സ്വന്തം പേരു പോലും ഓർമ്മയില്ലാത്തപ്പോഴും വിശുദ്ധ കുർബാനയെപ്പറ്റി സംസാരിച്ച വൈദികൻ: ഫാ. തോമസ് ആലഞ്ചേരിയുടെ ഓർമ്മകളിലൂടെ ഒരു യാത്ര

സി. സൗമ്യ DSHJ

ഹെറാൾഡ്‌സ് ഓഫ് ഗുഡ്‌ ന്യൂസ് (എച്ച്.ജി.എൻ) സന്യാസ സമൂഹത്തിന്റെ സഹസ്ഥാപകരിൽ ഒരാളാണ് അന്തരിച്ച ഫാ. തോമസ് ആലഞ്ചേരി HGN. വളരെ ശാന്തമായി, സൗമ്യനായി ഈ ലോകത്തിൽ ജീവിച്ച് തന്റെ 98-ാമത്തെ വയസിൽ അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു.

ഒരുപാട് നല്ല മാതൃകകൾ ഈ ലോകത്തിൽ അവശേഷിപ്പിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. വൈദികനായ ശേഷം ഒരിക്കൽ പോലും വിശുദ്ധ കുർബാന മുടക്കാത്ത ഈ വൈദികൻ തന്റെ ജീവിതത്തിൽ ദിവ്യകാരുണ്യത്തോട് അഗാധമായ ഭക്തിയും സ്‌നേഹവും കാത്തുസൂക്ഷിച്ചു. ഓർമ്മ നഷ്ടപ്പെട്ട സമയത്തു പോലും രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോഴേ അച്ചൻ ചോദിച്ചിരുന്നത് ‘ഞാനിന്ന് വിശുദ്ധ കുർബാന സ്വീകരിച്ചോ?’ എന്നായിരുന്നു. സ്വന്തം പേര് പോലും ഓർമ്മയില്ലാത്തപ്പോഴും അദ്ദേഹം ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നത് വലിയ ആദരവോടെ, ഭക്തിയോടെ കൈകൾ കൂപ്പിക്കൊണ്ടായിരുന്നു. വാക്കുകളേക്കാൾ പ്രവർത്തികൾ കൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തിയ ആ വന്ദ്യവൈദികന്റെ സ്മരണക്കു മുൻപിൽ ആദരവോടെ…

ദിവ്യകാരുണ്യത്തെ ജീവനെക്കാളേറെ സ്നേഹിച്ച വൈദികൻ

എപ്പോഴും ദിവ്യകാരുണ്യത്തിനു മുന്നിൽ പോയിരുന്ന് പ്രാർത്ഥിക്കാൻ കൊതിച്ചിരുന്ന വ്യക്തിയായിരുന്നു ഫാ. തോമസ് ആലഞ്ചേരി. കഴിഞ്ഞ എട്ട് വർഷത്തോളമായി അച്ചൻ താമസിച്ചിരുന്ന പ്രീസ്റ്റ് ഹോമിന്റെ തൊട്ടടുത്താണ് ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ധ്യാനകേന്ദ്രത്തോട് അനുബന്ധിച്ച് ഒരു നിത്യാരാധന ചാപ്പലുണ്ട്. നടക്കാൻ സാധിക്കാതെ വീൽചെയറിൽ ആയിരുന്നപ്പോഴും ദിവ്യകാരുണത്തിനു മുന്നിൽ ചെന്നിരുന്ന് പ്രാർത്ഥിക്കാൻ അച്ചൻ എത്തിയിരുന്നു. ദിവ്യകാരുണ്യത്തോട് വളരെ അഗാധമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു തോമസച്ചൻ. രണ്ടു വർഷം മുൻപുണ്ടായ വീഴ്ചയെ തുടർന്ന് അദ്ദേഹത്തിന് നടക്കാൻ ബുദ്ധിമുട്ടായിരുന്നു. പിന്നീട് കിടക്കയിലും വീൽച്ചെയറിലും ഒക്കെയായിരുന്നു. എങ്കിലും ദിവ്യകാരുണ്യത്തോടുള്ള സ്നേഹം എന്നും അദ്ദേഹം ഹൃദയത്തോട് ചേർത്തു സൂക്ഷിച്ചിരുന്നു.

