‘ക്രിസ്തുരാജൻ ജയിക്കട്ടെ’ എന്ന് വിളിച്ചുപറഞ്ഞു കൊണ്ട് മരണത്തെ പുൽകിയ രക്തസാക്ഷി

സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ വിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ട 27 ഡൊമിനിക്കൻ രക്തസാക്ഷികളെ സ്പെയിനിലെ കത്തീഡ്രലിൽ ജൂൺ 18-ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തും. അവരിൽ ഒരു സ്പാനിഷ് പത്രപ്രവർത്തകനും ഉൾപ്പെടുന്നു. ഫ്രക്റ്റുവോസോ പെരെസ് മാർക്വേസ് എന്ന ഈ അത്മായൻ 1936 ജൂലൈ 26-ന് തന്റെ വീട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ആഗസ്റ്റ് 15-ന് പുലർച്ചെ തന്റെ 52-ാം വയസിൽ ‘ക്രിസ്തുരാജൻ ജയിക്കട്ടെ’ എന്ന് വിളിച്ചുപറഞ്ഞു കൊണ്ട് അദ്ദേഹം മരണത്തെ പുൽകുകയായിരുന്നു.

ക്രിസ്തുരാജൻ ജയിക്കട്ടെ

അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്കും അവിടെ നിന്ന് താൽക്കാലിക ജയിലിലേക്കും കൊണ്ടുപോയി. ആഗസ്റ്റ് മൂന്നിന് അവർ അദ്ദേഹത്തെ ഒരു കപ്പലിലേക്കു മാറ്റി. ആഗസ്റ്റ് 15-ന് അതിരാവിലെ കടൽത്തീരത്തു വച്ച് വധിച്ചു. പിന്നീട് വെടിയേറ്റ മറ്റുള്ളവരോടൊപ്പം മൃതദേഹം കടലിൽ എറിഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് ‘ക്രിസ്തുരാജാവ് നീണാൾ വാഴട്ടെ’ എന്ന് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു.

പത്രപ്രവർത്തകനായ രക്തസാക്ഷി

ഫ്രക്റ്റുവോസോ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനായിരുന്നു. 1908-ൽ സ്ഥാപിതമായ “പ്രെൻസ അസോസിയഡ”യുടെ ഒരു ലേഖകനായിരുന്നു അദ്ദേഹം. കൂടാതെ, നിരവധി സ്പാനിഷ് പത്രങ്ങളിലും പ്രവർത്തിച്ചു. 1922-ൽ ‘ലാ ഇൻഡിപെൻഡൻസിയ’യുടെ ഡയറക്ടറായി.

ഫ്രക്റ്റുവോസോ എപ്പോഴും തന്റെ ക്രിസ്ത്യൻ മൂല്യങ്ങളിലും തത്വങ്ങളിലും ഉറച്ചുനിന്നിരുന്ന വ്യക്തിയായിരുന്നു. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്റെ ജോലി നിർവ്വഹിക്കുമ്പോഴും ഈ മൂല്യങ്ങൾ അദ്ദേഹം കൈവെടിഞ്ഞില്ല. കൂടാതെ, ജയിലിൽ നിന്ന് ലേഖനങ്ങൾ എഴുതുന്നതും തുടർന്നു.

അദ്ദേഹത്തിന്റെ രചനകളിൽ ‘മതപരമായ പ്രശ്നങ്ങൾ’, ‘സഭയുടെയും അതിന്റെ സ്ഥാപനങ്ങളുടെയും സംരക്ഷണത്തിലെ പ്രശ്നങ്ങൾ’, ‘പൗരോഹിത്യത്തെയും മതത്തെയും സംരക്ഷിക്കുന്നതിലെ പ്രശ്നങ്ങൾ’ ‘ധാർമ്മികതയെ പ്രതിരോധിക്കുന്ന പ്രശ്നങ്ങൾ’ എന്നിവ ഉൾപ്പെട്ടിരുന്നു.

ക്രിസ്തുവിനു വേണ്ടി തന്റെ അവസാനശ്വാസം വരെ നിലകൊണ്ട വ്യക്തിയായിരുന്നു ഫ്രക്റ്റുവോസോ എന്ന പത്രപ്രവർത്തകൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.