തെരുവ് തൂപ്പുകാരന്റെ ഭാര്യ ഇന്ന് ബ്രസീൽ മിലിട്ടറിയുടെ അഭിമാനം

കഠിനാധ്വാനവും പരസ്പരമുള്ള പിന്തുണയും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടന്ന് വിജയതീരത്ത് എത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രസീലിൽ നിന്നുള്ള ഈ ദമ്പതികൾ. തെരുവ് തൂപ്പുകാരനായ ഭർത്താവ് റോഡരികിൽ നിന്നും ചവറ്റുകുട്ടകളിൽ നിന്നും പെറുക്കിയെടുത്തു നൽകിയ പുസ്തകങ്ങൾ മാത്രം പഠനസാമഗ്രിയാക്കി ഒരു മുൻ വീട്ടുജോലിക്കാരി ഇന്ന് എത്തിനിൽക്കുന്നത് ബ്രസീലിലെ മിലിട്ടറി പൊലീസിന്റെ അഭിമാനകരമായ ക്യാപ്റ്റൻ പദവിയിലാണ്.

​2003 – ൽ ബ്രസീലിലെ പാരാ എന്ന സ്ഥലത്തുനിന്നും മെച്ചപ്പെട്ട ജീവിതം തേടിയാണ് ജോസ് ഫ്രാൻസിസ്കോ ബാരോസും ഭാര്യ ആൻഡ്രിയ ഗ്വിമാരേസും ഗോയാനിയയിൽ എത്തുന്നത്. തുടക്കത്തിൽ തലചായ്ക്കാൻ സ്വന്തമായി ഒരു വീടുപോലുമില്ലാതെ പ്ലാസ്റ്റിക് ഷീറ്റിനടിയിലാണ് ഇവർ കഴിഞ്ഞിരുന്നത്. പിന്നീട് ജോസിന് നഗരസഭയിൽ തെരുവ് വൃത്തിയാക്കുന്ന ജോലി ലഭിച്ചു. ആൻഡ്രിയ വീട്ടുജോലിക്കും പോകാൻ തുടങ്ങി.

​ദാരിദ്ര്യത്തിനിടയിലും പഠിക്കാനുള്ള ഭാര്യയുടെ ആഗ്രഹം തിരിച്ചറിഞ്ഞ ജോസ്, താൻ തെരുവ് വൃത്തിയാക്കുമ്പോൾ ആളുകൾ ഉപേക്ഷിക്കുന്ന പുസ്തകങ്ങൾ ശേഖരിച്ച് വീട്ടിലെത്തിക്കാൻ തുടങ്ങി. ഈ പുസ്തകങ്ങൾ മാത്രമായിരുന്നു ആൻഡ്രിയയുടെ ഏക പഠനസഹായി. വീട്ടുജോലി കഴിഞ്ഞുള്ള സമയങ്ങളിൽ ആൻഡ്രിയ ഈ പുസ്തകങ്ങൾ വെച്ച് നന്നായി പഠിച്ചു.

ഈ കഠിനാധ്വാനത്തിന്റെ ഫലമായി ബ്രസീലിലെ ദേശീയ പരീക്ഷയിൽ മികച്ച വിജയം നേടിയ ആൻഡ്രിയയ്ക്ക് ‘പ്രൗണി’ സ്കോളർഷിപ്പോടെ നിയമപഠനത്തിന് പൂർണ്ണ സൗജന്യ സീറ്റ് ലഭിച്ചു. തുടർന്ന് ബ്രസീലിയൻ ബാർ പരീക്ഷയും പാസായ അവർ അഭിഭാഷകയായി. ​അവിടെയും ആൻഡ്രിയ നിർത്തിയില്ല. 2016 – ൽ കടുത്ത മത്സരമുള്ള മിലിട്ടറി പൊലീസ് ഓഫീസർ പരീക്ഷയും അവർ വിജയിച്ചു. ഇന്ന് അവർ മിലിട്ടറി പൊലീസിൽ ക്യാപ്റ്റൻ പദവിയിലാണ് സേവനമനുഷ്ഠിക്കുന്നത്.

​തങ്ങളുടെ 25-ാം വിവാഹവാർഷികത്തോടനുബന്ധിച്ച് ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ഔദ്യോഗിക പൊലീസ് യൂണിഫോമിൽ അഭിമാനത്തോടെ നിൽക്കുന്ന ആൻഡ്രിയയും, തെരുവ് തൂപ്പുകാരന്റെ വേഷത്തിൽ പ്രിയപത്നിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ജോസും ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയൊരു പ്രചോദനമാണ്. താൻ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം തന്റെ ഭർത്താവിന്റെ തോളോടുതോൾ ചേർന്നുള്ള പിന്തുണ മാത്രമാണെന്ന് ആൻഡ്രിയ കൃതജ്ഞതയോടെ ഓർക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.