വി. മരിയ ഗൊരേത്തിയുടെ ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ

ജൂലൈ ആറാം തീയതി കത്തോലിക്കാ സഭ അവളുടെ, പ്രായം കുറഞ്ഞ വിശുദ്ധരിലൊരാളായ വി. മരിയ ഗൊരേത്തിയുടെ തിരുനാൾ ആഘോഷിക്കുന്നു.

ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ 1890 ഒക്ടോബർ മാസം പതിനാറാം തീയതിയാണ് മരിയ ഗൊരേത്തി ജനിച്ചത്‌. ലൂയിജിയും അസൂന്തമുമായിരുന്നു മാതാപിതാക്കൾ. മരിയക്ക് അഞ്ചു വയസ്സുള്ളപ്പോൾ അവളുടെ കുടുംബം കൂടുതൽ ദരിദ്രമായിത്തീരുകയും സ്വന്തം കാർഷികവൃത്തി ഉപേക്ഷിച്ച് മറ്റുള്ളവർക്കു വേണ്ടി ജോലി ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. 1899-ൽ നെറ്റൂണോക്കു സമീപമുള്ള സെറെനല്ലി കുടുംബത്തിലാണ് അവർ താമസിച്ചിരുന്നത്. അധികം വൈകാതെ അവളുടെ പിതാവ് ലൂയിജി, മലേറിയ ബാധിച്ചു മരിച്ചതോടെ അവളുടെ അമ്മക്ക് വയലിൽ കൂടുതൽ ജോലി ചെയ്യേണ്ടതായിവന്നു. ഈ സമയം അമ്മക്കും സഹോദരങ്ങൾക്കു വേണ്ടി ആഹാരം തയ്യാറാക്കുകയും വീട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക മരിയയുടെ ഉത്തരവാദിത്വമായി. ഒരു പരാതിയും പരിഭവവും കൂടാതെ അവൾ അതെല്ലാം ചെയ്തു.

1902 ജൂലൈ 5-ന്, മരിയ വീടിന്റെ ഉമ്മറത്ത് തുന്നൽജോലിയിൽ വ്യാപൃതയായിരുന്നു. ആ സമയം, അയൽക്കാരനായിരുന്ന അലസ്സാൻഡ്രോ അവിടെ വരികയും അവളെ പാപം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. അലസ്സാൻഡ്രോയുടെ നിർബന്ധം കൂടിയപ്പോൾ, മരിയ അവനോട് എതിർപ്പു പ്രകടിപ്പിക്കുകയും ‘ഇല്ല; ഇത് പാപമാണ്. ദൈവം ഇത് ആഗ്രഹിക്കുന്നില്ല’ എന്ന് ഉറക്കെ വിളിച്ചു കരയുകയും ചെയ്തു. തന്റെ ഇംഗിതത്തിനു വഴങ്ങാത്ത മരിയയെ പതിനൊന്നു തവണ അലസ്സാൻഡ്രോ കുത്തി. കുതറിയോടാൻ ശ്രമിച്ച അവളെ മൂന്നു തവണ കൂടി കുത്തിയ ശേഷം അലസ്സാൻഡ്രോ ഓടിരക്ഷപെട്ടു. രക്തം വാർന്ന് തറയിൽ കിടന്നിരുന്ന മരിയയെ വീട്ടുകാർ നെറ്റൂണോയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവൾ മരണത്തിനു കീഴടങ്ങി.

മരിക്കുന്നതിനു മുമ്പ് മരിയ അലസ്സാൻഡ്രോയോടു ക്ഷമിക്കുകയും തന്നോടൊപ്പം സ്വർഗത്തിൽ അവനെ കാണണമെന്ന് അടുത്തു നിന്നവരോടു പറയുകയും ചെയ്തു. “ഈശോയോടുള്ള സ്നേഹത്തെപ്രതി ഞാൻ അവനോടു ക്ഷമിക്കുന്നു. കൂടാതെ, അവൻ എന്നോടൊപ്പം പറുദീസയിൽ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.” അവൾ തന്റെ വേദനയും കഷ്ടപ്പാടുകളും ആത്മാക്കൾക്കായി വാഗ്ദാനം ചെയ്തു. 1902 ജൂലൈ 6-ന് നെഞ്ചിലെ കുരിശിൽ പിടിച്ചുകൊണ്ട് മരിയയുടെ പാവനാത്മാവ് സ്വർഗത്തിലേക്ക് യാത്രയായി.

അലസ്സാൻഡ്രോ 30 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. പശ്ചാത്തപത്തിന്റെ ചെറുകണിക പോലും പ്രദർശിപ്പിക്കാത്ത അവനെ, മരിയ സ്വപ്നത്തിൽ സന്ദർശിക്കുകയും പതിനാല് മുറിവുകളുടെ പ്രതീകമായി പതിനാല് ലില്ലിപ്പൂക്കൾ നൽകി അവളുടെ ക്ഷമ അറിയിച്ചു. 27 വർഷത്തിനു ശേഷം മോചിതനായ അദ്ദേഹം മരിയയുടെ അമ്മയോട് ക്ഷമ ചോദിക്കുകയും അസൂന്താ അവനു മാപ്പ് നൽകുകയും ചെയ്തു.

1947 ഏപ്രിൽ 27-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ മരിയ ഗൊരേത്തിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മൂന്നു വർഷങ്ങൾക്കു ശേഷം, 1950 ജൂൺ 24-ന് മരിയയെ വിശുദ്ധയായും പ്രഖ്യാപിച്ചു. തദവസരത്തിൽ വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ കൂടിയ ജനക്കൂട്ടത്തിൽ അലസ്സാൻഡ്രോയും ഉണ്ടായിരുന്നു. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ കപ്പൂച്ചിൻ എന്ന സന്യാസ സഭയിൽ ഒരു തുണസഹോദരനായിത്തീർന്ന അലസ്സാൻഡ്രോ മരണം വരെ ആശ്രമത്തിൽ താമസിച്ചു.

