ആലക്കളത്തിലച്ചന്റെ താപസചൈതന്യം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ആറാം ദിനം – മെയ് 12, 2022 

“ക്രിസ്തുരഹസ്യങ്ങളെ തന്റെ വാക്കിലും ജീവിതത്തിലും പ്രഘോഷിക്കുക എന്നതിൽ കവിഞ്ഞു മറ്റൊന്നും അദ്ദേഹത്തിന് സന്തോഷം നൽകിയിരുന്നില്ല.”

ഭാഗ്യസ്മരണാർഹനായ വിശുദ്ധ പത്താം പീയൂസ് മാർപാപ്പയിലൂടെ സാർവ്വത്രികസഭയിൽ ആഞ്ഞുവീശിയ ദിവ്യകാരുണ്യ നവോത്ഥാനത്തിന്റെ അലയടികൾ കേരളസഭയിലും അനുഭവപ്പെട്ടു തുടങ്ങിയ കാലത്താണ് ദിവ്യകാരുണ്യ മിഷനറി സഭ രൂപീകൃതമാകുന്നത്. ആ കാലഘട്ടത്തിൽ ഇവിടെ പ്രേഷിതപ്രവർത്തനങ്ങൾ നടത്തിയിരുന്ന മിഷനറി വൈദികരിലൂടെ, പ്രത്യേകിച്ച് കർമ്മലീത്താ സമൂഹത്തിലൂടെയാണ് വിശുദ്ധ കുർബാനയോടും സന്യാസജീവിതത്തോടുമുള്ള ആഭിമുഖ്യം കേരളസഭയിൽ ശക്തമാകുന്നത്.

സ്ത്രീകൾക്കായുള്ള ആരാധനാസമൂഹം സ്ഥാപിച്ച അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിന് പുരുഷന്മാർക്കു വേണ്ടി ‘ദിവ്യകാരുണ്യ പ്രേഷിതസംഘം’ സ്ഥാപിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും അദ്ദേഹം തന്നെ ഇവിടെ ചെയ്തുവന്നിരുന്നെങ്കിലും അനുവാദം വാങ്ങിവന്ന് അത് പൂർത്തീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. എന്നാൽ ഈ ചരിത്രനിയോഗം ഏല്പിക്കാൻ ദൈവം തിരഞ്ഞെടുത്തത് തീക്ഷ്ണമതിയും തപോനിഷ്ഠനുമായ ബഹുമാനപ്പെട്ട ആലക്കളത്തിൽ മത്തായി അച്ചനെ ആയിരുന്നു.

സന്യാസത്തോടും താപസജീവിതത്തോടുമുള്ള അഭിനിവേശം ദൈവം അദ്ദേഹത്തിന്റെ ഉള്ളിൽ നിവേശിപ്പിച്ചിരുന്നു. ദൈവതിരുമനസ് നിറവേറ്റുന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ വിട്ടുവീഴ്ച്ചകൾ ഇല്ലായിരുന്നു.

താപസജീവിതത്തിലേക്കുള്ള വിളി

സെമിനാരി പഠനകാലത്തു തന്നെ ബഹു. മത്തായി അച്ചന്റെ ഉള്ളിൽ സന്യാസത്തോടും താപസജീവിതത്തോടും അതിയായ അഭിനിവേശം രൂപപ്പെട്ടിരുന്നു. കർമ്മലീത്താ സഭയിലെ വിശുദ്ധരായ വൈദികരുടെ ജീവിതം അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ കാളാശ്ശേരി പിതാവിന്റെ സെക്രട്ടറി ആയി ജോലി ചെയ്യുന്ന സമയത്ത് ഒരിക്കൽ ആലക്കളത്തിൽ അച്ചൻ വളരെ അസ്വസ്ഥതയോടെ പിതാവിനോടു സംസാരിച്ച ഒരു സംഭവം അദ്ദേഹത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നുണ്ട്.

താപസജീവിതത്തോടുള്ള അഭിനിവേശം മത്തായി അച്ചന്റെ ജീവിതത്തിൽ അണപൊട്ടി ഒഴുകിയ ഒരു ദിവസമായിരുന്നു അത്. “എനിക്ക് പോകണം. എത്ര കാലമായി ഞാൻ ഒരു അനുവാദത്തിനു വേണ്ടി കാത്തിരിക്കുന്നു. ദയവായി അങ്ങ് എന്നെ പോകാൻ അനുവദിക്കണം.” അല്പം ഗൗരവത്തോടെ തന്നെ അദ്ദേഹം അന്ന് പിതാവിനോട് പറഞ്ഞു. ദിവ്യകാരുണ്യ പ്രേഷിതസമൂഹം എന്ന തന്റെ സ്വപ്നം അദ്ദേഹം പലപ്പോഴും അഭിവന്ദ്യ പിതാവുമായി പങ്കുവച്ചിരുന്നു. എന്നാൽ ഇത്രയും സമർത്ഥനായ ഒരു വൈദികൻ തനിക്ക് വേഗം നഷ്ടപ്പെടാൻ പിതാവും ആഗ്രഹിച്ചില്ല. ഒടുവിൽ അദ്ദേഹത്തിന്റെ നിരന്തരമായ നിർബന്ധങ്ങൾക്കു വഴങ്ങിയാണ് പിതാവ് ദിവ്യകാരുണ്യ പ്രേഷിതസമൂഹം സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് അനുവാദം നൽകുന്നത്.

വാക്കിലും പ്രവർത്തിയിലും താപസൻ

ആഴമേറിയ ഭാഷാചാതുരിയും, ശക്തമായ പ്രസംഗപാടവവും, വിട്ടുവീഴ്ചയില്ലാത്ത ജീവിതവും ശക്തനായ ഒരു പ്രവാചകന്റെ പ്രതിച്ഛായ മത്തായി അച്ചനു പകർന്നു നൽകി. ദൈവഹിതമനുസരിച്ചു ജീവിക്കുന്നതിന് വിട്ടുവീഴ്ച്ച കല്പിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ വാക്കും ജീവിതവും. പരിശുദ്ധാത്മാവും പരിശുദ്ധ കുർബാനയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ധ്യാനവിഷയങ്ങൾ. അനേകർ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ട് മാനസാന്തരപ്പെട്ടു. മാനസാന്തരപ്പെടാൻ തയ്യാറാകാത്തവർ അദ്ദേഹത്തിന്റ വിമർശകരും ശത്രുക്കളുമായി മാറി. എന്നാൽ ക്രിസ്തുരഹസ്യങ്ങളെ തന്റെ വാക്കിലും ജീവിതത്തിലും പ്രഘോഷിക്കുക എന്നതിൽ കവിഞ്ഞു മറ്റൊന്നും അദ്ദേഹത്തിന് സന്തോഷം നൽകിയിരുന്നില്ല. തീക്ഷ്ണതയാൽ പലപ്പോഴും അദ്ദേഹത്തിന്റെ ഹൃദയം ജ്വലിച്ചിരുന്നു. അതുകൊണ്ടു തന്നെ ശാസിക്കുന്നതിനും ചാട്ടവാറെടുക്കുന്നതിനും അദ്ദേഹം മടി കാണിച്ചിരുന്നില്ല.

ദരിദ്രർക്കും നിരാലംബർക്കും വേണ്ടി തനിക്കുള്ളതിൽ നിന്നും അദ്ദേഹം എന്നും പങ്കുവച്ചിരുന്നു. ആശ്രമത്തിൽ നിന്നും ഭക്ഷണസാധനങ്ങളും മറ്റും എടുത്തുകൊണ്ടു പോകുന്നതിന്റെ പേരിൽ അദ്ദേഹം പലപ്പോഴും ക്രൂശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും ദരിദ്രരോടുള്ള അനുകമ്പ ഒന്നുകൊണ്ടു മാത്രമായിരുന്നു. ക്രൂശിതനോടുള്ള സ്നേഹം അദ്ദേഹത്തെ നിർബന്ധിച്ചിരുന്നതു കൊണ്ടാകണം പലപ്പോഴും അദ്ദേഹം കർക്കശക്കാരനായി കാണപ്പെട്ടിരുന്നത്.

