ക്രിസ്തുമസ് നക്ഷത്രം നൽകുന്ന സന്ദേശം

സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ക്രിസ്തുമസ് കടന്നുവരുന്നത്. ഓരോ ക്രിസ്തുമസ് കാലവും ക്രിസ്തുവിനോട് ചേർന്നുനിന്നുകൊണ്ട് പ്രത്യാശനിറഞ്ഞ ജീവിതം നയിക്കാനുള്ള ആഹ്വാനവുമാണ്. ആ ഒരു പ്രത്യാശയിലേക്ക് നമ്മെ വളർത്തുന്ന നിരവധി സൂചനകൾ നമുക്കുമുന്നിൽ സമ്മാനിച്ചാണ് ക്രിസ്തുമസ് എത്തുന്നത്.

ഡിസംബർ മാസം ആദ്യം തന്നെ വീടിന്റെ മുന്നിൽ നക്ഷത്രങ്ങൾ തൂക്കുന്നവരാണ് നമ്മൾ. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ നക്ഷത്രം എവിടെനിന്നു വന്നു, എങ്ങനെ വന്നു എന്ന്. നക്ഷത്രത്തിനും പറയാനുണ്ട് ഒരു കഥ; അർത്ഥസമ്പന്നമായ ഒരു കഥ.

ആ കഥ ബൈബിൾ വിവരണങ്ങളിൽ നിന്നുതന്നെയാണ് തുടങ്ങുന്നത്. വി. മത്തായിയുടെ സുവിശേഷം രണ്ടാം അധ്യായം ഒന്‍പതാം വാക്യത്തിൽ ഇങ്ങനെ പറയുന്നു: “കിഴക്കുകണ്ട നക്ഷത്രം അവർക്കുമുൻപേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടക്കുന്ന സ്ഥലത്തിനുമുകളിൽ വന്നുനിന്നു. നക്ഷത്രം കണ്ടപ്പോൾ അവർ അത്യധികം സന്തോഷിച്ചു. അവർ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടൊപ്പം കാണുകയും അവനെ കുമ്പിട്ടാരാധിക്കുകയും ചെയ്തു.” അപ്പോൾ നക്ഷത്രം വന്നത് എങ്ങനെയെന്ന് മനസ്സിലായില്ലേ.

ഓരോ നക്ഷത്രവും  ഓരോ സന്ദേശം മുന്നോട്ടുവയ്ക്കുന്നുണ്ട്. അതായത്, യേശു ജനിച്ച സ്ഥലം എവിടെയാണെന്ന് അറിയാതിരുന്ന ജ്ഞാനികൾക്ക് യേശുവിലേക്കുള്ള  വഴികാട്ടിയാകുന്നത് നക്ഷത്രമാണ്. വഴികാട്ടികൾ! നക്ഷത്രങ്ങളെ അങ്ങനെ വിശേഷിപ്പിക്കാം. ക്രിസ്തുമസിന്റെ ഒരുക്കമായി നമ്മുടെ വീടിന്റെ മുന്നിൽ നാം തൂക്കുന്ന ഓരോ നക്ഷത്രവും നമ്മോടു ചോദിക്കുന്നതും ഇതുതന്നെയാണ് – നിനക്ക് ഒരു വഴികാട്ടിയാകാമോ? യേശുവിനെ അന്വേഷിച്ച്, യേശുവിനെ മനസ്സിൽ ആഗ്രഹിച്ച്, അവനിലേക്ക് എത്തിച്ചേരാൻ വഴിയറിയാതെ നിൽക്കുന്ന ഒരുപാട് പേർക്ക് അവനിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്ന ഒരു വഴികാട്ടി.

ഈ ക്രിസ്തുമസ് കാലത്ത്, നക്ഷത്രങ്ങൾ നൽകുന്ന ഈ സന്ദേശത്തെ ജീവിതത്തിൽ  സ്വീകരിച്ചുകൊണ്ട് വഴികാട്ടിയായി മാറാൻ നമുക്കോരോരുത്തർക്കും കഴിയട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.