മലയോരജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണം: ബിഷപ്പ് മാർ ജോസ് പൊരുന്നേടവുമായി നടത്തുന്ന സംഭാഷണം

സുനിഷ വി.എഫ്

“പണ്ടൊക്കെ രാത്രിയിൽ ആന വന്ന് പറമ്പിലെ ചക്ക തിന്നാലോ, പന്നി വന്ന് കുറച്ചു കപ്പ തിന്നാലോ ഒക്കെ കൃഷിക്കാർ സഹിച്ചിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ആളുകളെ ആക്രമിക്കുന്നു, കൊല്ലുന്നു, വമ്പിച്ച രീതിയിലുള്ള നാശനഷ്ടങ്ങൾ വരുത്തുന്നു… വയനാട്ടിലെ ആളുകൾ മടുത്തു.” സ്വന്തം നാടിനും ജനതയ്‌ക്കൊപ്പം നിൽക്കുന്ന മാനന്തവാടി രൂപതയുടെ അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവുമായി സുനീഷാ വി.എഫ് നടത്തിയ സംഭാഷണം. 

വർഷങ്ങൾക്കുമുൻപ് പുതിയ ഇടവകയിലേക്ക് സ്ഥലം മാറ്റമായപ്പോൾ തനിക്കു മാത്രം വാഹനസൗകര്യം ആവശ്യമില്ല, ഞാൻ എന്റെ ഇടവകാംഗങ്ങൾക്കൊപ്പം നടന്നു യാത്ര ചെയ്തുകൊള്ളാമെന്നുപറഞ്ഞ ഒരു വൈദികനുണ്ടായിരുന്നു. അന്ന് തന്റെ അജഗണത്തോടൊപ്പം 30 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച ആ വൈദികൻ പിന്നീട് ആ രൂപതയുടെതന്നെ ഇടയനായി മാറി. അദ്ദേഹമാണ് മാനന്തവാടി രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടം. ജനത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുൻപിൽ പിതാവുണ്ട്. വന്യജീവി ആക്രമണം രൂക്ഷമാകുന്ന ഈ സാഹചര്യത്തിലും അദ്ദേഹം ജനങ്ങളോടൊപ്പമാണ്. ജീവനും ജീവിതവും കൈയ്യിൽ പിടിച്ച് എന്തുചെയ്യണമെന്നറിയാതെ പേടിച്ചു വിറങ്ങലിച്ചുനിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന് ഉറക്കെ വിളിച്ചുപറയാൻ ഒരു മടിയും കാണിക്കാതെ, സ്വന്തം നാടിനും ജനതയ്ക്കുമൊപ്പം നിൽക്കുന്ന മാർ ജോസ് പൊരുന്നേടം പിതാവുമായി സുനീഷാ വി.എഫ് നടത്തിയ സംഭാഷണം.

പടമലയിലെ അജീഷിന്റെ മരണദിവസം മാനന്തവാടിയിലെ പൊതുജനങ്ങൾക്കൊപ്പം അങ്ങ് ഉണ്ടായിരുന്നല്ലോ. എങ്ങനെയാണ് സമയബന്ധിതമായി കാര്യങ്ങൾ നടപ്പിൽവരുത്തിയത്?

