മരണമുഖത്തും മായാത്ത വിശ്വാസം: സ്പെയിനിൽ ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട 51 രക്തസാക്ഷികൾ

ആഗസ്റ്റ് 12, 13 തീയതികളിൽ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ബാർബസ്ട്രോ എന്ന ചെറിയ പട്ടണത്തിൽ ക്രൂരമായി കൊല്ലപ്പെട്ട 51 രക്തസാക്ഷികളെ നാം അനുസ്മരിക്കുന്നു. ഇവരിൽ ഭൂരിഭാഗവും വൈദികാർഥികളായിരുന്നു എന്നത് ആ സംഭവത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.

1936 ജൂലൈ 20-ന്, സ്പാനിഷ് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു തൊട്ടുപിന്നാലെ, ഒരു കൂട്ടം അരാജകവാദികൾ ബാർബസ്ട്രോയിലെ ഒരു ക്ലരേഷ്യൻ സന്ന്യാസ ഭവനത്തിലേക്ക് ഇരച്ചുകയറുകയും 51 മിഷനറിമാരെ തടവിലാക്കുകയും ചെയ്തു. വിശ്വാസത്തിന്റെ പേരിൽ കടുത്ത പീഡനങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങാനായിരുന്നു അവരുടെ വിധി.

ചെറിയൊരു പട്ടണമായിരുന്നിട്ടും ബാർബസ്ട്രോ പെട്ടെന്നാണ് രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിന്റെ കേന്ദ്രമായി മാറിയത്. അടുത്തുള്ള ഒരു മഠത്തിൽ നിന്നുള്ള ബെനഡിക്ടൻ സന്ന്യാസിമാരെയും പ്രാദേശിക വിദ്യാലയം നടത്തിയിരുന്ന പിയറിസ്റ്റ് സന്ന്യാസിമാരെയും വിമതർ തടവിലാക്കി. അത്രയധികം ‘തടവുകാരെ’ പെട്ടെന്ന് പാർപ്പിക്കാൻ ആ ചെറിയ പട്ടണത്തിൽ മറ്റ് സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ, ആ വിദ്യാലയം തന്നെ ഒരു ജയിലാക്കി മാറ്റുകയായിരുന്നു.

ആഭ്യന്തരയുദ്ധത്തിൽ ഏറ്റവും കൂടുതൽ പുരോഹിതന്മാർ രക്തസാക്ഷികളായ രൂപത ബാർബസ്ട്രോ ആയിരുന്നു; 18 ബെനഡിക്ടൻ സന്ന്യാസിമാർ, 9 പിയറിസ്റ്റുകൾ, 51 ക്ലരേഷ്യൻ സന്ന്യാസിമാർ, 13 കത്തീഡ്രൽ കാനോനുകൾ, 114 രൂപതാ പുരോഹിതന്മാർ, 5 രൂപതാ വൈദികാർഥികൾ, ഒരു മെത്രാൻ എന്നിവർ അവിടെ രക്തസാക്ഷിത്വം വരിച്ചു.

ജൂലൈ 20-ന് അരാജകവാദികൾ ക്ലരേഷ്യൻ സംഘത്തെ അറസ്റ്റ് ചെയ്യുകയും തുടർന്ന് പല ദിവസങ്ങളിലായി അവരെ വെടിവച്ചു കൊല്ലുകയും ചെയ്തു. എന്നാൽ, യാതൊരു കുറ്റവും ചുമത്തപ്പെടാതെയാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടത്. അവരിൽ ഭൂരിഭാഗവും 20 വയസ് മാത്രം പ്രായമുള്ളവരായിരുന്നു; സെമിനാരിയിലെ അവസാന വർഷ പഠനത്തിനായി കുറച്ച് ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് അവർ ബാർബസ്ട്രോയിൽ എത്തിച്ചേർന്നത്.

പീഡനങ്ങൾക്കിടയിലും ലഭിച്ച ദിവ്യകാരുണ്യ സാന്ത്വനം

ദീർഘമായ ഈ ദുരിതകാലത്ത് ക്ലരേഷ്യൻ സന്ന്യാസിമാർക്ക് അവിശ്വസനീയമായ ഒരു ആശ്വാസമുണ്ടായിരുന്നു. വിമതർ പരിശുദ്ധ കുർബാന അശുദ്ധമാക്കുമെന്ന് ഭയന്ന്, അവരെ പിടികൂടുമ്പോൾ സന്ന്യാസിമാരിൽ ഒരാൾ അൾത്താരയിൽ നിന്ന് ദിവ്യകാരുണ്യം രഹസ്യമായി എടുത്തുമാറ്റിയിരുന്നു. അദ്ദേഹം തന്റെ വസ്ത്രത്തിനുള്ളിൽ അവ ഒളിപ്പിച്ചു; പിന്നീട് അവ വിദ്യാലയത്തിലെ ഫിസിക്സ് ക്ലാസ് മുറിയിലെ സാധനങ്ങൾ സൂക്ഷിക്കുന്ന അലമാരയിൽ ഒളിപ്പിച്ചുവെച്ചു. ദിവസേനയുള്ള ഭക്ഷണവിതരണത്തിനിടയിൽ, ഒരു സന്ന്യാസി സഹോദരൻ തന്റെ ഓരോ സഹോദരങ്ങൾക്കും നൽകുന്ന സാൻവിച്ചിനുള്ളിൽ ഓരോ ദിവ്യകാരുണ്യം വീതം ഒളിപ്പിച്ചുവച്ച്‌ നൽകി. അങ്ങനെ, ഒരു മാസത്തോളം നീണ്ട തടവറ വാസത്തിനിടയിലും പലതവണ ദിവ്യകാരുണ്യം സ്വീകരിക്കാൻ അവർക്ക് സാധിച്ചു.

ആ മൂന്ന് മേലധികാരികളെ ഓഗസ്റ്റ് രണ്ടിന് വെടിവച്ചു കൊന്നു; ബാക്കിയുള്ളവരെ 1936 ഓഗസ്റ്റ് 12, 13, 15, 18 തീയതികളിലായി വധിച്ചു. വിശ്വാസവും ദൈവവിളിയും ഉപേക്ഷിക്കാൻ അവരെ നിർബന്ധിക്കുന്നതിന്റെ ഭാഗമായി, കൊലയാളികളുടെ മുന്നിൽ നിരനിരയായി നിർത്തി വെടിവെക്കാതെ കബളിപ്പിക്കുന്നതുപോലെയുള്ള വ്യാജ വധശിക്ഷകളും അവരുടെ പീഡനങ്ങളിൽ ഉൾപ്പെട്ടിരുന്നു.

അവയെല്ലാം സഹിച്ചുനിന്ന ഈ രക്തസാക്ഷികളെ എല്ലാവരെയും 1992 ഒക്ടോബർ 25-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. അർജന്റീനക്കാരായ രണ്ട് സഹോദരന്മാരെ അവരുടെ എംബസിയുടെ ഇടപെടൽ മൂലം രക്ഷപ്പെടുത്താൻ കഴിഞ്ഞു. മറ്റൊരു സഹോദരൻ ഒരു സന്ന്യാസിയാണെന്ന് അരാജകവാദികൾ വിശ്വസിക്കാൻ തയ്യാറാകാത്തതുകൊണ്ട് മാത്രം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. ഇങ്ങനെ അതിജീവിച്ച കുറച്ചുപേരുടെ ഇടപെടലിലൂടെയാണ് ഇരകൾ അനുഭവിച്ച പീഡനങ്ങളുടെയും മരണത്തിന്റെയും നിരവധി വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കഴിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.