ജൂലൈ 06: വിശുദ്ധ മരിയ ഗൊരേത്തി

പാപം ചെയ്യുന്നതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്ന് ലോകത്തോടു മുഴുവന്‍ സ്വജീവിതം കൊണ്ട് വിളിച്ചുപറഞ്ഞ ധീരബാലികയാണ് വി. മരിയ ഗൊരേത്തി. 1890 ഒക്‌ടോബര്‍ 16-ാം തീയതി ഇറ്റലിയിലെ കൊറിനാള്‍ഡോയിലെ ഒരു ദരിദ്രകര്‍ഷകന്റെ മകളായി മരിയ ജനിച്ചു. മരിയക്ക് രണ്ട് ഇളയ സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു. ദരിദ്രമെങ്കിലും സമാധാനസമ്പന്നമായിരുന്നു അവരുടെ കുടുംബം. ദൈവസ്‌നേഹത്തിലും പാപഭയത്തിലും വളര്‍ത്തപ്പെട്ട ആ കുഞ്ഞുങ്ങളുടെ വിജയരഹസ്യവും അതു തന്നെയായിരുന്നു.

മരിയക്ക് പ്രത്യേകിച്ച് വിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല. പക്ഷേ, ചെറുപ്രായത്തില്‍ തന്നെ ഒരു കത്തോലിക്ക അറിഞ്ഞിരിക്കേണ്ടവയെല്ലാം തന്നെ അവള്‍ ഹൃദിസ്ഥമാക്കിയിരുന്നു. ഏഴാമത്തെ വയസില്‍ അവള്‍ ആദ്യകുമ്പസാരം കഴിക്കുകയും സ്ഥൈര്യലേപനം സ്വീകരിക്കുകയും ചെയ്തു. ഏതാണ്ട് ഈ കാലഘട്ടത്തിലാണ് ഗൊരേത്തി കുടുംബം ‘ഫെരികൊരാ’ എന്ന സ്ഥലത്തേക്ക് താമസം മാറിയത്. അവിടെച്ചെന്ന അവര്‍ ഒരു താമസസ്ഥലത്തിനായി ഏറെ  അലഞ്ഞു; അവസാനം ഒരു വീട് കണ്ടെത്തി. എന്നാല്‍, ജീയോവാനി എന്ന ആള്‍ തന്റെ മക്കളായ ഗാസ്പര്‍, അലക്‌സാണ്ടര്‍ എന്നിവരോടു കൂടെ താമസിച്ചിരുന്ന വീടിന്റെ ഒരു ഭാഗമായിരുന്നു അത്. എന്തായാലും ഗൊരേത്തി കുടുംബം അവിടെത്തന്നെ താമസമാക്കി.

അവിടെയെത്തി ഏതാണ്ട് ഒരു വര്‍ഷം തികഞ്ഞപ്പോള്‍ മരിയയുടെ പിതാവ് നിര്യാതനായി. പിന്നീട് അവളുടെ അമ്മയുടെ കഠിനമായ അദ്ധ്വാനത്തിലൂടെയാണ് പിന്നീട് അവര്‍ ജീവിച്ചത്. അമ്മ പ്രഭാതം മുതല്‍ പ്രദോഷം വരെ വയലില്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തി. ഈ സമയത്ത് വീട്ടുജോലികളെല്ലാം മരിയ ഭംഗിയായി നിര്‍വ്വഹിച്ചു. അങ്ങനെ പ്രാര്‍ത്ഥനയിലും അദ്ധ്വാനത്തിലും സന്തോഷത്തോടും സമാധാനത്തോടും കൂടി അവര്‍ ജീവിച്ചു.

കാഴ്ചയില്‍ അതിസുന്ദരിയായിരുന്ന മരിയയില്‍ ആകൃഷ്ടനായ അലക്‌സാണ്ടര്‍ അവളെ പാപത്തിനായി പലപ്പോഴും പ്രേരിപ്പിച്ചു. പിന്നീട് അത് ഭീഷണിയിലേക്കു നീങ്ങി. ജഡീകാഭിലാഷങ്ങള്‍ക്ക് അടിപ്പെട്ടു ജീവിച്ചിരുന്ന ആ കാമഭ്രാന്തന്റെ ഭീഷണിക്കു മുമ്പില്‍ അവള്‍ തെല്ലും ചഞ്ചലയായില്ല. തന്റെ ഇംഗിതത്തിന് മരിയ വഴങ്ങുകയില്ലെന്നു മനസിലാക്കിയ അലക്‌സാണ്ടര്‍, അവള്‍ ഇക്കാര്യം ആരോടെങ്കിലും പറയുമോ എന്ന് ഭയപ്പെട്ടു. ‘നീ ഇക്കാര്യം നിന്റെ അമ്മയോട് പറയുകയാണെങ്കില്‍ നിന്നെയും നിന്റെ അമ്മയെയും കൊന്നുകളയും’ എന്ന് അവന്‍ മരിയയെ ഭീഷണിപ്പെടുത്തി. ഭീഷണി കേട്ട് ഭയന്ന മരിയ ഇക്കാര്യം അമ്മയെ അറിയിക്കാന്‍ ധൈര്യപ്പെട്ടില്ല.