മാർ ജോസ് പൊരുന്നേടം

മാനന്തവാടി രൂപതയ്ക്ക് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിരന്തരമായി അതീവജാഗ്രതയോടെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയകാര്യസമിതിയുണ്ട് (Political  Affairs Committee). അതോടൊപ്പം P R O, മീഡിയ കമ്മീഷൻ എന്നീ ഡിപ്പാർട്മെന്റുകളുമുണ്ട്. രാഷ്ട്രീയകാര്യസമിതി അത്മായരുടെ ഒരു സംഘമാണ്. പൊതുവായി നമ്മൾ ഇടപെടേണ്ട എല്ലാ കാര്യങ്ങളിലും ഇടപെടാനും പ്രത്യേക പരിഗണന കൊടുക്കാനും ഈ കമ്മിറ്റി വളരെയധികം ശ്രദ്ധചെലുത്തുന്നു. അതിനാൽത്തന്നെ അന്നത്തെ കാര്യത്തിൽ എല്ലാവരും ചേർന്ന് പെട്ടെന്നെടുത്ത തീരുമാനം നടപ്പിൽവരുത്തുകയായിരുന്നു ചെയ്തത്. ആശയവിനിമയത്തിനായി P R O, മീഡിയ കമ്മീഷൻ എന്നീ വിഭാഗങ്ങളുടെ സഹായവും ഉണ്ടായിരുന്നു. അങ്ങനെയാണ് വളരെപ്പെട്ടെന്നുതന്നെ അന്നത്തെ പ്രതിഷേധത്തിൽ ജനങ്ങളുടെ കൂടെനിൽക്കാൻ  സാധിച്ചത്. എങ്കിലും സഭാസംവിധാനങ്ങൾ ഇതിനായി മുന്നിട്ടിറങ്ങുമ്പോൾ നിരവധി പരിമിതികളുണ്ട്.

സാമൂഹികവിഷയങ്ങളിൽ സഭാസംവിധാനങ്ങൾക്ക് എത്രമാത്രം ഇടപെടാൻ സാധിക്കുന്നു?

സാമൂഹികവിഷയങ്ങളിൽ സഭാസംവിധാനങ്ങൾ ഇടപെടുമ്പോൾ പരിമിതികളുണ്ട് എന്ന് സൂചിപ്പിച്ചല്ലോ. എങ്കിലും ജനത്തിന്റെ നന്മയ്ക്കായി സാമൂഹികപ്രതിബദ്ധതയോടെ കാര്യങ്ങളിൽ ഇടപെടേണ്ടിവരും. കർത്താവ് പഠിപ്പിച്ച ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥന അക്കാര്യം നമ്മെ എപ്പോഴും ഓർമിപ്പിക്കുന്നു. ഭൂമിയിൽ സ്വർഗരാജ്യം സ്ഥാപിക്കുക എന്ന ഒരു ക്രൈസ്തവധർമ്മം ആ പ്രാർഥനയിൽ മറഞ്ഞുകിടക്കുന്നുണ്ട്. അതിനാൽ, ഈശോ ചെയ്തതുപോലെ നമ്മെത്തന്നെ നല്കിക്കൊണ്ടായിരിക്കണം ഭൂമിയിൽ നാം ദൈവരാജ്യം നിർമ്മിക്കേണ്ടത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി നാം ചെയ്യുന്നതെല്ലാം അവിടുത്തെ കല്പനയെ അനുസരിക്കുന്നതാണ്.

വന്യമൃഗ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രൂപത ഇടപെടൽ നടത്തുന്നത് ഇത്തരമൊരു കാഴ്ചപ്പാടോടെയാണ്. എങ്കിലും മതനേതൃത്വത്തെക്കാൾ സമുദായനേതൃത്വമാണ് കൂടുതൽ ശക്തിപ്രാപിക്കേണ്ടത്. ഞങ്ങൾ വൈദികരെക്കാളും സന്യസ്തരെക്കാളും ഉപരിയായി അത്മായർ ഇക്കാര്യങ്ങളിൽ കൂടുതൽ ശക്തമായി ഇടപെടേണ്ടതുണ്ട്. അതിനുവേണ്ട നിർദേശങ്ങൾ നൽകാൻ ഞങ്ങൾ എന്നും ഒപ്പമുണ്ടാകും. ഞങ്ങളെക്കാൾ കൂടുതലായി അത്മായർക്ക് ചെയ്യാൻ സാധിക്കും. എങ്കിലും നിലവിൽ സഭയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

രൂപതയുടെ ഇടപെടൽ ക്രൈസ്തവർക്കുവേണ്ടി മാത്രമുള്ളതല്ല, നാടിനുവേണ്ടിയാണ്. ഇതുമായി ബന്ധപ്പെട്ട് എന്താണ് പിതാവിന് പറയാനുള്ളത്? അധികാരികളുമായി നടത്തിയ ചർച്ച ഇപ്പോൾ ഏതു ഘട്ടത്തിൽ എത്തിനിൽക്കുന്നു?

