സെന്റ് പീറ്റേഴ്സ് ചത്വരത്തെ സ്വന്തം ഭവനമാക്കി മാറ്റിയ സന്യാസിനി

പല്ലൊടൈൻ സന്യാസസമൂഹത്തിലെ അംഗമാണ് ജർമ്മൻകാരിയായ സി. ലുസിണ്ട. ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഈ സന്യാസിനി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലായിരുന്നു. അവിടെ സിസ്റ്റർ എന്താണ് ചെയ്യുന്നത്. പ്രാർത്ഥിക്കുകയാണോ, ആർക്കും അറിയില്ല. 2022 മാർച്ച് 11- ന് അന്തരിച്ച സി. ലുസിണ്ടയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് വത്തിക്കാനിൽ നിന്നുള്ള വൈദികൻ.

2011- മുതലാണ് ഫാ. ഫിഷറിനെ സി. ലുസിണ്ട പരിചയപ്പെടുന്നത്. വത്തിക്കാനിലെ സാന്താ മരിയ ഡെല്ല പീറ്റ ദേവാലയത്തിൽ ദിവസവും രാവിലെഏഴുമണിക്ക് ഈ സിസ്റ്റർ പരിശുദ്ധ കുർബാനയിൽ പങ്കുചേരാൻ വരുമായിരുന്നു. ഫാ. ഫിഷറായിരുന്നു ആ ദേവാലയത്തിലെ റെക്ടർ. ഫാ. ഫിഷർ ആദ്യം വിചാരിച്ചത് സി. ലുസിണ്ട സന്യാസജീവിതം ഉപേക്ഷിച്ച ഒരു വ്യക്തിയാണെന്നാണ്. കാരണം എപ്പോഴും സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സിസ്റ്ററിനെ കാണാമായിരുന്നു. മാനസിക രോഗമുള്ള വ്യക്തിയാണോയെന്നു പോലും ഫാദർ സിസ്റ്ററിനെ സംശയിച്ചിരുന്നു. ഈ സന്യാസിനി കൂടുതലും സംസാരിച്ചിരുന്നത് ജർമ്മനാണ്. ഇറ്റാലിയൻ ഭാഷ ലുസിണ്ട സിസ്റ്ററിന് അത്ര വശമില്ല. രാവെന്നോ പകലെന്നോ വ്യതാസമില്ലാതെ എപ്പോഴും ചത്വരത്തിൽ മറ്റുള്ളവരെ നിരീക്ഷിച്ചുകൊണ്ട് നിൽക്കുന്ന സിസ്റ്റർ എന്തേലും പ്രാർത്ഥിക്കാറുണ്ടായിരുന്നോ എന്ന് പോലും ഫാദറിന് അറിയില്ല.

രാത്രികളിൽ സിസ്റ്റർ തങ്ങിയിരുന്നത് പല്ലൊടൈൻ സന്യാസസമൂഹത്തിന്റെ വത്തിക്കാനിലുള്ള വസതിയിലാണ്. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നിന്നും പത്ത് മിനിറ്റ് നടന്നാൽ മതി, ഇവിടെയെത്താൻ. എന്നാൽ ചില ദിവസങ്ങളിൽ ആരുമില്ലാത്തവരുടെ കൂടെ തെരുവിലും ഈ സന്യാസിനി കഴിച്ചുകൂട്ടുമായിരുന്നു. സഹസന്യാസിനിമാർക്ക് സി. ലുസിണ്ടയെ വളരെ ഇഷ്ടമായിരുന്നുവെന്നാണ് ഫാ. ഫിഷർ പറയുന്നത്. “ഞാൻ എപ്പോഴും അനുസരിച്ചിട്ടേയുള്ളു. കർത്താവിനെ ഞാൻ എപ്പോഴും അനുസരിക്കണം”- സി. ലുസിണ്ട പറയുന്ന വാക്കുകളാണിത്.

