സ്തനാർബുദ ബാധിതർക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്ന നാല് വിശുദ്ധർ

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു രോഗമാണ് കാൻസർ അഥവാ അർബുദം. പ്രത്യേകിച്ച് സ്ത്രീകളിൽ മരണത്തിന് കൂടുതൽ കാരണമായ സ്തനാർബുദം. കത്തോലിക്കാ സഭയിൽ രോഗശാന്തിക്കായി മാധ്യസ്ഥം വഹിക്കുന്ന നിരവധി വിശുദ്ധരുണ്ട്. അതിൽ സ്തനാർബുദ ബാധിതർക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്ന നാല് വിശുദ്ധരെ പരിചയപ്പെടാം.

1. വി. അഗ്യൂദ

സ്തനഗ്രന്ഥിയുടെ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെയും സ്തനാർബുദം ബാധിച്ച സ്ത്രീകളുടെയും രക്ഷാധികാരിയാണ് വി. അഗ്യൂദ. ഫെബ്രുവരി അഞ്ചിനാണ് ഈ വിശുദ്ധയുടെ തിരുനാൾ ആഘോഷിക്കുന്നത്.

ഇറ്റലിയിലെ സിസിലിയിലെ കാറ്റാനിയ ആണ് സ്വദേശം. അസാധാരണ സൗന്ദര്യവതിയായിരുന്ന അവൾ സ്വജീവിതം ദൈവത്തിനു സമർപ്പിച്ചു. കോൺസൽ ക്വിന്റിലിയാനോയുടെ പ്രണയാതുരമായ മുന്നേറ്റങ്ങൾ നിരസിച്ചതിന് അവൾ പീഡിപ്പിക്കപ്പെട്ടു. പീഡനത്തിന്റെ ഭാഗമായി ഈ വിശുദ്ധയുടെ സ്തനങ്ങൾ മുറിച്ചുമാറ്റി. ലോകത്ത് ഈ വിശുദ്ധയുടെ ബഹുമാനാർഥം പള്ളികളും വിശുദ്ധയുടെ പേരിൽ സ്തനാർബുദത്തിനെതിരെയുള്ള അസോസിയേഷനുകളും ഫൗണ്ടേഷനുകളുമുണ്ട്. സ്തനാർബുദം ചികിത്സിക്കുന്നതിനും തടയുന്നതിനുമായി സമർപ്പിതരായവർ ‘വി. അഗ്വേഡയുടെ സൈനികർ’ എന്ന് അറിയപ്പെടുന്നു.

2. വി. എസെക്വൽ മൊറേനോ

കാൻസർ രോഗികളുടെ രക്ഷാധികാരിയാണ് വി. എസെക്വൽ മൊറേനോ. അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരിലേക്കും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിലേക്കും നയിച്ച അത്ഭുതങ്ങൾ, ടെർമിനൽ ക്യാൻസർ ബാധിച്ച രണ്ട് രോഗികളെ സുഖപ്പെടുത്തിയതാണ്. അവരിലൊരാൾ സ്തനാർബുദമുള്ള ഒരു സ്ത്രീയായിരുന്നു.

ആഗസ്റ്റ് 19 -ന് തിരുനാൾ ആഘോഷിക്കുന്ന വി. എസെക്വൽ മൊറേനോ, 19 -ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജനിച്ച ഒരു അഗസ്തീനിയൻ റികോളക്റ്റ് സന്യാസിയായിരുന്നു. കൂടാതെ, കൊളംബിയയിൽ വർഷങ്ങളോളം മിഷനറിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. അവിടെവച്ച് അദ്ദേഹത്തിന് കാൻസർ ബാധിച്ചു. രോഗം ബാധിച്ച് 58 -ാം വയസിൽ സ്പെയിനിൽവച്ച് വിശുദ്ധൻ മരിച്ചു.

