സൈനികവൃത്തിയിൽ നിന്നും പൗരോഹിത്യത്തിലേക്ക്; നീണ്ട വർഷങ്ങൾ സൈനിക ചാപ്ലിൻ, ഇന്ന് ബിഷപ്പ്

അമേരിക്കയിലെ ന്യൂ ഉൽം രൂപതയുടെ ബിഷപ്പ് എം. ചാഡ് സീലിൻസ്കി, മുൻപ് വ്യോമസേനയിലെ സൈനികനായിരുന്നു. സൈനിക ചാപ്ലൈനിൽ നിന്നും പ്രചോദനം സ്വീകരിച്ച് വൈദിക ദൈവവിളി സ്വീകരിച്ചു. പുരോഹിതനായ ശേഷം നിരവധി വർഷങ്ങൾ യുദ്ധസമയത്ത് ക്രിസ്തുവിന്റെ സാന്നിധ്യമായി സൈനിക ചാപ്ലിനായി സേവനമനുഷ്ഠിച്ചു. യുദ്ധമുഖത്ത് അദ്ദേഹം അനേകർക്ക് ധൈര്യം പകർന്നു. അലാസ്കയിലെ വിദൂര പ്രദേശങ്ങളിൽ പോലും അദ്ദേഹം സുവിശേഷസന്ദേശം പകർന്നു. ഇന്ന് ബിഷപ്പായി തുടർന്ന അദ്ദേഹത്തിന്റെ ജീവിതവഴികളിലൂടെ…

ബിഷപ്പ് സീലിൻസ്കി ജനിച്ചതും വളർന്നതും മിനസോട്ടയിലെ മിഷിഗണിലാണ്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, തന്റെ രാജ്യത്തെ സേവിക്കാൻ വിളിക്കപ്പെട്ടതായി അദ്ദേഹത്തിനു തോന്നി. അങ്ങനെ വ്യോമസേനയിൽ പ്രവേശിച്ചു. ആ സമയത്ത് അദ്ദേഹം സൈനിക ചാപ്ലെയിനെ കണ്ടുമുട്ടി. അങ്ങനെ ക്രിസ്തുവിന്റെ സഭയ്ക്കു വേണ്ടി വചനം പ്രഘോഷിക്കാൻ അദ്ദേഹം ഇറങ്ങി.

അഞ്ച് വർഷത്തോളം വൈദികനായി സേവനമനുഷ്ഠിച്ച അദ്ദേഹത്തെ യുദ്ധസ്ഥലങ്ങളിൽ സൈനിക ചാപ്ലിനായി സേവനമനുഷ്ഠിക്കാൻ അയച്ചു. പിന്നീട്, ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ അലാസ്കയിലെ ഫെയർബാങ്ക്സിലെ ബിഷപ്പായി നിയമിച്ചു. അവിടെ അദ്ദേഹം ക്രിസ്തുവിനെ അറിയാത്ത വിദൂരഗ്രാമങ്ങളിൽ സുവിശേഷം പങ്കുവയ്ക്കുന്നു. ഈ വർഷം മുതൽ അദ്ദേഹം ന്യൂ ഉൽം രൂപതയുടെ ബിഷപ്പാണ്.

ഒരു പട്ടാളക്കാരനായി വ്യോമസേനയിലെത്തിയ നാളുകളിലാണ് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ അറിയാൻ ഇടയായതെന്ന് 57-കാരനായ ബിഷപ്പ് സീലിൻസ്കി വെളിപ്പെടുത്തുന്നു. അന്ന് ചാപ്ലെയിനുമായുള്ള സൗഹൃദമാണ് പൗരോഹിത്യത്തെക്കുറിച്ച് ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. “എനിക്ക് ചാപ്ലെയിനുമായി വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നു. അദ്ദേഹം ദിവസവും ചെയ്യുന്ന കാര്യങ്ങൾ ഞാൻ വീക്ഷിച്ചു. ഒരു ശുശ്രൂഷകനാകാനുള്ള ആഗ്രഹം ദൈവം എന്റെയുള്ളിൽ ഉണർത്തുന്നുണ്ടായിരുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

നാലു വർഷത്തെ വ്യോമസേനയിലെ സേവനത്തിനു ശേഷം ഒരു വൈദികനാൽ പ്രചോദിപ്പിക്കപ്പെടുകയും പിന്നീട് ദൈവവിളി തിരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് ഒറിഗോണിലെ സെന്റ് ബെനഡിക്റ്റിലുള്ള മൗണ്ട് ഏഞ്ചൽ സെമിനാരിയിൽ പ്രവേശിച്ചു. 1996 ജൂൺ 8-ന് വൈദികപട്ടം സ്വീകരിച്ചു.

