
ദൈവത്തിന്റെ മാസ്റ്റര്‍ പീസ് (God’s Masterpiece) എന്ന കവിതയിൽ ഹെർബർട്ട് ഫാർണഹാം മാതൃത്വത്തെ കേവലം ഒരു മനുഷ്യസൃഷ്ടിയായല്ല, മറിച്ച് പ്രകൃതിയിലെ ഏറ്റവും മനോഹരമായ ഗുണങ്ങളുടെ ഒരു സമാഹാരമായാണ് അവതരിപ്പിക്കുന്നത്. ‘അമ്മ’ എന്ന തന്റെ ഉത്തമസൃഷ്ടിയെ മെനഞ്ഞെടുക്കാൻ ദൈവം പ്രപഞ്ചത്തിലെ ഏറ്റവും മനോഹരവും ശ്രേഷ്ഠവുമായ ഘടകങ്ങളെയാണ് തിരഞ്ഞെടുത്തതെന്ന് കവി വിവരിക്കുന്നു. ആ വരികൾ ഇപ്രകാരമാണ്:
ദൈവം ഒരു പുഷ്പത്തിന്റെ സുഗന്ധവും ഒരു മരത്തിന്റെ ഗാംഭീര്യവും പ്രഭാതത്തിലെ മഞ്ഞുതുള്ളിയുടെ മൃദുലതയും കടലിന്റെ ശാന്തതയും എടുത്തു.
സന്ധ്യാസമയത്തിന്റെ സൗന്ദര്യവും നക്ഷത്രനിബിഡമായ രാത്രിയുടെ ആത്മാവും ഒഴുകുന്ന പുഴയുടെ കളകളാരവവും പറക്കുന്ന പക്ഷിയുടെ ചാരുതയും ദൈവം സ്വീകരിച്ചു.
പിന്നീട് ദൈവം ഈ ഗുണങ്ങളെല്ലാം ചേർത്ത്, ഇതിനു മുന്‍പ് ഒരിക്കലും നിര്‍മ്മിക്കാത്ത തന്റെ ഏറ്റവും മനോഹരമായ പുതിയ സൃഷ്ടി മെനഞ്ഞു. ആ മാസ്റ്റർപീസ് പൂർത്തിയായപ്പോൾ, ദൈവം അതിനെ ‘അമ്മ’ എന്നു വിളിച്ചു.
പുഷ്പത്തിന്റെ സൗരഭ്യവും മഞ്ഞുതുള്ളിയുടെ മൃദുലതയും അമ്മയുടെ സ്നേഹത്തിലെ അനിർവചനീയമായ സൗമ്യതയെ പ്രതിനിധാനം ചെയ്യുന്നു. വലിയൊരു മരത്തിന്റെ ഗാംഭീര്യം മക്കളുടെ ജീവിതത്തിൽ അമ്മ നൽകുന്ന സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും പ്രതീകമാണ്. ശാന്തമായ കടലിന്റെ മൗനവും സന്ധ്യയുടെ മാന്ത്രികസൗന്ദര്യവും അമ്മയുടെ ക്ഷമയെയും ആഴമുള്ള സ്നേഹത്തെയും ഓർമ്മിപ്പിക്കുന്നു. പക്ഷിയുടെ പറക്കലിലുള്ള ചാരുതയും പുഴയുടെ ഒഴുക്കിലെ ആഹ്ളാദസ്വരവും, ജീവിതത്തോടുള്ള അമ്മയുടെ ക്രിയാത്മകവും ഊർജസ്വലവുമായ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്.
ദൈവം തന്റെ പരമമായ സൃഷ്ടിക്ക് ‘അമ്മ’ എന്ന് നാമകരണം ചെയ്തത് അങ്ങേയറ്റം അർഥവത്താണ്. പ്രകൃതിയിലെ ഈ മനോഹരഗുണങ്ങളെല്ലാം ഒത്തിണങ്ങുന്ന ഒരേയൊരു സങ്കേതം അമ്മയുടെ ഹൃദയമാണ്. അറിവില്ലാത്തവർക്ക് അറിവ് പകരുന്ന ശാന്തതയും, തളർന്നവർക്ക് ആശ്വാസം നൽകുന്ന മൃദുലതയും, വഴിതെറ്റിയവർക്ക് ദിശാബോധം നൽകുന്ന ഗാംഭീര്യവും ഒത്തുചേരുന്ന ഒരു മഹാവിസ്മയമാണ് ഓരോ അമ്മയും.
ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നത്, നമ്മുടെ അമ്മ വെറുമൊരു വ്യക്തിയല്ല, മറിച്ച് ദൈവത്തിന്റെ കരവിരുതിൽ പിറന്ന പ്രപഞ്ചത്തിന്റെ ലഘുരൂപമാണ് എന്നാണ്. പുഴ ഒഴുകുന്നതുപോലുള്ള നിർമ്മലമായ സ്നേഹവും നക്ഷത്രങ്ങൾ മിന്നുന്ന രാത്രിയിലെ ആത്മീയശാന്തതയും അമ്മയുടെ സാന്നിധ്യത്തിൽ നാം അനുഭവിക്കുന്നു. ഈ സൃഷ്ടിക്കു പകരമായി പ്രപഞ്ചത്തിൽ മറ്റൊന്നുമില്ല.
അമ്മയെ നോക്കുമ്പോൾ നാം കാണുന്നത് പ്രകൃതിയുടെ പൂര്‍ണ്ണതയാണ്. അമ്മയുടെ പുഞ്ചിരി പുഴയൊഴുക്കിന്റെ സ്വരം പോലെ നമ്മുടെ മനസ്സിൽ കുളിർമ പടർത്തുന്നു. അമ്മയുടെ കരുതൽ മഞ്ഞുതുള്ളിയെപോലെ നമ്മെ പുൽകുന്നു. ഇത്രയും വിശിഷ്ടമായ ഗുണങ്ങൾ സമ്മേളിച്ച ഒരമ്മയെ സ്വന്തമാക്കാൻ കഴിഞ്ഞു എന്നത് എത്ര വലിയ സൗഭാഗ്യമാണ്!
‘മാസ്റ്റർപീസ്’ എന്നാൽ കലാകാരന്റെ ഏറ്റവും മികച്ച സൃഷ്ടി എന്നാണർഥം. ഒരു ശിൽപി തന്റെ ഏറ്റവും മഹത്തരമായ ശിൽപം പൂർത്തിയാക്കുമ്പോൾ അതിൽ എത്രത്തോളം ശ്രദ്ധയും അർപ്പണബോധവും പകരുന്നുവോ, അത്രത്തോളം കരുതലും സ്നേഹവും ചേർത്താണ് ദൈവം അമ്മയെ മെനഞ്ഞെടുത്തത്. ആ മാസ്റ്റർപീസിനെ അർഹിക്കുന്ന ആദരവോടും സ്നേഹത്തോടും കൂടി ചേർത്തുപിടിക്കാൻ ഈ വരികൾ നമ്മെ പ്രേരിപ്പിക്കുന്നു. പ്രകൃതിയിലെ സകല നന്മകളും ഒരുമിച്ചുചേർത്ത ദൈവികമായ പുണ്യമാണ് നമ്മുടെ ഓരോരുത്തരുടെയും അമ്മ.

ഫാ. ജി. കടൂപ്പാറയിൽ MCBS




