പ്രതീക്ഷയുടെ യാത്ര 142: പൂച്ചയും സ്വര്‍ണ്ണനാണയവും 

നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായ സ്വർണ്ണനാണയത്തിനു സമമാണ്. എന്നാൽ പലപ്പോഴും ഈ സ്വർണ്ണനാണയങ്ങൾ നാം എറിഞ്ഞുകൊടുക്കുന്നത് അതിന്റെ മൂല്യം അറിയാത്തവർക്കാണ്. ജാപ്പനീസ് തത്വചിന്തയിലെ ‘നിക്കോ നി കോബാൻ’ (Neko ni Koban) അഥവാ ‘പൂച്ചയ്ക്ക് സ്വർണ്ണനാണയങ്ങൾ നൽകുക’ എന്ന ചൊല്ല് നമ്മെ ഓർമ്മിപ്പിക്കുന്നതും ഇതുതന്നെ. ഒന്നിന്റെയും മൂല്യം അറിയാത്തവരോട് നാം കാണിക്കുന്ന ആദരവും അവര്‍ക്കായി ചിലവഴിക്കുന്ന സമയവും വെറുതെയാണ് എന്ന സത്യം ലോകത്ത് എല്ലായിടത്തും ഒരുപോലെയാണ്.

ഇതിനെക്കുറിച്ച് ബൈബിളിലെ സുഭാഷിതങ്ങളുടെ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: “ഭോഷന്‍ കേള്‍ക്കെ സംസാരിക്കരുത്; നിന്റെ വാക്കുകളിലെ ജ്ഞാനത്തെ അവന്‍ നിന്ദിക്കുകയേയുള്ളൂ” (23:9). സത്യം പറയുന്നവന്റെ ആത്മാർഥതയല്ല, മറിച്ച് കേൾക്കുന്നവന്റെ മനോഭാവമാണ് ഇവിടെ പ്രശ്നം. ചില മനുഷ്യർക്ക് നാം പറയുന്ന കാര്യങ്ങൾ മനസ്സിലാകില്ല. അതിനു കാരണം അവരുടെ ബുദ്ധിശക്തിക്കുറവല്ല, മറിച്ച് അവർ ആ സത്യത്തെ അനുഭവിച്ചറിഞ്ഞിട്ടില്ല എന്നതാണ്. തങ്ങള്‍ കാണാത്തതും ഇതുവരെ കേള്‍ക്കാത്തതും അറിയാത്തതുമായ കാര്യങ്ങള്‍ ഇല്ല എന്നാണ് അവരുടെ ചിന്ത. അവർ അത് മറ്റുള്ളവരോട് പറഞ്ഞ് സന്തോഷിക്കുകയും ചെയ്യും. നമ്മള്‍ ജനിക്കും മുന്‍പേ ഈ ഭൂമിയും ഇവിടത്തെ മനോഹരമായ കാര്യങ്ങളും ഉണ്ടായിരുന്നു എന്നുപോലും വിശ്വസിക്കാന്‍ താൽപര്യമില്ലാത്തവരാണ് അവര്‍; വെറും വിഡ്ഢികള്‍.

ഇത്തരം വ്യക്തികളെ വിശേഷിപ്പിക്കാന്‍ പ്ലേറ്റോയുടെ ‘ഗുഹാചിത്രം’ (Plato’s Allegory of the Cave) എന്ന തത്വചിന്താ സങ്കൽപ്പം ഏറ്റവും അനുയോജ്യമാണ്. ഗുഹയ്ക്കുള്ളിൽ തടവിലാക്കപ്പെട്ടവർ, ഗുഹയുടെ ചുവരില്‍ പതിക്കുന്ന നിഴലുകള്‍ മാത്രമാണെന്നാണ് അവർ വിശ്വസിക്കുന്നത്. അവർക്ക് പുറത്തുള്ള സൂര്യപ്രകാശത്തെക്കുറിച്ച് അറിവില്ല. അവരിലൊരാൾ ഗുഹയിൽ നിന്ന് പുറത്തുകടന്ന് സൂര്യപ്രകാശവും ലോകത്തിന്റെ യഥാർഥ സൗന്ദര്യവും കണ്ട് തിരിച്ചെത്തി അത് മറ്റുള്ളവരോട് വിവരിച്ചാൽ അവർ അത് വിശ്വസിക്കുമോ? ഇല്ല. അവർ അവനെ പരിഹസിക്കും, കള്ളം പറയുന്നവന്‍, അഹങ്കാരി എന്നൊക്കെ വിളിച്ച് അപമാനിക്കും. കാരണം, സൂര്യപ്രകാശത്തെക്കുറിച്ച് അവർക്ക് ഒരു അനുഭവവുമില്ല. ഇതുപോലെയാണ് കഠിനാധ്വാനത്തിലൂടെയോ, തിരിച്ചറിവിലൂടെയോ വളർന്നവര്‍ തങ്ങളുടെ സങ്കുചിത മനോഭാവത്തിൽ തടവിലാക്കപ്പെട്ടവരോട് സത്യം പറയാൻ ശ്രമിക്കുന്നത്. നമ്മള്‍ പറയുന്ന കാര്യങ്ങൾ അവർക്ക് അവിശ്വസനീയമായി തോന്നുന്നത് അവർ അത് അനുഭവിക്കാത്തതുകൊണ്ടാണ്, അവര്‍ക്കത് അറിയാത്തതുകൊണ്ടാണ്. അതുകൊണ്ട്, അവരുടെ ഗുഹയിൽ നിന്ന് പുറത്തുവരാൻ അവർ ആഗ്രഹിക്കുന്നതു വരെ, നമ്മുടെ സത്യം അവർക്കു മുന്നിൽ തെളിയിക്കാൻ സമയം കളയരുത്.

