പ്രതീക്ഷയുടെ യാത്ര 174: മരണമുഖത്തെ കരുണ

1995 ൽ ടിം റോബിൻസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഡെഡ് മാൻ വാക്കിംഗ്’ (Dead Man Walking) എന്ന അമേരിക്കൻ ചലച്ചിത്രം നൽകുന്ന വൈകാരിക അനുഭവവും ധാർമ്മികപാഠങ്ങളും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നതാണ്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു കുറ്റവാളിയുടെ അവസാന ദിവസങ്ങളും അവനു വേണ്ടി ആത്മീയ മാർഗനിർദേശം നൽകാനെത്തുന്ന സിസ്റ്റര്‍ ഹെലനും തമ്മിലുള്ള ആത്മബന്ധത്തെയും ഈ ചിത്രം വളരെ ശക്തമായി ആവിഷ്കരിക്കുന്നു. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കഥ വികസിക്കുന്നത്.

കൊലപാതക കുറ്റത്തിന് ലൂസിയാന ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മാത്യു പോൺസെലെറ്റ് (Matthew Poncelet) എന്ന തടവുകാരനിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. താൻ ചെയ്ത കുറ്റത്തിന്റെ ഗൗരവം പൂർണ്ണമായി മനസ്സിലാക്കാതെയും സമൂഹത്തോടും നിയമവ്യവസ്ഥയോടും കടുത്ത അമർഷം പുലർത്തിയും കഴിയുന്ന ഒരാളാണ് മാത്യു. മാത്യുവിനെ കാണാൻ ആദ്യമായി സിസ്റ്റർ ഹെലൻ ജയിലിലെത്തുമ്പോൾ, തന്നോട് സഹതാപം കാണിക്കാൻ വരുന്ന മറ്റൊരു സാധാരണക്കാരിയായി മാത്രമാണ് അവൻ അവളെ കാണുന്നത്. തന്റെ വംശവെറിയും പരുക്കൻ പെരുമാറ്റവും കൊണ്ട് അവളെ അകറ്റാൻ അവൻ നിരന്തരം ശ്രമിക്കുന്നുണ്ട്. എന്നാൽ, അവന്റെ ഭയവും നിസ്സഹായാവസ്ഥയും തിരിച്ചറിഞ്ഞ ഹെലൻ ഒട്ടും പതറാതെ അവനൊപ്പം ഉറച്ചുനിൽക്കുകയാണ്.

തന്റെ നന്മപ്രവര്‍ത്തികള്‍ക്കിടയില്‍ ഹെലൻ കടുത്ത മാനസികസംഘർഷങ്ങളെ നേരിടുന്നുണ്ട്. മാത്യുവിനെപ്പോലെയുള്ള ഒരു കൊടുംകുറ്റവാളിയെ സഹായിക്കുന്നു എന്നതിന്റെ പേരിൽ കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും കടുത്ത എതിർപ്പുകളെയും വെറുപ്പിനെയും അവൾക്ക് നേരിടേണ്ടിവരുന്നു. എങ്കിലും, ഏത് മനുഷ്യനിലും നന്മയുടെ ഒരു കണികയുണ്ടാകുമെന്നും നിയമപരമായ കൊലപാതകങ്ങൾ സമൂഹത്തിന് ഒരിക്കലും നീതി നൽകില്ലെന്നും അവൾ ഉറച്ചു വിശ്വസിക്കുന്നു.

താൻ ചെയ്ത ക്രൂരമായ കുറ്റങ്ങൾ സമ്മതിക്കാൻ ആദ്യം തയ്യാറാകാത്ത മാത്യു, ഹെലന്റെ നിരന്തരമായ സ്നേഹത്തിനും ക്ഷമയ്ക്കും മുന്നിൽ ക്രമേണ തന്റെ കവചങ്ങൾ അഴിച്ചുവയ്ക്കുന്നു. ചിത്രത്തിലെ ഏറ്റവും വൈകാരികമായ ഒരു രംഗം, മാത്യു തന്റെ അന്ത്യനിമിഷങ്ങളിൽ താൻ ചെയ്ത ക്രൂരമായ കുറ്റങ്ങൾ മറച്ചുവയ്ക്കാനാകാതെ പൊട്ടിക്കരയുന്നതാണ്. താൻ കൊലപ്പെടുത്തിയ കൗമാരക്കാരായ കുട്ടികളുടെ കുടുംബം അനുഭവിക്കുന്ന വേദനയുടെ ആഴം താൻ ഇപ്പോൾ തിരിച്ചറിയുന്നുവെന്നും, തന്റെ ഈ ഇരട്ടമുഖം വെളിപ്പെടുത്താൻ തനിക്ക് ഭയമായിരുന്നുവെന്നും അവൻ ഹെലനോട് ഏറ്റുപറയുന്നു. ആ സമയത്ത് ഒരുവിധത്തിലും അവനെ വിധിക്കാതെ, ഒരു അമ്മയെപ്പോലെ അവന് ആശ്വാസം നൽകുന്ന ഹെലന്റെ സ്നേഹം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്ന ഒന്നാണ്.