സീറോമലബാർ സഭയുടെ സമുദായസംഘടനയായ A K C C-യുടെ നേതൃത്വത്തിൽ ഫെബ്രുവരി 22 വ്യാഴാഴ്ച, ഉപവാസവും പ്രതിഷേധപ്രകടനവും കൽപ്പറ്റ കലക്ടറേറ്റിൽ വച്ചു നടന്നിരുന്നു. ആയിരങ്ങൾ അണിനിരന്ന ആ ദിവസം മലയോരജനതയ്ക്കുവേണ്ടി സംസാരിക്കാൻ തലശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി വന്നിരുന്നു. നിരവധി ക്രൈസ്തവസംഘടനകളുടെ നേതാക്കളും പ്രതിനിധികളും രാഷ്ട്രീയനേതാക്കന്മാരും എത്തിച്ചേർന്നിരുന്നു. എങ്കിലും ഇവയൊന്നും കേവലം ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമല്ല, ഓരോ മലയോരനിവാസിയുടെയും ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമായാണ് കാണുന്നത്. ഇതിനിടയിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് എന്നിവർ രൂപതയുടെ ബിഷപ്‌സ് ഹൌസിൽ വരികയും ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുകയും ചെയ്തു.

ജനങ്ങൾക്കു പറയാനുള്ളത് എന്താണെന്ന് വിശദമായി എഴുതിനൽകാൻ ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തിൽ, ഈ വിഷയത്തെ നന്നായി പഠിച്ച്, അപഗ്രഥിച്ച് ഒരു റിപ്പോർട്ട് രണ്ടുഭാഗത്തേക്കും ഞാൻതന്നെ അയച്ചിട്ടുണ്ട്. എന്തെങ്കിലും നടപടികളുണ്ടാകുമെന്നു പ്രതീക്ഷിക്കാം. എങ്കിലും അതിനൊക്കെ കാലതാമസം നേരിടുമെന്ന് നമുക്കറിയാം. നമുക്ക് എത്രയും പെട്ടന്ന് ഒരു പരിഹാരമാണ് ആവശ്യം. കാരണം, ദിവസവും നാം കേൾക്കുന്നത് ആന, കടുവ, കരടി, പന്നി തുടങ്ങിയ വന്യമൃഗങ്ങൾ വരുത്തുന്ന അപകടങ്ങളെക്കുറിച്ചാണ്. അതുകൊണ്ടുതന്നെ, ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാൻ സാധിക്കുന്നത് സംസ്ഥാന സർക്കാരിനാണ്.

എന്താണ് ഇപ്പോൾ മലയോരജനതയ്ക്ക് ഏറ്റവും അത്യാവശ്യം?

മലയോരജനതയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമെന്നു പറയുന്നത്, തങ്ങളുടെ ജീവനും സ്വത്തിനുമുള്ള സംരക്ഷണമാണ്. ഏറ്റവും കുറഞ്ഞത് പകലെങ്കിലും പുറത്തിറങ്ങി നടക്കാനും ഉപജീവനത്തിനുള്ള തൊഴിൽ ചെയ്യാനും സാധിക്കണം. നിലവിൽ രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ കൃഷിയിടങ്ങളിലും പറമ്പിലും ജനവാസകേന്ദ്രങ്ങളിലുമെല്ലാം വന്യമൃഗങ്ങൾ മേഞ്ഞുനടക്കുന്നു. പണ്ടൊക്കെ രാത്രിയിൽ ആന വന്ന് പറമ്പിലെ ചക്ക തിന്നാലോ, പന്നി വന്ന് കുറച്ചു കപ്പ തിന്നാലോ ഒക്കെ കൃഷിക്കാർ സഹിച്ചിരുന്നു. എന്നാൽ ഇന്ന് ആളുകൾക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ, വമ്പിച്ച രീതിയിലുള്ള കൃഷിനാശങ്ങൾ എന്നിവ വരുത്തുമ്പോഴാണ് ആളുകൾ പ്രതികരിക്കാൻ തുടങ്ങിയത്. കാരണം, അവർ മടുത്തു. കഴിഞ്ഞയാഴ്ച കേരള വനംവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർ വയനാട് സന്ദർശിച്ചപ്പോൾ ഞങ്ങൾ കാണാൻ പോയിരുന്നു. എന്തെങ്കിലും പെട്ടെന്ന് ചെയ്യാൻ സാധിക്കുന്നത് ചെയ്തുതരണമെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കരുതെന്നും ഞങ്ങൾ അഭ്യർഥിച്ചിരുന്നു. കാരണം ആളുകൾ മടുത്തിട്ടാണ് ഈ സാഹസങ്ങൾ ചെയ്യുന്നതെന്നും ഒരു പരിധി കഴിഞ്ഞുപോയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ഓർമപ്പെടുത്തിയിരുന്നു.

