“രക്തസാക്ഷിയായി മരിക്കാൻ ഞാൻ തയ്യാറാണ്”: ഗുരുതരമായ പീഡനങ്ങൾക്കുശേഷം മോചിതനായ നൈജീരിയൻ സന്യാസി

“അവർ മാറിമാറി ഞങ്ങളെ ഉപദ്രവിച്ചു. അവർ ദേഹോപദ്രവം ഏല്പിക്കാത്ത ഒരിടവും ഞങ്ങളുടെ ശരീരത്തിലില്ല. ഞങ്ങളുടെ മറ്റുള്ള സഹോദരങ്ങളെ ഉപദ്രവിക്കുന്നത് കാണാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ഞങ്ങളുടെ ശബ്ദം പുറത്തുവരാതാകുന്നതുവരെ ഞങ്ങൾ കരഞ്ഞു” – നൈജീരിയയിൽനിന്നും തട്ടിക്കൊണ്ടു പോകപ്പെടുകയും ഗുരുതരമായ പീഡനങ്ങൾക്കുശേഷം രക്ഷപെടാൻ സാധിക്കുകയും ചെയ്ത സന്യാസിമാരിലൊരാളായ പീറ്റർ ഒലരെവാജു, താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചു വെളിപ്പെടുത്തുന്നു. ബെനഡിക്റ്റൈൻ ആശ്രമത്തിൽനിന്നാണ് ഈ മൂന്ന് സന്യാസിമാരെ തട്ടിക്കൊണ്ടുപോയത്. അതിൽ ഗോഡ്‌വിൻ ഈസെ എന്ന സന്യാസിയെ അവർ ഗുരുതരമായി പീഡിപ്പിച്ചുകൊലപ്പെടുത്തി. താനും മറ്റ് രണ്ടു സന്യാസിമാരും നേരിട്ട തട്ടിക്കൊണ്ടുപോകലും അനുഭവിച്ച ഭീകരമായ പീഡനവും ബ്ര. പീറ്റർ ഒലരെവാജു വിവരിക്കുന്നു.

ഇലോറിൻ രൂപതയിലെ എരുക്കുവിലെ ബെനഡിക്റ്റൈൻ ആശ്രമത്തിൽനിന്നാണ് ബ്രദറുമാരായ ഒലരെവാജുവിനെയും ആന്റണി ഈസിനെയും ഗോഡ്‌വിൻ ഈസെയെയും ഒക്‌ടോബർ 17 -ന് അക്രമികൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ബ്രദറുമാരിൽ ഒരാളായ ഗോഡ്‌വിൻ ഈസെയെ തീവ്രവാദികൾ പീഡിപ്പിച്ചു കൊലപ്പെടുത്തി. തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം നദിയിൽ എറിഞ്ഞു. മൃതദേഹത്തിനായി ദിവസങ്ങളോളം നദിയിൽ തിരഞ്ഞിട്ടും കണ്ടെത്താനാകാതെവന്നതോടെ, നവംബർ 22 -ന് ഐലോറിനിലെ സെന്റ് ജോസഫ് കത്തീഡ്രൽ ആശ്രമത്തിൽ അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾ നടത്തി.

ബ്ര. ഒലരെവാജു പറയുന്നതനുസരിച്ച്, അവർക്ക്, ഭക്ഷണം കഴിക്കാതെ നഗ്നപാദരായി മണിക്കൂറുകളോളം നടക്കേണ്ടിവന്നു. തട്ടിക്കൊണ്ടുപോയവർ ഭക്ഷണം കഴിക്കാൻ അനുവദിച്ചപ്പോൾ ഈസെ കൂടെയുള്ളവർക്ക് ബിസ്‌ക്കറ്റ് നൽകി. രണ്ടു കൈകളും ബന്ധിക്കപ്പെട്ടവർക്ക് തന്റെ സ്വതന്ത്രമായ ഒരു കൈകൊണ്ട് ഈസെ ഭക്ഷണം നൽകി. “ഞങ്ങളെ തട്ടിക്കൊണ്ടുപോയവർ ഞങ്ങൾക്ക് കഴിക്കാൻ രണ്ട് ബിസ്‌ക്കറ്റുകൾ തന്നു. കൈകൾ ബന്ധിച്ചിരിക്കുന്ന നിലയിലായിരുന്ന ഞങ്ങൾക്ക്, ഭക്ഷണം നൽകുന്നതിനായി അവർ ഈസെയുടെ ഒരു കൈ സ്വതന്ത്രമാക്കി. ഞങ്ങൾ ഓരോരുത്തർക്കും മാറിമാറി കഴിക്കാനായി അദ്ദേഹം ബിസ്‌ക്കറ്റ് ഉയർത്തിപ്പിടിച്ചത് ഞാൻ ഓർക്കുന്നു. അദ്ദേഹം ഞങ്ങൾക്ക് ഭക്ഷണം നൽകിയപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിലുണ്ടായിരുന്ന സ്നേഹവും ഉറപ്പും ഞാൻ ഒരിക്കലും മറക്കില്ല” – ഒലരെവാജു വേദനയോടെ പറയുന്നു. തട്ടിക്കൊണ്ടുപോയതിനുശേഷം രക്ഷപെട്ട അദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസ്ചാർജ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുശേഷമാണ്, തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും വേദനയും സഹോദരനെ നഷ്ടപ്പെടേണ്ടിവന്നതുമൊക്കെ അദ്ദേഹം പങ്കുവയ്ക്കുന്നത്.

