മരണത്തെ തോൽപിച്ച അമ്മയ്ക്ക് എട്ടാം ക്ലാസുകാരൻ നൽകിയ സമ്മാനം

​ഒരു കുടുംബത്തിന്റെ ശക്തമായ വിശ്വാസവും പരസ്പരമുള്ള സ്നേഹവും എങ്ങനെ വലിയ പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിക്കുമെന്നതിന്റെ നേർക്കാഴ്ചയാണ് ക്ലീവ്ലാൻഡിൽ നിന്നുള്ള ജോ സോൾട്ടിസ് എന്ന പിതാവിന്റെയും അദ്ദേഹത്തിന്റെ 15 വയസ്സുകാരനായ മകൻ ജെയ്ക്കിന്റെയും ജീവിതം. മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചെത്തിയ അമ്മയ്ക്കായി ഈ മകൻ ചെയ്ത കരുതലാണ് ഇപ്പോൾ പലർക്കും പ്രചോദനമാകുന്നത്.

​മരണത്തെ തോൽപ്പിച്ച അമ്മ

​2020 – ൽ കോവിഡ് കാലത്താണ് ജോയുടെ ഭാര്യയും അഞ്ച് ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും അമ്മയുമായ ബെക്കിക്ക് ലൂപ്പസ്, സെപ്സിസ്, പാൻക്രിയാറ്റൈറ്റിസ് തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ പിടിപെടുന്നത്. ഡോക്ടർമാർ വെറും 10% അതിജീവന സാധ്യത പ്രവചിച്ച അവസ്ഥ. ആശുപത്രിയിൽ പോയി കാണാൻ പോലും അനുവാദമില്ലാതിരുന്ന ആ കറുത്ത നാളുകളിൽ, ‘അമ്മ ഇനി തിരിച്ചുവരാൻ സാധ്യത കുറവാണ്’ എന്ന് ജോയ്ക്ക് തന്റെ മക്കളോട് പറയേണ്ടി വന്നു. എന്നാൽ പ്രാർഥനകളുടെയും മെഡിക്കൽ സംഘത്തിന്റെയും ഫലമായി ബെക്കി അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു.

​അമ്മയ്ക്കായി മകൻ ഒരുക്കിയ ‘ഫിറ്റ്നസ് സെന്റർ’

​രോഗമുക്തിക്ക് ശേഷവും ലൂപ്പസിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന അമ്മയുടെ ആരോഗ്യ വീണ്ടെടുപ്പിനായി മകൻ ജെയ്ക്ക് ഒരു വലിയ ദൗത്യം ഏറ്റെടുത്തു. കാര്യമായ ആശാരിപ്പണി ഒന്നും അറിയാതിരുന്ന ഈ എട്ടാം ക്ലാസുകാരൻ വീടിന്റെ ബേസ്മെന്റിൽ അമ്മയ്ക്കായി ഒരു വ്യായാമമുറി നിർമ്മിക്കാൻ തീരുമാനിച്ചു.

​’ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് കൃത്യമായ ധാരണയില്ലായിരുന്നു. ഗൂഗിളിൽ രണ്ട് ചിത്രങ്ങൾ മാത്രമാണ് നോക്കിയത്. പക്ഷേ ഒന്നുറപ്പായിരുന്നു ഞാൻ തുടങ്ങിയാൽ ദൈവം എന്നെ സഹായിക്കും’ – ജെയ്ക്ക് പറയുന്നു.

​സ്കൂൾ കഴിഞ്ഞുവരുന്ന ഒഴിവുസമയങ്ങളിൽ ആയിരക്കണക്കിന് മണിക്കൂറുകൾ കഠിനാധ്വാനം ചെയ്ത് തികച്ചും പ്രൊഫഷണൽ രീതിയിൽ ഒരു ഫിറ്റ്നസ് സെന്ററും തിയേറ്റർ റൂമും അവൻ സ്വന്തം കൈകളാൽ നിർമ്മിച്ചെടുത്തു. ഭാരമേറിയ സാധനങ്ങൾ കടയിൽ നിന്ന് കാറിലേക്ക് എടുത്തു വയ്ക്കാൻ മാത്രമാണ് പിതാവ് ജോ സഹായിച്ചത്.

അതേസമയം സമൂഹത്തിലെ ഭിന്നതകൾ മാറ്റാൻ ക്രിസ്തീയ കൂട്ടായ്മ ലക്ഷ്യമിട്ട് ‘പ്രെയർ അറ്റ് ദി ഹാർട്ട്’ (Prayer at the Heart) എന്ന ആഗോള പ്രാർഥനാ മുന്നേറ്റത്തിന് പിതാവായ ജോ തുടക്കം കുറിച്ചു. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളെ പ്രാർഥനയിലൂടെ ഒന്നിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ​വിശ്വാസവും പ്രാർഥനയും പരസ്പരമുള്ള ത്യാഗവുമാണ് ഒരു കുടുംബത്തിന്റെ യഥാർഥ ശക്തിയെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുതരികയാണ് ഈ അച്ഛനും മകനും.

​’സ്നേഹം എന്നത് വെറുമൊരു വികാരമല്ല, അതൊരു തീരുമാനമാണ്. മറ്റുള്ളവർക്കായി നമ്മൾ എടുക്കുന്ന ത്യാഗപൂർണ്ണമായ തീരുമാനം’- ജെയ്ക്ക് പറയുന്നു.

സീനിയ എൽസ ഇഗ്‌നേഷ്യസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.