ഭയത്തെ വിശ്വാസം കൊണ്ടു നേരിട്ട അനുഭവം വിവരിച്ച് ഐ.എസ്.ഐ.എസ്. തട്ടിക്കൊണ്ടുപോയ ഇറാഖിലെ പുരോഹിതൻ

    രണ്ടു പതിറ്റാണ്ടുകളായി ശ്രദ്ധിക്കപ്പെടാതെപോകുന്ന ഒന്നാണ് മൊസൂളിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ദുരവസ്ഥ. 2014-ൽ ഇറാഖിലെ ഈ നഗരം ഐ.എസ്.ഐ.എസ്.ന്റെ നിയന്ത്രണത്തിൻകീഴിലായതു മുതൽ ക്രിസ്ത്യൻ പള്ളികളും കമ്മ്യൂണിറ്റികളും ബോംബ് സ്‌ഫോടനങ്ങൾ നടക്കുന്ന ഒരു സ്ഥിരം വേദിയായി മാറി. 2003 മുതൽ സായുധസംഘങ്ങൾ അവിടെ നിരവധി ക്രിസ്ത്യാനികളെ – പുരോഹിതന്മാരെയും സാധാരണക്കാരെയും – കൊല്ലുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ, 2007-ൽ ഭീകരരുടെ തട്ടിക്കൊണ്ടുപോകലിന് ഇരകളായവരാണ് സിറിയക് കത്തോലിക്കാ പുരോഹിതന്മാരായ ചോർബിഷപ്പ് മാസൻ മട്ടുകയും ഫാ. പയസ് അഫാസും.

    അന്ന് മൊസൂളിലെ മാർത്തോമ്മാ സുറിയാനി കത്തോലിക്കാ പള്ളിയുടെ വികാരിയായിരുന്നു ഫാ. പയസ്; ഫാ. മട്ടുക സഹായിയും. ഒമ്പതു ദിവസങ്ങളാണ് ഇരുവരും ഐ.എസ്.ഐ.എസ്.ന്റെ തടങ്കലിൽ കഴിഞ്ഞത്. വർഷങ്ങൾക്കു ശേഷം തന്റെ അനുഭവം വിവരിക്കുകയാണ് ഫാ. മാസൻ മട്ടുക. ഇപ്പോൾ അദ്ദേഹം മൊസൂളിനടുത്തുള്ള ഖരാക്കോഷിലെ സെന്റ് ബൻഹാമിന്റെയും സാറയുടെയും പേരിലുള്ള ചരിത്രപരമായ ആശ്രമത്തിന്റെ മേലധികാരിയാണ്.

    തട്ടിക്കൊണ്ടുപോകൽ

    2007 സെപ്തംബർ ഒന്നിനായിരുന്നു ഫാ. മാസൻ മട്ടുകയുടെ തിരുപ്പട്ടം. തന്റെ ആദ്യ പോസ്റ്റിങ്ങ് മൊസൂളിന്റെ കിഴക്കൻഭാഗത്തുള്ള സെന്റ് തോമസ് സിറിയക് കാത്തലിക് ചർച്ചിലായിരുന്നു. പൗരോഹിത്യത്തിന്റെ 40-ാം ദിവസമായ ഒക്ടോബർ 13-ന് വികാരിയായ ഫാ. പയസിനൊപ്പം സമീപത്തെ മറ്റൊരു പള്ളിയിൽ പരിശുദ്ധ കുർബാന അർപ്പിക്കാൻ പോകുമ്പോഴായിരുന്നു സായുധരായ ആളുകൾ ഫാ. പയസിനെയും ഫാ. മട്ടുകയെയും ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്തത്.

    രക്തസാക്ഷിത്വമാണ് തങ്ങളുടെ വിധിയെന്ന് മൊസൂളിലെ എല്ലാവരും ഉറപ്പിച്ചു. തങ്ങളുടെ ജീവിതം മൊസൂളിലെ മറ്റു രണ്ട് രക്തസാക്ഷികളായ ഫാ. റാഗിദ് കെന്നി (2007), ഫാ. അലക്സാണ്ടർ (2006) എന്നിവരുടെ വിധിക്കു സമാനമാകുമെന്ന് ഇരുവരും കരുതി.

