40 മണിക്കൂർ ആരാധനയുടെ സ്ഥാപകൻ ഈ വിശുദ്ധനാണ്

നാൽപ്പത് മണിക്കൂർ പൊതു ആരാധന ആത്മീയതയുടെ വലിയ അനുഭവം വിശ്വാസ സമൂഹത്തിനു പകരുന്ന അതുല്യ സമയമാണ്. അത്രയും ആദരവോടും ഭക്തിയോടും ആണ് വിശ്വാസികൾ ഈ ആരാധന സമയത്തെ സമീപിക്കുന്നത്. എന്നാൽ പൊതു ദിവ്യകാരുണ്യ ആരാധന പ്രാബല്യത്തിൽ വരുന്നതിനു മുൻപ് വിശ്വാസികളെ ദിവ്യകാരുണ്യ ഈശോയിലേയ്ക്ക് അടുപ്പിക്കുന്നതിനു അക്ഷീണം പ്രയത്നിച്ച ഒരു വിശുദ്ധ വ്യക്തിത്വം ഉണ്ട്. വിശുദ്ധ അന്തോണി മരിയ സക്കറിയ. അദ്ദേഹം തിരുസഭയ്ക്ക് നൽകിയ ആ വലിയ സമ്മാനമാണ് ഈ നാൽപ്പത് മണിക്കൂർ ആരാധന.

പ്രഭുകുടുംബത്തിൽ നിന്ന് ദൈവജനത്തിന്റെ ശുശ്രൂഷകനിലേക്കുള്ള യാത്ര

ഇറ്റലിയിലെ ക്രെമോണയിലുള്ള ഒരു പ്രഭു കുടുംബത്തിലാണ് അന്തോണി മരിയ സക്കറിയ ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ തന്റെ പതിനെട്ടാം വയസ്സിൽ വിധവയായതിനെ തുടർന്ന്, മകന്റെ വിദ്യാഭ്യാസത്തിനായി ജീവിതം മാറ്റിവച്ചു. കരുണയുടെ പാഠങ്ങൾ നേരിട്ട് പഠിക്കുന്നതിനായി, പാവപ്പെട്ടവർക്കായി താൻ മാറ്റിവച്ചിരുന്ന ദാനധർമ്മങ്ങൾ മകൻ വഴിയാണ് അവർ വിതരണം ചെയ്തിരുന്നത്. അങ്ങനെ സേവനത്തിന്റെ വലിയ ഒരു മാതൃക മകന് പകർന്നു നൽകുവാൻ ആ അമ്മയ്ക്ക് കഴിഞ്ഞു. മറ്റുള്ളവരെ സഹായിക്കണമെന്ന തീവ്രമായ ആഗ്രഹത്താൽ 22-ാം വയസ്സിൽ അദ്ദേഹം ഒരു മെഡിക്കൽ ഡോക്ടറായി ബിരുദം നേടി. എന്നാൽ, ശരീരത്തിന്റെ രോഗശാന്തിയേക്കാൾ ആത്മാക്കളുടെ രക്ഷയ്ക്കാണ് താൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം 26-ാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു. പ്രഭു കുടുംബത്തിൽ നിന്നുള്ള വലിയ സ്വത്തുക്കളും പദവികളും ഉപേക്ഷിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ ആത്മീയ യാത്ര.

അദ്ദേഹം ഒരു പുരോഹിതനായി മാറി തന്റെ പ്രഥമ ദിവ്യബലി അർപ്പിച്ചപ്പോൾ അവിടെയൊരു അദ്ഭുതം സംഭവിച്ചു; അന്നവിടെയുണ്ടായിരുന്ന ജനങ്ങൾ അതിന് സാക്ഷികളായിരുന്നു. വിശുദ്ധ കുർബാനയുടെ ആശീർവാദ സമയം മുതൽ അദ്ദേഹം ഓസ്തി സ്വീകരിക്കുന്നതുവരെ വലിയൊരു മാലാഖമാരുടെ കൂട്ടവും സ്വർഗീയ പ്രകാശവും അന്തോണി മരിയയെ വലയം ചെയ്തു നിന്നിരുന്നു. ഇതിന് അനുയോജ്യമായ രീതിയിൽ, വിശ്വാസികൾ ആത്മീയ ഒരുക്കത്തോടെ അടിക്കടി വിശുദ്ധ കുർബാന സ്വീകരിക്കുന്നതിനെ അദ്ദേഹം ശക്തമായി പ്രോത്സാഹിപ്പിച്ചു. പ്രഗത്ഭനായ ഒരു പ്രസംഗകനായി മാറിയ അദ്ദേഹം തന്റെ എളിമയാലും ശ്രദ്ധേയനായിരുന്നു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോട് അഗാധമായ ഭക്തിയുണ്ടായിരുന്ന അദ്ദേഹം, വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3:00 മണിക്ക് പള്ളികളിൽ മണിനാദം മുഴക്കുന്ന പതിവിന് തുടക്കമിട്ടു.

40 മണിക്കൂർ ആരാധനയുടെ തുടക്കം

1534-ൽ വിശുദ്ധ അന്തോണി മരിയ സക്കാറിയ, മിലാനിലെ കത്തീഡ്രലിലും തുടർന്ന് മിലാനിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുർബാന 40 മണിക്കൂർ തുടർച്ചയായി പൊതു ആരാധനയ്ക്കായി എഴുന്നള്ളിച്ചുവെക്കാനുള്ള അനുവാദം വാങ്ങി. അങ്ങനെ, പൊതുജന പങ്കാളിത്തത്തോടെയുള്ള ‘നാൽപ്പത് മണിക്കൂർ ദിവ്യകാരുണ്യ ആരാധന’യ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. ഇതിനുമുമ്പ് ഈ ദിവ്യകാരുണ്യ ആരാധന സ്വകാര്യമായി മാത്രമാണ് നിലനിന്നിരുന്നത്.

“നിങ്ങൾ ദൈവത്തിലേക്ക് മടങ്ങിവന്നതിന്റെ ഏറ്റവും ഉറപ്പുള്ള തെളിവ്, നിങ്ങൾ ഈ സ്വർഗീയ ഭോജനം സ്വീകരിക്കാൻ വീണ്ടും വരുന്നു എന്നതാണ്. സുഹൃത്തുക്കളെ, വിശുദ്ധ കുർബാന സ്വീകരിക്കാൻ മടങ്ങിവരുവിൻ. ഇതിനേക്കാൾ വിശുദ്ധീകരിക്കാൻ മറ്റൊന്നിനും കഴിയില്ല, കാരണം ഇതിൽ അടങ്ങിയിരിക്കുന്നത് പരിശുദ്ധരിൽ അതിപരിശുദ്ധനായവനാണ്”- വിശുദ്ധ അന്തോണി മരിയ സക്കറിയയുടെ വാക്കുകൾ ആണ് ഇത്. അത്രയേറെ ദിവ്യകാരുണ്യ ഈശോയ്ക്ക് വിശ്വാസികളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.