തട്ടിക്കൊണ്ടുപോകപ്പെട്ട് ബന്ദിയാക്കപ്പെട്ട ദിവസങ്ങളിൽ എല്ലാദിവസവും ചമ്മട്ടികൊണ്ടുള്ള അടിയേൽക്കേണ്ടി വന്നിട്ടുണ്ട്. അതുമൂലം ശരീരത്തിലുണ്ടായ ആഴത്തിലുള്ള മുറിവുകൾ സുഖപ്പെടാൻ ദിവസങ്ങളെടുത്തു. “തട്ടിക്കൊണ്ടുപോയവർ ഞങ്ങളെ മോചിപ്പിച്ചപ്പോൾ ഞങ്ങൾ വളരെ മോശമായ അവസ്ഥയിലായിരുന്നു. അവരോടൊപ്പം ഒരുദിവസംകൂടി കഴിയേണ്ടിവന്നാൽ ഞങ്ങൾ തീർച്ചയായും മരിക്കുമായിരുന്നു” – ഒലരെവാജു വെളിപ്പെടുത്തുന്നു.

മൂന്ന് സന്യാസ സഹോദരങ്ങളെ തട്ടിക്കൊണ്ടു പോയ ആ രാത്രി

ആയുധധാരികളായ ആളുകൾ എരുക്കുവിലെ അവരുടെ ആശ്രമത്തിൽ അതിക്രമിച്ചുകയറി മൂന്ന് സന്യാസ സഹോദരങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്. ഒക്‌ടോബർ 17 -നു പുലർച്ചെ ഒരുമണിയോടെ ഉറങ്ങാൻകിടന്നപ്പോൾ എകെ 47 തോക്കുകളും വടിവാളുകളും മറ്റ് ആയുധങ്ങളുമായി ഒമ്പതുപേർ ആശ്രമത്തിലെത്തി. അവരിലൊരാൾ, മറ്റൊരിടത്തുനിന്നും അക്രമികൾ തട്ടിക്കൊണ്ടുവന്ന ഒരു കർഷകനായിരുന്നു. ആശ്രമത്തിലെത്താൻ അദ്ദേഹത്തെ പീഡിപ്പിച്ച്  നിർബന്ധപൂർവം അവിടെ എത്തിക്കുകയായിരുന്നു. “ഞാൻ വിചിത്രമായ പല ശബ്ദങ്ങളും കേട്ടു. ഞങ്ങൾ സാധാരണയായി പ്രാർഥിക്കാൻ വളരെ നേരത്തെ എഴുന്നേൽക്കുന്നതിനാൽ ഇത് എന്റെ സഹോദരന്മാരാണെന്നാണ് ആദ്യം ഞാൻ കരുതിയത്. പിന്നീടെന്തോ സംശയം തോന്നിയപ്പോൾ ഞാൻ മുറിയിൽനിന്ന് ഓടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, ആശ്രമത്തിനുള്ളിൽ ആളുകൾ കയറിയെന്ന് മനസിലാക്കിയ ഞാൻ രക്ഷപെടാനുള്ള ശ്രമം ഉപേക്ഷിച്ചു. അങ്ങനെ കട്ടിലിനടിയിൽ ഒളിച്ചിരിക്കുമ്പോൾ അടുത്ത മുറിയിൽ നിന്നും ‘യേശു’ എന്ന ശബ്ദം ഞാൻ കേട്ടു” – ഒലരെവാജു കൂട്ടിച്ചേർത്തു.

