സ്വന്തം ഹൃദയം നൽകി ഈശോയുടെ ഹൃദയം വാങ്ങിയ വിശുദ്ധ: മദർ കബ്രിനിയുടെ അപൂർവ ആത്മീയ അനുഭവം

​വിശുദ്ധ ഫ്രാൻസിസ് സേവ്യർ കബ്രിനി യേശുക്രിസ്തുവിന്റെ തിരുഹൃദയത്തോട് പുലർത്തിയിരുന്ന തീക്ഷ്ണമായ ഭക്തി ക്രൈസ്തവ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒന്നാണ്. യേശു തന്റെ ഹൃദയം മദർ കബ്രിനിയുടെ ഹൃദയവുമായി പരസ്പരം കൈമാറ്റം ചെയ്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അടുത്തിടെ ജൂൺ 20 – ന് ലെയോ പതിനാലാമൻ മാർപാപ്പ ഇറ്റലിയിലെ കൊഡോഞ്ഞോയിലുള്ള മദറിന്റെ ജന്മനാട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഈ ഹൃദയത്തിന്റെ തിരുശേഷിപ്പ് സന്ദർശിച്ചിരുന്നു.

​മദർ കബ്രിനിയുടെ ആത്മാവ് ഒരേസമയം പ്രാർഥനാധിഷ്ഠിതവും കർമ്മനിരതവുമായിരുന്നുവെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ ഹൃദയത്തോടുള്ള ആഴമായ സ്നേഹമാണ് അവർക്ക് അസാധാരണമായ പ്രവർത്തനശേഷിയും ആത്മധൈര്യവും നൽകിയത്. ‘എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയും’ എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വചനമായിരുന്നു അവരുടെ മിഷനറി പ്രവർത്തനങ്ങളുടെ കരുത്ത്.

​ഹൃദയങ്ങളുടെ ദിവ്യമായ കൈമാറ്റം

​ആവിലയിലെ വിശുദ്ധ തെരേസയ്ക്ക് ഉണ്ടായതുപോലെയുള്ള ഒരു ആത്മീയ അനുഭവം മദർ കബ്രിനിക്കും ഉണ്ടായിട്ടുണ്ടെന്ന് മിഷനറി സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് വ്യക്തമാക്കുന്നു. മദർ കബ്രിനി തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു. ​’ഒരു ആത്മാവ് യേശുവിനോടുള്ള വിശുദ്ധമായ സ്നേഹത്താൽ നിറഞ്ഞുനിൽക്കുമ്പോൾ അവിടുന്ന് തന്റെ അതിമനോഹരമായ തിരുഹൃദയം കാണിച്ച് തന്നുകൊണ്ട് പറഞ്ഞു ‘എന്റെ പ്രിയപ്പെട്ടവളേ നിന്റെ ഹൃദയം എന്റേതാണ്. അത് എനിക്ക് എന്നേക്കുമായി വേണം. അതിനാൽ ഇനി മുതൽ നീ എന്റെ ഹൃദയം കൊണ്ട് മാത്രം പ്രവർത്തിക്കേണ്ടതിന് ഞാൻ അത് നിന്റെ നെഞ്ചിൽ നിന്ന് മാറ്റുകയാണ്.’

​ഈ ആത്മീയ അനുഭവം കേവലം മാനസികമായിരുന്നില്ല മറിച്ച് മദർ കബ്രിനി അത് ശരീരത്തിൽ തൊട്ടറിഞ്ഞു. തന്റെ നെഞ്ചിൽ നിന്ന് ഹൃദയം വലിയ ശക്തിയോടെ പുറത്തെടുക്കപ്പെടുന്നതായി അവർക്ക് അനുഭവപ്പെട്ടു. അതിനുശേഷം ഒരു വർഷത്തോളം നെഞ്ചിന്റെ ആ ഭാഗത്ത് ഡോക്ടർമാർക്ക് പോലും വിശദീകരിക്കാൻ കഴിയാത്ത രീതിയിലുള്ള അസാധാരണമായ വിറയലുകൾ അവർക്ക് അനുഭവപ്പെട്ടിരുന്നു. തിരുഹൃദയ രൂപത്തിന് മുന്നിൽ നിൽക്കുമ്പോഴെല്ലാം യേശു തന്നോട് സംസാരിക്കുന്നതായും കരുണയോടെ നോക്കുന്നതായും അവർക്ക് തോന്നിയിരുന്നു.

​ആത്മീയ അർഥത്തിൽ ഇന്ന് ഇറ്റലിയിൽ വണക്കത്തിനായി വച്ചിരിക്കുന്ന മദർ കബ്രിനിയുടെ ഹൃദയ തിരുശേഷിപ്പ് യഥാർഥത്തിൽ ‘യേശുവിന്റെ ഹൃദയം’ തന്നെയാണ്. കാരണം ഭൂമിയിൽ അവർ കണ്ടുമുട്ടിയ ഓരോ മനുഷ്യരെയും അവർ സ്നേഹിച്ചത് സ്വന്തം ഹൃദയം കൊണ്ടല്ല മറിച്ച് യേശുവിന്റെ ഹൃദയവും സ്നേഹവും കൊണ്ടായിരുന്നു. നമ്മുടെ ഹൃദയങ്ങളെയും യേശുവിന്റെ തിരുഹൃദയവുമായി കൈമാറ്റം ചെയ്യാനും അവിടുത്തെ സ്നേഹം നമ്മിലൂടെ മറ്റുള്ളവരിലേക്ക് ഒഴുക്കാനും മദർ കബ്രിനിയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.