ഇപ്പോൾ ഞങ്ങൾക്കായി ചെയ്തുതരേണ്ടത്, കുറച്ചു സംവിധാനങ്ങൾ മാത്രമാണ്. ദീർഘകാലയളവിൽ ചെയ്യേണ്ട കാര്യങ്ങളും ചുരുങ്ങിയ കാലയളവിൽ ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. അതിൽ ദീർഘകാലാവധിയിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടത്. 1972-ലെ നിയമങ്ങൾ മാറ്റിയെഴുതുക എന്നത് അതിലൊന്നാണ്. മാധവ് ഗാഡ്ഗിൽ പോലും പറഞ്ഞത് 1972-ലെ നിയമങ്ങൾ മനുഷ്യാവകാശലംഘനങ്ങളും ഭരണഘടനയ്ക്ക് എതിരുമാണെന്നാണ്. അത് മാറ്റി എഴുതിയേ മതിയാകൂ. ഇപ്പോൾ വന്യമൃഗങ്ങളെ വെടിവയ്ക്കാനുള്ള നിയമങ്ങളുണ്ട്. എന്നാൽ അതിന്റെ നടപടിക്രമങ്ങൾ വളരെ സങ്കീർണ്ണമാണ്. അതു ഭയന്ന് നമ്മുടെ അധികാരികൾ എന്തെങ്കിലും ചെയ്യാൻ മടിക്കും.

അതുകൊണ്ടുതന്നെ കേരളത്തിലെ മന്ത്രിമാരോട് ഞങ്ങൾ ആവശ്യപ്പെട്ടത്, ഇത്തരം സാഹചര്യത്തിൽ പ്രകൃതിസ്നേഹികൾ ഉദ്യോഗസ്ഥർക്കെതിരെ കേസ്‌ കൊടുത്താൽ അധികാരികളും നിയമവും ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കണം എന്നതാണ്. മുഖംനോക്കാതെ ഉദ്യോഗസ്ഥർക്കൊപ്പം നിന്നാൽ അവർക്കും ധൈര്യം വരും. എങ്കിലും ഇതിനു ശാശ്വതമായ ഒരു പരിഹാരം എളുപ്പമല്ല. എന്നാൽ പെട്ടെന്ന് ചെയ്യാൻപറ്റുന്ന ഒരുപാട് കാര്യങ്ങളുണ്ടുതാനും. വനാതിർത്തികളിൽ 24 മണിക്കൂറും വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വനപാലകരോ, ടാസ്ക് ഫോഴ്‌സോ ഉണ്ടായിരിക്കണം. അതിന് വെറുതെ കുറച്ചു മനുഷ്യരെ നിരായുധരരായി പറഞ്ഞുവിടുകയല്ല വേണ്ടത്. മറിച്ച്, സ്വയരക്ഷയ്ക്കാവശ്യമായ ഉപാധികളോടൊപ്പം ഏറ്റവും മികച്ച ആശയവിനിമയസംവിധാനങ്ങളോടെ, ഏർലി വാണിംഗ് സിസ്റ്റം ഉൾപ്പെടെമുള്ള സംവിധാനങ്ങളോടെവേണം അയയ്ക്കാൻ. പിന്നെ ആവശ്യം ഒരു നോഡൽ ഓഫീസറെ ആണ്.

