വി. യൗസേപ്പിതാവിനോടുള്ള ‘നന്മനിറഞ്ഞ യൗസേപ്പേ’ എന്ന പ്രാർഥന ചൊല്ലേണ്ടത് എങ്ങനെ?

‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർഥന പോലെ അത്രയധികം പ്രശസ്തമല്ലെങ്കിലും, വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാനും മനഃപാഠമാക്കാനും സാധിക്കുന്ന ഒന്നാണ് ‘നന്മനിറഞ്ഞ യൗസേപ്പേ’ എന്ന പ്രാർഥന. ആദ്യകാല സഭ മുതൽക്കേ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി നിലവിലുണ്ടെങ്കിലും, എല്ലാ കത്തോലിക്കർക്കും ഒരുപോലെ അറിയാവുന്ന, വിശുദ്ധന്റെ പേരിലുള്ള ഔദ്യോഗിക പ്രാർഥനകൾ കുറവാണ്.

ഉദാഹരണത്തിന്, നൂറ്റാണ്ടുകളായി ജപമാലയോടൊപ്പം പ്രചരിപ്പിക്കപ്പെടുന്നതിനാൽ മിക്കവാറും എല്ലാ കത്തോലിക്കർക്കും ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർഥന കൃത്യമായി അറിയാം. എന്നാൽ യൗസേപ്പിതാവിനോടുള്ള പ്രാർഥനകൾക്ക് അങ്ങനെയൊരു സ്ഥാനം ലഭിക്കുന്നത് വിരളമാണ്. നമുക്ക് ലഭ്യമായിട്ടുള്ള യൗസേപ്പിതാവിന്റെ മിക്ക പ്രാർഥനകളും 19, 20 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ടവയുമാണ്.

‘നന്മനിറഞ്ഞ യൗസേപ്പേ’ പ്രാർഥന

യൗസേപ്പിതാവിനോടുള്ള പ്രാർഥനകൾ പൊതുവെ കുറവാണെങ്കിലും, ഏവർക്കും പരിചിതമായ ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർഥനയ്ക്ക് പകരമായി ചൊല്ലാൻ സാധിക്കുന്ന ഒരു പ്രാർഥന നിലവിലുണ്ട്. ‘നന്മനിറഞ്ഞ യൗസേപ്പേ’ എന്ന് വിളിക്കുന്ന ഈ പ്രാർഥനയും അതേ ശൈലിയിലാണ് തയ്യാറാക്കിയിട്ടുള്ളത്.

ഈ പ്രാർഥന അറിയാത്തവർക്കായി, പ്രാർഥനാ പുസ്തകങ്ങളിൽ ഇത് എങ്ങനെയാണ് നൽകിയിരിക്കുന്നതെന്ന് താഴെ നൽകുന്നു. ഇതിന്റെ യഥാർഥ രചയിതാവ് ആരാണെന്ന് കണ്ടെത്തുക പ്രയാസമാണെങ്കിലും, പത്തൊൻപതോ, ഇരുപതോ നൂറ്റാണ്ടുകളിലാകാം ഇത് എഴുതപ്പെട്ടത്.

നന്മനിറഞ്ഞ യൗസേപ്പേ, ദാവീദിന്റെ പുത്രാ, നീതിമാനും നിർമ്മലനുമായവനേ, ജ്ഞാനം അങ്ങയോടുകൂടെയുണ്ട്. പുരുഷന്മാരിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവനാകുന്നു. അങ്ങയുടെ വിശ്വസ്ത മണവാട്ടിയായ മറിയത്തിന്റെ ഉദരഫലമായ ഈശോയും അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ യൗസേപ്പേ, യേശുക്രിസ്തുവിന്റെയും വിശുദ്ധ തിരുസഭയുടെയും യോഗ്യനായ വളർത്തുപിതാവും സംരക്ഷകനുമായവനേ, പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തിൽ നിന്ന് ദൈവിക ജ്ഞാനം ഞങ്ങൾക്കായി വാങ്ങിത്തരണമേ. ആമേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.