ആളുകൾ മുറി കൊള്ളയടിച്ചപ്പോൾ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന ഒലരെവാജുവിനെ കണ്ടെത്തി. ഈസെ ഉൾപ്പെടെയുള്ള മറ്റു രണ്ട് സന്യാസിമാരോടൊപ്പം അദ്ദേഹത്തെയും അവർ പിടിച്ചുകൊണ്ടുപോയി. കൈകൾ പിന്നിൽ കെട്ടിയ നിലയിലായിരുന്നു ഞങ്ങളെ കൊണ്ടുപോയത്. ഞങ്ങളുടെ ഫോണുകളും അവർ പിടിച്ചെടുത്തു. തുടർന്ന് നൈജീരിയൻ മാതൃഭാഷകളിലൊന്നായ ഹൗസ സംസാരിക്കാൻ ആർക്കൊക്കെ കഴിയുമെന്ന് സംഘത്തലവൻ സന്യാസിമാരോടു ചോദിച്ചു.

“ആരെങ്കിലും തങ്ങൾക്ക് വിവർത്തനം ചെയ്തുതരാൻ ആ തീവ്രവാദികൾ ആഗ്രഹിക്കുന്നുവെന്നു കരുതി ബ്ര. ബെഞ്ചമിൻ കൈ ഉയർത്തി. ഞങ്ങളെ  ഞെട്ടിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ മുഖത്തിനിട്ട് അവർ ആഞ്ഞടിച്ചു. കാരണം, അവർ സംസാരിക്കുന്ന ഭാഷ മനസിലാക്കുന്നവർ ഞങ്ങളുടെകൂടെ ഉണ്ടാകാൻ അവർ ആഗ്രഹിച്ചിരുന്നില്ല. ബെഞ്ചമിനെ മർദിച്ചശേഷം പുറത്താക്കി. ഹൗസ ഭാഷ സംസാരിക്കാത്ത ഒലരെവാജു, ഈസെ, ആന്റണി ഈസ് എന്നിവർ അഞ്ച് ദിവസങ്ങൾ അവരുടെ കടുത്ത പീഡനങ്ങൾക്ക് ഇരയാകേണ്ടിവന്നു. പട്ടിണി, ചമ്മട്ടിയടി, ചതുപ്പുനിലങ്ങളിൽ നഗ്നപാദരായി നടക്കേണ്ട അവസ്ഥകൾ തുടങ്ങിയവയൊക്കെ അവർക്ക് നേരിടേണ്ടിവന്നു. മുള്ളുകളും പാറകളും നിറഞ്ഞ മൈതാനങ്ങളിലൂടെ നഗ്നപാദരായി ദിവസങ്ങളോളം അവർക്ക് നടക്കേണ്ടിവന്നു.

ഒക്‌ടോബർ 21 -ന് ഞങ്ങളെ മോചിപ്പിക്കുന്നതുവരെ അഞ്ച് ദിവസം മുഴുവൻ ഞങ്ങളുടെ കൈകൾ പിറകിൽ കെട്ടിയിരിക്കുകയായിരുന്നു. ഈസെ തന്റെ രണ്ട് കൂട്ടാളികൾക്കുമുന്നിലായാണ് നടന്നത്. തട്ടിക്കൊണ്ടുപോയവർ കാര്യങ്ങൾ വളരെ നന്നായി ആസൂത്രണം ചെയ്തിരുന്നു. പകൽ അവർതന്നെ സ്ഥിതിഗതികൾ വീക്ഷിക്കും. രാത്രിയായിരുന്നു യാത്ര. വടിവാളുകൾ, തോക്കിൻകുഴലുകൾ, വലിയ മരക്കഷണങ്ങൾ എന്നിവ ഉപയോഗിച്ച് അവർ ഞങ്ങളെ അടിക്കുമായിരുന്നു. നേരം പുലരുമ്പോൾ അവർ ഞങ്ങളെ കുറ്റിക്കാട്ടിലേക്ക് തള്ളിയിടുകയും തുറസ്സായ സ്ഥലത്തിരുത്തുകയും ചെയ്തു” – ഒലരെവാജു പറയുന്നു. ഒലരെവാജുവിനെയും കൂട്ടാളികളെയും തട്ടിക്കൊണ്ടുപോയി ഏതാനും മണിക്കൂറുകൾക്കുശേഷം അക്രമികൾ ആശ്രമത്തിലേക്കു വിളിച്ച് 150 ദശലക്ഷം നായരാ (ഏകദേശം 1,90,000 ഡോളർ) ആവശ്യപ്പെട്ടിരുന്നു. ഈ തുക കൊടുക്കാനുള്ള സാമ്പത്തികഭദ്രത ആശ്രമത്തിന് ഉണ്ടായിരുന്നില്ല.