വയനാട്, ഇടുക്കി പോലുള്ള മലയോരപ്രദേശങ്ങളിൽ പ്രത്യേക അധികാരം നൽകി ഒരു നോഡൽ ഓഫീസറെ വയ്ക്കണം. അവർക്കൊരു ഓഫീസ്, ഏതു സമയത്തും ലഭ്യമാകുന്ന ഫോൺ നമ്പർ, ഇ-മെയിൽ സംവിധാനങ്ങൾ, എന്തെങ്കിലുംസംഭവിച്ചാൽ പരാതിപ്പെടാനുള്ള അവസരം, നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ എന്നിവ സമർപ്പിക്കാനുള്ള സാധ്യത എന്നിവ ഉണ്ടാകണം. ഇത് ഇപ്പോൾ ഇവിടെ ഉണ്ടെങ്കിലും എത്രത്തോളം കാര്യക്ഷമമാണെന്നു സർക്കാർ ഉറപ്പ് വരുത്തേണ്ടതുണ്ട്. നിലവിൽ ചെറിയ ഒരു അനക്കം ഉണ്ടായിട്ടുണ്ട്. എങ്കിലും കടുവയും ആനയും ഒക്കെ നിയന്ത്രണാധീതമായി വർധിച്ചിട്ടുണ്ട്.

പ്രശ്നങ്ങളിൽ നിലവിൽ പ്രതിഷേധം ശക്തമാണല്ലോ. എങ്കിലും കൂടുതലായി ജനം എന്തു ചെയ്യണം?

പരമ്പരാഗതമായ കുറച്ചു കൃഷിരീതികൾ നമുക്കുണ്ട്. പഴയ കാലാവസ്ഥയും പാരിസ്ഥിതിക ഘടകങ്ങളുമല്ല നമുക്കിന്ന് വയനാട്ടിൽ. അതുകൊണ്ടുതന്നെ മാറ്റത്തിനനുസരിച്ച് നമുക്ക് ആവശ്യമുള്ളതും വിപണിയിൽ മൂല്യമുള്ളതുമായ കാർഷികോത്പന്നങ്ങളാണ് നമ്മൾ ഇനി കൃഷിചെയ്യേണ്ടത്. ഉത്‌പാദനക്ഷമത വർധിപ്പിക്കുന്നതിനോടൊപ്പം ഉല്പന്നങ്ങൾ വിദേശ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ഗുണമേന്മ ഉറപ്പുവരുത്തുകയും വേണം. അതിനു ശാസ്ത്രീയമായ പഠനം ആവശ്യമാണ്. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വവുമാണ്.

നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കാൻ എന്താണ് ചെയ്യേണ്ടത്?

നമ്മുടെ വിശ്വാസവും നമ്മുടെ സമുദായവും മുന്നിൽ നിന്നുകൊണ്ട് നമ്മുടെ പ്രശ്ങ്ങളെ പൊതുസമൂഹത്തിനു മുന്നിലും സർക്കാരിനു മുന്നിലേക്കും എത്തിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. പലപ്പോഴും നാം പരാജയപ്പെടുന്നത് നാമെല്ലാവരും ഒരുമിച്ചു നിൽക്കാത്തതുകൊണ്ടാണ്. അതിനു കാരണം നമ്മുടെ വിശ്വാസത്തെയും സമുദായത്തെയും രണ്ടാമതായി കാണുന്നതുകൊണ്ടാണ്. നമ്മുടെ രാഷ്ട്രീയചിന്തകളും ആഭിമുഖ്യവുമാണ് നമ്മുടെ പ്രശ്നം. അങ്ങനെ വരുമ്പോൾ അവിടെ നമ്മുടെ പ്രശ്നങ്ങളെ തുറന്നുകാണിക്കാൻ പരിധികളും പരിമിതികളുമുണ്ടാകുന്നു. എന്നാൽ സമുദായത്തെ നാം മുന്നിൽവയ്ക്കുമ്പോൾ നമുക്കിടയിൽ പരിമിതികൾ കുറയുന്നു. അവിടെ മറ്റു ലക്ഷ്യങ്ങൾ ഉണ്ടാകുന്നുമില്ല. അതുകൊണ്ടുതന്നെ സഭാനേതൃത്വത്തെ ആശ്രയിക്കുന്നതിലുപരിയായി സമുദായത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യുക.

