ഈശോയെ കേൾക്കാനാഗ്രഹിച്ച ജോബിനച്ചൻ ഇനി ഈശോയ്ക്കരികിൽ!

ബ്രെയിൻ ട്യൂമറിനെ തുടർന്ന് ചികിത്സയിലായിരുന്ന ഫാ. ജോബിൻ കുളത്തുങ്കൽ എംസിബിഎസ് 2026 മെയ് ഒമ്പതാം തിയതി, ശനിയാഴ്ച പുലർച്ചെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ‘ദൈവം തന്നു, ദൈവം എടുത്തു, ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ’! രോഗത്തിന്റെ, വേദനയുടെ, നാളുകളിൽ അച്ചനെ മുൻപോട്ട് നയിച്ച വചനമായിരുന്നു ഇത്. വേദനകളിലും സഹനങ്ങളിലും ആത്മവിശ്വാസത്തിന്റെ ആൾരൂപമായിരുന്നു അച്ചൻ. അതിലുപരി തന്റെ രോഗാവസ്ഥയിലൂടെ അച്ചൻ ആത്മീയമായും ഏറെ വളർന്നു. ഈശോയുടെ പ്രിയ കൂട്ടുകാരൻ ഇനി ഈശോയ്ക്കരികിൽ! തുടർന്ന് വായിക്കുക.

2024 ഡിസംബർ നാലിന് ഫാ. ജോബിൻ, ‘മി മീഡിയ’യോട് രോഗത്തോടും സഹനത്തോടും ഉള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുകയുണ്ടായി. അച്ചന്റെ ജീവിതെത്തെക്കുറിച്ച് ഈ വീഡിയോയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഫീച്ചർ.

ഇടുക്കി, കുണിഞ്ഞി, ചേനപ്പറമ്പ് സ്വദേശിയായ ഫാ. ജോബിൻ 1987 നവംബർ ഏഴിന് ജനിച്ചു. കെ. എ. ചാക്കോ, ലിസി ചാക്കോ എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരൻ റോബിൻ ചാക്കോ. മൃതസംസ്ക്കാരം മെയ് 12 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കോട്ടയം, കടുവാക്കുളം എമ്മാവൂസ് പ്രോവിൻഷ്യൽ ഹൌസിൽ. 

ഓടിനടന്നുള്ള ശുശ്രൂഷയെ രോഗം ‘ബ്രേക്കിട്ട് നിർത്തിയപ്പോൾ’

2014 ഡിസംബർ 30 ന് ആയിരുന്നു ജോബിൻ അച്ചന്റെ തിരുപ്പട്ട സ്വീകരണം. തുടർന്ന് എം. സി. ബി. എസ് എമ്മാവൂസ് പ്രൊവിൻഷ്യൽ സെക്രട്ടറിയായി നിയമിതനായി. ചെറുപ്പമായിരുന്നതിനാൽ തന്നെ നല്ല ചുറുചുറുക്കോടെ ഓടിനടന്ന് ജോലി ചെയ്യുന്നതിനിടെയാണ് രോഗം അച്ചനെ പിടികൂടുന്നത്. 2017 നവംബറിൽ അച്ചന് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചു. അതേ തുടർന്ന് ‘എവേക്ക് ക്രീനിയോട്ടമി’ (Awake Craniotomy) എന്ന, വളരെ ലേറ്റസ്റ്റ് രീതിയിലുള്ള സർജറിചെയ്തു. ബോധത്തോടെ തലയോട്ടി തുറന്നുള്ള ഒരു ശസ്ത്രക്രിയാ രീതിയാണിത്.

2017 നവംബർ മാസത്തിലായിരുന്നു ആദ്യത്തെ സർജറി. എന്നാൽ, സർജറിക്ക് ശേഷമുള്ള റിസൾട്ട് അത്ര നല്ലതല്ലായിരുന്നു. ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞപ്പോൾ തുടർ ചികിത്സയ്ക്ക് ഡോക്ടർമാർ നിർദേശിച്ചു . ഒരുവർഷത്തോളം കീമോതെറാപ്പിയും മൂന്ന് മാസത്തോളം റേഡിയേഷനും ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ ചികിത്സകൾ നടത്തിയാലും ചിലപ്പോൾ ശരീരത്തിന്റെ ഒരുവശം തളർന്നു പോകാനിടയുണ്ടെന്നും ഒരു ചെവിയുടെ കേഴ്വിയും ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും, ഓർമ്മക്കുറവ്, സംസാരിക്കാൻ ബുദ്ധിമുട്ട് ഇവയും ചിലപ്പോൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.