ദിവസങ്ങള്‍ കടന്നുപോയി. ഒരു ദിവസം ഏകദേശം ഉച്ചസമയം. അമ്മ വയലിലെ ജോലിയിലാണ്. വീട്ടില്‍ മറ്റാരുമില്ല. പഴയ വസ്ത്രം തുന്നിക്കൊണ്ടിരുന്ന മരിയയുടെ അടുത്തേക്ക് കാമവെറി പൂണ്ട അലക്‌സാണ്ടര്‍ പാഞ്ഞടുത്തു. തന്റെ ആഗ്രഹത്തിന് മരിയ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍, ജീവനേക്കാള്‍ തന്റെ കന്യാത്വത്തിന് വില കല്പിച്ച ആ ബാലികയുടെ നെഞ്ചിലേക്ക് അലക്‌സാണ്ടര്‍ തന്റെ അരയില്‍ കരുതിയിരുന്ന കഠാര കുത്തിയിറക്കി. ഒന്നല്ല, പതിനാല് തവണ. അടുത്ത ദിവസം 1902 ജൂണ്‍ 6-ാം തീയതി തന്റെ ഘാതകനോട് പൂര്‍ണ്ണമായി ക്ഷമിച്ച അവളുടെ ആത്മാവ് നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു.

1950 ജൂണ്‍ 24-ാം തീയതി ലക്ഷക്കണക്കിനു വരുന്ന ജനാവലിയെ സാക്ഷി നിര്‍ത്തി പന്ത്രണ്ടാം പീയൂസ്, മരിയയെ വിശുദ്ധരുടെ ഗണത്തിലേക്കു ചേര്‍ത്തപ്പോള്‍ മരിയയുടെ വൃദ്ധയായ അമ്മയും സഹോദരങ്ങളും ആ ചടങ്ങിന് സാക്ഷികളായിരുന്നു. മരിയയുടെ ഘാതകനായ അലക്‌സാണ്ടര്‍ 27 വര്‍ഷത്തെ ജയില്‍ശിക്ഷക്കു ശേഷം മോചിതനായി ആദ്യമെത്തിയത് മരിയയുടെ അമ്മയുടെ അടുത്തേക്കായിരുന്നു. തന്റെ തെറ്റിന് മാപ്പപേക്ഷിച്ച അലക്‌സാണ്ടറിനോട് പൂര്‍ണ്ണമായി ക്ഷമിച്ച ആ അമ്മ അവനെ അനുഗ്രഹിച്ചയച്ചു. അതിനു ശേഷം അലക്‌സാണ്ടര്‍ ഒരു സന്യാസ സഭാംഗമായി. മരണം വരെ ശുശ്രൂഷയില്‍ മുഴുകി.

വിചിന്തനം: ”അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക് അങ്ങ് നല്‍കുന്ന ദര്‍ശനധ്യാനത്തിന്റെ മാധുര്യം അവര്‍ണ്ണനീയമാണ്.”

ഇതരവിശുദ്ധര്‍: ഡോമിനിക്കാ – കാപാനിയായിലെ രക്തസാക്ഷി/ റിക്‌സൂസ് റോമന്‍ ചക്രവര്‍ത്തി / മോണിന്നെ (+518) ഐറിഷ് സന്യാസി / ഗോവര്‍ (+575) അക്വിറ്റെയിലെ വൈദികന്‍ / റോമുലൂസും കൂട്ടരും (1-ാം നൂറ്റാണ്ട്) / നൊയോളാ രക്തസാക്ഷിയായ കന്യക / സെക്സ്സുര്‍ഗ്ഗാ (+699) / അബ്രാമൈറ്റ്‌സിലെ രക്തസാക്ഷികള്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.