നമ്മുടെ പ്രശ്നങ്ങളെ മുന്നോട്ടുവയ്ക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ കഴിയുന്നത് സമൂഹമാധ്യമങ്ങളിലൂടെയാണ്. പ്രക്ഷോഭങ്ങൾക്കും സമരങ്ങൾക്കുമെല്ലാം സമയപരിധിയുണ്ട്. അതിനുള്ളിൽ ചിലപ്പോൾ വാർത്താമാധ്യമങ്ങൾ നമ്മെ കവർ ചെയ്യുമായിരിക്കും. എന്നാൽ പ്രതിഷേധം കഴിഞ്ഞ് ആളുകൾ വീട്ടിൽ പോകും, അതിന്റെ ഫലം അവിടെ അവസാനിക്കുകയും ചെയ്യും. എന്നാൽ നിരന്തരമായി നമുക്ക് തന്നെ നമ്മുടെ പ്രശ്നങ്ങളെ ഗവണ്മെന്റിന്റെ മുമ്പിലേക്കും ലോകത്തിന്റെ മുന്പിലേക്കും എത്തിക്കാനുള്ള അനന്തസാധ്യതകൾ നമ്മുടെ മൊബൈൽ ഫോണിൽ തന്നെയുണ്ട്.

എന്തുകൊണ്ട് നമ്മുടെ നാട്ടിൽ നടക്കുന്ന ചെറിയ ചെറിയ പ്രതിഷേധങ്ങളെ നാട്ടിലുള്ള എല്ലാവരും ഫേസ് ബുക്ക്, യു ട്യൂബ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയുടെയെല്ലാം പങ്കുവച്ചുകൂടാ? ഒന്നോ, രണ്ടോ ആളുകൾ മാത്രം പോരാ. ഒരു നാട് മുഴുവൻ ഇതിനായി പോരാടണം, ഒരു സൈബർവിങ് ഇതിനായി രൂപപ്പെടുത്തണം. നമ്മുടെ കുഞ്ഞുമക്കളെക്കൊണ്ട് അവരുടെ പേടിയെയും ജീവിക്കാനും കളിക്കാനും സമാധാനപരമായി പഠിക്കാനുമുള്ള സ്വാതന്ത്ര്യത്തെയും അവകാശത്തെയും ഉൾപ്പെടുത്തി ഷോർട്സുകളും റീൽസും ചെയ്യാം.

ഒരു കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ മാത്രം നടത്താൻ സാധിക്കുന്ന ഏറ്റവും എളുപ്പമുള്ളതും എന്നാൽ ശക്തവുമായ കാര്യങ്ങളാണിത്. ഇത് കൂട്ടമായി സമൂഹമാധ്യമങ്ങളിൽ കയറ്റിവിടുക, ലോകത്തിലെ എല്ലായിടത്തും ഇത് എത്തുമ്പോൾ തീർച്ചയായും ഇതിനൊരു പരിഹാരം നമുക്ക് ലഭിക്കും എന്ന കാര്യത്തിൽ സംശയമില്ല. സൈബർ അറ്റാക്ക് ഒക്കെ ഉണ്ടാകും. അതിനെ ഭയപ്പെടേണ്ട കാര്യമില്ല. അതിനുമുണ്ട് പരിഹാരം. കമന്റുകൾക്ക് വസ്തുനിഷ്ഠമായി മാന്യമായ ഭാഷയിൽ മറുപടി കൊടുക്കുക, ഇതിനായി നമുക്ക് നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും സഹായം ഉപയോഗപ്പെടുത്താം. കാരണം, സമൂഹമാധ്യമങ്ങളിൽ മാന്യമായ ഭാഷയിൽ ഒരു സ്ത്രീ മറുപടി നൽകിയാൽ അതിന്റെ ചുവട്ടിൽ വന്നു വീണ്ടും കമന്റ് ഇടാൻ ആളുകൾ ഭയപ്പെടും (ചില പ്രതിഷേധങ്ങളെ മോശമായ കമന്റുകളിട്ട് ഇല്ലാതാക്കാനുള്ള ചില പ്രത്യേക സംഘങ്ങൾ വരെയുണ്ട് എന്നതു വിസ്മരിക്കുന്നില്ല). സ്ത്രീകൾക്കെതിരെ ശബ്‌ദിക്കാൻ ആരുമൊന്നു ഭയപ്പെടും. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളെയും സാധ്യതകളെയും നാം ഉപയോഗപ്പെടുത്തണം. അതിനായി നാം നമുക്കുചുറ്റും സംഭവിക്കുന്നതിനെക്കുറിച്ച് ഇപ്പോഴും അറിവുള്ളവരാകണം. അത്തരമൊരു ബൗദ്ധിക – സാങ്കേതിക വിപ്ലവവും പ്രതികരണവുമാണ് നാം നടത്തേണ്ടത്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നും നാം മനസ്സിലാക്കണം.