2001 സെപ്തംബർ 11-ലെ ഭീകരാക്രമണത്തെ തുടർന്ന്, സായുധസേനയിൽ ചാപ്ലിൻ ആയി സേവിക്കാൻ ഫാ. സീലിൻസ്കി വിളിക്കപ്പെട്ടു. ഒരു വർഷത്തിനു ശേഷം, യുദ്ധം ആരംഭിച്ച ഇറാഖിലെ ബാഗ്ദാദിലേക്ക് അദ്ദേഹത്തെ അയച്ചു. മൂന്ന് യുദ്ധവിന്യാസങ്ങളിൽ സേവനമനുഷ്ഠിച്ചു. വ്യോമസേനയിൽ സേവനമനുഷ്ഠിക്കുന്നതിനൊപ്പം, സൈന്യത്തിലും മറൈൻ കോർപ്സിലും അന്താരാഷ്ട്ര സേനയിലും ചാപ്ലയിനായി സേവനമനുഷ്ഠിച്ചതായി അദ്ദേഹം വെളിപ്പെടുത്തുന്നു. സൈനിക ചാപ്ലെയിന്മാരുടെ അഭാവം മൂലം ഞായറാഴ്ചകളിൽ അദ്ദേഹം 7 മുതൽ 8 വരെ കുർബാനകൾ നടത്തിയിരുന്നു. കൂടാരങ്ങളിലോ, വയലിലോ പോലും വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ 19 കോംബാറ്റ് പോസ്റ്റുകളിലേക്ക് ഹെലികോപ്റ്ററിൽ പറക്കേണ്ടി വന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. ഒരിക്കൽ ചെക്ക് സൈന്യത്തിൽ നിന്നുള്ള ഒരു പുരോഹിതനോടൊപ്പം താൻ ഒരു പർവ്വതത്തിന്റെ മുകളിൽ കയറിയെന്നും സ്നൈപ്പർമാരുടെ ഒരു ടീമിന് കുർബാന അർപ്പിക്കാൻ അവർ ഒരു താൽക്കാലിക അൾത്താര ഉണ്ടാക്കി.

“പട്ടാളത്തിലെ എല്ലാ മതസ്ഥരും തന്നോട് സംസാരിക്കാൻ വന്നിരുന്നു. കാരണം എനിക്ക് അവരുടെ രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയുമെന്ന് അവർക്ക് വിശ്വാസമുണ്ടായിരുന്നു. ഞാൻ കത്തോലിക്കർക്ക് ഒരു പുരോഹിതനും എല്ലാവർക്കും ഒരു ചാപ്ലിനും ആയിരുന്നു” – അദ്ദേഹം അനുസ്മരിച്ചു. പിന്നീട് അലാസ്കയിലെ ഐൽസൺ എയർഫോഴ്സ് ബേസിൽ ചാപ്ലെനായി നിയമിക്കപ്പെട്ടു. അവിടെ അദ്ദേഹത്തിന് 2013 ജൂലൈയിൽ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു.

അലാസ്കയിലെ ഫെയർബാങ്ക്സിലെ ബിഷപ്പായി നിയമിതനായ ശേഷം, വിദൂരഗ്രാമങ്ങൾ സന്ദർശിക്കാൻ അദ്ദേഹം പോയി. അവിടെ ഒരു പള്ളി ഒരു ക്യാബിനായിരുന്നു. അലാസ്കയിൽ സേവിക്കാനുള്ള യുദ്ധത്തിൽ ദൈവം തന്നെ ഒരുക്കിയിരിക്കുന്നുവെന്ന് അദ്ദേഹം മനസിലാക്കുന്നു. യുദ്ധത്തിന്റെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും ദൈവം ഏറ്റെടുക്കും. അവയെ കൂടുതൽ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കും” – അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് അദ്ദേഹത്തിന്റെ രൂപതയിൽ 46 ഇടവകകളുണ്ട്. 37 ഇടവകകളിൽ വിമാനത്തിൽ മാത്രമേ എത്തിച്ചേരാനാകൂ. പുരോഹിതന്മാർ 3 മുതൽ 4 പട്ടണങ്ങളിൽ സേവനമനുഷ്ഠിക്കുന്നതിനും ഓരോ നഗരത്തിലും 2 മാസത്തിലൊരിക്കൽ കുർബാന നടത്തുന്നതിനും ശൈത്യകാലത്ത് മഞ്ഞുയന്ത്രങ്ങളിലോ, വേനൽക്കാലത്ത് ബോട്ടുകളിലോ, പറക്കുകയോ, യാത്ര ചെയ്യുകയോ ചെയ്യണം. പകർച്ചവ്യാധി മൂലം ഇത് സങ്കീർണ്ണമായിരുന്നു.

“വരൂ, എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു കേട്ടപ്പോൾ ശിഷ്യന്മാരെപ്പോലെ. വിളി കേൾക്കാൻ യേശുക്രിസ്തു ആരാണെന്ന് നിങ്ങൾ അറിയണം, എന്നിട്ട് നിങ്ങൾ അവനെ വിശ്വസിക്കണം” – ബിഷപ്പ് പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.