവർക്ക് സ്വന്തമായി ബൈക്കുണ്ട്; എനിക്കും ഒരു ബൈക്ക് വാങ്ങിത്തരണം” എന്ന ആവശ്യവുമായിട്ടായിരുന്നു നിവിൻ ഒരുദിവസം അപ്പനെ സമീപിച്ചത്. തന്റെ കൂടപ്പിറപ്പിന്റെ ആഗ്രഹമറിഞ്ഞ നിതിൻ അമ്മയോടുപറഞ്ഞ് പൈസ സ്വരൂപിക്കാൻ ഒരു വഴി കണ്ടുപിടിച്ചു. ചൂലുണ്ടാക്കി വിൽക്കാം എന്നതായിരുന്നു അവൻ കണ്ടെത്തിയ മാർഗം.

അങ്ങനെ നിതിൻ അവന്റെ ഭാഷയിൽ അമ്മയോടു പറഞ്ഞു: “ഞാൻ ചൂലുണ്ടാക്കി വിറ്റ് ഉണ്ണിക്ക് ബൈക്ക് വാങ്ങിക്കൊടുക്കും.” നിതിന്റെ കുഞ്ഞുപരിശ്രമങ്ങളെ വലുതായിക്കണ്ട അവന്റെ അമ്മ അവന് ചൂലു ചീകാൻ എല്ലാം ഒരുക്കിക്കൊടുക്കും. ചലിപ്പിക്കാവുന്ന വലതുകൈ ഉപയോഗിച്ച് നിതിൻ ഓലകൾ ചീകിയെടുക്കും. “അവൻ ചീകിയെടുക്കുന്നവ വീണ്ടും ഞാൻ വൃത്തിയായി ചീകിയെടുക്കണം. എങ്കിലും, അവൻ ചെയ്യുന്നത് വലിയ കാര്യമല്ലേ” – ഇതാണ് അമ്മയുടെ വാക്കുകൾ.

തന്റെ കൂടപ്പിറപ്പിനോടുള്ള സ്നേഹവും കരുതലും ഇന്നും അവരുടെയിടയിൽ സജീവമാണ്. നിവിന്റെ വിവാഹത്തിന്റെ മാനദണ്ഡംപോലും ‘എന്റെ കൂടപ്പിറപ്പിന്റെ വൈകല്യങ്ങളെക്കൂടി ഉൾക്കൊള്ളാൻ കഴിയുന്ന ഒരാളായിരിക്കണം എന്റെ ജീവിതപങ്കാളി’ എന്നതായിരുന്നു. കൂടപ്പിറപ്പിന്റെ കറതീർന്ന സ്നേഹത്തിന്റെ ആഴങ്ങളറിഞ്ഞ ദൈവം നിവിന് തന്റെ സഹോദരനെക്കൂടി പരിഗണിക്കുന്ന ഒരു ജീവിതപങ്കാളിയെ നൽകി. നിവിന്റെ ജീവിതത്തിൽ ദൈവം സമ്മാനമായി നൽകിയ കുഞ്ഞുങ്ങൾക്ക് പേരുകൾ നൽകിയതും നിതിന്റെ ഇഷ്ടപ്രകാരമായിരുന്നു.