വസ്ത്രധാരണവും ഭക്ഷണവും 

ബഹു. ആലക്കളത്തിൽ മത്തായി അച്ചൻ രൂപത്തിലും ഭാവത്തിലും ഒരു തികഞ്ഞ താപസൻ തന്നെ ആയിരുന്നു. ചെരിപ്പിടാതെയുള്ള നടത്തവും തുന്നിക്കൂട്ടിയ വസ്ത്രങ്ങളും അദ്ദേഹത്തെ യഥാർത്ഥത്തിൽ അരൂപിയിൽ സമ്പന്നൻ ആക്കുകയായിരുന്നു.

നോമ്പുകാലത്ത് മറ്റു പ്രായശ്ചിത്തങ്ങൾക്കു പുറമേ അദ്ദേഹം ഒരു കറി മാത്രം കൂട്ടിയാണ് ഭക്ഷിച്ചിരുന്നത്. ഒരു അച്ചാറോ, ഒരു ചമ്മന്തിയോ, ഇത്തിരി മോരോ എന്തായാലും ഒന്നു മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. അദ്ദേഹത്തിന്റെ യാത്രയിലും ധ്യാനങ്ങൾക്കു പോകുമ്പോഴും മറ്റേതു സാഹചര്യത്തിലും ഈ നിഷ്ഠ അദ്ദേഹം സൂക്ഷിച്ചിരുന്നു. ഉപവാസങ്ങളും ഭക്ഷണക്കുറവും ഒക്കെ അദ്ദേഹത്തിന്റെ ശരീരത്തെ പലപ്പോഴും ക്ഷീണിപ്പിച്ചിരുന്നെങ്കിലും ആത്മാവിൽ അദ്ദേഹം എപ്പോഴും കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കായിരുന്നു. ആ വിളക്കിൽ നിന്നും അനേകർ പ്രകാശം സ്വീകരിക്കുകയും ഇരുളകറ്റുകയും ചെയ്തിരുന്നു. “മുത്തുമാലകൾ എപ്രകാരം ഒരേ ചരടിൽ ഒന്നിച്ചിരിക്കുന്നുവോ, അതുപോലെ ഓരോ വ്യക്തിയും ദൈവസ്നേഹച്ചരടിൽ ഒരുമിച്ചിരിക്കണം” എന്ന് മത്തായി അച്ചൻ നിരന്തരം ഉപദേശിച്ചിരുന്നത് അദ്ദേഹത്തിന്റെ തന്നെ ജീവിതം സാക്ഷിയാക്കിക്കൊണ്ടായിരുന്നു.

ശൂന്യവത്കരണത്തിന്റെ ജീവിതം

ദിവ്യകാരുണ്യ പ്രേഷിതസമൂഹം എന്ന അഭിവന്ദ്യ മാർ കുര്യാളശ്ശേരി പിതാവിന്റെ സ്വപ്നം സ്വന്തം ജീവിതത്തിലേക്ക് ആവാഹിച്ചെടുത്ത ആലക്കളത്തിലച്ചൻ നിരന്തരമായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ആ സ്വപ്നം സാഷാത്കരിക്കാനുളള അനുവാദം നേടിയെടുത്തത്.

സമൂഹത്തിൽ ഭിന്നത വർദ്ധിക്കുകയും സ്ഥാപകസിദ്ധിയിൽ നിന്ന് സമൂഹം വ്യതിചലിക്കുകയും ചെയ്തപ്പോൾ അദ്ദേഹം ദിവ്യകാരുണ്യ സഭാചരിത്രത്തിൽ ശക്തമായ ഒരു ഇടപെടൽ നടത്തി. സമൂഹത്തിന്റെ പ്രേഷിതദൗത്യം ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ നിറവേറ്റുന്നതിനായി ചിട്ടയായ ജീവിതവും ക്രമവുമുള്ള മറ്റൊരു സമൂഹത്തിൽ നമ്മുടെ സഭ ലയിക്കുന്നതിലും തെറ്റില്ല എന്ന നിഗമനത്തിൽ മത്തായി അച്ചൻ എത്തിയിരുന്നു.