നമ്മുടെ നാട്ടിലെ പഴമൊഴിയിൽ പറയുന്നതുപോലെ, ‘ചങ്കെടുത്തു കാണിക്കുമ്പോൾ ചെമ്പരത്തിപ്പൂവ്’ എന്ന് പരിഹസിക്കുന്നവർ എപ്പോഴും നമുക്കു ചുറ്റുമുണ്ടാകും. മനുഷ്യൻ തന്റെ അറിവിന്റെയും അനുഭവത്തിന്റെയും അതിരുകൾക്കുള്ളിൽ നിന്നുകൊണ്ടാണ് ലോകത്തെ നോക്കിക്കാണുന്നത്. ചിലര്‍ വളർച്ചയുടെ ഔന്നത്യത്തിൽ നിന്ന് സംസാരിക്കുമ്പോൾ മറ്റു പലര്‍ക്കും അതിലെ ദർശനം കാണാൻ കഴിയില്ല. നമ്മള്‍ വിയർപ്പൊഴുക്കി നേടിയ വിജയത്തെ, അലസരായ ആളുകള്‍ കാണുമ്പോൾ അവര്‍ അതിനെ കേവലം ‘ഭാഗ്യം’ എന്ന് വിളിക്കും. അവൻ ആ വിജയത്തിന്റെയും അനുഭവത്തിന്റെയും പിന്നിലെ വേദനയും അച്ചടക്കവും കഷ്ടപ്പാടും അനുഭവിച്ചിട്ടില്ലല്ലോ! അതുകൊണ്ട് നമ്മുടെ സത്യം അവർക്കു മുന്നിൽ സമർഥിക്കാൻ സമയം കളയരുത്.

നമ്മുടെ പക്കലുള്ള വെള്ളം ദാഹമില്ലാത്തവരുടെ വായിലേക്ക് നിർബന്ധിച്ച് ഒഴിക്കുന്ന അവസ്ഥ ഓര്‍ത്തുനോക്കുക. എന്ത് കഷ്ടമാണത്! ആഗ്രഹമില്ലാത്തവര്‍ക്ക് നാം നൽകുന്ന അറിവും സ്നേഹവും അവർക്ക് ഒരു മാറ്റവും നൽകുന്നില്ല. അവരുടെ മുന്‍പില്‍ നമ്മള്‍ അപമാനിതരാകുമെന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല.

ഈ ജീവിതയാത്രയിൽ നാം പലപ്പോഴും സ്വയം മറന്ന് മറ്റുള്ളവരെ സഹായിക്കാനും നമ്മുടെ വിലയേറിയ സമയം അവർക്കായി ചിലവഴിക്കാനും ശ്രമിക്കാറുണ്ട്. എന്നാല്‍, നമ്മുടെ കഴിവിന്റെയും സമയത്തിന്റെയും വില തിരിച്ചറിയാത്ത, നമ്മെ പരിഹസിക്കുന്ന അവര്‍ക്കു മുന്നിൽ നാം എത്ര വലിയ തെളിവുകൾ നിരത്തിയാലും അവർ അത് വിശ്വസിക്കാൻ പോകുന്നില്ല. അതുകൊണ്ട് അവർക്കായി സമയം കളയുന്നത് നിർത്തുക.

നമ്മുടെ ഊർജം അർഹതയില്ലാത്തവർക്കായി ചിലവഴിക്കുന്നത് നമ്മളെത്തന്നെ ഇല്ലാതാക്കുന്ന പ്രവൃത്തിയാണ്. അപമാനിക്കാനും അളക്കാനും ഇരിക്കുന്നവരുടെ മുന്‍പില്‍ സ്വർണ്ണനാണയങ്ങൾ വാരിവിതറുന്നത് നിർത്തുക. ക്രിസ്തു പറയുന്നത് നിങ്ങളുടെ അമൂല്യങ്ങളായ മുത്തുകള്‍ പന്നികളുടെ മുന്‍പില്‍ വിതരരുത് എന്നാണല്ലോ.

അർഹതയില്ലാത്തവർക്കായി സമയം കളയാതെ, മറ്റു നല്ല കാര്യങ്ങള്‍ക്കായി ആ സമയം ചിലവഴിക്കുക. അർഹതയുള്ളവരിൽ മാത്രം നിക്ഷേപിക്കുക; അപ്പോൾ മാത്രമേ ജീവിതം അർഥവത്താകൂ. ഓർക്കുക, പൂച്ചകൾക്ക് സ്വർണ്ണനാണയങ്ങൾ നൽകുന്നതുവഴി നഷ്ടം സംഭവിക്കുന്നത്‌ ആ പൂച്ചകൾക്കല്ല, മറിച്ച് നൽകുന്ന ആൾക്ക് തന്നെയാണ്. വിശപ്പില്ലാത്തവന്റെ മുന്‍പില്‍ ഭക്ഷണം വിളമ്പാതിരിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.