ഓർമ്മ നഷ്ടപ്പെട്ട് സ്വന്തം പേരു പോലും മറന്നു പോയപ്പോഴും വിശുദ്ധ കുർബാന കൊടുക്കാനായി സമീപിക്കുമ്പോൾ, അച്ചൻ ഭക്തിപൂർവ്വം കരങ്ങൾ കൂപ്പി, സ്നേഹത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കുമായിരുന്നു. ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിൽ അദ്ദേഹം ആവർത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു ഒരേയൊരു കാര്യം, ‘ഞാനിന്ന് വിശുദ്ധ കുർബാന അർപ്പിച്ചോ? വിശുദ്ധ കുർബാന സ്വീകരിച്ചോ’ എന്നൊക്കെയായിരുന്നു.

ദൈവത്തോടുള്ള സ്നേഹം സഹോദരബന്ധത്തിലും കാത്തുസൂക്ഷിച്ച വ്യക്തി

ദൈവത്തോടുള്ള സ്നേഹം സ്വന്തം ജീവിതത്തിലും സഹോദരങ്ങളോടും പുലർത്തിയിരുന്നു തോമസച്ചൻ. അച്ചനെ സമീപിക്കുന്നവർക്കും ഇടപഴകുന്നവർക്കും അത് മനസിലാക്കാൻ സാധിക്കും.

സന്യാസ സമൂഹത്തിന്റെ സഹസ്ഥാപകരിൽ ഒരാളായിരുന്ന തോമസ് അച്ചൻ ഒരിക്കൽ പോലും സഭയുടെ അധികാരസ്ഥാനം ആഗ്രഹിക്കുകയോ, അതിന് താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്‌തിരുന്നില്ല. “വളരെ ശാന്തമായ സ്വഭാവമായിരുന്നു തോമസച്ചന്റേത്. മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയോ കൂടി എല്ലാ കാര്യങ്ങളെയും സമീപിച്ചിരുന്ന ആളായിരുന്നു അച്ചൻ. ആര് പ്രാർത്ഥനാസഹായം ചോദിച്ചാലും വളരെ ആത്മാർത്ഥമായി അവർക്കു വേണ്ടി ദീർഘനേരം പ്രാർത്ഥിച്ചിരുന്നു ഫാ. തോമസ് ആലഞ്ചേരി. ആരെങ്കിലും പ്രാർത്ഥിക്കാമോ എന്നു ചോദിച്ചാൽ ഉടനെ, അച്ചൻ ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേൽക്കും” – എട്ട് വർഷത്തോളമായി അച്ചനോടൊപ്പം ഉണ്ടായിരുന്ന ഫാ. ജിബിൻ അമ്പാട്ട് പറയുന്നു.

മിഷനറിയാകാൻ ആഗ്രഹിച്ച ജീവിതം

കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ് ഇടവകാംഗമായ ഫാ. തോമസ് ആലഞ്ചേരി 1925 മാർച്ച് മൂന്നിന് ജനിച്ചു. 1959 ഏപ്രിൽ 23-നായിരുന്നു തിരുപ്പട്ട സ്വീകരണം. പാലാ രൂപതക്കാരനായ ഫാ. ജോസ് കൈമളേട്ടിനൊപ്പം 1984 ഒക്ടോബർ 14-ന് ഹെരാൾഡ്സ് ഓഫ് ഗുഡ് ന്യൂസ് എന്ന സന്യാസ സമൂഹത്തിന്റെ സഹസ്ഥാപകനായി. ആന്ധ്രയിലെ ഏലൂർ രൂപതയിലാണ് ഈ സന്യാസ സമൂഹത്തിന്റെ ആരംഭം.