സ്വപ്നങ്ങളെ ആദരിക്കുന്ന അപ്പൻ 

വീടുപണിയുമായി ബന്ധപ്പെട്ട മരപ്പണികൾ നടന്നിരുന്ന സമയം. എല്ലാം കണ്ട് ആസ്വദിച്ച് വീൽചെയറിൽ ഇരുന്നിരുന്ന നിതിന് ആശാരിപ്പണി ചെയ്യാൻ ഒരു മോഹംതോന്നി. പതിവുപോലെ അപ്പനോട് കാര്യം പറഞ്ഞു: “മോന് ആശാരിപ്പണി ചെയ്യണം.” നിതിന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും ആദരിച്ചിരുന്ന ആ അപ്പൻ വൈകിട്ട് വീട്ടിലെത്തിയത് ഒരു ചെറിയ ചുറ്റികയും ഉളിയും ആണികളുംകൊണ്ടായിരുന്നു. വീൽചെയറിലിരിക്കുമ്പോൾ മുന്നിലേക്കു വീഴാതിരിക്കാൻ ക്രമപ്പെടുത്തിയിട്ടുള്ള മുൻഭാഗത്തെ പലകയിൽ ചുറ്റികയും ഉളിയുമായി അവൻ മരപ്പണി ചെയ്തു. “അവൻ ആ മരക്കഷണങ്ങളിൽ ആണിയടിക്കാൻ ശ്രമിച്ചും ഉളികൊണ്ട് രൂപങ്ങളുണ്ടാക്കാൻ ശ്രമിച്ചും നടക്കാതെവരുമ്പോൾ സങ്കടപ്പെടാതിരിക്കാൻ അപ്പൻതന്നെ അവന്റെ അരികിലിരുന്ന് ചെറിയ കസേരയുടെയോ, മറ്റോ രൂപമുണ്ടാക്കിക്കൊടുക്കും.” നിതിന്റെ മരപ്പണിയെക്കുറിച്ച് അമ്മ ഓർത്തെടുത്തു.

ടീച്ചറമ്മമാരുടെ പരിശീലനം

“14 വയസ്സുവരെയും പ്രാഥമിക ആവശ്യങ്ങളെക്കുറിച്ച് പറയാൻ മോന് അറിയില്ലായിരുന്നു. ഇരിക്കുന്നിടത്ത് ഇരുന്നുകൊണ്ടുതന്നെ അവൻ മൂത്രമൊഴിക്കും. ബി.ആർ.സി (ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റേഴ്സ്) യിൽ നിന്നും വന്ന ലില്ലിടീച്ചറും സ്മിതടീച്ചറും അവനെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു.” ബി.ആർ.സി എന്നാൽ മാനസികവെല്ലുവിളികൾ നേരിടുന്നവർക്ക് പരിചരണം നൽകുന്ന ഗവൺമെന്റ് സംവിധാനമാണ്. സ്വന്തം ആവശ്യങ്ങളെക്കുറിച്ചു പറയാനും കാര്യങ്ങളെ കൂടുതൽ മനസ്സിലാക്കിയെടുക്കാനും നിതിനെ സഹായിക്കാനെത്തിയിരുന്ന ആ ടീച്ചറമ്മമാരെ നിതിന്റ അമ്മ ഇന്നും നന്ദിയോടെയാണ് അനുസ്മരിക്കുന്നത്. കളറുകൾ തിരിച്ചറിയാനും ചിത്രംവരയ്ക്കാനും സ്വന്തം പേരെഴുതാനും ആ ടീച്ചറമ്മമാർ അവനെ പഠിപ്പിച്ചു. അധ്യാപകർ എന്നതിലുപരിയായ ഒരു ബന്ധം ഇന്നും അവർക്കിടയിലുണ്ട്.

ഒരേയൊരു മോഹം: അധ്വാനിച്ചു സമ്പാദിക്കണം 

നിതിന് എപ്പോഴും അധ്വാനിച്ചു സമ്പാദിക്കണം എന്നതായിരുന്നു ആഗ്രഹം. കൊറോണാ കാലത്ത് പ്ലാസ്റ്റിക് പാത്രങ്ങളുടെ കച്ചവടം അവസാനിച്ചതിൽപിന്നെ വീണ്ടും എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അവനുണ്ടായിരുന്നു. പക്ഷേ, അത് പുനരാരംഭിക്കുക സാധ്യമല്ലാതിരുന്നതിനാൽ സഹോദരന്റെ ഇലക്ട്രിക് ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ നിതിന്റെ പ്ലാസ്റ്റിക് പാത്രങ്ങളും വിൽക്കാൻ തുടങ്ങി. വിറ്റുകിട്ടുന്ന പണം സഹോദരൻ കൃത്യമായി നിതിനെ ഏല്പിക്കുകയും ചെയ്യും. എന്നാൽ സഹോദരൻ മറ്റൊരു തൊഴിലിൽ പ്രവേശിച്ചപ്പോൾ നിതിൻ വീണ്ടും കച്ചവടം നടത്തണമെന്ന ആഗ്രഹം പറഞ്ഞുതുടങ്ങി.