മെഡിക്കൻ സയൻസിനെപ്പോലും തോൽപ്പിച്ച ആത്മവിശ്വാസം

പക്ഷേ, ഡോക്ടർമാർ പറഞ്ഞ ഈ ‘സാധ്യതകൾക്ക്’ മുൻപിൽ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു ജോബിൻ അച്ചൻ. അദ്ദേഹം അവയെയെല്ലാം അതിജീവിച്ചു. മെഡിക്കൽ സയൻസിനുപോലും അദ്‌ഭുതമായി മാറിയ അച്ചന്റെ അതിജീവനത്തിന്റെ കാരണം അന്വേഷിച്ചപ്പോൾ ജോബിൻ അച്ചന്റെ മറുപടി ഇപ്രകാരമായിരുന്നു:

“എനിക്ക് ദൈവവുമായി അത്യാവശ്യം നല്ല ബന്ധമുണ്ട്. പിന്നെ, അനേകായിരങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കുന്നുണ്ട്. അത് എന്റെ കഴിവൊന്നും അല്ല, അത് കർത്താവിന്റെ പുരോഹിതനായതുകൊണ്ട് സംഭവിക്കുന്നതാണ്. എനിക്ക് വലിയ പ്രായമൊന്നും ആയിട്ടില്ലല്ലോ”.

ആത്മവിശ്വാസത്തോടെ, തോൽക്കുവാൻ തയ്യാറാകാതെ അച്ചൻ പറഞ്ഞു. ഡോക്ടർമാർക്കും അത് ശരി വയ്‌ക്കേണ്ടിവന്നു. കാരണം, അച്ചന്റെ ദൈവവിശ്വാസവും ആത്മവിശ്വാസവും അവരെ അത്രത്തോളം അതിശയിപ്പിച്ചിരുന്നു.

വാക്കുകൾക്ക് അതീതമാണ് ജോബിൻ അച്ചൻ ആ സമയത്ത് അനുഭവിച്ച ദൈവകൃപയെന്ന് അച്ചൻ തന്നെ പറയുന്നു. പുറമേനിന്ന് നോക്കുമ്പോൾ, രോഗം, വേദന ബുദ്ധിമുട്ടുകൾ ഒക്കെ ഇത്രയും ചെറുപ്പത്തിലേ വന്ന് തകർന്ന് പോകുന്ന ഒരു അവസ്ഥയെന്ന് തോന്നിയേക്കാം. എന്നാൽ, അപ്പോഴും അച്ചൻ അതിലൂടെ അനുഭവിച്ചത് അഭൗമികമായ ഒരു ദൈവകൃപയാണ്, സംരക്ഷണമാണ്.

ലോകം ഒരു മുറിയിലേക്ക് ചുരുങ്ങിയപ്പോൾ!

എല്ലാവരുമായി ഒരുപാട് സംസാരിക്കുന്ന, ഇടപെടുന്ന, ഓടിനടന്ന് ജോലി ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു ജോബിൻ അച്ചൻ. രോഗം നിർണ്ണയിച്ച ശേഷം രോഗ പ്രതിരോധശേഷി കുറവായതിനാൽ വളരെയേറെ ശ്രദ്ധിക്കണെമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. മറ്റ് രോഗങ്ങൾ വേഗം പിടിപെടുവാൻ സാധ്യതയുണ്ട്. മാതാപിതാക്കൾക്ക് പോലും സന്ദർശിക്കാൻ സാധിക്കാത്തവിധം റൂമിൽ ലോക്ക് ചെയ്യപ്പെട്ടതുപോലുള്ള ഒരവസ്ഥ! അത് കൂടുതൽ മെച്ചപ്പെട്ട ആരോഗ്യത്തിനായി ഡോക്ടർമാർ നിർദേശിച്ചതായിരുന്നു.

വായിക്കുവാൻ ബുദ്ധിമുട്ട് ഉണ്ട്, ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കുന്നില്ല. പെട്ടെന്ന് ഒരുദിവസം എല്ലാം അവസാനിപ്പിക്കുകയെന്നത് ചെറുപ്പക്കാരനായ, ഊർജ്ജസ്വലനായ ഒരു വൈദികനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. എന്നാൽ, അതേസമയം തന്നെ അച്ചന് ഒരു ചങ്ങാതിയെ കിട്ടി. ഈശോ എന്ന ഉറ്റ കൂട്ടുകാരൻ.

