ഔർ ലേഡി ഓഫ് പീസ് ചർച്ച്: സമാധാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന കസാക്കിസ്ഥാനിലെ മരിയൻ ദൈവാലയം

ഫ്രാൻസിസ് പാപ്പാ കസാക്കിസ്ഥാനിലേക്ക് സമാധാനത്തിന്റെ ദൂതുമായി കടന്നുവന്നിരിക്കുകയാണ്. ഈ അപ്പസ്തോലിക യാത്രയുടെ പശ്ചാത്തലത്തിൽ കസാക്കിസ്ഥാനിലെ സമാധാന മാതാവിന്റെ നാമത്തിലുള്ള ദൈവാലയം ശ്രദ്ധേയമാകുന്നു. ഒരു ശതമാനം മാത്രം കത്തോലിക്കരുള്ള, മുസ്ലിം ഭൂരിപക്ഷരാജ്യമായ കസാക്കിസ്ഥാനിലെ, സമാധാനത്തിനായുള്ള ആഹ്വാനത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി നിലകൊള്ളുന്ന ഔർ ലേഡി ഓഫ് പീസ് ചർച്ചിന്റെ ആരംഭത്തെയും പ്രത്യേകതകളെയും അറിയാം.

ആയിരങ്ങളുടെ ജീവൻ രക്ഷിച്ച അത്ഭുതം 

ഓസർനോയ് എന്ന വടക്കൻ കസാക്കിസ്ഥാനിലെ ഗ്രാമത്തിലാണ് ഔർ ലേഡി ഓഫ് പീസ് ദൈവാലയം സ്ഥിതിചെയ്യുന്നത്. മധ്യ ഏഷ്യയിലെ ഏക മരിയൻ ദേവാലയമാണ് ഇത്. ആയിരക്കണക്കിന് ആളുകളെ രക്ഷിച്ച ഒരു അത്ഭുതത്തിനു സാക്ഷിയാണ് ഈ ദൈവാലയം. ആ അത്ഭുതത്തെക്കുറിച്ച് ദൈവാലയ റെക്ടർ പറയുന്നത് ഇപ്രകാരമാണ്.

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. യുദ്ധം ജനങ്ങളുടെ സാധാരണ ജീവിതം താറുമാറാക്കുകയും രൂക്ഷമായ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ സമയം ക്ഷാമം അവസാനിപ്പിക്കുന്നതിനായി കസാക്കിസ്ഥാനിലെ ജനങ്ങൾ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടി ഇവിടെയെത്തി പ്രാർത്ഥിക്കാൻ തുടങ്ങി. കണ്ണീരോടെയുള്ള അവരുടെ പ്രാർത്ഥന നിരസിക്കാൻ പരിശുദ്ധ അമ്മയ്ക്ക് കഴിഞ്ഞില്ല. അധികം വൈകാതെ തന്നെ ഒരു അത്ഭുതത്തിനു ആ ജനത സാക്ഷികളായി. 1941 മാർച്ച് 25-നായിരുന്നു ആ അത്ഭുതം സംഭവിച്ചത്. പെട്ടെന്ന്, താപനില ഉയർന്നതോടു കൂടി മഞ്ഞ് ഉരുകുകയും ഒസെർനോയ് ഗ്രാമത്തിനു ചുറ്റും വലിയ ഒരു തടാകം രൂപപ്പെടുകയും ചെയ്തു. തടാകത്തിൽ ധാരാളം മത്സ്യങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഗ്രാമവാസികൾക്ക് മത്സ്യം കൊണ്ട് തങ്ങളെത്തന്നെ നിലനിർത്താൻ കഴിഞ്ഞു. അങ്ങനെ പട്ടിണിയിൽ നിന്ന് അവർ രക്ഷപ്പെട്ടു.

ഈ അത്ഭുതത്തിനുശേഷം, മംഗോളിയയും അഫ്ഗാനിസ്ഥാനും ഉൾപ്പെടെയുള്ള മധ്യേഷ്യൻ മേഖലയിലെ ഏക മരിയൻ തീർത്ഥാടനകേന്ദ്രമായി ഓസർനോയ് ഗ്രാമം മാറി.

പുതിയ ദൈവാലയവും പ്രത്യേകതകളും 

1990-ൽ അവിടെ ഒരു പള്ളി നിർമ്മിക്കപ്പെട്ടു. താമസിയാതെ അത് തീർത്ഥാടനകേന്ദ്രമായി മാറി. പ്രത്യേകിച്ച് യുവജനങ്ങൾ, എല്ലാ വർഷവും ആഗസ്റ്റിൽ ഈ ദൈവാലയത്തിൽ ഒന്നിച്ചുകൂടുന്നു. 2014 മുതൽ, 12 സമാധാന അൾത്താരകളിൽ ഒന്നായി ഈ ദൈവാലയത്തെ കണക്കാക്കിവരുന്നു. ലോകത്താകമാനം സമാധാനം വ്യാപിക്കുന്നതിനായി പ്രത്യേക പാർത്ഥനകൾ ഇവിടെ നടത്തിവരുന്നു.

ദൈവമാതാവിന്റെ കിരീടത്തിലെ 12 നക്ഷത്രങ്ങളിൽ ഒന്നായിരിക്കണമെന്നതാണ് സമാധാന അൾത്താരകളുടെ പിന്നിലെ ആശയം. പോളണ്ടിലെ “റെജീന ഡെല്ല പേസ്” (സമാധാനത്തിന്റെ രാജ്ഞി) എന്ന സാധാരണ സമൂഹത്തിന്റെ ഒരു സംരംഭമായിരുന്നു ഇത്. ഈ അൾത്താരകൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്നു.

കസാക്കിസ്ഥാൻ സന്ദർശനവേളയിൽ വി. ജോൺ പോൾ രണ്ടാമൻ ഈ ദേവാലയത്തിലേക്ക് “ആത്മീയ തീർത്ഥാടനം” നടത്താൻ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ മുമ്പാകെ തടിച്ചുകൂടിയ വിശ്വാസികളുടെ ഇടയിൽ നിശബ്ദനായി പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം ആത്മീയമായി ഈ ദൈവാലയം സന്ദർശിച്ചിരുന്നു.

വ്യത്യസ്തം, പരിശുദ്ധ അമ്മയുടെ രൂപം

വളരെയേറെ വ്യത്യസ്തതകൾ നിറഞ്ഞ രൂപമാണ് ഔർ ലേഡി ഓഫ് പീസ് ദൈവാലയത്തിലെ മാതാവിന്റേത്. ഉണ്ണീശോയെ കൈകളിൽ എടുത്തുകൊണ്ട് മത്സ്യങ്ങൾ നിറഞ്ഞ ഒരു നദിയിലേക്ക് കൈകൾ നീട്ടിനിൽക്കുന്ന തരത്തിലുള്ള രൂപമാണ് ഈ മാതാവിന്റേത്. ഫ്രാൻസിസ് പാപ്പായുടെ കസാക്കിസ്ഥാൻ സന്ദർശനത്തോട് അനുബന്ധിച്ച് രൂപപ്പെടുത്തിയ മെഡലിലും ഇത് ദർശിക്കാൻ കഴിയും.

മരിയ ജോസ്  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.