മോചനദ്രവ്യചർച്ചകൾ നീണ്ടുപോകുന്നതനുസരിച്ച് പീഡനമുറകളും വർധിച്ചു. “അവർ മാറിമാറി ഞങ്ങളെ ഉപദ്രവിച്ചു. അവർ ദേഹോപദ്രവം ഏല്പിക്കാത്ത ഒരിടവും ഞങ്ങളുടെ ശരീരത്തിലില്ല. ഞങ്ങളുടെ മറ്റുള്ള സഹോദരങ്ങളെ ഉപദ്രവിക്കുന്നത് കാണാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. ഞങ്ങളുടെ ശബ്ദം പുറത്തുവരാതാകുന്നതുവരെ ഞങ്ങൾ കരഞ്ഞു. ആ മനുഷ്യരെക്കുറിച്ചു പറയാൻ എനിക്ക് വാക്കുകളില്ല. അവരിൽ മനുഷ്യത്വത്തിന്റെ ഒരുതരി പോലും അവശേഷിച്ചിരുന്നില്ല” – ഒലരെവാജു വെളിപ്പെടുത്തുന്നു.

ഒരു രാത്രി, മഴ പെയ്തതിനാൽ ഒരു വലിയ മരത്തിന്റെ ചുവട്ടിൽ അവർ ഞങ്ങളെ കിടത്തി. “ഞങ്ങളറിയാതെ, ഞങ്ങളെ ഉറുമ്പുകളുടെ കൂട്ടിൽ കിടക്കാൻ അവർ പ്രേരിപ്പിച്ചു. അവ ഞങ്ങളെ കടിച്ചു. ഞങ്ങളുടെ ശരീരം മരവിച്ചിരുന്നതിനാൽ, രാവിലെമാത്രമാണ് ശരീരം വീങ്ങിയിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചത്. വൈകുന്നേരം അഞ്ചുമണിയോടെ ഞങ്ങൾ മൂവരും വിശപ്പുകാരണം തളർന്നിരുന്നു. എത്ര അടിച്ചിട്ടും ഞങ്ങൾക്ക് നടക്കാൻ കഴിയുമായിരുന്നില്ല. മോചനദ്രവ്യം എത്തുന്നതിനുമുൻപ് ഞങ്ങൾ മരിച്ചുപോകുമോയെന്ന് അക്രമികൾക്ക്  ഭയമുണ്ടായിരുന്നു. അതിനാൽ അവരിലൊരാൾ ആറ് കഷണം ബിസ്‌ക്കറ്റുകൾ കൊണ്ടുവന്ന് ഞങ്ങൾക്ക് നൽകാനായി ഗോഡ്‌വിന്റെ കൈയിലെ കെട്ടുകളഴിച്ചു.”

എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസം

ഒക്‌ടോബർ 18 -ന് രാത്രിയാണ് ഗോഡ്വിൻ ഈസെ കൊല്ലപ്പെട്ടത്. പതിവുപോലെ ഇരുട്ടിൽ ഒലരെവാജുവിന്റെയും ആന്റണി ഈസിന്റെയും മുന്നിലായാണ് ഗോഡ്വിൻ നടന്നത്. “ഗോഡ്വിൻ വളരെ ഉച്ചത്തിൽ നിലവിളിക്കുന്നത് ഞാൻ കേട്ടു. അവരിലൊരാൾ ലൈറ്റ് തെളിച്ചു. ആ വെട്ടത്തിൽ എന്റെ സഹോദരൻ രക്തത്തിൽ കുളിച്ചുനിൽക്കുന്നത് ഞാൻ കണ്ടു. ഒരു വലിയ മരക്കഷണം അവന്റെ കണങ്കാലിലൂടെ കയറ്റി അവന്റെ മാംസം പുറത്തുവന്നിരുന്നു. കൈകൾ പിന്നിലേക്ക് കെട്ടിയിട്ടതിനാൽ കാലിലെ മരക്കഷണം നീക്കംചെയ്യാൻ ഈസി പാടുപെടുന്നുണ്ടായിരുന്നു. ആ ശ്രമത്തിനിടയിൽ അദ്ദേഹം തെന്നി ഒരു വലിയ കുഴിയിൽ വീണു” – ഒലരെവാജു വേദനയോടെ ഓർമ്മിക്കുന്നു.

