ഓവേറിയന്‍ കാന്‍സര്‍ എന്ന സൈലന്റ് കില്ലര്‍

ഡോ. ജോജോ വി. ജോസഫ്

“എന്തെങ്കിലുമൊരു ലക്ഷണമുണ്ടായിരുന്നെങ്കിൽ ഞാൻ നേരത്തെ ആശുപത്രയിൽ വന്നേനെ ഡോക്ടർ. പക്ഷേ, ഒരു പ്രശ്നവും എനിക്ക് തോന്നിയിരുന്നില്ല” – ഓവേറിയന്‍ കാന്‍സര്‍ അഡ്വാന്‍സ്ഡ് സ്റ്റേജിലാണെന്നു മനസിലായ ഒരാൾ എന്നോടു പറഞ്ഞതാണ് ഈ വാക്കുകൾ. ജീവിതം ഇനി തിരിച്ചുപിടിക്കാൻ സാധിക്കില്ല എന്ന ഭീതി അവരുടെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞിരുന്നു. ഇതേ വാക്കുകൾ ഈ ഒരാൾ മാത്രമല്ല, മറ്റു പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നവരും ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായിരുന്നു അവരൊക്കെ. എന്റെ ബന്ധുക്കളും പരിചയക്കാരുമായ പലർക്കും ഈ കാൻസർ വന്നിട്ടുണ്ട്. ആ പശ്ചാത്തലത്തിലാണ് സൈലന്റ് കില്ലർ എന്ന് പലരും വിശേഷിപ്പിക്കുന്ന ഓവേറിയന്‍ കാന്‍സറിനെക്കുറിച്ച് എഴുതുന്നത്.

എന്തുകൊണ്ട് സൈലന്റ് കില്ലര്‍?

‘ഓവേറിയന്‍ കാന്‍സര്‍’ അഥവാ ‘അണ്ഡാശയ കാന്‍സർ’ ആണ് ‘സൈലന്റ് കില്ലര്‍’ എന്നറിയപ്പെടുന്നത്. സാധാരണ പ്രത്യേക ലക്ഷണങ്ങളൊന്നും ഈ അസുഖം കാണിക്കുന്നില്ല. മറ്റെന്തെങ്കിലും രോഗമാണ് എന്ന സംശയത്തില്‍ പരിശോധന നടത്തുമ്പോളായിരിക്കും ഈ അണ്ഡാശയ കാന്‍സര്‍ കണ്ടുപിടിക്കുന്നത്. ഈ അസുഖത്തെ സൈലന്റ് കില്ലര്‍ എന്ന് പലരും വിശേഷിപ്പിക്കുന്നത് അതിനാലാണ്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

വയറിന്റെ താഴ്ഭാഗത്ത് ഇടുപ്പിന്റെ ഉള്ളില്‍ ഗര്‍ഭാശയത്തിന്റെ ഇരുവശങ്ങളിലുമായാണ് ഓവറി അഥവാ അണ്ഡാശയം സ്ഥിതിചെയ്യുന്നത്. സ്ത്രീ ഹോര്‍മോണുകളുടെ ഉല്‍പാദനം റീപ്രൊഡക്റ്റീവ് പീരിഡില്‍ അണ്ഡം ഉല്‍പാദിപ്പിക്കൽ എന്നിവയാണ് ഈ അവയവത്തിന്റെ പ്രവര്‍ത്തനങ്ങൾ.

പ്രധാനമായും മൂന്നു തരം കാന്‍സറുകളാണ് അണ്ഡാശയത്തില്‍ കണ്ടുവരുന്നത്. ഇതില്‍ ‘എപ്പിതീലിയൽ’ (Epithelial) ഓവേറിയന്‍ കാന്‍സറുകളാണ് ഏതാണ്ട് 95 ശതമാനവും. ഇതിന്റെ വിവിധ സബ് ടൈപ്പുകളാണ് സാധാരണ നമ്മള്‍ കാണുന്ന അണ്ഡാശയ കാന്‍സറുകള്‍. അടുത്ത വിഭാഗമാണ് ‘ജേം സെൽ ട്യൂമറുകൾ’ (Germ Cell Tumor). ഇത് സാധാരണയായി ചെറുപ്രായത്തിലാണ് കാണപ്പെടുന്നത്. പൊതുവെ ചികിത്സിച്ച് ഭേദപ്പെടുത്താവുന്നവയാണ് ഇതില്‍ ഭൂരിഭാഗവും. മൂന്നാമത്തെ വിഭാഗമാണ് ‘സ്ട്രോമൽ ട്യൂമറുകൾ’ (Stromal Tumor). ഇവയും പലപ്പോഴും നേരത്തെ കണ്ടുപിടിക്കാനും ചികിത്സിക്കാനും എളുപ്പമുള്ളവയാണ്.

ഇവയിൽ ഏറ്റവും സാധാരണവും അപകടകാരിയും ‘എപ്പിതീലിയൽ’ (Epithelial) ഓവേറിയന്‍ കാന്‍സർ ആണ്. അതിനാൽ അവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കാനാണ് ഈ ലേഖനത്തിലൂടെ ഞാൻ ശ്രമിക്കുന്നത്.

രോഗലക്ഷണങ്ങള്‍ 

1. ഏറ്റവും സാധാരണ ലക്ഷണം എന്നു പറയുന്നത് നീണ്ടുനില്‍ക്കുന്ന ‘അബ്‌ഡൊമിനൽ ബ്ലോട്ടിങ്’ ആണ്. നമ്മള്‍ ഇതിനെ ഗ്യാസ് കെട്ടുക, വയറ് കമ്പിക്കുക എന്നൊക്കെയാണ് വിളിക്കുക. സാധാരണ ഇത് പീരിഡ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അല്ലെങ്കില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുമ്പോഴാണ് തോന്നുക. അതിനാല്‍ 40 വയസിനു ശേഷം രണ്ടാഴ്ചയില്‍ കൂടുതല്‍ ഈ രോഗലക്ഷണങ്ങൾ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഒരു മെഡിക്കല്‍ പരിശോധനയോ അല്ലെങ്കില്‍ വളരെ സിമ്പിളായ ഒരു അള്‍ട്രാ സൗണ്ട് പരിശോധനയോ നടത്തേണ്ടതാണ്.

2. അടുത്ത രോഗലക്ഷണം എന്നു പറയുന്നത്, അടിവയറ്റിലോ അല്ലെങ്കില്‍ വയറു മുഴുവനോ തോന്നുന്ന വേദന, കൊളുത്തിപ്പിടിക്കല്‍ അല്ലെങ്കില്‍ അടിവയറ്റില്‍ മെന്‍സ്ട്രുവേഷന്‍ സമയത്ത് ചിലര്‍ക്ക് ഉണ്ടാകുന്നതുപോലെയുള്ള കൊളുത്തിവലിക്കുന്നതു പോലുള്ള വേദന (Cramping Pain) എന്നിവയാണ്.

3. മൂന്നാമത്തെ രോഗലക്ഷണം എന്നു പറയുന്നത് യൂറിനറി പ്രോബ്‌ളംസ് ആണ്. കൂടെക്കൂടെ മൂത്രം പോകേണ്ടിവരിക, അറിയാതെ മൂത്രം പോവുക, ഇടയ്ക്കിടെ മൂത്രം പോവണം എന്ന തോന്നൽ (Urinary Urging) ഉണ്ടാകുക എന്നിവയാണ്.

4. നാലാമത്തെ രോഗലക്ഷണമാണ് വിശപ്പില്ലായ്മ. അല്‍പം കഴിക്കുമ്പോള്‍ തന്നെ വയറു നിറഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകുന്നു.

5. അഞ്ചാമത്തെ രോഗലക്ഷണമാണ് ആർത്തവചക്രത്തിൽ വരുന്ന മാറ്റങ്ങൾ (Menstrual Changes). പീരിയഡ്‌സിന് ഇടയ്ക്ക് ബ്ലീഡിംഗ് അഥവാ സ്‌പോട്ടിംഗ് ഉണ്ടാകുന്നതും മെനോപോസിനു ശേഷവും വജൈനൽ ബ്ലീഡിങ് (Vaginal Bleeding) ഉണ്ടാവുന്നതും ഓവേറിയന്‍ കാന്‍സര്‍ രോഗലക്ഷണമായേക്കാം. ഇതുപോലെയുള്ള ആർത്തവവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഏതാണ്ട് 15 ശതമാനം ആള്‍ക്കാരിലേ കാണപ്പെടാറുള്ളൂ.

5. ആറാമത്തെ രോഗലക്ഷണം മലശോധനയുമായി ബന്ധപ്പെട്ടുള്ളതാണ്. അഞ്ചിലൊന്ന് രോഗികള്‍ക്കു മാത്രമേ ഇത് കാണപ്പെടാറുള്ളൂ. മലബന്ധം, കുടല്‍സംബന്ധ പ്രശ്നങ്ങൾ, വയറിളക്കം അല്ലെങ്കില്‍ ഇവ മാറിമാറി വരുന്ന അവസ്ഥ എന്നതും ഇത്തരം കാൻസറിന്റെ ലക്ഷണമാണ്. അണ്ഡാശയ രോഗത്തിന്റെ അഡ്വാന്‍സ്ഡ് സ്റ്റേജിലാണ് ഇത് സാധാരണ കാണപ്പെടുന്നത്.