“ആ ദിവസങ്ങളിൽ സമയംപോകുന്നത് ഞാൻ അറിഞ്ഞതേയില്ല. കാരണം, ദൈവവുമായുള്ള ബന്ധം കൂടുതലായി. ശരിക്കും പറഞ്ഞാൽ ഒരു വൈകാരികബന്ധമായിരുന്നു ദൈവത്തോട്. വെറുതെ വാചാലമായി പ്രാർഥിക്കുന്നതിലും ഉപരിയായി ഈശോ എന്നോട് സംസാരിക്കുന്നത് ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോൾ ഈശോ എന്നോട് ഒരു സങ്കടം പറഞ്ഞു. ‘മോനെ ഒത്തിരിപ്പേർ എന്നോടിങ്ങനെ സംസാരിക്കുന്നുണ്ട്. പക്ഷേ, ഞാൻ പറയുന്നത് കേൾക്കാൻ ആരുമില്ല.’ അപ്പോൾ ഞാൻ ഈശോയോട് പറഞ്ഞു, ‘നീ പറയുന്നത് കേൾക്കാൻ ഞാൻ തയ്യാറാണ്.’ പിന്നീടങ്ങോട്ട് ആ നാളുകളിൽ ഈശോ എന്നോട് സംസാരിക്കാൻ തുടങ്ങി. ഒരു കൊച്ചുകുഞ്ഞ് മറ്റൊരു കുഞ്ഞിനോട് സംസാരിക്കുന്നതുപോലെ അത്ര ലളിതമായിട്ടായിരുന്നു ആ സംഭാഷണം. കുഞ്ഞുങ്ങൾക്കേ ദൈവത്തെ അറിയാനും അവിടുത്തെ പരിപാലന തിരിച്ചറിയാനും സാധിക്കൂ എന്ന് വചനത്തിലൂടെ പറഞ്ഞ വാക്കുകൾ എനിക്ക് അപ്പോൾ ഓർമ്മ വന്നു” – ജോബിൻ അച്ചൻ പറയുന്നു.

ഈ രോഗംപോലും ദൈവം തന്നെ സ്നേഹിക്കുന്നതിന്റെ അടയാളമായിരുന്നുവെന്ന് അച്ചന് അങ്ങനെ അനുഭവിച്ചറിയുവാൻ സാധിച്ചു. “എനിക്ക് അവകാശപ്പെടുവാൻ ഒന്നുമില്ല, എല്ലാം ദൈവം തന്നതാണ്. എന്റെ ജീവിതം കർത്താവിന്റെ സമ്മാനമാണ്.” അച്ചന്റെ വാക്കുകളിൽ സമർപ്പണത്തിന്റെ പൂർണ്ണത.

വൈദ്യശാസ്ത്രത്തെയും തോൽപിച്ച് തിരികെ ജീവിതത്തിലേക്ക്

തുടർന്ന് ചികിത്സയുടെ ഭാഗമായി മൂന്ന് സർജറികൾ കൂടി വേണ്ടിവന്നു. രോഗത്തിന്റെ ഭാഗമായുള്ള ചികിത്സകളും തുടർന്നു. ജോബിൻ അച്ചനെ കാണുമ്പോൾ ഡോക്ടർമാർക്ക് പോലും ഒരു മോട്ടിവേഷനായിരുന്നു; ഒരു പോസിറ്റീവ് എനർജി! ബ്രയിനിലെ പ്രശ്‌നംകൊണ്ട് സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാമായിരുന്നു. ഉള്ളിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അതേപോലെ പ്രകടിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ട്. വലതുവശത്തായാണ് അച്ചന് ട്യൂമർ വന്നിരിക്കുന്നത്, അതിനാൽ, ഓർമ്മ നഷ്ടപ്പെടാം. എന്നാൽ, ഇതൊന്നും സംഭവിച്ചില്ല.

