പരിശുദ്ധാരൂപിയുടെ രണ്ടാം ദാനം – ബുദ്ധി

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: ഇരുപത്തിമൂന്നാം ദിനം, – മെയ് 29, 2022

പരിശുദ്ധാരൂപിയുടെ രണ്ടാമത്തെ ദാനമായ ബുദ്ധിയാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം.

സഭയിലും സമൂഹത്തിലും മറ്റു വ്യക്തികൾക്ക് ഉപകാരപ്രദവും നിലനിൽക്കുന്നതുമായ എന്തെങ്കിലും ചെയ്യാൻ ഒരുവനു കഴിയണമെങ്കിൽ പരിശുദ്ധാത്മാവിന്റെ ദാനമായ ബുദ്ധിയാൽ ആ വ്യക്തി നിറയണം.

ലോകത്തെയും ലോകനന്മകളെയും അവയുടെ ശരിയായ നിറത്തിൽ കാണിച്ചുതരുന്ന, ലോകത്തെ നന്നായി പഠിക്കാൻ കഴിയുന്ന പരിശുദ്ധാത്മദാനമാണ് ബുദ്ധി എന്നാണ് ആലക്കളത്തിൽ മത്തായി അച്ചന്റെ പക്ഷം. ധനം, സുഖം, മാനം, ശക്തി, അധികാരം എന്നിവ എത്ര നശ്വരങ്ങളും ക്ഷണികങ്ങളും നാശകാരണങ്ങളുമാണന്നും ആത്മാവിന്റെ നിത്യനാശത്തിനായുള്ള വഞ്ചനകളും കെണികളും ഏതെല്ലാം തരത്തിൽ അവയിൽ മറഞ്ഞിരിക്കുന്നെന്നും ബുദ്ധി നമ്മെ പഠിപ്പിക്കുന്നു എന്നും മത്തായി അച്ചൻ ഓർമ്മിപ്പിക്കുന്നു. ബുദ്ധിയും ബോധജ്ഞാനവും പരസ്പരം ഒന്നിച്ചുപോകുന്നതാണ് ഇവ വഴിയായി നാം സ്രഷ്ടാവിനെയും സൃഷ്ടികളെയും വേണ്ടവണ്ണം അറിയാനും ആ അറിവിന്റെ ഫലമായി, സൃഷ്ടികളെക്കാൾ  സ്രഷ്ടാവിനെ കൂടുതൽ സ്നേഹിപ്പാനും ഒരു ആത്മാവിനു സാധിക്കുന്നു.

എല്ലാ മനുഷ്യഹൃദയങ്ങളിലും ദൈവചൈതന്യം നിവേശിപ്പിക്കാന്‍ പരിശുദ്ധാത്മാവിനു മാത്രമേ കഴിയൂ. അതിനാൽ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഒരുവന്റെ ബുദ്ധി ലോകത്തിന്റെ വക്രകാഴ്ചപ്പാടുകളെ അതിലംഘിക്കുന്ന ദൈവീകജ്ഞാനത്താൽ നിറഞ്ഞതായിരിക്കും.

പരിശുദ്ധാത്മാവിന്റെ ആഗമനത്തെക്കുറിച്ച് ഈശോ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: ”എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും” (യോഹ. 14:26).

ബുദ്ധി എന്ന പരിശുദ്ധാത്മാവിന്റെ ദാനം ഈശോയ്ക്കു വേണ്ടി വീരോചിതമായി നിലകൊള്ളാനും അവന് സാക്ഷ്യം നല്‍കാനും അവനോടും സഭയോടുമുള്ള  കൂട്ടായ്മയിൽ വളരാനും ഒരു വ്യക്തിയെ സഹായിക്കുന്നു. ദൈവീകപ്രചോദനങ്ങളെ  ലോകത്തിന്റെ അരൂപികളിൽ നിന്നു വേർതിരിച്ചെടുക്കാൻ പരിശുദ്ധാത്മാവ് നൽകുന്ന ബുദ്ധിവൈഭവം ഏതൊരു ക്രിസ്തുശിഷ്യനും അത്യന്ത്യം ആവശ്യമാണ്.

ബുദ്ധിയുടെ നിറവായ പരിശുദ്ധാത്മാവിനോട് നമുക്കു നിരന്തരം പ്രാർത്ഥിക്കാം. വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും നിറവായ പരിശുദ്ധാത്മാവേ, ദൈവീകജ്ഞാനത്താൽ എന്റെ ബുദ്ധിയുടെ പ്രകാശിപ്പിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.