ഓവേറിയന്‍ കാന്‍സർ നിശബ്ദ കൊലയാളിയാകുന്നത് എപ്പോൾ?

ഇത്രയും രോഗലക്ഷണങ്ങള്‍ പറഞ്ഞെങ്കിലും ഇവയെല്ലാം ഒരു രോഗിയില്‍ കാണണമെന്നില്ല. അതുപോലെ ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ എല്ലാവരിലും വല്ലപ്പോഴും ഉണ്ടാകാറുണ്ട്. അതിനാല്‍ നാം ഇത് സീരിയസ് ആയി എടുത്തെന്നും വരികയില്ല. അങ്ങനെ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരിക്കാം ചികിത്സ തേടുക. അതിനാലാണ് ഓവേറിയന്‍ കാന്‍സറിനെ നിശബ്ദ കൊലയാളി എന്നു വിളിക്കുന്നത്.

എന്നാല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ പ്രത്യേകിച്ച്, 40-45 വയസിനു ശേഷമാണെങ്കില്‍ USG പരിശോധനയോടൊപ്പം അടുത്തുള്ള ഒരു ഡോക്ടറെ കാണിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഈ നിശബ്ദ കൊലയാളിയില്‍ നിന്നും രക്ഷപെടാനുള്ള ഏകമാര്‍ഗ്ഗമാണിത്.

അണ്ഡാശയ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതാഘടകങ്ങൾ ഏതൊക്കെ?

ഏതാണ്ട് 15 മുതല്‍ 20 ശതമാനം വരെ ഓവേറിയന്‍ കാന്‍സറുകള്‍ക്കും ഒരു ജെനറ്റിക് ലിങ്ക് ഉണ്ടാകാറുണ്ട്. BRCA I, BRCA II എന്നീ ജീനുകളിൽ മാറ്റം (Mutation) ഉള്ളവര്‍ക്ക് അണ്ഡാശയ കാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ നേരത്തെ സ്തനാര്‍ബുദം വന്നിട്ടുള്ളവരിലും ബന്ധുക്കളില്‍ കൂടുതല്‍ പേര്‍ക്ക് സ്തനാര്‍ബുദം വന്നിട്ടുള്ളവരിലും അണ്ഡാശയ കാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നതായി കണ്ടുവരുന്നു. HNPCC എന്ന അസുഖമുള്ളവര്‍ക്കും അണ്ഡാശയ കാന്‍സര്‍ സാധ്യത കൂടുതലാണ്.

അടുത്തത് പ്രായമാണ്. ഏതു പ്രായത്തിലും വരാമെങ്കിലും ഏറ്റവും അപകടസാധ്യത 54 വയസ് മുതല്‍ 65 വയസ് വരെയാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമിതവണ്ണം, എന്‍ഡോമെട്രിയോസിസ് എന്ന അസുഖം ഉണ്ടാവുക എന്നതും ഓവേറിയന്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആദ്യത്തെ ആർത്തവം 12 വയസിനു മുമ്പ് സംഭവിക്കുക (Early Menarche), പ്രസവിക്കാതിരിക്കുക, ആദ്യപ്രസവം 30 വയസിനു ശേഷമാവുക, മെനോപോസ് 50 വയസിനു മുകളില്‍ സംഭവിക്കുക, മെനോപോസിനു ശേഷം HRT നടത്തുക, വന്ധ്യതയുണ്ടാവുക എന്നീ പ്രത്യേകതകളുള്ളവര്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഒരിക്കല്‍ പോലും ഗർഭനിരോധന ഗുളികകൾ (Contraceptive Pills) കഴിക്കാത്തവരിലും അണ്ഡാശയ കാന്‍സര്‍ സാധ്യത കൂടുതലാണ്.

ഇവയില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ വരുന്നവര്‍ മേൽപറഞ്ഞ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ വച്ചുതാമസിപ്പിക്കാതെ പരിശോധനക്ക് വിധേയമാകേണ്ടത് അത്യാവശ്യമാണ്.

രോഗനിര്‍ണ്ണയം

ഒരു വിദഗ്ദ ക്ലിനിക്കല്‍ പരിശോധനയോടൊപ്പം അള്‍ട്രാസൗണ്ട് പരിശോധനയും കൂടി ചെയുമ്പോൾ 90 ശതമാനം രോഗനിര്‍ണ്ണയം സാധ്യമാണ്. ഇതിനോടൊപ്പം നടത്തുന്ന CA125 എന്ന ട്യൂമര്‍ മാര്‍ക്കറിന്റെ അളവും കൂടിയാകുമ്പോഴേ രോഗനിര്‍ണ്ണയം പൂര്‍ണ്ണമാകൂ.

