ഇലഞ്ഞിയുടെ സ്വന്തം ത്ലീസാമ്മ ഇനി സ്വർഗത്തിൽ

സി. സൗമ്യ DSHJ

ഇലഞ്ഞി പള്ളിയുടെയും സ്കൂളിന്റെയും മുറ്റത്തും മഠത്തിന്റെ പരിസരങ്ങളിലുമായി ജോലി ചെയ്തുകൊണ്ട് ഓടിനടന്നിരുന്ന പൊക്കം കുറഞ്ഞ ഒരു കർമ്മലീത്താ സന്യാസിനി. ഒരിക്കലും പ്രായം ചെന്നിരുന്നില്ല എന്ന് തോന്നിപ്പിക്കും വിധം സദാ ശുഷ്കാന്തിയും പ്രസന്നതയും ആ സന്യാസിനിയുടെ ഓരോ പ്രവർത്തിയിലും നിറഞ്ഞിരുന്നു. ഭൂമിയെപ്പോലും വേദനിപ്പിക്കാൻ ഇഷ്ടപ്പെടാത്ത വിധം ചെരിപ്പുപോലും ധരിക്കാതെ ആയിരുന്നു അവരുടെ നടപ്പ് പോലും. പറഞ്ഞു വരുന്നത് 63 വർഷക്കാലം ഇലഞ്ഞി മഠത്തിലെ അംഗമായ സി. ത്ലീസാ സിഎംസിയെ കുറിച്ചാണ്. വിശുദ്ധി തന്റെ ഓരോ ചെറിയ പ്രവർത്തിയിലും നിറച്ച ആ അമ്മ മാർച്ച് 17 ന് തന്റെ 95 മത്തെ വയസിൽ ഈ ലോകത്തിൽ നിന്നും ഈശോയുടെ പക്കലേക്ക് യാത്രയായി.

ത്ലീസാമ്മയ്ക്ക് വലിയ വിദ്യാഭ്യാസമോ പാണ്ഡിത്യമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈശോയ്ക്ക് വേണ്ടി ജ്വലിക്കുന്ന ഒരു ഹൃദയം വലിയ സമ്പത്തായി കൂടെയുണ്ടായിരുന്നു. അതിനാൽ തന്നെ ഇലഞ്ഞി പള്ളിയിലോ സ്‌കൂളിലോ വരുന്ന ആരും തന്നെ ഈ അമ്മയെ ശ്രദ്ധിക്കാതെ പോകില്ല. കാരണം, അവരുടെമേൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ചെറിയ കാര്യങ്ങളിലൂടെ, ഏത് എളിയ ജോലിയും നിറഞ്ഞ സംതൃപ്തിയോടെ ചെയ്യുന്നതിൽ ത്ലീസാമ്മ ഒരിക്കലും മടി കാണിച്ചിരുന്നില്ല. ഒന്നിനെക്കുറിച്ചും പരാതിപ്പെട്ടില്ല.

1929 മെയ് 31 ന് കുറവിലങ്ങാട് ഇടവകയിൽ മൂലം കുഴയ്ക്കൽ തോമസ് – ത്രേസ്യാ ദമ്പതികളുടെ എട്ടു മക്കളിൽ ഏഴാമത്തെ മകളായി ജനിച്ചു. മൂന്നാം വയസിൽ പിതാവും പന്ത്രണ്ടാമത്തെ വയസിൽ അമ്മയും നഷ്ടപ്പെട്ട ത്ലീസാമ്മ ചെറുപ്പത്തിൽ തന്നെ അനാഥത്വത്തിന്റെ വേദന അറിഞ്ഞു. പിന്നീട് ത്ലീസാമ്മയെ വളർത്തിയത് അമ്മയുടെ സഹോദരനാണ്.

