കുഞ്ഞു ജനിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു സ്ത്രീയുടെ ജീവിതസാക്ഷ്യം

മക്കളുണ്ടാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ 38- കാരിയായ കരോലിന ഇന്ന് രണ്ടു വയസ്സ് പ്രായമുള്ള ഒരു ആൺകുഞ്ഞിന്റെ അമ്മയാണ്. പരിശുദ്ധ കുർബാനമധ്യേ ലഭിച്ച ദൈവാനുഗ്രഹവും പ്രാർത്ഥനയുമാണ് തനിക്ക് ഇന്നൊരു മകനെ ലഭിച്ചതിനു കാരണമെന്ന് കരോലിന ഉറച്ചു വിശ്വസിക്കുന്നു. വെനിസ്വേലക്കാരിയായ ഒമറെനി കരോലീനയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന്റെയും വിശ്വാസത്തോടെയുള്ള പ്രാർത്ഥനയുടെയും ഫലമാണ് ഈ കുഞ്ഞ്.

വിവാഹശേഷമുള്ള ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ് അമ്മയാവുക എന്നത്. അതുപോലെ കരോലീനയും താനൊരു അമ്മയാവുന്നത് സ്വപ്നം കണ്ടിരുന്നു. അതിനായി ഒരുപാട് ചികിത്സകളും നടത്തി. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളായിരുന്നു ഗര്‍ഭം ധരിക്കാൻ അവൾക്ക് തടസമായി നിന്നിരുന്നത്. എന്നിരുന്നാലും കരോലിന തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചു. പരിശുദ്ധ അമ്മയോട് നിരന്തരം മാദ്ധ്യസ്ഥം യാചിച്ചു.

2019 മാർച്ച് 31- ന് കരോലീനയുടെ സുഹൃത്തായ മിലാഗ്രോസ് ഡെൽ വല്ലേ പെന, അവളെ ആ നഗരത്തിലെ വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ദേവാലയത്തിലേക്ക് വിശുദ്ധ കുർബാനയ്ക്കായി ക്ഷണിച്ചു. ആ പരിശുദ്ധ കുർബാനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അതായത്, വിശുദ്ധ കുർബാനമധ്യേ വൈദികൻ ഗർഭിണികളെയും അതുപോലെ പലവിധ കാരണങ്ങളാൽ അമ്മയാകാൻ സാധിക്കാത്തവരെയും പ്രത്യേകം ആശീർവദിക്കുന്നുണ്ടായിരുന്നു. അങ്ങനെ പരിശുദ്ധ കുർബാനയിൽ പങ്കുചേരാൻ കരോലിന ദേവാലയത്തിൽ ചെന്നു. വൈദികൻ സ്ത്രീകളെ ആശീർവദിച്ചുകൊണ്ടിരിക്കുകയാണ്. കരോലീനയായിരുന്നു ആശീർവാദം സ്വീകരിക്കാൻ ഏറ്റവും ഒടുവിൽ എഴുന്നേറ്റ് അൾത്താരയുടെ മുന്നിലേക്ക് നടന്നത്. അങ്ങനെ കരോലീനയും ആശീർവാദം സ്വീകരിച്ച് തിരികെ ഇരിപ്പിടത്തിലേക്കു വന്നു.

വീട്ടിലേക്കു മടങ്ങിവന്ന കരോലീനയ്ക്ക് എന്തൊക്കെയോ അസ്വസ്ഥതകൾ. സാധാരണ ചെയ്യുന്ന കാര്യങ്ങളിലൊക്കെ ഒരു ഉത്സാഹക്കുറവ്. പക്ഷേ, അപ്പോഴും പ്രെഗ്നൻസി ടെസ്റ്റ് ചെയ്യണമെന്ന് അവൾ ചിന്തിച്ചതേയില്ല. ഒടുവിൽ 2019, മേയ് രണ്ടിന് കരോലിന പ്രെഗ്നൻസി ടെസ്റ്റ് നടത്താനായി മെഡിക്കൽ ലാബിലെത്തി. ടെസ്റ്റിനു ശേഷം കരോലിന ഗർഭിണിയാണെന്ന് ലാബ് ടെക്‌നിഷ്യൻ അവളെ അറിയിച്ചു. താൻ ഗർഭിണിയാണെന്ന് അവൾക്ക് ആദ്യം വിശ്വസിക്കാനായില്ല. അവൾ ലാബിൽ വച്ചു തന്നെ മുട്ടുകുത്തി പരിശുദ്ധ കുർബാനമധ്യേ തന്നിൽ അത്ഭുതം പ്രവർത്തിച്ച ദൈവത്തിന് നിറകണ്ണുകളോടെ നന്ദി പറഞ്ഞു. കരോലിന ഉടൻ തന്നെ അവളുടെ ഭർത്താവായ ജീസസ് എഡുപുലിഡോ മൊറേനോ വാർഡൊയെ വിളിച്ച്, തന്നെ മേരി ഓഫ് ജെറുസലേം ദേവാലയത്തിൽ കൊണ്ടുപോകണമെന്ന് പറഞ്ഞു.

ദേവാലയത്തിലെത്തിയപ്പോൾ കരോലിന തന്റെ ഭർത്താവിനോട് താൻ ഗർഭിണിയാണെന്നുള്ള വാർത്ത അറിയിച്ചു. ആ നിമിഷം അവർ പരസ്പരം എല്ലാം മറന്ന് ആലിംഗനം ചെയ്തു. വർഷങ്ങളായുള്ള അവരുടെ കാത്തിരിപ്പാണ് അന്നവിടെ നിറവേറിയത്. ആ ദിവസം ഈ ദമ്പതികൾക്ക് ഇന്നും മറക്കാനാവുന്നതല്ല. അങ്ങനെ 2019 ഡിസംബർ 19- ന് അവർ കാത്തിരുന്ന അവരുടെ കുഞ്ഞ് ഭൂജാതനായി. അവർ അവന് ജുവാൻ ജോസു എന്ന് പേരിട്ടു.

“നമ്മുടെ ദൈവത്തോടും പരിശുദ്ധ കന്യാമറിയത്തോടും നാം നിരന്തരം പ്രാർത്ഥിക്കണം. കാരണം വിശ്വാസത്താൽ എല്ലാം സാധ്യമാണ്. അമ്മയാകുക എന്ന മനോഹരമായ സ്വപ്നം നാം പ്രതീക്ഷിക്കാത്ത ദിവസം സാക്ഷാത്കരിക്കപ്പെടും. തുടർന്ന്, നമ്മുടെ ഗർഭപാത്രത്തിൽ ഉരുവാകുന്ന ജീവനെ പരിപാലിക്കാനും നാം സ്വയം പ്രതിജ്ഞാബദ്ധരായിരിക്കണം”- അമ്മയാകാൻ ഒരുങ്ങുന്നവർക്കും അതുപോലെ അമ്മയാകാൻ ആഗ്രഹിക്കുന്നവർക്കും കരോലിന നൽകുന്ന സന്ദേശമാണിത്.

ഇന്ന് കരോലിന – വാർഡൊ ദമ്പതികൾ ദൈവം തങ്ങളുടെ ജീവിതത്തിൽ നൽകിയ അനുഗ്രഹത്തിന്റെ ജീവിക്കുന്ന സാക്ഷികളാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.