രോഗവ്യാപ്തി നിര്‍ണ്ണയം അഥവാ രോഗത്തിന്റെ സ്റ്റേജുകൾ (Staging)

Contrast കൊടുത്തുള്ള സി.റ്റി. സ്കാൻ (CT Scan) – വയറിന്റെയും നെഞ്ചിന്റെയും – ചെയ്യുന്നതുവഴി രോഗത്തിന്റെ വ്യാപ്തി നിശ്ചയിക്കാന്‍ സാധിക്കും.

പെറ്റ് സ്കാൻ (PET Scan): പ്രധാനമായും ചികിത്സയോടുള്ള രോഗത്തിന്റെ പ്രതികരണം മനസിലാക്കാനാണ് പെറ്റ് സ്കാൻ പ്രയോജനപ്പെടുത്തുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിൽ സ്റ്റേജിങ്ങിനും (Staging) പെറ്റ് സ്കാൻ പ്രയോജനപ്പെടുത്താറുണ്ട്.

എം.ആർ.ഐ. സ്കാൻ (MRI Scan): പ്രധാനമായും സര്‍ജറിക്കു മുമ്പ് ട്യൂമറിന്റെ വ്യാപനം മനസിലാക്കാന്‍ ഈ സങ്കേതം പ്രയോജനപ്പെടുത്തുന്നു.

അണ്ഡാശയ കാന്‍സറിന്റെ ചികിത്സ

സര്‍ജറിയും കീമോതെറാപ്പിയുമാണ് ഈ രോഗത്തിന് ചികിത്സ. ചില പ്രത്യേക സാഹചര്യങ്ങളില്‍ റേഡിയേഷനും പ്രയോജനപ്പെടുത്തുന്നു.

സര്‍ജറി

അണ്ഡാശയ കാന്‍സര്‍ സര്‍ജറിയുടെ പേര് ‘സൈറ്റോറീഡക്ടിവ് സർജറി’ (Cytoreductive Surgery – CRS) എന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ജറിക്കായി വയറു തുറന്നതിനു ശേഷം തിരിച്ചടക്കുമ്പോള്‍ വയറിനുള്ളില്‍ 1 cm3 കൂടുതല്‍ അസുഖം ഉണ്ടാകാന്‍ പാടില്ല എന്നതാണ് ഇതിന്റെ അടിസ്ഥാന നിയമം. അതിനായി എന്തൊക്കെ മുറിച്ചുമാറ്റണമോ അതെല്ലാം ചെയ്യണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാല്‍ ഓവേറിയന്‍ കാന്‍സര്‍ സര്‍ജറി പരിചയസമ്പന്നനായ ഒരു സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റിനെ കൊണ്ടു മാത്രം ചെയ്യിക്കുക.

രോഗം കൂടുതലുള്ളവർക്ക് ഈ സർജറി നടപ്പിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാല്‍ കുറച്ച് കീമോതെറാപ്പി നല്‍കി രോഗം കുറച്ചതിനു ശേഷം CRS ചെയ്യുക എന്ന രീതിയാണ് രോഗം കൂടുതൽ ഉള്ളവരിൽ പ്രയോജനപ്പെടുത്തുന്നത്. ഇതിനെ ഇന്റർവെൽ സി.ആർ.എസ് (Interval CRS) എന്നും കീമോതെറാപ്പിക്കു മുമ്പ് ചെയ്യുന്നതിനെ പ്രൈമറി സൈറ്റോറീഡക്ടിവ് സർജറി (Primary Cytoreductive Surgery) എന്നും വിളിക്കുന്നു.

കൃത്യമായി എടുത്ത ഒരു CT Scan, CA125 എന്ന ട്യൂമര്‍ മാര്‍കറിന്റെ അളവ് എന്നിവ നോക്കി ഒരു സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ആണ് ആദ്യം സര്‍ജറി വേണോ അതോ കീമോതെറാപ്പിക്കു ശേഷം വേണോ സർജറി എന്ന് തീരുമാനിക്കുന്നത്.