“അപ്പന്റെ വരുമാനത്തിന്റെ ഒരു വിഹിതം നിനക്കുള്ളതാണ്” എന്ന അമ്മയുടെ വാക്കുകളിലാണ് അവൻ ശാന്തനായത്. അങ്ങനെ അപ്പനു കിട്ടുന്ന സമ്പാദ്യത്തിന്റെ ഒരു വിഹിതം നിതിനു സ്വന്തമായി. അടയ്ക്ക വിറ്റുകിട്ടുമ്പോഴും വാടകയ്ക്കു കൊടുത്ത കെട്ടിടത്തിന്റെ വാടക കിട്ടുമ്പോഴും അവനുള്ള വിഹിതം അപ്പൻ അവനു നൽകും. “ഗവൺമെന്റിൽനിന്നും പെൻഷൻ കിട്ടുന്ന പൈസ, നീ കയ്യിൽ വച്ചോളൂ എന്നുപറഞ്ഞാൽ അവൻ പറയും അത് അപ്പനു കൊടുത്തുകൊള്ളാൻ.” അധ്വാനിച്ചുസമ്പാദിക്കാനാണ് അവനിഷ്ടം എന്നാണ് അമ്മയുടെ അനുഭവം.

അമ്മ എന്ന കണക്കുസൂക്ഷിപ്പുകാരി

പണം എണ്ണിത്തിട്ടപ്പെടുത്താൻ അവന് അറിയുമോ എന്നുചോദിച്ചപ്പോഴാണ്, അമ്മയാണ് അവന്റെ കണക്കുസൂക്ഷിപ്പുകാരി എന്നുപറഞ്ഞത്. “ഒരു പുസ്തകവും പേനയും അവൻ എന്നെ ഏല്പിച്ചിട്ടുണ്ട്. ഓരോ തവണ പൈസ കിട്ടുമ്പോഴും അതിൽ എഴുതിവച്ചതിനുശേഷമാണ് പൈസ സൂക്ഷിക്കാൻ എന്നെ ഏല്പിക്കുന്നത്. കൃത്യമായി കണക്കുകൂട്ടി എഴുതിവയ്പ്പിക്കും. ഈ സമ്പാദിക്കുന്ന പൈസയൊന്നും അവൻ അവന്റെ ആവശ്യത്തിനായി ഉപയോഗിച്ചിട്ടില്ല. വീട്ടിൽ എന്തിന്റെയാണ് ആവശ്യമുള്ളതെന്ന് അവൻ എന്നോടു ചോദിക്കും. എന്നിട്ട് അത് വാങ്ങാനുള്ള പണം ഒത്തുവരുമ്പോൾ അത് വാങ്ങാൻ പണം ഏല്പിക്കും. കീറിപ്പോകുന്ന അവന്റെ ഡ്രസ്സുകൾ ഞാൻ അടുത്തുള്ള വീട്ടിൽപോയി തയ്‌ച്ചെടുക്കുന്നത് അവൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് വീട്ടിലേക്ക് ഒരു മെഷീൻ വാങ്ങാനുള്ള ഒരുക്കത്തിലാണ് അവൻ.”