അങ്ങനെ ചികിത്സകൾ തുടർന്നുകൊണ്ടിരിക്കെ കുറച്ചൊക്കെ ഭേദമായ സാഹചര്യത്തിൽ ജോബിൻ അച്ചൻ തന്നെ പ്രൊവിൻഷ്യൾ അച്ചനോട് പഠിക്കുവാൻ അനുവാദം ചോദിച്ചു. കാരണം, അച്ചന് ഫാമിലി അപ്പസ്തൊലേറ്റ് മിനിസ്ട്രി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ, ഫാമിലി ആൻഡ് കൗൺസിലിംഗിൽ ലൈസിൻഷ്യേറ്റ് ചെയ്യാൻ തീരുമാനിച്ചു. ബ്രെയിൻ ട്യൂമർ ആയതിനാൽ പഠിക്കാനുള്ള കഴിവ് നഷ്ടപ്പെടും എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നതാണ്. എന്നാൽ, 2020 ആയപ്പോഴേക്കും അച്ചൻ അതിനെയും അതിജീവിച്ച് പഠനം പൂർത്തിയാക്കി. അസാധ്യമെന്ന് തോന്നുന്ന, വൈദ്യശാസ്ത്രത്തെ വരെ തോൽപ്പിക്കാൻ കഴിയുന്ന കാര്യങ്ങൾ ദൈവത്തിന് സാധ്യമാകുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുവാൻ ദൈവം നിയോഗിച്ച ഒരു വ്യക്തിയായിരുന്നു ജോബിൻ അച്ചൻ.

പുതിയ ഉത്തരവാദിത്വങ്ങൾ

പഠനത്തിന് ശേഷം അച്ചൻ സേവനം ചെയ്തിരുന്നത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി കുടമാളൂരിലുള്ള ‘സംപ്രീതി’ എന്ന സ്ഥാപനത്തിലായിരുന്നു. നിരവധിപ്പേർക്ക് വാക്കുകൾക്കൊണ്ടും സാന്നിധ്യംകൊണ്ടും ആശ്വാസം പകരുവാൻ അവിടെയുണ്ടായിരുന്ന രണ്ടുവർഷക്കാലം അച്ചന് സാധിച്ചു. തുടർന്ന് അട്ടപ്പാടിയിലുള്ള ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. ബിനോയ് എന്നിവരുടെ കൂടെ അവരുടെ ആശ്രമത്തിൽ വൈദികാർഥികളുടെ രൂപീകരണത്തിന് സഹായമേകി. ആ നാളുകളിൽ നിശബ്ദമായി മണിക്കൂറുകളോളം ദിവ്യകാരുണ്യത്തിന്റെ മുൻപിൽ അച്ചൻ ചിലവഴിക്കുമായിരുന്നു. ഈശോയോട് വാചാലമായി സംസാരിക്കുന്നതിനേക്കാൾ തന്റെ പ്രിയപ്പെട്ട കൂട്ടുകാരനായ ഈശോയെ കേൾക്കുവാൻ ആ നാളുകളിൽ അച്ചൻ ശ്രമിച്ചു.

തുടർന്ന് അച്ചനെ എംസിബിഎസ് സന്ന്യാസ സമൂഹത്തിന്റെ നോവിസ് മാസ്റ്റർ ആയിട്ട് നിയമിച്ചു. ‘ഇത്രയും ചെറുപ്പമായിരുന്ന തന്നെ ഈ വലിയ ഉത്തരവാദിത്വം ഏൽപ്പിക്കുകയാണോ?’ തന്റെ പ്രിയ കൂട്ടുകാരനായ ഈശോയോട് ചോദിച്ചു. ഈശോ അതിനും അച്ചന് ധൈര്യം നൽകി. അധികാരികളോട് ‘യെസ്’ പറയുമ്പോൾ ദൈവം കൃപ നൽകുമെന്ന വിശ്വാസത്തോടെ ആ വലിയ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു. കാഞ്ഞിരപ്പിള്ളി പൊടിമറ്റത്തുള്ള നോവിഷ്യറ്റ് ഹൗസിൽ ഒരു വർഷത്തോളം നോവിസ് മാസ്റ്ററായി അച്ചൻ ശുശ്രൂഷ ചെയ്തു.

വീണ്ടും വില്ലനായെത്തിയ രോഗം

ഒരുവർഷത്തിന് ശേഷം തിരുവനന്തപുരത്ത് ഫാ. ഡാനിയൽ പൂവണ്ണത്തിലിന്റെ ധ്യാനത്തിന് പോയി തിരിച്ച് കാഞ്ഞിരപ്പിള്ളിയിൽ വന്നപ്പോൾ പെട്ടെന്ന് ഒരുദിവസം കുഴഞ്ഞു വീണു. എല്ലാം വളരെ നോർമലായി പൊയ്ക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ആ നാളുകളിൽ മരുന്നും ചികിത്സയും ഒന്നും ഉണ്ടായിരുന്നില്ല.