താനോ, താൻ സ്ഥാപിച്ച സഭയോ അല്ല; ദിവ്യകാരുണ്യ പ്രേഷിതത്വമാണ് പരമപ്രധാനം എന്ന ആഴമേറിയ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ ദൈവമാകട്ടെ, അദ്ദേഹത്തിന്റെ ആ തീരുമാനത്തിലൂടെ സഭാസമൂഹത്തിന്റെ ഏകീകരണം സാധ്യമാക്കുകയും സമൂഹത്തെ ഒന്നുകൂടി ശക്തിപ്പെടുത്തുകയും ചെയ്തു. ദൈവഹിതം തിരിച്ചറിഞ്ഞ ആലക്കളത്തിലച്ചൻ, ദിവ്യകാരുണ്യ മിഷനറി സഭ എന്നത് ദൈവത്തിന്റെ സ്വപ്നം തന്നെ ആയിരുന്നു എന്നത് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. തന്റെ പ്രിയപ്പെട്ട ദിവ്യകാരുണ്യ നാഥനെപ്പോലെ തന്നെ സ്വയം ചെറുതാകുന്നതിലും ശൂന്യവത്കരിക്കുന്നതിലും അദ്ദേഹം എന്നും ആനന്ദം കണ്ടെത്തിയിരുന്നു.

ഉപസംഹാരം

അക്ഷരാർത്ഥത്തിൽ വിശുദ്ധ സ്നാപകയോഹന്നാന്റെ താപസചൈതന്യവും തീക്ഷ്ണതയും തന്റെ ജീവിതത്തിൽ ആവാഹിച്ച താപസവര്യൻ ആയിരുന്നു ദിവ്യകാരുണ്യ മിഷനറി സഭയുടെ സ്ഥാപകപിതാക്കന്മാരിൽ ഒരാളായ ബഹു. ആലക്കളത്തിൽ മത്തായി അച്ചൻ. മനുഷ്യരുടെ പ്രീതിയേക്കാൾ ദൈവത്തിന്റെ പ്രീതി ആഗ്രഹിച്ച ഒരു മനുഷ്യൻ. അധികാരികളെയോ, സഹോദരങ്ങളെയോ പ്രസാദിപ്പിക്കുന്നതിലല്ല, മറിച്ച് ദൈവതിരുമനസ് നിറവേറ്റുകയും ദൈവഹിതം അറിയിക്കുകയുമാണ് ശിഷ്യത്വം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

ദിവ്യകാരുണ്യത്തിന്റെ ഉപാസകൻ, പരിശുദ്ധാത്മാവിന്റെ ഉച്ചഭാഷിണി, നലംതികഞ്ഞ താപസൻ എന്നീ വിശേഷണങ്ങൾ ഒന്നും അദ്ദേഹത്തിന് പോരാതെവരും. ആലക്കളത്തിൽ മത്തായി അച്ചൻ എന്ന ഒരു താപസവര്യനെ ദിവ്യകാരുണ്യ മിഷനറി സഭയ്ക്ക്, കേരളസഭയ്ക്ക് അല്ല തിരുസഭയ്ക്കു തന്നെ നൽകിയ ‘ദിവ്യകാരുണ്യ നാഥന് ആകാശതാരകളോളം, അഗ്നിയിലെ തീപ്പൊരികളോളം, കടലിലെ നീർത്തുള്ളികളോളം, കരയിലെ മണൽത്തരികളോളം, മരങ്ങളിലെ ഇലകളോളം… അനവരതം സ്തുതിസ്തോത്രങ്ങൾ.

ഫാ. ആന്റണി മഠത്തിക്കണ്ടം MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.