1984-ൽ ഈ സന്യാസ സമൂഹത്തിന്റെ ആദ്യത്തെ മൈനർ സെമിനാരി റെക്ടർ ആയിട്ട് ഫാ. തോമസിനെയാണ് നിയമിച്ചത്. 1989 വരെ ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ കുറുക്കുറു എന്ന സ്ഥലത്തായിരുന്നു റെക്ടറായി അദ്ദേഹത്തിന്റെ സേവനങ്ങൾ. പിന്നീട് ആന്ധ്രയിലെ തന്നെ എർണകുടം, ഭീമവാരം എന്നീ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 1999 മുതൽ 2008 വരെ മൈനർ സെമിനാരി റെക്ടർ ആയി വീണ്ടും നിയമിതനായി. അതിനു ശേഷം ഏലൂർ രൂപതയിലെ ഗുഡ്‌ന്യൂസ് പ്രസിൽ ഡയറക്ടറായി. പിന്നീട് അദ്ദേഹം 2012 വരെ ആന്ധ്രായിലെ കമ്മത്തുള്ള മേജർ സെമിനാരിയിൽ ആത്മീയപിതാവായി സേവനമനുഷ്ഠിച്ചു. അതിനു ശേഷം കഴിഞ്ഞ എട്ടു വർഷമായി പാമ്പാടി ഗുഡ് ന്യൂസ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഒരു മിഷനറിയായി ജീവിക്കുകയും ഒരു മിഷനറിയായി അറിയപ്പെടാൻ ഏറെ ആഗ്രഹിക്കുകയും ചെയ്ത വ്യക്തിയാണ് ഫാ. തോമസ് ആലഞ്ചേരി.

ഫാ. തോമസ് ആലഞ്ചേരിയുടെ മൃതസംസ്ക്കാര ശുശ്രൂഷകൾ മെയ് 17, ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപ്പെടും. വിജയപുരം രൂപതാ മെത്രാൻ റവ. ഡോ. സെബാസ്റ്റ്യൻ തെക്കേത്തൈച്ചേരിൽ മുഖ്യകാർമ്മികനായിരിക്കും. മെയ് 16-ന് ഉച്ച കഴിഞ്ഞ്‌ രണ്ടു മണിക്ക് അദ്ദേഹത്തിന്റെ ഭൗതികശരീരം കുറിച്ചി, ആലഞ്ചേരിയിലെ ഭവനത്തിൽ കൊണ്ടുവരികയും മൂന്നു മണിയോടെ പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രത്തിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകുകയും ചെയ്യും.

അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ മെത്രാപ്പോലീത്തായുടെ സ്കൂൾ സഹപാഠിയും ചങ്ങനാശേരി അതിരൂപതയിലെ വൈദികനുമായിരുന്ന ഫാ. ഈപ്പൻ ആലഞ്ചേരിയുടെ സഹോദരപുത്രനുമാണ് തോമസച്ചൻ.

ഫാ. സിബി ആലഞ്ചേരി (അമേരിക്ക), ഫാ. അഗസ്റ്റിൻ ആലഞ്ചേരി സിഎംഐ (വികർ പ്രൊവിൻഷ്യൽ ഛാന്ദാ പ്രൊവിൻസ്) സി. അനറ്റ് ആലഞ്ചേരി എഫ്.സി.സി (ജർമ്മനി) സി. ജോസീനാ എഫ്.സി.സി (തക്കല), ഫാ. ജോബി കറുകപ്പറമ്പിൽ (സിബിസിഐ ഡയലോഗ് & എക്യുമിനിസം സെക്രട്ടറി) സി. ടെസ്സി കറുകപ്പറമ്പിൽ (എ.ഒ) എന്നിവർ സഹോദര മക്കളാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.