ശിക്ഷ നടപ്പാക്കുന്ന ആ മരണമുറിയിലേക്ക് അവനെ കൊണ്ടുപോകുന്ന അവസാന നിമിഷങ്ങളിൽ, ഭയന്നുനില്‍ക്കുന്ന മാത്യുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് സിസ്റ്റർ ഹെലൻ അവന് നൽകുന്ന ആശ്വാസവാക്കുകൾ ചലച്ചിത്ര ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൊന്നാണ്:

“ഈ ലോകത്ത് നീ കാണുന്ന അവസാനത്തെ മുഖം ഒരു സ്നേഹത്തിന്റെ മുഖമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് അവർ ഈ കാര്യം ചെയ്യുമ്പോൾ നീ എന്നെ നോക്കുക. ഞാൻ നിനക്കായി സ്നേഹത്തിന്റെ മുഖമായിരിക്കാം.”

അതിന് മറുപടിയായി മാത്യു നൽകുന്ന ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ അവന്റെ മനസ്സിന്റെ മാറ്റത്തിന്റെ ആഴം വെളിപ്പെടുത്തുന്നു:

“ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. ദൈവം എന്നെ അറിയുന്നു, ഞാൻ കൂടുതല്‍ നല്ല സ്ഥലത്തേക്ക് പോകുകയാണ്.”

ഒപ്പം ഒരു കൈയിൽ ബൈബിളും മറുകൈ മാത്യുവിന്റെ തോളിലും പിടിച്ചുകൊണ്ട് സിസ്റ്റര്‍ ഹെലന്‍ ആശ്വാസത്തിന്റെ വചനങ്ങൾ ഉച്ചരിച്ചുകൊണ്ട് അയാളെ ശക്തിപ്പെടുത്തുന്നുണ്ട്:

“ഭയപ്പെടേണ്ട. കാരണം, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. ഞാൻ നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാകുന്നു. നീ കടലിലൂടെ കടന്നുപോവുകയാണെങ്കിൽ ഞാൻ നിന്റെകൂടെയുണ്ടാകും. നീ തീയിലൂടെ നടക്കുകയാണെങ്കിൽ നിനക്ക് പൊള്ളലേൽക്കുകയില്ല.” ഏശയ്യാ പ്രവാചകന്റെ പുസ്തകം 43-ാം അധ്യായം ഒന്നും രണ്ടും വാക്യങ്ങളാണ് സിസ്റ്റര്‍ അയാളോട് ആ മരണയാത്രയില്‍ പറയുന്നത്.

അവിടെയുള്ള വൈദികന്‍ പറയുന്ന വാക്കുകളോടെ ആ യാത്രയും ബൈബിള്‍ വാക്യങ്ങളും പൂർത്തിയാകുന്നു:

“ദൈവം നിങ്ങളുടെ ആത്മാവിന് കരുണ ചെയ്യട്ടെ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ.”

വധശിക്ഷയ്ക്കു വിധേയനാകുന്നതിന് തൊട്ടുമുൻപ് കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കളെ അയാള്‍ കാണുന്നുണ്ട്. അവരോട് മാപ്പ് ചോദിക്കാൻ അയാള്‍ ധൈര്യം കാണിക്കുന്നു. തന്റെ അവസാന നിമിഷങ്ങളിൽ ആ മാതാപിതാക്കളുടെ കണ്ണുകളിലേക്കു നോക്കി തന്റെ പശ്ചാത്താപം അറിയിക്കാൻ അയാള്‍ തയ്യാറാകുന്നത് അയാള്‍ പൂര്‍ണ്ണമായും മാനസന്തരപ്പെട്ടു എന്നതിന്റെ തെളിവാണ്. പിന്നീട് അയാള്‍ മരണശിക്ഷയ്ക്ക് വിധേയനാകുന്നു.

ഈ ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വലിയ സന്ദേശം, എത്ര വലിയ തെറ്റുകൾ ചെയ്ത മനുഷ്യനായാലും അവനിൽ മാറ്റം വരാനുള്ള സാധ്യത പൂർണ്ണമായി ഇല്ലാതാകുന്നില്ല എന്നുള്ളതാണ്. വെറുപ്പിനു പകരം സ്നേഹവും കരുണയും നൽകി മനുഷ്യരെ തിരികെപ്പിടിക്കാൻ സമൂഹത്തിന് സാധിക്കണം.

അതോടൊപ്പം തന്നെ, ജീവിതത്തിന്റെ ഏത് പ്രതിസന്ധിഘട്ടങ്ങളെയും ഉള്ളിലും പുറത്തുമുള്ള അന്ധകാരത്തെയും അതിജീവിച്ചു മുന്നേറാനുള്ള മാനുഷിക ഇച്ഛാശക്തിയെക്കുറിച്ചും ഈ ചിത്രം സംസാരിക്കുന്നുണ്ട്. നഷ്ടബോധങ്ങളെ പിൻതള്ളി പുതിയൊരു തുടക്കത്തിനായി സ്വയം സജ്ജമാകണമെന്നും, ഏത് കറുത്ത രാത്രിയിലും പ്രത്യാശയുടെ വെളിച്ചം തേടി മുന്നേറണമെന്നുമുള്ള വലിയ സന്ദേശമാണ് ‘ഡെഡ് മാൻ വാക്കിംഗ്’ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.