1950 ജൂൺ 24 ന് ദൈവവിളി തിരിച്ചറിഞ്ഞു ഇലഞ്ഞി മഠത്തിൽ പ്രവേശിച്ചു. ആ വർഷം തന്നെയായിരുന്നു ഇലഞ്ഞിയിൽ കർമ്മലീത്താ മഠം ആരംഭിക്കുന്നത്. തുടക്കത്തിന്റെ ബാലാരിഷ്ടതകളിൽ ത്ലീസാമ്മയും വളരെ സജീവമായി തന്നെ പങ്കാളിയായി. മുത്തോലി മഠത്തിലായിരുന്നു സന്യാസ പരിശീലനം. 1955 ആഗസ്റ്റ് 19 ന് ആദ്യവ്രതവും 1959 മെയ് 14 ന് നിത്യവ്രതവും സ്വീകരിച്ചു. തുടർന്ന് രണ്ടുവർഷം ചേർപ്പുങ്കൽ മഠത്തിൽ സേവനം ചെയ്തു. പിന്നീട് വീണ്ടും ഇലഞ്ഞിയിലേക്ക് തിരിച്ചുവന്ന ത്ലീസാമ്മ, മരണം വരെ ഇലഞ്ഞിയിൽ തന്നെ തുടർന്നു. അതായത് നീണ്ട 63 വർഷക്കാലം ഇലഞ്ഞിയുടെ സ്വന്തം ത്ലീസാമ്മയായി തുടർന്നു.

സദാ ജപമാല ചൊല്ലി പ്രാർഥിച്ചിരുന്ന സിസ്റ്റർ അവസാന നാളുകളിൽ കാലൊടിഞ്ഞു ആശുപത്രി കിടക്കയിൽ ആയിരുന്നപ്പോഴും ആ പതിവ് മുടക്കിയില്ല. നിരന്തരം കുരിശു വരച്ചുകൊണ്ടിരുന്നു. ഡ്രിപ്പ് ഇടുമ്പോൾ കയ്യിൽ നിന്നും നിർബന്ധപൂർവ്വം ജപമാല മാറ്റിയിരുന്നു. അപ്പോൾ ജപമാലയാണെന്ന് വിചാരിച്ചു ഡ്രിപ്പിന്റെ വയറിൽ കൈകൾ ചലിപ്പിച്ചുകൊണ്ട് അമ്മ പ്രാർത്ഥിക്കുമായിരുന്നു എന്ന് സഹ സന്യാസിനിമാർ വെളിപ്പെടുത്തുന്നു.

അവസാന നാളുകളിൽ കാലിന്റെ ഓപ്പറേഷൻ ചെയ്തിരുന്ന ഡോക്ടർ പറഞ്ഞിരുന്ന ഒരു കാര്യം ഇപ്രകാരമായിരുന്നു: “നിങ്ങൾക്ക് ഈ സിസ്റ്ററിനെക്കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇതുവരെ എനിക്ക് ഒരു പരാതിയും ഈ സിസ്റ്ററിനെകുറിച്ച് ലഭിച്ചിട്ടില്ല.” ഈ വാക്കുകളിൽ അത്രമേൽ സൗമ്യമായിരുന്നു ത്ലീസാമ്മയുടെ ജീവിതം എന്നുവേണം മനസിലാക്കുവാൻ.

സ്വന്തമായ കാര്യങ്ങൾ പോലും ചെയ്യുവാൻ സാധിക്കാതെ കിടപ്പിലായ സമയങ്ങളിൽ ത്ലീസാമ്മയുടെ വിഷമം തന്നെ ശുശ്രൂഷിക്കുന്നവരെ ബുദ്ധിമുട്ടിപ്പിക്കുന്നതിനെ ഓർത്തായിരുന്നു. അത് ത്ലീസാമ്മ, തന്നെ ശുശ്രൂഷിക്കാൻ എത്തുന്നവരോട് പങ്കുവെയ്ക്കുമായിരുന്നു. അനേകരെ ചെറിയ ജോലിയിലൂടെ, ശുശ്രൂഷയിലൂടെ സ്നേഹിച്ച ത്ലീസാമ്മയുടെ മാർച്ച് 17 ന് തന്റെ സ്വർഗീയ നാഥന്റെ പക്കലേക്ക് യാത്രയാകുമ്പോൾ കർമ്മലീത്ത സഭയ്ക്ക് നഷ്ടമാകുന്നത് പകരം വയ്ക്കാത്ത ഒരു മാതൃകയാണ്. ലഭിച്ചത് ഒരു വിശുദ്ധയെ ആണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.