കീമോതെറാപ്പി

രോഗിയുടെ ആരോഗ്യം, രോഗത്തിന്റെ അവസ്ഥ എന്നിവ നോക്കി വിവിധ മരുന്നുകളുടെ ഒരു കോമ്പിനേഷന്‍ ആയിട്ടാണ് കീമോതെറാപ്പി നല്‍കുന്നത്. മൂന്നാഴ്ച ഗ്യാപ്പിട്ട് ആറു കോഴ്സ് ആണ് സാധാരണ കീമോതെറാപ്പി നല്‍കുന്നത്. കീമോതെറാപ്പിയോടുള്ള രോഗത്തിന്റെ പ്രതികരണമനുസരിച്ച് മരുന്നുകള്‍ക്കും കീമോതെറാപ്പി സൈക്കിളുകള്‍ക്കും വ്യത്യാസം വരുന്നതാണ്.

ഇനി അണ്ഡശയ കാൻസർ ചികിത്സക്കിടെ കേൾക്കുന്ന ചില വാക്കുകളെ പരിചയപ്പെടാം 

പ്രിസിഷൻ ഓങ്കോളജി (Precision Oncology) – ഇതുവരെ ഞാന്‍ പറഞ്ഞുവച്ചത് അണ്ഡാശയ കാന്‍സര്‍ ചികിത്സയുടെ ഒരു ഔട്ട്‌ലൈന്‍ മാത്രമാണ്. ആധുനിക കാന്‍സര്‍ ചികിത്സയില്‍ രോഗിയെയും രോഗത്തിന്റെ വിവിധ അവസ്ഥകളെയും മനസിലാക്കി ആ രോഗിക്കു വേണ്ടി മാത്രം ഒരു ചികിത്സാ പ്ലാന്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതിനെയാണ് പ്രിസിഷൻ ഓങ്കോളജി എന്നു വിളിക്കുന്നത്.

അടുത്തതായി ഹൈപെക് ട്രീറ്റ്മെന്റ് (HIPEC Treatment – Hyperthermic intraperitoneal chemotherapy)

സൈറ്റോ റിഡക്റ്റീവ് സർജറി (Cytoreductive Surgery) – ക്കു ശേഷം വയറിനുള്ളിലേക്ക് ഉയര്‍ന്ന താപനിലയില്‍ കീമോതെറാപ്പി കൊടുക്കുക എന്നതിനെയാണ് HIPEC എന്നു പറയുന്നത്. ചില സെലക്ടഡ് രോഗികളില്‍ ഇത് ഗുണഫലം നല്‍കാറുണ്ട്.

ടാർജറ്റഡ് തെറാപ്പി (Targeted Therapy)

കാന്‍സര്‍ കോശങ്ങളില്‍ നടക്കുന്ന ചില ജെനറ്റിക് വ്യതിയാനങ്ങളെ അതായത് കാന്‍സര്‍ കോശങ്ങള്‍ വളരാനും പടര്‍ന്നുപിടിക്കാനുമൊക്കെ സഹായിക്കുന്ന ഘടകങ്ങളെ ബ്ലോക്ക് ചെയ്യുന്ന മരുന്നുകള്‍ നല്‍കുക എന്നതാണ് ഇവിടെ നടക്കുന്നത്. അതേ സമയം സാധാരണ കോശങ്ങള്‍ക്ക് കാര്യമായ നഷ്ടം ഉണ്ടാകുന്നില്ലാതാനും. Bevasizumb, Daparib തുടങ്ങിയ targeted മരുന്നുകള്‍ ഓവേറിയന്‍ കാന്‍സര്‍ ചികിത്സക്ക് വളരെയധികം പ്രതീക്ഷ നല്‍കുന്നുണ്ട്.

ഉപസംഹാരം

അണ്ഡാശയ കാന്‍സര്‍ നേരത്തെ കണ്ടുപിടിച്ചാല്‍ കൃത്യമായ സര്‍ജറിയും കീമോതെറാപ്പിയും വഴി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ നമ്മള്‍ നിസ്സാരമെന്നോ, നോണ്‍ സ്‌പെസിഫിക് എന്നോ തോന്നുന്ന രോഗലക്ഷണങ്ങള്‍ സീരിയസ് ആയി എടുക്കുകയും പ്രത്യേകിച്ച് ഹൈ റിസ്‌ക് ഗ്രൂപ്പില്‍പെടുന്നവര്‍ തുടര്‍നടപടി സ്വീകരിക്കുകയും കൃത്യമായ സര്‍ജറിക്ക് (സർജിക്കൽ ഓൺകോൾജിസ്റ്റിനെ കൊണ്ട് സൈറ്റോ റിഡക്റ്റീവ് സർജറി) വിധേയമാവുകയും തുടര്‍ചികിത്സ നടത്തുകയും ചെയ്യുന്നതു വഴി ഈ സൈലന്റ് കില്ലറിനെ നമുക്ക് കീഴടക്കാം.

ഡോ. ജോജോ ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.