ലുസിണ്ട സിസ്റ്ററിന്റെ പെരുമാറ്റത്തിലുള്ള പൊരുത്തമില്ലായ്മ മൂലം രണ്ട് തവണ സി. ലുസിണ്ടയെ സഹസന്യാസിനിമാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു തവണ ഇറ്റലിയിലും, മറ്റൊരു തവണ ജർമ്മനയിലും. എന്നാൽ രണ്ടു തവണയും ബഹളമുണ്ടാക്കി സി. ലുസിണ്ട തിരിച്ചുവന്നു. ജർമ്മൻ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട സിസ്റ്റർ രണ്ടു മാസം ഇസ്രയേലിലായിരുന്നു. തുടർന്ന് ഒരു മാസം ഹോങ്കോങ്ങിലും. ഹോങ്കോങ്ങിൽ, സി. ലുസിണ്ട റെയിൽവേ സ്റ്റേഷനുകളിലും ഒരു സുഹൃത്തിന്റെ വീട്ടിലുമാണ് കിടന്നിരുന്നത്. 2013 ഫെബ്രുവരിയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനം ഒഴിയുന്നുവെന്ന വാർത്ത ലുസിണ്ട സിസ്റ്റർ അറിഞ്ഞു. ഉടൻ തന്നെ സിസ്റ്റർ റോമിലേക്ക് മടങ്ങി. കാരണം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽലെ ബെനഡിക്ട് പാപ്പായുടെ അവസാനത്തെ പൊതുസദസ്സിൽ പങ്കെടുക്കാൻ സിസ്റ്റർ ആഗ്രഹിച്ചിരുന്നു.

2022- ലാണ് സിസ്റ്ററിന്റെ കാലിൽ അണുബാധ ഉണ്ടാകുന്നത്. ആ രോഗം മരുന്ന് കൊണ്ട് മാറാവുന്നതേ ഉണ്ടായിരുന്നുള്ളു. എന്നാൽ സിസ്റ്റർ മരുന്നുകൾ എടുക്കാൻ തയ്യാറായില്ല. അങ്ങനെ അണുബാധ രക്തത്തിലേക്ക് വ്യാപിച്ചു. സി. ലുസിണ്ട രോഗം മൂലം അവശയായി. അപ്പോഴും 82- കാരിയായ സിസ്റ്റർ തന്റെ ഇഷ്ട സ്ഥലമായ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പോകുവായിരുന്നു. മരണത്തിന്റെ ഒരാഴ്ച മുൻപ് വരെ സിസ്റ്റർ ആ പതിവ് മുടക്കിയിട്ടില്ല.

മാർച്ച് നാലിന് ഫാ. ഫിഷറിനെ പല്ലൊടൈൻ സന്യാസ സമൂഹം മഠത്തിലേക്ക് വരണമെന്ന് അറിയിച്ചു. സി. ലുസിണ്ടയ്ക്ക് അന്ത്യകൂദാശ നൽകാനായിരുന്നുവത്. കാരണം ഫാ. ഫിഷറിൽ നിന്ന് മാത്രമേ താൻ കൂദാശകൾ സ്വീകരിക്കു എന്ന് സിസ്റ്ററിന് നിർബന്ധമുണ്ടായിരുന്നു. തുടർന്ന് മാർച്ച് 11- ന് ഈ സന്യാസിനി നിത്യസമ്മാനത്തിന് യാത്രയായി. സിസ്റ്ററിന്റെ അഭ്യർത്ഥന പ്രകാരം തന്നെ വത്തിക്കാനിലെ ഒരു സെമിത്തേരിയിലാണ് മൃതശരീരം സംസ്കരിച്ചിരിക്കുന്നത്.

സിസ്റ്ററിന്റെ മൃതസംസ്ക്കാര ശുശ്രൂഷയ്ക്ക് ഫാ. ഫിഷർ തന്നെയാണ് മുഖ്യകാർമ്മികത്വം വഹിച്ചത്. വളരെ ചെറിയ ഒരു സമൂഹത്തെയാണ് ശുശ്രൂഷയിൽ അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫാദറിനെ അത്ഭുതപ്പെടുത്തി, സാന്താ മരിയ ഡെല്ല പീറ്റ ദേവാലയം അന്ന് ജനസമുദ്രമായി മാറി. ഈ സന്യാസിനിയുടെ നിര്യാണത്തെക്കുറിച്ച് മറ്റുള്ളവർ എങ്ങനെ അറിഞ്ഞുവെന്ന് പോലും ഫാദറിന് മനസ്സിലാകുന്നില്ല. സി. ലുസിണ്ട ചിലപ്പോൾ ഒരു വിശുദ്ധയാവാം. ആരാലും അറിയപ്പെടാതെ പോയ ഒരു പുണ്യാത്മാവ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.