അച്ചന്റെ യാത്രയിലെങ്ങാനുമാണ് അങ്ങനെ കുഴഞ്ഞു വീണിരുന്നതെങ്കിൽ വളരെ അപകടമായിരുന്നേനെ. കാരണം, ആ വീഴ്ചയിൽ ജോബിനച്ചൻ അഞ്ചാറു മണിക്കൂറുകൾ ബോധരഹിതനായി പോയിരുന്നു. ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധനയിൽ വ്യക്തമായി, വീണ്ടും ട്യൂമർ വളരെ ശക്തിയോടെ തന്നെ തിരിച്ചെത്തിയിരിക്കുന്നു എന്ന്. പെട്ടെന്ന് തന്നെ സർജറി ചെയ്തു. സർജറിയിൽ ഒരു കാര്യം കൂടി വ്യക്തമായി, അച്ചൻ ആസ്ട്രോസൈറ്റോമ നാലാം ഘട്ടത്തിൽ അതായത് ലാസ്റ്റ് സ്റ്റേജിൽ എത്തിയിരിക്കുന്നു. വേഗം തന്നെ കീമോയും റേഡിയേഷനും തുടങ്ങണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ആ സാഹചര്യത്തിൽ ഒരു ശരീരത്തിന് രണ്ട് കീമോയും റേഡിയേനും താങ്ങുവാൻ ബുദ്ധിമുട്ടാണ്. എങ്കിലും അച്ചന്റെ ആത്‌മവിശ്വാസംകൊണ്ടുതന്നെ ബുദ്ധിമുട്ടേറിയതെങ്കിലും അവ തരണം ചെയ്യുവാൻ സാധിച്ചു.

ഈ സാഹചര്യത്തെ കുറിച്ച് അച്ചൻ പറയുന്നത് ഇങ്ങനെയാണ്:

“ജീവിതത്തിൽ പല സങ്കീർണതകളും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളും ഉണ്ടാകുമ്പോൾ മനസിലാക്കുക, നമ്മുടെ ബുദ്ധികൊണ്ടും കഴിവുകൊണ്ടും എല്ലാം ചെയ്യുവാൻ സാധിക്കുകയില്ല. ദൈവത്തിന്റെ പരിപാലനയിൽ ആശ്രയിച്ചു മുന്നേറുക. മറ്റുള്ളവരോട് നല്ല സ്നേഹബന്ധത്തിൽ തുടരുക. ദൈവത്തിന്റെ സമയത്തിനുവേണ്ടി കാത്തിരിക്കുക”- ജോബിൻ അച്ചൻ പറയുന്നു.

അങ്ങനെ ദൈവത്തിന്റെ സമയത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു അച്ചൻ. രോഗത്തിന്റെ അവശതകൾ കൃത്യമായ ഇടവേളകളിൽ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ദേവാലയവും ആശുപത്രിയും സ്വന്തം മുറിയുമായി അദ്ദേഹത്തിന്റെ ലോകം ചുരുങ്ങി. എങ്കിലും സംഭാഷണത്തിലൂടെയും പ്രാർഥനയിലൂടെയും അദ്ദേഹം എല്ലാവരുടെയും ഒപ്പമായിരുന്നു. ഒടുവിൽ, 2026 മെയ് ഒമ്പതാം തിയതി, ശനിയാഴ്ച  പുലർച്ചെ ദൈവത്തിന്റെ സമയം വന്നെത്തി; അദ്ദേഹം  നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ഈശോയുടെ കൂട്ടുകാരൻ ഇനി ഈശോയ്ക്ക് സ്വന്തം

ഈശോയെ കേൾക്കാൻ, ഈശോയെ അറിയാൻ രോഗത്തിലും സഹനത്തിലും അനേകർക്ക് പ്രചോദനമായ വ്യക്തിയായിരുന്നു ജോബിൻ അച്ചൻ. ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സമൂഹത്തിന് അച്ചന്റെ വിയോഗം ഒരു നഷ്ടമാണ്, വേദനയാണ്. എങ്കിലും ഈശോയുടെ പ്രിയപ്പെട്ട ചങ്ങാതിയല്ലേ, സ്വർഗത്തിലുള്ളത് എന്നൊരു ആശ്വാസം അവർക്കുണ്ട്. സ്വർഗം സ്വന്തമാക്കിയ ഈശോയുടെ പ്രിയ കൂട്ടുകാരന് വിട!

സി. സൗമ്യ DSHJ

തയ്യാറാക്കിയത്: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.