വി. മരിയ ഗൊരേത്തിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ

1. ലളിതമായ വിശ്വാസത്തിലൂടെയും പുണ്യപൂർണ്ണത കൈവരിക്കാം

മരിയ ഗൊരേത്തിക്ക് ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നതിനാൽ ആദ്യ കുർബാന സ്വീകരണവേളയിൽ വേദോപദേശം പഠിക്കുന്നതിന് ബുദ്ധിമുട്ടായിരുന്നു. എങ്കിലും അവൾക്ക് ദൈവത്തോട് പൂർണ്ണസ്നേഹവും വിശ്വാസവും ഉണ്ടായിരുന്നു.

ദൈവവിശ്വാസത്തെ യുക്തിയുടെ അതിപ്രസരണത്താൽ സങ്കീർണ്ണമാക്കുമ്പോൾ ദൈവാനുഭവം പലപ്പോഴും നഷ്ടമാകുന്നു. ദൈവത്തോട് നമ്മുടെ ഹൃദയം എങ്ങനെ തുറക്കാനും അവന്റെ ഇഷ്ടത്തിൽ വിശ്വസിക്കാനും കഴിയുമെന്ന് മരിയ ഗൊരേത്തി പഠിപ്പിക്കുന്നു.

2. വിശുദ്ധി കാത്തുസൂക്ഷിക്കാൻ പോരാടുന്നത് മൂല്യവത്താണ്

വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി ജീവൻ ത്യജിക്കാൻ മരിയ സന്നദ്ധയായി. പവിത്രത ദൈവഹിതമായി തിരിച്ചറിഞ്ഞ അവൾ അത് കാത്തുസൂക്ഷിക്കാനായി തിന്മയുടെ ശക്തിക്കെതിരെ ശക്തമായി പോരാടി. വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ നമ്മുടെ ജീവിതത്തിൽ വിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയും. നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും ദൈവഹിതപ്രകാരമുള്ളതായി മാറുമ്പോൾ വിശുദ്ധി എന്നത് അപ്രാപ്യമായ ലക്ഷ്യമല്ലെന്ന് വി. ഗൊരേത്തി പഠിപ്പിക്കുന്നു. ജീവിതവിശുദ്ധി നഷ്ടപ്പെടുത്തുന്നതാണ് പല വ്യക്തിജീവിതവും പരാജയപ്പെടാൻ അടിസ്ഥാന കാരണം.

3. ബോധ്യങ്ങളോട് വിശ്വസ്തത പുലർത്തി ജീവിക്കുക

ബോധ്യമില്ലാത്ത ജീവിതാദർശങ്ങൾ നൂൽ പൊട്ടിയ പട്ടം പോലെ പാറിനടക്കുന്നു. നല്ല ബോധ്യങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന ജീവിതാനുഭവങ്ങൾ ജീവിതത്തെ സുന്ദരവും സുദൃഢവുമാക്കും. മരിയ ഗൊരേത്തി തന്റെ ജീവിതബോധ്യങ്ങളോട് വിശ്വസ്തത പുലർത്തി ജീവിച്ചു. അതിന്റെ പരിണിതഫലമായിരുന്നല്ലോ അവളുടെ രക്തസാക്ഷിത്വം. ലോകത്തിന്റെ കുത്തൊഴുക്കിൽ അകപ്പെട്ട് ചാരുത നഷ്ടപ്പെടാതെ ദൈവഹിതം അനുസരിച്ചു ജീവിക്കാൻ നല്ല ബോധ്യങ്ങൾ നമുക്ക് ആവശ്യമാണ്.

4. ക്ഷമ ജീവിതത്തെ മാറ്റിമറിക്കുന്നു

മരിയ ഗൊരേത്തി തന്റെ ജീവിതം നശിപ്പിച്ചവനോട് ഹൃദയപൂർവം ക്ഷമിച്ചു. ക്ഷമിക്കാതിരിക്കുമ്പോൾ, ഒരുതരം നീരസത്തെ അടിസ്ഥാനമാക്കിയുള്ള കോപം അത് നമ്മളിൽ നിലനിർത്തുകയും ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യുന്നു.

മരിയ ഗൊരേത്തി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം അലസ്സാൻഡ്രോയുടെ ജീവിതം നാടകീയമായി മാറ്റപ്പെട്ടു. അവളുടെ ക്ഷമ അവനെ വിശുദ്ധിയിൽ വളരാൻ അനുവദിക്കുകയും അവന്റെ ജീവിതത്തിന് പുതിയ ദിശാബോധം നൽകുകയും ചെയ്തു.

5. എളിമ പരിശുദ്ധിയുടെ താക്കോലാണ്

ലോകം, എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ, മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല. ഈശോ ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്. “ശുശ്രൂഷിക്കപ്പെടാനല്ല; ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ” (മത്തായി 20:28).

എളിയജീവിതത്തിലൂടെ ഭൂമിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് വി. മരിയ ഗൊരേത്തിയുടെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു. പിതാവിന്റെ മരണശേഷം മരിയക്ക് അവളുടെ അമ്മ ചെയ്തിരുന്ന വീട്ടുജോലികൾ ഏറ്റെടുക്കേണ്ടിവരുകയും തന്റെ, ഇളയ അഞ്ച് സഹോദരങ്ങളെ ശുശ്രൂഷിക്കേണ്ടതായും വന്നു. അത്തരം സന്ദർഭങ്ങളിൽ എളിമയോടും സന്തോഷത്തോടും കൂടി മരിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റി.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.