പൗവ്വത്തിൽ പിതാവിന് വേദനയോടെ വിടചൊല്ലി സഭാ സമൂഹം; മൃതസംസ്കാര ചടങ്ങുകൾക്ക് എത്തിയത് പതിനായിരങ്ങൾ

ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ പിതാവിന് കണ്ണുനീരിൽ കുതിർന്ന വിട നൽകി സീറോ മലബാർ സഭ. പതിനായിരങ്ങളാണ് മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തത്. ചങ്ങനാശ്ശേരി വലിയ പള്ളിയിൽ രാവിലെ ഒൻപതു മണിയോടെ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. 1969 – ൽ മാർ മാത്യു കാവുകാട്ട് പിതാവിന്റെ മൃതസംസ്ക്കാരത്തിനു ശേഷം 54 വർഷങ്ങൾ കഴിഞ്ഞാണ് ചങ്ങനാശ്ശേരി നഗരം ഒരു അതിരൂപതാധ്യക്ഷന്റെ മൃതസംസ്ക്കാര കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്.

മൃതസംസ്കാര ശുശ്രൂഷയുടെ കർമ്മങ്ങൾ ഇന്നലെയും ഇന്നുമായാണ് നടന്നത്. ഇന്നലെ, അരമനപ്പള്ളിയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ ഇപ്പോഴത്തെ ആർച്ചു ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം നടന്നു. ബിഷപ്പുമാരായ മാർ ജോസഫ് അരുമച്ചാടത്ത്, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് രാജേന്ദ്രൻ, മാർ ജോർജ് കൊച്ചേരി, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത് തുടങ്ങിയവർ സഹകാർമികരായിരുന്നു. തുടർന്ന് 9.30 ന് ചങ്ങനാശേരി അതിരൂപതാ മന്ദിരത്തിൽനിന്ന് ആരംഭിച്ച വിലാപയാത്രയിൽ പതിനായിരങ്ങൾ പങ്കെടുത്തു. വിലാപയാത്രയിൽ ചങ്ങനാശേരി ഫൊറോനയിൽ നിന്നുള്ള വിശ്വാസികളാണ് മുൻനിരയിലുണ്ടായിരുന്നത്. മാർ പൗവ്വത്തിലിന്റെ മാതൃഇടവക ഉൾപ്പെടുന്ന കുറുമ്പനാടം ഫൊറോനക്കാർ ഏറ്റവും പിൻ നിരയിൽ ആയിരുന്നു.

ഉച്ചയോടെ വിലാപയാത്ര ചങ്ങനാശ്ശേരി വലിയ പള്ളിയിൽ എത്തി. അതിനുശേഷം പൊതുദർശനത്തിനുള്ള അവസരമായിരുന്നു. ഇന്നലെ ഉച്ചമുതൽ ഇന്ന് മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുവരെ പിതാവിനെ ഒരുനോക്കു കാണാൻ തുടർച്ചയായ ജനപ്രവാഹമായിരുന്നു. മെത്രാന്മാരും വൈദികരും സന്യസ്തരും അല്മയരും രാവും പകലും ഒരുപോലെ എത്തിച്ചേർന്നു. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുള്ളവരും മറ്റു മതസ്ഥരും പിതാവിനെ കാണാൻ വന്നിരുന്നു.

ഗോവ ഗവർണ്ണരായ പി.എസ്. ശ്രീധരൻ പിള്ളയും, പിതാവിന്റെ ശിഷ്യൻ കൂടിയായ പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദ ബോസും പിതാവിന് ആദരാജ്ഞലികൾ അർപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മന്ത്രിമാരും എം.പി -മാരും എം.എൽ.എ – മാരും ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയപ്രമുഖരും മത നേതാക്കളും പിതാവിന് ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

ഇന്ന് രാവിലെ 9.30 -ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം ആരംഭിച്ചു. ശുശ്രൂഷയുടെ തുടക്കത്തിൽ മാർ ജോസഫ് പെരുന്തോട്ടം എല്ലാവരെയും സ്വാഗതം ചെയ്യുകയും ഹൃദയസ്പർശിയായ സന്ദേശം നൽകുകയും ചെയ്തു. രണ്ടാം ഭാഗത്തെ പ്രാർത്ഥനകൾക്ക് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ നേതൃത്വം നൽകി. തുടർന്ന് മൂന്നാം ഭാഗം – പരിശുദ്ധ കുർബാന – ആരംഭിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു പരിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകിയത്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉൾപ്പെടെ അൻപതോളം ബിഷപ്പുമാർ കുർബാനയ്ക്കു സഹകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്കു ശേഷം സീറോ മലങ്കര സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ലത്തീൻസഭാ പ്രതിനിധി കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവരും അനുശോചന സന്ദേശം നൽകി. കുർബാനയ്ക്കു ശേഷം നടന്ന നാലാം ഭാഗത്തിനും അഭിവന്ദ്യ ആലഞ്ചേരി പിതാവ് മുഖ്യ കാർമ്മികത്വം വഹിച്ചു.

ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി അയച്ച അനുശോചന സന്ദേശം ബിഷപ്പ് മാർ തോമസ് പാടിയത്ത് വായിച്ചു. സഹായമെത്രാൻ മാർ തോമസ് തറയിൽ നന്ദിയർപ്പിച്ചു. തുടർന്ന് മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയ്ക്ക് ശേഷം കബറിട പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഭൗതിക ശരീരം സംസ്കരിച്ചു. കേരള സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്ക്കാരം നടന്നത്.

ഒരു കാലഘട്ടത്തിന്റെ അന്ത്യമാണ് അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിലിന്റെ മരണത്തോടെ സംഭവിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.