
1994 ൽ പുറത്തിറങ്ങിയ ‘ദ ലയൺ കിംഗ്’ (The Lion King) വെറുമൊരു ആനിമേഷൻ ചിത്രമല്ല; അത് ജീവിതത്തിന്റെ ചലനാത്മകതയെക്കുറിച്ചും ഓരോ വ്യക്തിയും തങ്ങളുടെ സ്ഥാനവും കടമകളും തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുന്ന ഒരു ക്ലാസിക് സിനിമയാണ്. 2019 ല്‍ ഇതിന്റെ റീമേക്ക് പുറത്തിറങ്ങി. ആഫ്രിക്കൻ കാടുകളുടെ പശ്ചാത്തലത്തിൽ, സിംബ എന്ന സിംഹക്കുട്ടിയുടെ ബാല്യകാലം മുതൽ രാജാവായി ഉയരുന്നതു വരെയുള്ള ജീവിതയാത്രയിലൂടെ, അധികാരം, നഷ്ടം, കുറ്റബോധം, അതിജീവനം എന്നിവയെക്കുറിച്ച് ഈ സിനിമ ആഴത്തിൽ പ്രതിപാദിക്കുന്നു.
കാടിന്റെ രാജാവായ മുഫാസ എന്ന സിംഹത്തിന്റെ മകനായി ജനിക്കുന്ന സിംബ, തന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് തെറ്റിധരിക്കപ്പെട്ട് നാടുവിടേണ്ടി വരുന്നു. പിതാവിനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ തകർന്നുപോകുന്ന സിംബ, തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി വിദൂരമായൊരു കാട്ടില്‍ എത്തിച്ചേരുന്നു. അവിടെ ടിമോൺ, പുംബ എന്നീ സുഹൃത്തുക്കൾക്കൊപ്പം ‘ഹകൂന മാത്താത്ത’ എന്ന തത്വചിന്തയിൽ വിശ്വസിച്ച് വർഷങ്ങളോളം ജീവിക്കുന്നു. ഹകൂന മാത്താത്ത എന്നുവച്ചാല്‍ സ്വാഹിലി ഭാഷയില്‍, ഒരു ടെന്‍ഷനും ഇല്ലാത്ത ജീവിതം എന്നർഥം. എന്നാൽ, തന്റെ കാട് അമ്മാവനായ സ്കാറിന്റെ ഭരണത്തിൽ നശിച്ചുകൊണ്ടിരിക്കുകയാണെന്നും താനാണ് യഥാര്‍ഥത്തില്‍ രാജാവാകേണ്ടതെന്നും തിരിച്ചറിയുന്ന സിംബ, ഒടുവിൽ തന്റെ ഭൂതകാലത്തെ അഭിമുഖീകരിക്കാനും സിംഹാസനം തിരിച്ചുപിടിക്കാനും മടങ്ങിയെത്തുന്നതാണ് ഈ സിനിമയുടെ കഥ.
ഈ സിനിമയുടെ ഏറ്റവും കരുത്തുറ്റ ഭാഗം സിംബയുടെ കുറ്റബോധവും അതിൽ നിന്ന് അവൻ പുറത്തുവരുന്ന രീതിയുമാണ്. പിതാവിന്റെ മരണത്തിന് താനാണ് കാരണമെന്ന കടുത്ത ദുഖവും നിരാശയുമായി ജീവിക്കുന്ന സിംബയെ, പിതാവിന്റെ ആത്മാവ് പുറത്തു കടത്തുന്ന നിമിഷം വളരെ അർഥവത്താണ്. “നീ ആരാണെന്ന് ഓർക്കുക” എന്ന് മുഫാസ ഓർമ്മിപ്പിക്കുമ്പോൾ, സിംബ തന്റെ വ്യക്തിത്വം വീണ്ടെടുക്കുന്നു. നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്തു
നമ്മുടെ ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയും പ്രകൃതിയെയും ചുറ്റുമുള്ളവരെയും സ്വാധീനിക്കുന്നുണ്ട് എന്നതും നമ്മള്‍ ഇവിടെ നിന്നും മനസ്സിലാക്കുന്നു. സിംബയുടെ മടക്കയാത്ര വെറുമൊരു അധികാരമോഹമല്ല, മറിച്ച് തന്റെ പ്രജകളെയും പ്രകൃതിയെയും രക്ഷിക്കാനുള്ള ഒരു കടമയുടെ നിർവഹണമാണ്. ഒളിച്ചുള്ള തന്റെ ജീവിതം ശരിയല്ലെന്നും കഷ്ടപ്പാടുകൾ നിറഞ്ഞതാണെങ്കിലും സ്വന്തം ജീവിതത്തോട് നീതി പുലർത്തുന്നതാണ് യഥാർഥ വിജയമെന്നും സിംബ തിരിച്ചറിയുന്നു.
നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ പലപ്പോഴും പരാജയങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കാറുണ്ട്. സിംബയെപ്പോലെ നമ്മളും പലപ്പോഴും ‘ഹകൂന മാത്താത്ത’ എന്ന് പറഞ്ഞ് സ്വന്തം പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ, യഥാർഥ വളർച്ചയുണ്ടാകുന്നത് സ്വന്തം തെറ്റുകളെയും ഭയങ്ങളെയും നേർക്കുനേർ നേരിടുമ്പോഴാണ്. സ്കാർ എന്ന തിന്മയോട് പൊരുതി സിംബ സിംഹാസനം തിരിച്ചുപിടിക്കുന്നത്, നന്മയ്ക്ക് തിന്മയെ തോൽപിക്കാൻ കഴിയുമെന്ന പ്രത്യാശയുടെ പ്രതീകമാണ്.
‘ദ ലയൺ കിംഗ്’ നമ്മെ പഠിപ്പിക്കുന്നത് ഭൂതകാലം നമ്മെ വേദനിപ്പിക്കുമെങ്കിലും അതിൽ നിന്ന് ഒളിച്ചോടുന്നതിനു പകരം പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകാനാണ്. സിംബ തന്റെ പഴയ പേരും അധികാരവും വീണ്ടെടുക്കുമ്പോൾ, അവൻ അച്ഛന്റെ നിഴലിലല്ല, സ്വന്തം വ്യക്തിത്വത്തിലാണ് രാജാവാകുന്നത്. നമ്മളോരോരുത്തരും സ്വന്തം ജീവിതത്തിലെ രാജാക്കന്മാരാണ്. നമ്മൾ ഭയപ്പെടുന്ന കാര്യങ്ങൾ നേരിടാനും നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും മറ്റുള്ളവർക്ക് വഴികാട്ടിയാകാനുമുള്ള മനക്കരുത്ത് നമ്മളിൽ തന്നെയുണ്ട്.
അവസാനരംഗത്ത് പ്രൈഡ് റോക്കിൽ കയറി സിംബ ഗർജിക്കുമ്പോൾ, അത് കേവലം ഒരു സിംഹത്തിന്റെ ശബ്ദമല്ല, മറിച്ച് ദീർഘകാലം ഒളിഞ്ഞിരുന്ന ഒരു ആത്മാവിന്റെ ഉണർവാണ്. ഓരോ അവസാനവും പുതിയൊരു തുടക്കമാണെന്നും പ്രതിസന്ധികൾ നിറഞ്ഞ കാട്ടിലൂടെയുള്ള യാത്ര അവസാനം നമ്മൾ എത്തേണ്ടിടത്ത് നമ്മെ എത്തിക്കുമെന്നും ഈ സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവിതം എന്നത് നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും ഒരു വലിയ കലവറയാണെങ്കിലും അതിൽ നമ്മൾ നടത്തുന്ന ഓരോ ചുവടും നമ്മളെ നമ്മളാക്കി മാറ്റുന്നു. സിംബയുടെ ആ ഗർജനം, ലോകമെമ്പാടുമുള്ള മനുഷ്യർക്ക് തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള വലിയൊരു പ്രചോദനമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS




