

ഒരു ജപമാലയിൽ സാധാരണ 59 മുത്തുകളാണുള്ളത്. എന്നാൽ 1250 മുത്തുകളുള്ള ഒരു ജപമാലയെക്കുറിച്ചു കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊന്ന് ഉണ്ട്. മാനന്തവാടി രൂപതയിലെ നടവയൽ ഹോളി ക്രോസ്സ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയത്തിലെ കായക്കുന്ന് പ്രദേശത്തെ അമ്മമാരാണ് ഇത്തരമൊരു ജപമാലയുണ്ടാക്കിയിരിക്കുന്നത്. അത് വെറുമൊരു ജപമാല നിർമ്മാണമായിരുന്നില്ല, മറിച്ച് ഒരു ഇടവകയെക്കുറിച്ചുള്ള സ്വർഗത്തിന്റെ വലിയൊരു പദ്ധതിയും അത് നിർമ്മിച്ച അമ്മമാർക്ക് അതൊരു പ്രാർഥനയുമായിരുന്നു. ജപമാലമാസമായ ഒക്ടോബറിൽ ‘അമ്മയ്ക്കൊരുമ്മ’ എന്നപേരിലാണ് എസ് ഡി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പ്രദേശത്തെ അമ്മമാർ പ്രാർഥനയോടെ ജപമാല നിർമ്മാണം ആരംഭിച്ചത്. അധ്വാനവും പ്രാർഥനയും മാതൃസ്നേഹവും ഒരുമിച്ചുചേർന്ന ജപമാല നിർമ്മാണത്തെക്കുറിച്ചു പങ്കുവയ്ക്കുകയാണ് ലൈഫ്ഡേ.
പ്രാർഥനയ്‌ക്കിടയിലെ സ്വർഗസന്ദേശം
കായക്കുന്നിൽ സ്ഥിതിചെയ്യുന്ന എസ് ഡി. കോൺവെന്റിലെ സി. ദിവ്യയ്ക്ക് സ്വർഗം നൽകിയ ഒരു വെളിപ്പെടുത്തലായിരുന്നു ‘അമ്മയ്ക്കൊരുമ്മ’ എന്ന ഈ ഒക്ടോബർ മാസത്തെ ജപമാല നിർമ്മാണം. സിസ്റ്റർ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ മനസ്സിൽ തോന്നിയ ഒരു ചിന്ത മാതൃവേദി അമ്മമാരോട് പങ്കുവയ്ക്കുകയും പിന്നെയത് ഒരു നാടിന്റെ തന്നെ വലിയ മിഷൻ ആയി മാറുകയുമായിരുന്നു.
ഇടവകയിലെ ഓരോ കുടുംബത്തെയും ഇടവകയിൽ സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങളെയും സമർപ്പിത സന്യാസഭവനങ്ങളെയും പേരെടുത്തു പറഞ്ഞുകൊണ്ട് ‘നന്മ നിറഞ്ഞ മറിയമേ’ പ്രാർഥന ചൊല്ലി. അങ്ങനെ ജപമാലയിൽ ഓരോ മണികളെയും പരിശുദ്ധ അമ്മവഴി ഈശോയ്ക്കു സമർപ്പിക്കാനായുള്ള ഒരു സന്ദേശമായിരുന്നു പ്രാർഥിച്ചപ്പോള്‍ ദിവ്യ സിസ്റ്ററിനു ലഭിച്ചത്.
ഈ ചിന്ത മനസ്സിൽ വന്നപ്പോഴേ പരിശുദ്ധ അമ്മ ഗബ്രിയേൽ മാലാഖയോടു ചോദിച്ച അതേ ചോദ്യംതന്നെ സിസ്റ്ററും ചോദിച്ചു: “ഇതെങ്ങനെ സംഭവിക്കും!” എന്നാൽ അമ്മയ്ക്കു വേണ്ടിയുള്ള ഈ സമ്മാനം അമ്മമാരെത്തന്നെ ഏൽപിക്കാനായിരുന്നു സ്വർഗത്തിന്റെ ഇഷ്ടം. അങ്ങനെയായിരുന്നു ആ ഭാഗത്തെ മാതൃവേദി അംഗങ്ങൾ അത് വലിയ സന്തോഷത്തോടെയും ആത്മസമർപ്പണത്തോടെയും ഏറ്റെടുത്തത്. എന്നാൽ പിന്നീട് അത് ആ നാടിന്റെ തന്നെ വലിയൊരു തിരുനാളും പ്രാർഥനകൂട്ടായ്മയുമായി മാറി.