വലതുകാലിലെ ട്യൂമർ ശസ്ത്രക്രിയയ്ക്കുശേഷം ഇടതുസ്തനത്തിലേക്ക് കാൻസർ വ്യാപിച്ച കൊളംബിയക്കാരിയായ മരിയ ഡി ജെസസ് നാനെസ് എന്ന സ്ത്രീയുടെ അത്ഭുതകരമായ രോഗശാന്തിയാണ് ഈ വിശുദ്ധനെ വിശുദ്ധപദവിയിലേക്ക് ഉയർത്താൻ കാരണമായത്. 1992 -ൽ വി. ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

3. ദൈവപരിപാലനയുടെ വിശുദ്ധ മേരി

ഫ്രാൻസിൽ ജനിച്ച മേരി, യൂജിനി സ്മെറ്റ് എന്ന പേരിൽ സ്നാനമേറ്റു. പിന്നീട് അവൾ മരിയ ഡി ലാ പ്രൊവിഡൻസിയ എന്നപേരിൽ ഒരു വിശ്വാസിയായി മാറി. ആത്മീയവും ശാരീരികവുമായ കാരുണ്യപ്രവർത്തനങ്ങളിലൂടെ അനുഗ്രഹീതരായ ആത്മാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്ന ശുദ്ധീകരണസ്ഥലത്ത് ആത്മാക്കളുടെ സഹായികളുടെ കോൺഗ്രിഗേഷൻ സൊസൈറ്റി സ്ഥാപിച്ചു.

മാർച്ച് ആറിന് സാന്താ മരിയ ഡി ലാ പ്രൊവിഡെൻസിയക്ക് 45 -ആം വയസിൽ സ്തനാർബുദം സ്ഥിരീകരിച്ചു. താമസിയാതെ മരണപ്പെട്ടു. ഈ രോഗത്തിനുള്ള ചികിത്സകളിൽ അവൾ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. സ്തനാർബുദത്താൽ കഷ്ടപ്പെടുന്ന സ്ത്രീകൾക്ക് അവൾ ഒരു മികച്ച മാതൃകയുമാണ്.

4. വി. മരിയ സെലിഗ്വരിൻ

വി. ലൂയിസ് മാർട്ടിന്റെ ഭാര്യയാണ് വി. മരിയ സെലിഗ്വരിൻ. വി. കൊച്ചുത്രേസ്യായുടെ മാതാപിതാക്കളാണ് ഇവർ. ജൂലൈ 12 -ന് ഈ വിശുദ്ധയുടെ തിരുനാൾ ആഘോഷിക്കുന്നു.

വി. മരിയ സെലിഗ്വരിൻ 1831 -ൽ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു. സന്യാസിനിമാരിൽനിന്ന് വിദ്യാഭ്യാസംനേടിയ അവൾ തയ്യൽ പഠിപ്പിച്ചുപോന്നു. അവൾ വിവാഹിതയും ഒമ്പതു കുട്ടികളുടെ അമ്മയുമായി. ദൈനംദിന കുർബാന, ഇടയ്ക്കിടെയുള്ള പ്രാർഥന, കുമ്പസാരം, ഇടവകജീവിതത്തിൽ പങ്കാളിത്തം എന്നിവയിലൂടെ മാതൃകാപരമായ ദാമ്പത്യജീവിതം നയിച്ചു. 45 -ാം വയസിൽ, അവളുടെ സ്തനത്തിൽ ഒരു ട്യൂമർ കണ്ടെത്തി. അവളുടെ മരണംവരെ ഉറച്ച പ്രതീക്ഷയോടെ തന്നെ അവൾ ജീവിച്ചു.

“ദൈവം എന്നെ സുഖപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ വളരെ സന്തുഷ്ടയാകും. കാരണം ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നു; എന്റെ ഭർത്താവിനെയും പെൺമക്കളെയും ഉപേക്ഷിക്കുന്നതാണ് എനിക്ക് ബുദ്ധിമുട്ടുള്ളത്. ഇനി സുഖംപ്രാപിച്ചില്ലെങ്കിലും കുഴപ്പമില്ല. ദൈവം അവരുടെ കാര്യങ്ങൾ നോക്കിക്കൊള്ളും” – അവൾ ഒരു കത്തിൽ എഴുതി.

അവളുടെ, ദൈവത്തിലുള്ള വിശ്വാസത്തിന്റെയും മധ്യസ്ഥതയുടെയും മാതൃക ഇന്ന് ഈ രോഗം ബാധിച്ച നിരവധി അമ്മമാരെ സഹായിക്കുമെന്നതിൽ സംശയമില്ല.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.