മലയോരജനതയോട് അങ്ങേയ്ക്ക് എന്താണ് പറയാനുള്ളത്?

നമ്മുടെ ജനം കുറച്ചുകൂടി അലെർട് ആകണം. ഒരു കാക്കക്കുഞ്ഞിന് അമ്മപ്പക്ഷി ഒരു പ്രായം വരെയേ തീറ്റ കൊടുക്കുകയുള്ളൂ. പിന്നീട് അതിനെ പറക്കാൻ ഈ അമ്മ തന്നെയാണ് പഠിപ്പിക്കുന്നത്. പിന്നീട് അതിനെ ഈ അമ്മപ്പക്ഷി ശ്രദ്ധിക്കില്ല, അതുപോലെ തന്നെയാണ് ഏതൊരു ജീവജാലവും. അതൊരു പ്രകൃതിനിയമമാണ്. നമ്മുടെ ആളുകൾ വളരണം. മുതിർന്നവരാകണം. എന്നാൽ എപ്പോഴും നമ്മുടെ മുൻപിലേക്ക് എല്ലാം കൊണ്ടുവന്നു തരും എന്ന് കരുതിയിരിക്കരുത്.

സഭയ്ക്ക് ചെയ്യാൻ സാധിക്കുന്നത് എല്ലാത്തിനും വേണ്ടുന്ന അടിസ്ഥാനകാര്യങ്ങൾ നൽകുക എന്നുള്ളതാണ്. സൈബർ ലോകത്തെക്കുറിച്ചു സഭാമക്കൾക്ക് അറിയില്ലെങ്കിൽ തീർച്ചയായും അതിനുവേണ്ടിയുള്ള കാര്യങ്ങളും അറിവും സഭ നൽകും. പക്ഷേ, നാം മടിപിടിച്ചിരിക്കരുത്. നമ്മുടെ സ്ത്രീകൾ ശാക്തീകരിക്കപ്പെടണം. സമൂഹത്തിന്റെ മുൻപന്തിയിലേക്കിറങ്ങണം. ഇത് നമ്മുടെ പൊതുപ്രശ്നമായിക്കണ്ട് അതിനെ അഭിസംബോധന ചെയ്യാവുന്ന രീതിയിലേക്ക് എല്ലാവരും വളരണം. എങ്കിൽ മാത്രമേ നമുക്ക് നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.

ഏറ്റവും പേടിപ്പെടുത്തുന്ന ഒരു അവസ്ഥയിലാണ് ആളുകൾ ഇപ്പോൾ വയനാട്ടിൽ ജീവിക്കുന്നത്. കടുവയുടെയോ, ആനയുടെയോ രൂപത്തിൽ മരണം ഇന്നാണോ, നാളെയാണോ തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും തേടിയെത്തുക എന്ന ചിന്തയിൽ ജീവിക്കാൻ മറന്നുപോകുകയാണ് വയനാട്ടിലെ ജനങ്ങൾ. പാവപ്പെട്ട ഈ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ മുൻപന്തിയിൽ നിൽക്കുന്ന ജോസ് പിതാവിന് അഭിനന്ദങ്ങൾ. വയനാട്ടിലെ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങൾക്കുമൊപ്പം ലൈഫ്ഡേയും പങ്കുചേരുന്നു.

സുനീഷാ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.