ഒരു കുടുംബമായി ക്രിസ്തുമസിനെ വരവേൽക്കാൻ സഹായിക്കുന്ന അഞ്ചു മാർഗങ്ങൾ

ഉണ്ണിയേശുവിനായി കാത്തിരിക്കുകയും ഒരുങ്ങുകയും ചെയ്യുന്ന സമയമാണ് ഓരോ ക്രിസ്തുമസ് കാലവും. കുടുംബമൊന്നിച്ച് ക്രിസ്തുമസിനായി ഒരുങ്ങാനുള്ള തയ്യാറെടുപ്പുകൾ എങ്ങനെ നടത്തണമെന്ന് നമുക്ക് മനസ്സിലാക്കാം. ഇത് കുടുംബം ഒരുമിച്ചുള്ള ഒരു ആത്മീയയാത്രയാണ്. ഒരു കുടുംബമായി ക്രിസ്തുമസിനെ വരവേൽക്കാൻ സഹായിക്കുന്ന അഞ്ചു മാർഗങ്ങൾ ഇതാ…

1. സുകൃതജപങ്ങൾ ചൊല്ലാം

സുകൃതജപങ്ങൾ ആവർത്തിച്ചു ചൊല്ലിക്കൊണ്ട് നമ്മുടെ ഹൃദയത്തിൽ ഉണ്ണീശോയെ വരവേൽക്കാൻ നമുക്ക് ഒരുങ്ങാം. ‘ഉണ്ണിയേശുവേ, എന്റെ ഹൃദയത്തിൽ വന്നുപിറക്കണമേ’ എന്ന സുകൃതജപം കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രാർഥിക്കാവുന്നതാണ്. ഈ പ്രാർഥന വ്യക്തിപരമായി പലവുരു ഉരുവിട്ടും പരസ്പരം ഓർമ്മപ്പെടുത്തിക്കൊണ്ടും ഉണ്ണീശോയുടെ വരവിനായി ബോധപൂർവം നമുക്ക് ജീവിക്കാം.

2. കാരുണ്യപ്രവൃത്തികൾ ചെയ്യുക

കാരുണ്യപ്രവൃത്തികൾ ചെയ്തുകൊണ്ട് ഉണ്ണിയേശുവിനെ സ്വീകരിക്കുന്നതിനായി നമുക്ക് ഒരുങ്ങാം. ക്രിസ്തുമസിനായുള്ള ആത്മീയ തയ്യാറെടുപ്പിനായി നമ്മുടെ വീട്ടിൽ ഒരു പുൽക്കൂട് സ്ഥാപിക്കാം. എന്നിട്ട് ഓരോ കാരുണ്യപ്രവൃത്തികൾ നാം ചെയ്യുമ്പോഴും ആ പുൽക്കൂട്ടിൽ ഓരോ സമ്മാനങ്ങൾ വയ്ക്കുകയോ, തോരണങ്ങൾകൊണ്ട് അലങ്കരിക്കുകയോ ചെയ്യാം. കാരുണ്യപ്രവൃത്തികളെ പ്രതീകാത്മകമായി ശേഖരിക്കുന്നതിലൂടെ കൂടുതൽ തീക്ഷ്ണതയോടെ ഉണ്ണീശോയുടെ ജനനം മനോഹരമാക്കാൻ അതു നമ്മെ സഹായിക്കും. കൂടാതെ, കാരുണ്യപ്രവൃത്തികൾ നമ്മുടെ ശീലമായി മാറുകയും ചെയ്യും.

3. വി. നിക്കോളാസിനെ അനുസ്മരിക്കാം

ക്രിസ്തുമസുമായി ബന്ധപ്പെട്ട ചിത്രങ്ങളിലും ഓർമ്മകളിലും ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് സാന്താക്ലോസ്. നമുക്ക് അറിവുള്ള സാന്താക്ലോസ്, നിരവധി ചിത്രകാരന്മാരുടെ അഭിപ്രായത്തിൽ കുട്ടികളുടെയും നാവികരുടെയും തടവുകാരുടെയും രക്ഷാധികാരിയായ മൈറയിലെ ഉദാരമതിയായ വിശുദ്ധനായ ബിഷപ്പ് നിക്കോളാസാണ്. അദ്ദേഹത്തെ അനുസ്മരിക്കുന്നതിലൂടെ അദ്ദേഹത്തെപ്പോലെ ഈ ക്രിസ്മസ് നാളുകളിൽ നമ്മുടെ സമയവും കഴിവും ആരോഗ്യവും സമ്പാദ്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നമുക്ക് പരിശ്രമിക്കാം.

4. കുട്ടികളെ പരിശീലിപ്പിക്കാം

ക്രിസ്തുമസിനായി തയ്യാറെടുക്കുന്ന വേളയിൽ മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാനും മറ്റുള്ളവരെ സഹായിക്കാനും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാം. ചെറിയ ചെറിയ ത്യാഗപ്രവർത്തികളിലൂടെയും സുകൃതസമ്പാദനത്തിലൂടെയും ക്രിസ്തുമസിനായി ഒരുങ്ങാൻ അവരെ പരിശീലിപ്പിക്കാം. ബൈബിൾ വായിക്കാനും വീട്ടിലെ മുതിർന്നവരെയും പ്രായമായവരെയും സഹായിച്ചും അവർക്കായി ശുശ്രൂഷകൾ ചെയ്തും നന്മയിൽ ജീവിച്ചുകൊണ്ട് ഈശോയെ വരവേൽക്കാനും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാം.

5. ആത്മീയ അഭ്യാസങ്ങളിൽ ശ്രദ്ധ ഉറപ്പിക്കാം

ക്രിസ്തുമസിനൊരുക്കമായി ദിവസവും എന്തെങ്കിലുമൊരു ചെറിയ പ്രാർഥനയോ, സുകൃതമോ ചെയ്യാൻ തീരുമാനമെടുക്കാം. ഒരുപക്ഷേ ദിവസവും രാവിലെ ബൈബിൾ വായിക്കുകയോ, ജപമാല ചൊല്ലുകയോ, കുർബാനയിൽ സംബന്ധിക്കുകയോ മറ്റോ ആയിരിക്കാം. ഇത്തരം സുകൃതങ്ങൾ നിരന്തരമായി അഭ്യസിച്ചുകൊണ്ട് ക്രിസ്തുമസിനായി ഒരുങ്ങുമ്പോൾ ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നാം ആഴപ്പെടുകയും അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.