അമ്മമാരുടെ പിന്നാലെ അപ്പന്മാരും കുഞ്ഞുങ്ങളും
ഏകദേശം 1,250 മുത്തുകൾ ഈ ജപമാല നിർമ്മാണത്തിന് ആവശ്യമായിവരും. ഒരുപോലിരിക്കുന്നതും എന്നാല്‍ സാധാരണയിലും വലിപ്പമുള്ളതുമായ ഇത്രയധികം മുത്തുകൾ ലഭ്യമാകുമോ എന്നതായിരുന്നു ആദ്യത്തെ പ്രതിസന്ധി. എന്നാൽ ആലോചന തുടങ്ങിയതിന്റെ മൂന്നാം ദിവസം തന്നെ, അദ്ഭുതകരമായി മുത്തുകൾ ലഭിച്ചത് സ്വർഗം നൽകിയ ഒരു വലിയ സൂചനയായി ഈ അമ്മമാർ കണ്ടു. തുടർന്ന് നടവയൽ ഇടവകയുടെ കായക്കുന്നിലുള്ള വി. സെബാസ്ത്യാനോസിന്റെയും വി. അന്തോണീസിന്റേയും നാമധേയത്തിലുള്ള കപ്പേളയിൽ വച്ച് പ്രാർഥനയോടെ ജപമാല നിർമ്മാണം ആരംഭിച്ചു.
എല്ലാവരും ജോലിചെയ്യുന്നവരും തിരക്കുകൾ ഉള്ളവരുമൊക്കെയാണ്. അതുകൊണ്ടുതന്നെ തുടർച്ചയായി ഇത്രയധികം സമയമെടുത്ത് ഇത് പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ മൂന്നുദിവസങ്ങളിൽ പല സമയങ്ങളിലായി പ്രാർഥനയും ജപമാല നിർമ്മാണവും ആരംഭിച്ചു. പകലും വൈകുന്നേരവും രാത്രിയിലുമൊക്കെയായി നിരവധി ആളുകള്‍ വന്നു. അവർ ‘നന്മ നിറഞ്ഞ മറിയമേ’ പ്രാർഥന ചൊല്ലിക്കൊണ്ട് ഇടവകയിലെ ഓരോ കുടുംബത്തിന്റെയും പേരെടുത്തുപറഞ്ഞ് അവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ട് ഓരോ മുത്തും കോർത്തെടുത്തു.
“ഓരോ കുടുബത്തിന്റെയും പേര് പറഞ്ഞ് പ്രാർഥിക്കുമ്പോൾ അവരെയെല്ലാം വ്യക്തിപരമായി അറിയുന്നതിനാൽ അവരുടെ പ്രത്യേക നിയോഗങ്ങളെയും ചേർത്തു പ്രാർഥിക്കാൻ സാധിച്ചു. മനസ്സ് നിറഞ്ഞുകൊണ്ട് പരിശുദ്ധ അമ്മവഴി ഈശോയ്ക്ക് ഓരോ കുടുംബത്തെയും സമർപ്പിച്ചു. ഇതൊരു വലിയ ആത്മീയവളർച്ച ഞങ്ങൾക്ക് നൽകി” – ഇടവക ദൈവാലയത്തിന്റെ സെക്രട്ടറിയും മാതൃവേദി രണ്ടാം സോണിന്റെ പ്രസിഡന്റുമായിരിക്കുന്ന ധന്യ പൂണേലിൽ പറയുന്നു.
അമ്മമാർ ആരംഭിച്ചെങ്കിലും തൊട്ടുപിന്നാലേ തന്നെ അപ്പന്മാമാരും വന്നുചേർന്നിരുന്നു; അവരോടൊപ്പം മക്കളും. അങ്ങനെയാണ് ഇതൊരു നാടിന്റെ തന്നെ വലിയ ‘ജപമാല തിരുനാൾ’ ആയത്.
“മൂന്നാം ദിനം ജപമാല കെട്ടി പൂർത്തിയാക്കുമ്പോൾ പകൽസമയത്ത് നിശ്ചയിച്ചിരുന്ന എല്ലാ സമയത്തും ചുരുങ്ങിയത് 15 പേരെങ്കിലും ഉണ്ടായിരുന്നു. രാത്രിയിൽ, ജോലിക്കു പോയി വന്നതിനു ശേഷം കുട്ടികളും കുടുംബനാഥന്മാരുമടക്കം ഒരുപാട് പേർ എത്തിച്ചേർന്നു. ഇത് ദൈവത്തിന്റെ ഒരു വലിയ പദ്ധതിയുടെ പൂർത്തീകരണം പോലെയായിരുന്നു. കാരണം ഒരു നാടിന്റെ ആത്മീയ ഉയർച്ചയും ഒത്തുചേരലുമായിരുന്നു ഈ ദിവസങ്ങളിൽ നടന്നത്. വ്യാഴാഴ്ച വൈകുന്നേരം വിശുദ്ധ കുർബാനയോടു കൂടി കപ്പേളയുടെ മുൻപിൽ ഈ വലിയ ജപമാല, പ്രാർഥനയോടെ പ്രതിഷ്ഠിച്ചപ്പോൾ സ്വർഗത്തിലേക്ക് ഉയർന്നത് ഒരു നാടിന്റെ മുഴുവനും പ്രാർഥനയും സ്വപ്നങ്ങളും ദൈവസ്നേഹവുമായിരുന്നു” – ഷിജു തേക്കാനത്ത് തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്.
മഴയിലും ജപമാലയുമേന്തിയുള്ള പ്രദക്ഷിണം
ജപമാല നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം വിശുദ്ധ കുർബാനയോടെയാണ് ഒക്ടോബർ 23 നു വൈകുന്നേരം കായക്കുന്ന് കപ്പേളയ്ക്കു മുന്നിൽ ഈ വലിയ ജപമാല പ്രതിഷ്ഠിച്ചത്. വിശുദ്ധ കുർബാനയ്ക്കു ശേഷം ഒരു കിലോമീറ്റർ അകലെയുള്ള കുരിശടിയിലേക്ക് പ്രദക്ഷിണവുമുണ്ടായിരുന്നു. 1250 മുത്തുകളുള്ള നീളൻ ജപമാലയും കൈയിലേന്തി ജപമാല ചൊല്ലി പ്രാര്‍ഥനയോടെയും ഏറെ ഭക്തിയോടെയാണ് അഞ്ഞൂറോളം പേർ ജപമാല പ്രദക്ഷിണം നടത്തിയത്. ശേഷം ഈ ജപമാല കപ്പേളയുടെ മുൻഭാഗത്ത് പ്രതിഷ്ഠിച്ചു.
“നടവയൽ ഇടവകയുടെ നാലുമുഖങ്ങളിൽ പ്രധാനപ്പെട്ടതാണ് കായക്കുന്ന്. അവിടെ ഒരു വലിയ ജപമാല പ്രതിഷ്ഠിക്കുക എന്നത് ഒരു മികച്ച വിശ്വാസ പ്രഘോഷണമാണ്. മഴയോ, തിരക്കുകളോ വകവെയ്ക്കാതെ ഒരു നാട് മുഴുവനും ഒരുമിച്ചുനിന്ന് പ്രാർഥിക്കുന്നത് എന്തുകൊണ്ടും ഏറെ മഹത്തരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇടവകയുടെ മുഴുവൻ കുടുംബങ്ങളെയും പ്രതിനിധീകരിക്കുന്ന ഈ ജപമാല ഉറപ്പായും പ്രാർഥിക്കുന്ന ഒരു സമൂഹത്തിന്റെ വലിയ അടയാളമാണ്” – ഇടവകയുടെ ആർച്ച്പ്രീസ്റ്റ് ഫാ. ഗർവാസീസ് മറ്റം ലൈഫ്ഡേയോടു പറഞ്ഞു.
“ഇവിടെ വന്നവർ എല്ലാവരും ചൊല്ലിയ ഓരോ ‘നന്മ നിറഞ്ഞ മറിയവും’ അത്രയ്ക്കും ആത്മാർഥമായിട്ടായിരുന്നു. കാരണം പ്രാർഥന ചൊല്ലിക്കൊണ്ട് ജപമാല മുത്തുകളെടുത്ത് നൂലിലൂടെ ഇടുമ്പോൾ അവരുടെ നിയോഗങ്ങളും വിഷമങ്ങളുമെല്ലാം ആ മുത്തുകളോടൊപ്പം പരിശുദ്ധ അമ്മയ്ക്കു കൊടുക്കുന്നത് ഞങ്ങൾ നേരിട്ടുകണ്ടു. ആളുകളുടെ ഹൃദയനൊമ്പരങ്ങൾ മുഴുവനായും സ്വർഗത്തിനു നൽകിക്കൊണ്ട് സന്തോഷത്തോടെയാണ് പ്രാർഥനയിൽ പങ്കെടുത്ത് എല്ലാവരും ഭവനങ്ങളിലേക്കു തിരികെപ്പോയത്. ഇതിലെ ആത്യന്തികമായ കാര്യം, നമ്മുടെ ഏതൊരു ചെറിയ പ്രവർത്തിയും ദൈവമഹത്വത്തിനായിട്ടാണ് എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഇതിനു പിന്നിലെ എല്ലാ പ്രയത്നങ്ങളും ഞങ്ങൾ ഈ ജപമാലയോടുകൂടെ കർത്താവിനായി നൽകുന്നു” – ഇതിനുവേണ്ടി ദിവ്യ സിസ്റ്ററിന്റെ കൂടെനിന്നു പ്രവർത്തിച്ച മാതൃവേദി സോണൽ ഭാരവാഹികളായ പ്രിൻസി ഒളികെട്ടിപുന്നയിൽ, ആലിസ് പകലോമറ്റം കൂനങ്കിയിൽ, ക്ലാര കാരക്കുന്നേൽ എന്നിവർ ഒരേ സ്വരത്തിൽ പറയുന്നു.
“കൊച്ചുകാര്യങ്ങളിലൂടെ സ്വർഗത്തിലേക്ക് അടുത്ത വിശുദ്ധരുടെ മികച്ച മാതൃകകൾ നമുക്കുണ്ട്. ലോകത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ ഇത് ഒരു ചെറിയ പ്രവർത്തിയായി തോന്നിയേക്കാം. എന്നാൽ വിശ്വാസത്തിന്റെ കണ്ണിലൂടെ കണ്ടാൽ വിശുദ്ധർ നമുക്ക് തന്ന വലിയ മാതൃകയുടെ പ്രായോഗികതയാണ്. ഒരു നാടിനു വേണ്ടി അതിലുപരി സ്വർഗം ആവശ്യപ്പെട്ട ഒരു കാര്യമാണ്. ഞങ്ങളെ തിരഞ്ഞെടുത്ത ദൈവത്തിനു നന്ദി” – സി. ദിവ്യ എസ് ഡി സന്തോഷത്തോടെ പറയുന്നു.
നടവയലിലെ ഒരു കൊച്ചുകപ്പേളയുടെ മുൻപിലെ ആ വലിയ ജപമാല സൂചിപ്പിക്കുന്നത് ഒരു നാടിനു മുഴുവനും വേണ്ടി അവർ സ്വർഗേത്തോളം ഉയർത്തിയ പ്രാർഥനയാണ്. ഈ ഒക്ടോബർ മാസത്തിൽ ജപമണികളിലെ തിരുരഹസ്യങ്ങളിലൂടെ പരിശുദ്ധ അമ്മവഴി ഈശോയിലേക്ക് എത്തിച്ചേരാൻ ഏവർക്കും സാധിക്കട്ടെ. ഒക്ടോബർ മാസത്തിലെ കൊച്ചുകൊച്ച് ജപമാല തിരുനാളുകൾ എല്ലാ ക്രൈസ്തവകൂട്ടായ്മകളിലും ഇനിയും ഉണ്ടാകട്ടെ.
സുനീഷാ വി. എഫ്.