എല്ലായിടത്തും നിതിന് ഇടമുണ്ട്

വീട്ടിലെ വരുമാനത്തിൽ നിതിനുവേണ്ടി ഒരു വിഹിതം സൂക്ഷിക്കുന്നതുപോലെ തന്നെ യാത്രകളിലും അവനെ ഒപ്പംചേർക്കാൻ വീൽചെയർ കയറ്റാവുന്ന രീതിയിൽ അവരുടെ വാഹനം അവനുവേണ്ടി ക്രമീകരിച്ചിട്ടുണ്ട്. നടക്കാനോ, എണീറ്റിരിക്കാനോപോലും സാധിക്കാത്ത നിതിന് വഴിയോരത്തെ കാഴ്ചകൾ കാണാൻകഴിയുംവിധം അവൻ കിടക്കുന്ന മുറിയിലെ ജനാലകൾ രൂപപ്പെടുത്തിയിട്ടുണ്ട്. എല്ലാറ്റിനുമുപരി മാതാപിതാക്കളുടെയും കൂടപ്പിറപ്പിന്റെയും അവന്റെ കുടുംബത്തിന്റെയും ഹൃദയത്തിൽ നിതിന് ഇടമുണ്ട്.

സ്വർഗത്തിലെ നിക്ഷേപം

നിതിന് എല്ലാ കാര്യങ്ങൾ ചെയ്യാനും അമ്മ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. പരസഹായമില്ലാതെ ഒന്നും തനിയെ ചെയ്യാൻ കഴിയാത്ത നിതിൻ അധികസമയവും ചെലവഴിച്ചിരുന്നത് അമ്മയോടൊപ്പമായിരുന്നു. നിതിനില്ലാത്ത ആഘോഷങ്ങളിൽ അമ്മ പങ്കെടുക്കാറില്ല. നിതിനെ തനിച്ചാക്കിക്കൊണ്ടുള്ള ബലിയർപ്പണങ്ങൾക്കും ആ അമ്മ പോകാറില്ല.

“ന്റെ കുട്ടി ഇവിടെ വീട്ടിലിരിക്കുമ്പോൾ ഞാനെങ്ങനെ ആഘോഷങ്ങൾക്കു പോകും” എന്നാണ് അമ്മ ചോദിക്കുന്നത്. നിതിന്റെ കാര്യങ്ങൾ ഒറ്റയ്ക്കുചെയ്യാൻ അമ്മയ്ക്കു കഴിയില്ലെന്ന് മനസിലാക്കിയപ്പോൾ ഡ്രൈവറായുള്ള തന്റെ ജോലി ഉപേക്ഷിച്ച് നിതിന്റെ കാര്യങ്ങൾകൂടി നോക്കാൻ അപ്പൻ കൃഷിയിലേക്ക് തിരിഞ്ഞു. ഇന്ന് നിതിന്റെ കാര്യങ്ങൾ ചെയ്യാൻ അമ്മ വേണമെന്ന നിർബന്ധങ്ങളില്ല. “ദൈവം തന്ന കുട്ടിയല്ലേ. എല്ലാം ദൈവത്തിനു സമർപ്പിക്കും.” പ്രത്യക്ഷത്തിൽ നഷ്ടങ്ങളെന്നുതോന്നുന്ന ഈ മാതാപിതാക്കളുടെ സമർപ്പണങ്ങളൊക്കെ യഥാർഥത്തിൽ സ്വർഗത്തിലെ വലിയ നിക്ഷേപങ്ങളാണ്.

തൃശ്ശൂർ രൂപതയിലെ കിരാലൂർ ഇടവകയിലെ ഷാജൻ – ലിസി ദമ്പതികളുടെ രണ്ട് ആൺമക്കളിൽ മൂത്തമകനാണ് നിതിൻ. വൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ വീട്ടിൽ വളർത്തുന്നത് ബുദ്ധിമുട്ടായി കരുതി സ്ഥാപനങ്ങളിൽ ഉപേക്ഷിക്കുന്ന ഇന്നത്തെ ലോകത്ത് ഈ മാതാപിതാക്കൾ മാതൃകകളാണ്. ദൈവം ദാനമായി നൽകിയ തങ്ങളുടെ കുഞ്ഞിന്റെ പരിമിതികളേക്കാൾ അവന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ചിറകുനൽകാൻ ജീവിതം സമർപ്പിച്ചിരിക്കുന്ന ഈ മാതാപിതാക്കൾ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികൾ തന്നെ.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.