ഗുരുതരമായി പരിക്കേറ്റ ഈസിക്ക് വീണ്ടും നടക്കാൻ സാധിച്ചില്ല. ഇത് തട്ടിക്കൊണ്ടുപോയവരുടെ രോഷം വർധിപ്പിച്ചു. മോചനദ്രവ്യത്തിനായുള്ള അവരുടെ ചർച്ചകൾ അവർ ആഗ്രഹിച്ചതുപോലെ നടന്നിരുന്നില്ല. അന്നു രാത്രി, മുമ്പത്തേതിനേക്കാൾ മോശമായിരുന്നു മർദനം. ഞങ്ങളെ കൊല്ലാൻപോകുകയാണെന്ന് നിരന്തരം അവർ ഭീഷണിപ്പെടുത്തിയിരുന്നു. തീവ്രവാദികളിലൊരാൾ വെടിയുതിർക്കുന്നത് ഞാൻ കേട്ടു. ‘പിതാവേ, അങ്ങയുടെ കൈകളിൽ, ഞാൻ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു’ എന്ന് ഞാനപ്പോൾ പ്രാർഥിച്ചു. ഈസെയാണ് അവർ വെടിവച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമെന്നാണ് ഒലരെവാജു ഈസെയുടെ കൊലപാതകത്തെപ്പറ്റി പറയുന്നത്.

“ഞാനും ആന്റണിയും വളരെ ഭ്രാന്തമായ അവസ്ഥയിലെത്തി. ഞങ്ങളെയും കൊല്ലാൻ തീവ്രവാദികളോട് അഭ്യർഥിച്ചുകൊണ്ട് ഞങ്ങൾ നിലവിളിച്ചു. ഞങ്ങൾക്ക് ഇനി പീഡനം സഹിക്കാൻ കഴിയില്ലായിരുന്നു. വലിയ ഒരു നദിയുടെ അരികിലാണ് ഈസെ കൊല്ലപ്പെട്ടത്. രണ്ടുപേർ ചേർന്ന് ഈസെയുടെ മൃതദേഹം നദിയിലെറിഞ്ഞു.”

“എന്റെ സഹോദരൻ ഈസെ കൊല്ലപ്പെട്ട ദിവസം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസം എന്നെയും പിന്നീട് ആന്റണിയെയും കൊല്ലുമെന്ന് അവർ പറഞ്ഞു. അവരുടെ പക്കൽ ഡസൻകണക്കിന് മൊബൈൽ ഫോണുകളും സോളാർ പാനലുകളും ഉണ്ടായിരുന്നുവെന്ന് ഒലരെവാജു പറയുന്നു. ഈ ദിവസങ്ങളിൽ ഞങ്ങളെ മുന്നോട്ടുനയിച്ചത് പ്രാർഥന മാത്രമായിരുന്നു. നിശ്ശബ്ദമായിട്ടായിരുന്നു ഞങ്ങൾ പ്രാർഥിച്ചിരുന്നത്.

കോഗി, നൈജർ സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ക്വാറ സംസ്ഥാനത്താണ് ബെനഡിക്റ്റൈൻ ആശ്രമം സ്ഥിതിചെയ്യുന്നത്. ഒക്ടോബർ 21 -ഓടെ, ഒലരെവാജുവും ആന്റണി ഈസും അവരുടെ കമ്മ്യൂണിറ്റിയിൽനിന്ന് മൈലുകൾ അകലെയുള്ള കോഗി അതിർത്തിയിലേക്കു നടന്നു. അവർ കോഗിയെ സമീപിച്ചപ്പോൾ, അക്രമികളും അവരുടെ ആശ്രമവും തമ്മിലുള്ള ചർച്ചകളിൽ ഒരു വഴിത്തിരിവുണ്ടായി; അവർ മോചിതരായി.

രക്തസാക്ഷിയായി മരിക്കാൻ തയ്യാറായി

“സ്വർഗത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഞാൻ ആശ്രമത്തിൽ ചേർന്നത്. ഞങ്ങളുടെ തട്ടിക്കൊണ്ടുപോകലിനും ഞങ്ങൾ നേരിട്ട ഭീകരതകൾക്കുംശേഷം, എനിക്ക് കൂടുതലെന്തെങ്കിലും വേണമെന്ന് എനിക്ക് വ്യക്തമായി. അപകടകരമായ ഈ രാജ്യത്ത് ഒരു രക്തസാക്ഷിയായി മരിക്കാൻ ഞാൻ തയ്യാറാണ്. യേശുവിനുവേണ്ടി എപ്പോൾ വേണമെങ്കിലും മരിക്കാൻ ഞാൻ തയ്യാറാണ്. ബ്ര. ഗോഡ്വിൻ ഈസെ സ്വർഗത്തിലാണെന്ന വിശ്വാസത്തിലാണ് ഞങ്ങൾ” – അദ്ദേഹം പറഞ്ഞുനിർത്തി.

സി. സൗമ്യ DSHJ

വിവർത്തനം: സി. സൗമ്യ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.