    വസ്ത്രധാരണത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ഇരുവരും വൈദികരാണെന്ന് തീവ്രവാദികൾക്കു മനസ്സിലായി. പക്ഷേ, അവർക്കു വേണ്ടിയിരുന്നത് പണമായിരുന്നതിനാൽ തങ്ങളെ കൊല്ലാൻ അവർ മുതിരില്ലെന്നു വൈദികർക്കു മനസ്സിലായി. എങ്കിലും മാനസികമായി ഇരുവരും രക്തസാക്ഷിത്വം വരിക്കാൻ തയ്യാറായിരുന്നു.

    ആദ്യത്തെ രാത്രി, പ്രാർഥനയിലും യാചനയിലും ചെലവഴിച്ചു. അങ്ങനെ പ്രാർഥനയിലായിരുന്ന മട്ടുകയ്ക്ക് പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. പ്രാർഥനാവേളയിൽ ഇരുവരും സമാധാനത്തിലായിരുന്നു. ഇത്, തങ്ങളെ പിടികൂടിയവരുമായി സംസാരിക്കാനുള്ള ജ്ഞാനം അവർക്കു നൽകി. അവരെ ബോധ്യപ്പെടുത്താൻ പരിശുദ്ധാത്മാവ് ഫാ. മട്ടുകയെ അതിലൂടെ നയിക്കുകയായിരുന്നു.

    ഇരുവരും നിലത്ത് കുമ്പിട്ടു പ്രാർഥിക്കുന്നതുകണ്ട് തട്ടിക്കൊണ്ടുപോയവർ അമ്പരന്നെന്ന് ഫാ. മട്ടുക ഓർത്തെടുത്തു. പൗരസ്ത്യ ക്രിസ്ത്യാനികൾ പ്രാർഥിക്കുന്നത് ഇങ്ങനെയാണെന്ന് അവരെ പറഞ്ഞുമനസ്സിലാക്കിയ വൈദികർ, മരണമുഖത്തും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറല്ലെന്നത് ഭീകരരെ അത്ഭുതപ്പെടുത്തി. ദിവസങ്ങൾക്കു ശേഷം ഇരുവരും മോചിപ്പിക്കപ്പെട്ടു. മോചനത്തിന്റെ അന്ന് സെന്റ് പോൾ ദൈവാലയത്തിൽ ബിഷപ്പ് ബൗലോസ് ഫറജ് റാഹോയ്‌ക്കൊപ്പമാണ് ഇരുവരും കൃതജ്ഞതാബലി അർപ്പിച്ചത്. ബിഷപ്പ് ബൗലോസ് ഫറജ് പിന്നീട് രക്തസാക്ഷിയാവുകയുണ്ടായി. മാതാവിന്റെ ഫീസ്റ്റ് ഡേയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട തങ്ങളെ പരിശുദ്ധ മാതാവാണ് സുരക്ഷിതമായി തിരികെയെത്തിച്ചതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തി.

    2023 ഡിസംബറിൽ ഫാ. മട്ടുകയ്ക്ക് ‘ചോർബിഷപ്പ്’ (പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ഒരു പുരോഹിതനു നൽകുന്ന ബിഷപ്പിനെക്കാൾ താഴ്ന്ന പദവി) ആയി സ്ഥാനക്കയറ്റം കിട്ടി.

    “തട്ടിക്കൊണ്ടുപോകലിനു ശേഷം കൂടുതൽ സജീവവും ശുഭാപ്തിവിശ്വാസിയുമായ ഫാ. മട്ടുക, ‘ദുഃഖിക്കരുത്, കർത്താവിന്റെ സന്തോഷമാണ് നിങ്ങളുടെ ശക്തി’ എന്ന് പറഞ്ഞുകൊണ്ട് വിശ്വാസി സമൂഹത്തിന് വിശ്വാസത്തിൽ തുടരാൻ പ്രത്യാശ നല്കുകയാണിപ്പോൾ. ഒരുതരത്തിൽ, തട്ടിക്കൊണ്ടു പോകൽ അദ്ദഹത്തിന് ഒരു പുനർജന്മമാണു നൽകിയത്. “ദൈവം എനിക്ക് ഒരു പുതിയ ജീവിതം നൽകി. അവന്റെ മുന്തിരിത്തോട്ടത്തിൽ സേവിക്കാൻ എന്നെ അനുവദിച്ചു. ഞാൻ അത് പൂർണമായും നിർവഹിച്ചുകാണിക്കും” – ഫാ. മട്ടുക പറഞ്ഞു.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.